വാർഷികശമ്പളം 3.14 കോടി രൂപ; എന്നിട്ടും നന്ദിത സിൻഹയുടെ രാജിക്കു പിന്നിലെന്ത്?

2013-ലാണ് നന്ദിത സിൻഹ (Nandita Sinha) ഫ്‌ളിപ്പ്കാർട്ടിൽ ചേരുന്നത്. 2022-ൽ മിന്ത്രയുടെ (Myntra) സി.ഇ.ഒ.ആയി അവർ ചുമതലയേറ്റെടുത്തു. 2022-ൽ മിന്ത്രയെ നയിക്കുന്നതിന് മുമ്പ് ഫർണിച്ചർ, ആരോഗ്യം, സൗന്ദര്യം എന്നിവയുൾപ്പെടെ നിരവധി ടീമുകളുടെ ഭാഗമായിരുന്നു നന്ദിത. അവരുടെ നേതൃത്വത്തിൽ മിന്ത്ര തങ്ങളുടെ സാമ്പത്തികപ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തു.
ഇപ്പോഴവർ ആ സ്ഥാനത്തുനിന്ന് രാജിവെക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. ഫ്‌ളിപ്പ്കാർട്ട് ഫാഷൻ ഹെഡും മിന്ത്ര മുൻ ചീഫ് ബിസിനസ് ഓഫീസറുമായ ഷാരോൺ പേസ് (Sharon Pais) നന്ദിതയ്ക്ക് പകരമെത്തുമെന്നാണ് വാർത്തകൾ പറയുന്നത്. എന്നാൽ, ഔദ്യോഗികസ്ഥിരീകരണമൊന്നും ഇക്കാര്യത്തിൽ പുറത്തുവന്നിട്ടില്ല. അവരുടെ രാജി ഫ്‌ളിപ്പ്കാർട്ടിലും മിന്ത്രയിലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും നേതൃതലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
Money Control ആണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ''നന്ദിത ഫ്‌ളിപ്പ്കാർട്ടിൽനിന്ന് പുറത്തുപോവുകയാണ്. അവർക്ക് പകരക്കാരനെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്പനി ആരംഭിച്ചുകഴിഞ്ഞു. വരുംദിവസങ്ങളിൽ പുതിയ ആളെ തീരുമാനമാക്കും'', സ്ഥാപനത്തിൽനിന്നുള്ള ഒരു വ്യക്തി പറയുന്നു. നന്ദിതയുടെ അടുത്ത നീക്കങ്ങളും ഇപ്പോൾ അജ്ഞാതമാണ്.
ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഒരു ഇടത്തരം കുടുംബത്തിലാണ് നന്ദിതയുടെ ജനനം. ഫിസിക്‌സ് അധ്യാപികയായ അമ്മയാണ് നന്ദിതയുടെ പഠനത്തിനും അക്കാദമിക് മികവിനും എല്ലാ പിന്തുണയുമായി കൂടെ നിന്നത്. അവിടുന്നാണ് കോർപ്പറേറ്റ് ലോകത്തേക്കുള്ള യാത്ര തുടങ്ങുന്നതും. ഐ.ഐ.ടി. വാരണാസിയിൽനിന്നാണ് സെറാമിക് എഞ്ചിനീയറിങ്ങിൽ ബിരുദമെടുക്കുന്നത്. എം.ബി.എ ബിരുദം നേടുന്നത് ഡൽഹി സർവകലാശാലയിൽനിന്നും.
മാനേജ്‌മെന്റ് ട്രെയിനിയായിട്ടാണ് അവർ തന്റെ കരിയർ തുടങ്ങുന്നത്. ഹിന്ദുസ്ഥാൻ യൂണിലിവറായിരുന്നു ആദ്യ പ്രവർത്തനമേഖല. അതിനുശേഷം ബ്രിട്ടാനിയയിൽ ചേർന്നു. അതുകഴിഞ്ഞാണ് ഫ്‌ളിപ്പ്കാർട്ടിലെത്തുന്നത്. പിന്നീട് മിന്ത്രയിലേക്കും.
2022 മുതൽ മിന്ത്രയെ ശക്തമായ വളർച്ചയുടെ പാതയിലേക്ക് നയിച്ചത് നന്ദിതയാണ്. മിന്ത്ര ബ്യൂട്ടിയെ ശക്തിപ്പെടുത്തുന്നതിനുപിന്നിലും അവർക്ക് വലിയ റോളുണ്ടായിരുന്നു.
നന്ദിതയുടെ രാജിക്കൊപ്പം തന്നെ അവരുടെ പ്രതിഫലത്തെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. അതിനെക്കുറിച്ച് കാര്യമായ കണക്കുകളൊന്നും ലഭ്യമല്ല. എങ്കിലും റിപ്പോർട്ടുകൾ പ്രകാരം മിന്ത്രയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന വാർഷികശമ്പളം ഏകദേശം 3.14 കോടി രൂപയാണ്. എന്നാൽ പുതിയ സാമ്പത്തികവർഷത്തിൽ ഇന്ത്യയിലൊരു മൾട്ടിനാഷണൽ കമ്പനിയുടെ സി.ഇ.ഒ.യുടെ ശരാശരി ശമ്പളം 10.5 കോടിയാണെന്നും പറയപ്പെടുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള മിന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നാണ്. ഫ്‌ളിപ്പ്കാർട്ടിന്റെ ഭാഗമാണിത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Nandita Sinha is reportedly stepping down as CEO of Myntra in 2026. Sharon Pais is tipped to be the potential successor for the CEO role.