പി.ടി. ഉഷയെ ഓടിത്തോല്‍പ്പിച്ച രാധ

വര്‍ഷം 1975. പയ്യോളി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മൈതാനത്ത് സബ്ജില്ലാതല കായികമേള അരങ്ങേറുകയാണ്. ഓട്ടമത്സരങ്ങളാണ് അടുത്തത്. ആദ്യം 100 മീറ്റര്‍. തൃക്കോട്ടൂര്‍ എ.യു.പി. സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി ഉഷയും മേലടി ഭജനമഠം യു.പി. സ്‌കൂളിലെ പി.കെ. രാധയും തമ്മിലാണ് പ്രധാന പോരാട്ടം. രണ്ട് സ്‌കൂളുകളും പണ്ടേക്കുപണ്ടേ ആജന്മശത്രുക്കള്‍. ജയത്തില്‍ കുറഞ്ഞ മറ്റൊന്നുമില്ലെന്ന ചിന്തയോടെ പോരിനിറങ്ങിയവര്‍. വിസില്‍ മുഴങ്ങി. ഓട്ടം തുടങ്ങി. ഉഷ മുന്നില്‍, തൊട്ടുപിറകെ രാധ. വാശി നിറഞ്ഞുനിന്ന ഒന്നാംപോരില്‍ ഉഷയ്ക്ക് ജയം. അടുത്തത് 200 മീറ്റര്‍ ആണ്. വിട്ടുകൊടുക്കാന്‍ ഉദ്ദേശ്യമില്ലെന്ന് രാധ... ചുണയുണ്ടെങ്കില്‍ തോല്‍പ്പിക്കെന്ന് ഉഷ. അവസാനം വരെ ആവേശം ചോരാതെ നിന്ന മത്സരത്തില്‍ ഉഷയ്ക്ക് കാലിടറി. രാധ മുന്നിലെത്തി. വിജയത്തില്‍ ആര്‍പ്പുവിളികള്‍ ഉയര്‍ന്നു.
അന്ന് 200 മീറ്ററില്‍ കാലിടറിയ പെണ്‍കുട്ടി മനസ്സ് പതറാതെ പിന്നെയും ഓടിക്കൊണ്ടിരുന്നു. ട്രാക്കുകളില്‍നിന്ന് ട്രാക്കുകളിലേക്ക് വിശ്രമമില്ലാതെ കുതിച്ച അവള്‍ രാജ്യത്തിനായി നേട്ടങ്ങളുടെ വലിയൊരു കണക്കുപുസ്തകം തന്നെ തുറന്നു. ലോകം ആ പെണ്‍കുട്ടിയെ ഒളിംപ്യന്‍ പി.ടി. ഉഷയെന്ന് നീട്ടിവിളിച്ചു, പയ്യോളി എക്‌സ്പ്രസ്, ഗോള്‍ഡന്‍ ഗേള്‍ തുടങ്ങിയ വിശേഷണങ്ങളും ചാര്‍ത്തിക്കൊടുത്തു. പക്ഷേ, ഉഷയെ തോല്‍പ്പിച്ച രാധയെ പിന്നെയെവിടെയും കണ്ടില്ല... ആരും അന്വേഷിച്ചില്ല.
വര്‍ഷം 2022. രാജ്യസഭാ എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട പി.ടി. ഉഷയ്ക്ക് ജന്മനാട് നല്‍കിയ സ്വീകരണം. പിന്നിട്ട വഴികള്‍ ഒന്നൊന്നായി ഓര്‍ത്തെടുക്കുന്നതിനിടയില്‍ ഉഷയുടെ നാവില്‍ നിന്ന് ആ പഴയ കളിക്കൂട്ടുകാരിയുടെ പേര് ഉയര്‍ന്നുകേട്ടു. തൊട്ടടുത്ത നിമിഷം സദസ്സിലിരിക്കുന്നവരുടെ കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ എഴുന്നേറ്റ് ഉഷയുടെ നേരെ വരുന്നു. അവരെ കണ്ടയുടനെ ഉഷയുടെ ചുണ്ടുകള്‍ അത്ഭുതത്തോടെ മന്ത്രിച്ചു : 'ഇത് രാധയല്ലേ...' ജീവിതത്തിന്റെ രണ്ട് ട്രാക്കുകളിലേക്ക് വഴിപിരിഞ്ഞ ആ കൂട്ടുകാര്‍ സദസ്സിനെ സാക്ഷിയാക്കി കൈകോര്‍ത്തു, കുശലം പറഞ്ഞു. അത്ഭുതം വിട്ടുമാറാത്ത മുഖങ്ങളില്‍ ചിരി തെളിഞ്ഞു. സ്വീകരണച്ചടങ്ങില്‍ ഒരു മിന്നായം പോലെ കണ്ട് മറഞ്ഞ അവര്‍ ഗൃഹലക്ഷ്മിക്കുവേണ്ടി ഒരുമിച്ചിരുന്നു. മുമ്പ് പറയാതിരുന്നതും ചോദിക്കാന്‍ മറന്നതുമൊക്കെ അവരുടെ വര്‍ത്തമാനങ്ങളിലേക്ക് സ്വാഭാവികമായി ഒഴുകിയെത്തി. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ രാധയെ നോക്കി ഉഷ : ''അന്ന് ഏറ്റവും ഉയരം രാധയ്ക്കായിരുന്നു. ഞാനൊക്കെ ചെറുതായിരുന്നു. ഇപ്പോ നോക്ക്, ഞാന്‍ ഉയരംവെച്ചു...''
അതുകേട്ട് രാധ കുട്ടിയെപ്പോലെ ചിരിക്കുന്നു : ''ഉയരമൊക്കെയിണ്ടാര്‍ന്നു... പക്ഷേ നല്ലോണം മെലിഞ്ഞിട്ടായിരുന്നില്ലേ...''
ഉഷ: അപ്പോ, ഞാനോ? നിന്നേക്കാള്‍ മെലിഞ്ഞിട്ടായിരുന്നു ഞാന്‍...
രാധ തലയാട്ടിക്കൊണ്ട് ശരിവച്ചു. അടുത്ത ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ ഉഷ രാധയുടെ തോളില്‍ കൈചേര്‍ത്തു.
ഉഷ : നിനക്ക് ഒരു മാറ്റവുമില്ല... അതുകൊണ്ടല്ലേ ആ പരിപാടിയില്‍വെച്ച് നിന്നെ കണ്ടപാടെ ഞാന്‍ തിരിച്ചറിഞ്ഞത്.
രാധ : ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാന്‍ കരുതീല്ല...
ഉഷ : നീയാ പരിപാടിയിലുണ്ടാകുമെന്ന് ഞാനുണ്ടോ അറിയുന്നു... എല്ലാമങ്ങ് സംഭവിച്ചുപോയതല്ലേ... ഞാന്‍ ശരിക്കും ഞെട്ടിപ്പോയി...
ആ സന്തോഷച്ചിരിയില്‍ ഇരുവരും പയ്യോളി മൈതാനത്തെ പഴയ സ്‌കൂള്‍ കുട്ടികളായി.
രാധേച്ചി ആ പരിപാടിയില്‍ എങ്ങനെയാണ് എത്തിപ്പെട്ടത് ?
രാധ : ഈ പരിപാടിയില്‍ ഞാന്‍ ചെന്നുപെട്ടതാ... ഇവിടുത്തെ കുടുംബശ്രീയില്‍ ഞാനുണ്ട്. പരിപാടിയില്‍ നാല് പേരെങ്കിലും പങ്കെടുക്കണമെന്നാണ് നിര്‍ദേശം. പലരും ഒഴിഞ്ഞുമാറി. ഉഷ പങ്കെടുക്കുന്ന പരിപാടിയല്ലേ... അവളെ കാണാമല്ലോ എന്നോര്‍ത്തപ്പോള്‍ വരാന്‍ തീരുമാനിച്ചു. വന്നപ്പോഴോ... ശബരിമലയിലെ പോലെ തിരക്ക്. ഞാന്‍ പിന്നെ ചെറുതായതുകൊണ്ട് വേഗം അകത്തുകേറാന്‍ പറ്റി. ഏറ്റവും പുറകിലായിരുന്നു ഞാനിരുന്നത്. തൊട്ടടുത്ത് ഒരു അംഗന്‍വാടി ടീച്ചര്‍. ഉഷ എന്റെ പേര് പറഞ്ഞയുടനെ ആ ടീച്ചര്‍ 'രാധയിതാ' എന്ന് വിളിച്ചുപറഞ്ഞു. ആദ്യം പോകാതെയിരുന്നു. എല്ലാവരും നിര്‍ബന്ധിച്ചതോടെയാണ് സ്റ്റേജിലേക്കെത്തിയത്. ഉഷ എന്നെ തിരിച്ചറിയുമോയെന്നൊക്കെ സംശയിച്ചിരുന്നു.
ഉഷ : പരിപാടിയില്‍ രാധയുണ്ടെന്ന കാര്യമേ എനിക്കറിയില്ല. അന്ന് പങ്കെടുത്ത മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണല്ലോ ഞാന്‍ തോറ്റത്. അതാണ് രാധയെ ഇത്രയും ഓര്‍ത്തിരിക്കാന്‍ കാരണം. തൃക്കോട്ടൂര്‍ സ്‌കൂളും ഭജനമഠവും കടുത്ത ശത്രുക്കളായിരുന്നു. കലാ-കായികപരിപാടികളിലെല്ലാം ജയിക്കണമെന്ന വാശിയായിരുന്നു കുട്ടികള്‍ക്കെല്ലാം. പിന്നെ മാഷന്മാര്‍ തമ്മിലുള്ള പോര് വേറെ. കുട്ടിക്കാലത്തെ സംഭവങ്ങളില്‍ വളരെ കുറച്ചുമാത്രമല്ലേ നമ്മള്‍ ഓര്‍ത്തുവെക്കാറുള്ളൂ. അത്തരത്തില്‍ ഒന്നായിരുന്നു അന്നത്തെ ഓട്ടമത്സരം. ബേബി സരളയോടൊപ്പം ഓടിയതും ഓര്‍മയിലുണ്ട്. അവര്‍ എന്നേക്കാള്‍ സീനിയറായിരുന്നു. പിന്നെ അവരുടെ ഹെയര്‍സ്റ്റൈലൊക്കെ ഭയങ്കര രസമായിരുന്നു. ചുരുണ്ട മുടി ഒരു പ്രത്യേകരീതിയില്‍ മെടഞ്ഞിട്ടാണ് അവര്‍ വരിക.
രാധ : സരള ഇപ്പോ എവിടെയാണ് ?
ഉഷ : അറിയില്ല. പിന്നെ ഒരു ശ്രീലതയുണ്ടായിരുന്നു. ഒരിക്കല്‍ സ്റ്റേറ്റ്മീറ്റില്‍ എന്നെ തോല്‍പ്പിച്ചിട്ടുണ്ട്. അവള്‍ അബുദാബിയിലാണ്. ഇപ്പോള്‍ രാധയെ കണ്ട പോലെ ഒരിക്കല്‍ ഞാന്‍ അവളെയും കണ്ടുമുട്ടി. നാട്ടിലെത്തിയ സമയത്ത് അവള്‍ ഇവിടേക്ക് വന്നിരുന്നു.
വീണ്ടുമൊരു ഓട്ടത്സരത്തിന് തയ്യാറായിട്ടെന്നോണം രാധ ഉഷയെ നോക്കി...
ഉഷ : എന്റൊപ്പം ഓടാന്‍ റെഡിയാണ് രാധ... പഴയ വാശി വിട്ടിട്ടില്ലെന്ന് തോന്നുന്നു... രാധ ഉറക്കെ ചിരിച്ചു... ഉഷയും.
ഏഴാംക്ലാസ്സില്‍ ഓടി ജയിച്ചശേഷം രാധയെ പിന്നെ ട്രാക്കുകളിലൊന്നും കണ്ടില്ല. എന്തുപറ്റി ?
രാധ : വീട്ടിലെ സാഹചര്യങ്ങള്‍ മോശമായിരുന്നു. അച്ഛന് ചായക്കടയായിരുന്നു. പെട്ടെന്ന് ഒരുദിവസം അച്ഛന്‍ കിടപ്പിലായി. ആങ്ങളമാരാണെങ്കില്‍ ജോലി കിട്ടാന്‍ കഷ്ടപ്പെടുന്ന സമയവും. എനിക്ക് സ്‌പോര്‍ട്‌സ് താരമാകണമെന്ന് പറഞ്ഞ് അവരുടെ മുന്നിലേക്ക് ചെല്ലാന്‍ പറ്റ്വോ? ഉഷ പറഞ്ഞപോലെ പ്രോത്സാഹനം തരാന്‍ ആരുമുണ്ടായില്ല.
ഉഷ : ഒരു ആങ്ങള സ്‌കൂള്‍മാഷായിരുന്നില്ലേ... നന്മണി നാരായണന്‍മാഷ്...
രാധ : (ചിരിച്ചുകൊണ്ട്) ഇമ്മിണി നാരായണന്‍മാഷ്...
ഉഷ : അതേ... സ്‌കൂളിലൊക്കെ ഞങ്ങള്‍ അങ്ങനെയാ വിളിച്ചിരുന്നത്. നാരായണന്‍മാഷ് അന്ന് ഉത്സാഹിച്ചിരുന്നെങ്കില്‍ രാധ ഉറപ്പായും സ്‌പോര്‍ട്‌സ്താരമായേനെ... പറഞ്ഞിട്ട് കാര്യമില്ല, സ്‌പോര്‍ട്‌സിന് വലിയ പ്രാധാന്യമില്ലാത്ത കാലം കൂടിയായിരുന്നല്ലോ...എന്റെ കാര്യം നേരെ തിരിച്ചാണ്. എനിക്ക് ഏറ്റവും കൂടുതല്‍ പ്രോത്സാഹനം തന്നത് അമ്മാവന്മാരായിരുന്നു. അവര്‍ക്ക് പഠിപ്പുണ്ടായിരുന്നു. ഒരാള്‍ ടീച്ചറും മറ്റേയാള്‍ അഡ്വക്കേറ്റുമായിരുന്നു. അച്ഛന് പക്ഷേ, സ്‌പോര്‍ട്‌സിനെപ്പറ്റിയൊന്നും അറിയില്ലായിരുന്നു. അമ്മാവന്മാര്‍ പറഞ്ഞാലേ അച്ഛന്‍ കേള്‍ക്കൂ. എന്നെ പുറത്തേക്കൊക്കെ വിടാന്‍ അച്ഛന് പേടിയായിരുന്നു. വീണ് എന്തെങ്കിലും പറ്റുമെന്ന് പറയും. പിന്നെ ഓടാനൊക്കെ തുടങ്ങിയപ്പോള്‍ വീട്ടില്‍നിന്ന് നല്ല പിന്തുണ കിട്ടി. വീട്ടില്‍ പശുവുണ്ടായിരുന്നതുകൊണ്ട് രാവിലെയും രാത്രിയും നിര്‍ബന്ധിച്ച് എന്നെ പാല്‍ കുടിപ്പിക്കും. ആരോഗ്യം കുറവായിരുന്നു. ചെറുപ്പത്തില്‍ എനിക്ക് രാപ്പനിയുണ്ടാകുമായിരുന്നു. ശരീരം നന്നാകാത്തത് അതുകൊണ്ടാണെന്ന് പലരും പറഞ്ഞു. അങ്ങനെ വീട്ടുകാര്‍ ആയുര്‍വേദചികിത്സ തുടങ്ങി. ആട്ടിന്‍പാലില്‍ ഒരു പൊടി കലക്കിത്തരും. ഇഷ്ടമില്ലെന്ന് പറഞ്ഞാലും അമ്മ നിര്‍ബന്ധിച്ച് കുടിപ്പിക്കും. അതൊക്കെ പില്‍ക്കാലത്ത് എന്റെ സ്റ്റാമിന കൂട്ടാന്‍ സഹായിച്ചിട്ടുണ്ടാവും.
രാധ : ഓടാന്‍ ഭയങ്കര ഉത്സാഹമായിരുന്നെങ്കിലും എനിക്ക് പഠിക്കാന്‍ മടിയായിരുന്നു. ഒമ്പതാംക്ലാസില്‍ തോറ്റതോടെ പഠിത്തം നിര്‍ത്തി. സ്‌പോര്‍ട്‌സിലെ താത്പര്യം കണ്ട് പി.ടി. മാഷ് (ദാമോദരന്‍) പഠിത്തം തുടരണമെന്നൊക്കെ പറഞ്ഞു. പക്ഷേ, പോയില്ല. പിന്നെ കല്യാണംകഴിഞ്ഞു... കുട്ടികളായി. വേറൊന്നും ആലോചിക്കാന്‍ സമയമുണ്ടായില്ല.
ഉഷ : സ്‌കൂളില്‍ പോകാന്‍ വേണ്ടി എന്നെപ്പോലെ കരഞ്ഞ് നിലവിളിച്ച വേറാരുമുണ്ടാകില്ല. തൃക്കോട്ടൂര്‍ സ്‌കൂളില്‍നിന്ന് ഏഴാംക്ലാസ് കഴിഞ്ഞ് ഞാന്‍ കണ്ണൂരിലേക്കാണ് പോയത്. അവിടെ സെലക്ഷന്‍ കിട്ടാന്‍ കുറേ കഷ്ടപ്പെട്ടു. തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലായിരുന്നു ആദ്യം സെലക്ഷന്‍ കിട്ടിയത്. യൂണിഫോം ഒക്കെ വാങ്ങി തയ്യാറായി നല്‍ക്കണം... അറിയിപ്പ് കിട്ടിയാലുടനെ വരണം എന്ന അധികൃതരുടെ കത്തും കൈയില്‍വെച്ച് ഞാന്‍ കാത്തിരിക്കുകയാണ്. മാസങ്ങള്‍ കഴിഞ്ഞിട്ടും അറിയിപ്പൊന്നും വന്നില്ല. പയ്യോളി സ്‌കൂളിലാണെങ്കില്‍ ക്ലാസും ആരംഭിച്ചു. എല്ലാവരും സ്‌കൂളില്‍ പോകുമ്പോള്‍ ഞാന്‍ മാത്രം വീട്ടിലിരിക്കുന്നു. സ്‌കൂളില്‍ പോകാന്‍വേണ്ടി ഞാന്‍ കരയും. കുറെ കരഞ്ഞപ്പോള്‍ അമ്മാവന്മാര്‍ എന്നെ പയ്യോളി സ്‌കൂളില്‍ ചേര്‍ത്തു. പത്ത് ദിവസം ക്ലാസില്‍ ഇരുന്നപ്പോഴേക്കും കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ സെലക്ഷന്‍ കിട്ടിയെന്ന അറിയിപ്പ് വന്നു. പിന്നീടങ്ങോട്ട് എന്റെ ജീവിതം സ്‌പോര്‍ട്‌സ് തന്നെയായി. പയ്യോളിയിലേക്കുള്ള വരവും വല്ലപ്പോഴുമായി. അവരുടെ സംസാരത്തില്‍ ഉഷയുടെ ഭര്‍ത്താവ് ശ്രീനിവാസനും ചേര്‍ന്നു...
''കായികമത്സരങ്ങളില്‍ ജയിച്ച താരങ്ങള്‍ തോറ്റവരുടെ പേര് പലപ്പോഴും ഓര്‍ക്കാറില്ല. പിന്നീട് വലിയ താരമായി മാറിയ പലരും തന്നെ തോല്‍പ്പിച്ചവരുടെ പേര് ഓര്‍ത്തുവെക്കും. അത്‌ലറ്റിക്‌സിന്റെ മനഃശാസ്ത്രമാണത്.''
ഉഷ : അതെ. ഫിലിപ്പീന്‍സില്‍ എത്തിയാല്‍ ലിഡിയയെപ്പറ്റി (ഏഷ്യന്‍ ഗെയിംസില്‍ ഒരിക്കല്‍ ഉഷയെ തോല്‍പിച്ച ലിഡിയ ഡി വേഗ) ചോദിക്കാന്‍ മറക്കാറില്ലായിരുന്നു. അവരോടുള്ള ഇഷ്ടം ഉള്ളില്‍ സൂക്ഷിക്കുന്നതുകൊണ്ടാണ്. കൂടെ പഠിച്ചവരെ കാണാനൊക്കെ എനിക്കിഷ്ടമാണ്. പക്ഷേ അങ്ങനെ സംഭവിക്കുന്നില്ലെന്ന് മാത്രം. ഇപ്പോള്‍ രാധയെ കണ്ടതുതന്നെ അപ്രതീക്ഷിതമല്ലേ... ഭജനമഠത്തില്‍ പഠിച്ച പലരെയും കാണുമ്പോള്‍ രാധയെപ്പറ്റി ചോദിക്കാറുണ്ടായിരുന്നു. സ്‌കൂളിലെ 'സ്പ്രിന്റ്‌റാണി'യായിരുന്നില്ലേ രാധ...
രാധ : ഉഷയെ തോല്‍പ്പിച്ചപ്പോള്‍ എല്ലാവരും എന്നെ അങ്ങനെയായിരുന്നു വിളിച്ചിരുന്നത്.
ഉഷ : ഫിനിഷിങ് പോയിന്റ് വരെയും ഞങ്ങള്‍ ഒപ്പത്തിനൊപ്പമായിരുന്നു. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് രാധ എന്നെ മറികടന്നത്. ജയിച്ചശേഷം ഇവര്‍ റോഡിലൂടെ പാട്ടൊക്കെ പാടി പോകുന്നത് ഇപ്പോഴും ഓര്‍മയുണ്ട്. പക്ഷേ ഏറ്റവും കൂടുതല്‍ തവണ ജയിച്ചിട്ടുള്ളത് ഞങ്ങളുടെ സ്‌കൂള്‍ തന്നെയായിരുന്നു. ട്രോഫിയുമായി നാട്ടിലൂടെ ജയ് വിളിച്ച് നടക്കാനായിരുന്നു അന്ന് ഏറ്റവും ആവേശം. എന്തൊരു രസമായിരുന്നു അതൊക്കെ... അന്ന് നമ്മള്‍ കുട്ടികളല്ലേ... മത്സരം കഴിഞ്ഞു, ഞങ്ങള്‍ രണ്ട് വഴിക്ക് പിരിഞ്ഞു. അപ്പോഴും രാധയെന്ന പേര് എന്റെ ഓര്‍മയിലുണ്ടായിരുന്നു.
രാധ : കൃഷ്ണന്‍മാഷിനെ ഓര്‍മയുണ്ടോ?
ഉഷ : പിന്നേ... ഭജനമഠത്തിലെ കൃഷ്ണന്‍മാഷും ഞങ്ങളുടെ ബാലകൃഷ്ണന്‍മാഷും തമ്മിലുള്ള ഫൈറ്റ് ഒരു സംഭവമല്ലായിരുന്നോ. കൃഷ്ണന്‍മാഷ് മീശയൊക്കെ പിരിച്ച് ഒരു വരവുണ്ട്. പേടിയാകും. പക്ഷേ ബാലകൃഷ്ണന്‍മാഷ് പാവമായിരുന്നു.
ഒപ്പം ഓടിയ ആള്‍ രാജ്യസഭ എം.പി.യായപ്പോള്‍ കാണണമെന്ന് രാധേച്ചിക്ക് തോന്നിയില്ലേ?
രാധ : ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അപ്പോഴാണ്. കാണാനൊക്കെ ശ്രമിച്ചിരുന്നു. ഇതുവഴി പോകുമ്പോള്‍ ഞാന്‍ ഗേറ്റിലൂടെ അകത്തേക്ക് നോക്കും. അപ്പോഴൊക്കെ വാതിലടഞ്ഞ് കിടക്കുകയായിരിക്കും. ആരുമുണ്ടാകില്ലെന്ന് വിചാരിച്ച് തിരിച്ചുപോകും.
ഉഷ : വാതിലും ഗെയിറ്റുമൊക്കെ എപ്പോഴും അടച്ചിട്ടിരിക്കും... പക്ഷേ, ഞങ്ങള് ഇവിടെത്തന്നെ ഉണ്ടാകാറുണ്ട്. എം.പി.യായപ്പോള്‍ കുറച്ച് തിരക്ക് കൂടി എന്നല്ലാതെ വേറെ മാറ്റമൊന്നുമില്ല. ഇതിലൂടെ പോകുന്ന സമയത്ത് ഒന്ന് കേറി കോളിങ്‌ബെല്‍ അടിച്ചാലെന്താ? (രാധ മിണ്ടാതെ ചിരിക്കുന്നു). പഴയ കൂട്ടുകാരെയൊക്കെ അന്വേഷിക്കാനും കണ്ടെത്താനും എനിക്ക് സന്തോഷമേയുള്ളൂ. ഇവര്‍ക്കൊക്കെ എന്നെ വന്ന് കാണാമല്ലോ. ആരും വരാന്‍ ഉത്സാഹം കാണിക്കുന്നില്ല. ഇവരൊക്കെ നല്ലനിലയിലാണ് എന്നറിയുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്നുവേറെയാണ്.
രാധ : ഓരോ തവണ ഉഷ ജയിക്കുമ്പോഴും അഭിമാനത്തോടെ വീട്ടുകാരോടും കൂട്ടുകാരോടുമൊക്കെ പറയാറുണ്ടായിരുന്നു. തുടര്‍ന്നും ഓടാന്‍ പോയിരുന്നെങ്കില്‍ ഉഷയെപ്പോലെ എവിടെയെങ്കിലുമൊക്കെ എത്തിയേനെ എന്ന് തോന്നിയിട്ടുണ്ട്. അതോര്‍ക്കുമ്പോള്‍ ഇന്നും വിഷമം വരും.
ഉഷ : രാധയ്ക്ക് നല്ല ജോലിയൊക്കെ കിട്ടിയേനെ... അന്നത്തെ ചുറുചുറുക്ക് ഇപ്പോഴും രാധയ്ക്കുണ്ട്. തിരക്കൊക്കെ മാറ്റിവെച്ച് ഒരുദിവസം ഇങ്ങോട്ട് ഇറങ്ങ്. ഭക്ഷണമൊക്കെ കഴിച്ച് വര്‍ത്തമാനം പറഞ്ഞിരിക്കാം...
രാധ : പോട്ടെ... പശൂനെ കറക്കാന്‍ പോണം. ഒത്തിരി വൈകി.
ഉറക്കെ ചിരിച്ചുകൊണ്ട് ഉഷ രാധയെ ഒരിക്കല്‍ക്കൂടി ചേര്‍ത്തുപിടിച്ചു. പിന്നെ ഇരുവരും രണ്ട് ട്രാക്കുകളിലേക്ക്...
Content Highlights: P.T.Usha and Her childhood fried Radha share their memories