എത്രയോപേരുടെ മരണച്ചടങ്ങുകളില്‍ എനിക്ക് പങ്കെടുക്കാനായില്ല, വിവാഹച്ചടങ്ങുകള്‍ക്കും

ഉമ തോമസ്‌ | ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍
ഉമ തോമസ്‌ | ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍

''ആകയാല്‍ വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. ഇവയില്‍ വലിയതോ, സ്‌നേഹംതന്നെ...''
കൊരിന്ത്യര്‍ 113: 13

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരത്തെ സ്‌നേഹിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ ഓര്‍മ്മകള്‍ പെയ്യുന്ന വീട്. അവിടേക്ക് കയറിച്ചെല്ലുമ്പോള്‍ ഈ വചനം അറിയാതെ മനസ്സില്‍ തെളിഞ്ഞു. വിശ്വാസവും പ്രത്യാശയും സ്‌നേഹവും സമംചാലിച്ച 'ഒരദ്ഭുത മരുന്നി'ല്‍ ജീവിതം തിരികെപ്പിടിച്ച ഒരാള്‍ അതാ ആ വീടിന്റെ സ്വീകരണമുറിയിലിരിക്കുന്നു. പുഞ്ചിരിതൂകിനില്‍ക്കുന്ന പി.ടി.യുടെ ഛായാചിത്രത്തിലേക്ക് നോക്കി അവര്‍ പറഞ്ഞ വാചകവും അതുതന്നെയായിരുന്നു, ''ഇതൊരു ഉയിര്‍പ്പിന്റെ അനുഭവമാണ്. ഒരുപാടുപേരുടെ സ്‌നേഹത്താല്‍ പ്രത്യാശയോടെ ഞാന്‍ എന്റെ ജീവിതം തിരികെപ്പിടിക്കുകയായിരുന്നു. മരണം മുന്നിലെത്തിയെന്ന് തോന്നിയ നിമിഷങ്ങള്‍ അതിജീവിച്ച് ഇപ്പോള്‍ നിങ്ങളുടെ മുന്നിലിരിക്കുമ്പോള്‍ പി.ടിയുടെ സ്‌നേഹവും കരുതലും വീണ്ടുമെന്റെ മനസ്സില്‍ നിറയുന്നു.''  
തൃക്കാക്കര എം.എല്‍.എയും പി.ടി.യുടെ പ്രിയതമയുമായ ഉമാ തോമസിന്റെ ജീവിതം ഉയിര്‍പ്പിന്റെ നേര്‍സാക്ഷ്യംതന്നെയാണ്. കൊച്ചിയില്‍ നടന്ന മെഗാനൃത്ത പരിപാടിക്കിടെ സ്റ്റേഡിയത്തില്‍ ഉയര്‍ത്തിയൊരുക്കിയ വേദിയില്‍നിന്ന് നിലത്തേക്ക് വീണ് ഉമാതോമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മൂന്നുമാസത്തിലേറെ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ അവര്‍ ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. 
 
ആദ്യഓര്‍മ
അപകടത്തിനിരയായി ആശുപത്രിയിലെത്തുമ്പോള്‍ ഉമ അബോധാവസ്ഥയിലായിരുന്നു. അപകടത്തിനുശേഷം പിന്നെ എപ്പോഴാണ് ഓര്‍മ്മതിരികെ കിട്ടിയതെന്ന ചോദ്യത്തിന് അല്പനേരം ആലോചിച്ചായിരുന്നു ഉമയുടെ മറുപടി. ''അപകടത്തിന്റെ കാര്യങ്ങളൊന്നും ഇപ്പോള്‍ ഓര്‍മ്മയില്ല. ആശുപത്രിയില്‍ ചികിത്സ തുടങ്ങിയശേഷം ഒരുദിവസം പുലര്‍ച്ചെയാണ് എനിക്ക് ഓര്‍മ്മ വന്നത്. ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയുടെ മുകളില്‍ കിടക്കുന്നതുപോലെ തോന്നി. അപ്പോള്‍ കൈയുംകാലുമൊന്നും അനക്കാന്‍ കഴിയുമായിരുന്നില്ല. ആശുപത്രിയിലാണ് കിടക്കുന്നതെന്നുപോലും അറിയില്ലായിരുന്നു. ശരീരത്തില്‍ എവിടെയൊക്കെയോ വേദന പൊടിയുന്നതുമാത്രം അറിയുന്നുണ്ടായിരുന്നു. എഴുന്നേല്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന്  കഴിയുമായിരുന്നില്ല. എന്താണ് പറ്റിയതെന്നോ എവിടെയാണ് കിടക്കുന്നതെന്നോ ഒന്നും അറിയാത്ത അവസ്ഥ. ഓര്‍മ്മവന്നനേരത്ത് ചുണ്ടുകള്‍മാത്രം ചലിച്ചു. ആ നേരത്ത് ഞാന്‍ ചോദിച്ചത് ഒന്നുമാത്രമായിരുന്നു, എവിടെയാണ് എന്റെ കുഞ്ഞുങ്ങള്‍. എനിക്ക് അവരെ കാണണം.'' ഉമ ഓര്‍മകളിലൂടെ സഞ്ചരിച്ചു.

Content Highlights: politician uma thomas interview after accident

Continue reading