ജെ.സി.ബി ഓടിച്ച് സാഹിത്യഅക്കാദമിയിലേക്ക്‌

#കെ. വിശ്വനാഥ്, ശ്രീകാന്ത് കോട്ടക്കല്‍
അഖില്‍ കെ. | ഫോട്ടോ: ലതീഷ് പൂവത്തൂര്‍
അഖില്‍ കെ. | ഫോട്ടോ: ലതീഷ് പൂവത്തൂര്‍

ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ പുരസ്‌കാരത്തിന് അര്‍ഹനായത് യുവ എഴുത്തുകാരന്‍ അഖില്‍ കെ. ആണ്. നീലച്ചടയന്‍ എന്ന കഥാസമാഹാരത്തിന് അവാര്‍ഡ്. ജീവിതത്തിന്റെ തീച്ചൂടില്‍നിന്ന് എഴുത്തിന്റെ വഴിയിലേക്ക് എത്താന്‍ അഖില്‍ താണ്ടിയ ദൂരങ്ങള്‍ വലുതാണ്. തീരാത്ത കഷ്ടപ്പാടിനിടയിലും എഴുതുമ്പോള്‍, എഴുതുമ്പോള്‍ മാത്രം അയാള്‍ ആശ്വാസത്തിന്റെ ആകാശത്തിലേക്ക് സ്വയം സ്വതന്ത്രനാവുന്നു ഈ എഴുത്തുകാരന്‍. 

സുഹൃത്തിന്റെ കൈയില്‍നിന്ന് കടം വാങ്ങിയ ടൊയോട്ട എറ്റിയോസ് കാറുമായി അഖില്‍, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പുറത്ത് കാത്തുനില്പുണ്ടായി രുന്നു. മെലിഞ്ഞുനീണ്ട്, കൃത്യമായി ഷേവ് ചെയ്യാത്ത കുറ്റിത്താടിയും കൂലിവേല ചെയ്ത് തഴമ്പുപതിഞ്ഞ നീണ്ടകൈകളുമുള്ള ഇരുപത്തിയാറുകാരന്‍. പുറമേക്ക് ശാന്തമെങ്കിലും അകമേ, തീച്ചാമുണ്ഡിത്തെയ്യത്തിന്റെ കനല്‍ത്തറയായ മേലേരി പോലെ എരിയുന്ന കണ്ണുകള്‍. വടക്കേ മലബാറിന്റെ നാട്ടുപശിമ ഒട്ടും കലരാത്ത സംഭാഷണം. പയ്യന്നൂരിന്റെ തിരക്കുപിടിച്ച ചെറുവഴികളിലൂടെ കുതിപ്പിച്ചും പെട്ടെന്ന് ബ്രേക്ക് ചവിട്ടിയും പിന്നെയും കുതിച്ചും വെട്ടി ത്തിരിച്ചും അയാള്‍ വണ്ടിയോടിച്ചപ്പോള്‍ ഇത് കാര്‍ ഡ്രൈവിങ്ങിന്റെ താളമല്ലല്ലോ എന്നോര്‍മിപ്പിച്ചു. അതുകേട്ടപ്പോള്‍ മന്ദഹസിച്ചുകൊണ്ട് അഖില്‍ പറഞ്ഞു. 
''സാറേ, ഞാന്‍ മുമ്പ് പൂഴി വണ്ടി ഓടിക്കാന്‍ പോയിരുന്നു. ജീവനും കെട്ടിപ്പിടിച്ച് ഒരു പാച്ചിലാണ്. പോലീസിന്റെ കൈയില്‍പ്പെട്ടാല്‍ പെട്ടു. വണ്ടിയിട്ട് ഓടണം... അതിന്റെ ഒരിതാണ് ഈ പോക്ക്...'
 
ചെറിയ അങ്ങാടികളും പൊടിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിയും പാ റുന്ന കവലകളും പാടങ്ങളും പുല്‍മേടു കളും ഇലകൊഴിഞ്ഞ് വിഷാദിച്ചുനില്‍ ക്കുന്ന റബ്ബര്‍മരങ്ങളും നിറഞ്ഞ പയ്യന്നുരിന്റെ ഉള്‍വഴികളിലൂടെ കാറോടിക്കുമ്പോള്‍ അഖില്‍ പറഞ്ഞുകൊണ്ടേയിരുന്നു. 'മണല്‍ ലോറിയോടിക്കുന്ന കാലത്ത് ഈ വഴിയിലൂടെ ഞാന്‍ പോലീസിനെ വെട്ടിച്ച് ഓടിയിട്ടുണ്ട്; ഈ പുഴയില്‍ മുങ്ങി ഞാന്‍ മണല്‍ വാരിയിട്ടുണ്ട്; ഈ കാട് മുഴുവന്‍ ഞാനാണ് വെട്ടിയത്; കുട്ടിക്കാലത്ത്, പുലര്‍ച്ചെ വെട്ടം വീഴും മുമ്പ് ഈ റോഡിലൂടെ പത്രക്കെട്ടെടുക്കാന്‍ അങ്ങാടിയിലേക്ക് ഞാന്‍ പേടിച്ചു പേടിച്ച് സൈ ക്കിളോടിച്ചിട്ടുണ്ട്... 

ഈ ചെറിയ പ്രായത്തിനിടയില്‍ അഖില്‍ എന്തൊക്കെ ജോലി ചെയ്തിട്ടുണ്ട് ?
 
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ പത്ര വിതരണം, അതേ പ്രായത്തില്‍ത്തന്നെ പുഴയില്‍ പൂഴി വാരല്‍, ലോറിയില്‍ പൂഴി ലോഡ് ചെയ്യല്‍, രാത്രി ടൈല്‍സ് പണി, പെയിന്റിങ്, മെഷീന്‍ വെച്ച് കാടുവെ ട്ടല്‍, ധാന്യമില്ലിലെ പണിക്കാരന്‍, പച്ചക്കറിക്കടയിലെ എടുത്തുകൊടുപ്പുകാരന്‍,ഡെലിവറി ബോയ്, ഏഴിമല നാവിക അക്കാദമിയില്‍ മാലിന്യങ്ങള്‍ വേര്‍തിരിക്കല്‍... ഇപ്പോള്‍ ഞാന്‍ ജെ.സി.ബി. ഡ്രൈവറാണ്. 

എഴുത്തിലേക്കുവന്നത് എപ്പോഴാണ്..?
 
എഴുത്തിലേക്ക് വന്നതൊന്നുമല്ല സാര്‍, എഴുത്ത് എന്റെ ദുരിതജീവിതത്തില്‍ നിന്നും ഇറങ്ങിവരുന്നതാണ്. എന്റെ ആലംബമില്ലാത്ത ഏകാന്തതകളില്‍, വേനല്‍ക്കാറ്റില്‍ ഉണക്കമരത്തില്‍ തീപടരും പോലെ ആളുന്നതാണ്. അപ്പോള്‍ മാത്രമാണ് ജീവിതത്തില്‍ എന്തെങ്കിലും ചെയ്യുന്നു എന്ന് എനിക്ക് തോന്നുന്നത്.

'നീലച്ചടയന്‍' എന്ന കഥാസമാഹാരമാണ് അഖിലിന്റേതായി ആദ്യം വെളിച്ചം കണ്ട സൃഷ്ടി. പിന്നീടാണ് മാതൃഭൂമി ബുക്‌സിലൂടെ സിംഹത്തി 
ന്‍ കഥയെന്ന നോവല്‍ പുറത്തിറ ങ്ങുന്നത്. എഴുത്തുകാരനായി മാറിയതിനുപിന്നിലെ പശ്ചാത്തലം ? 

അമ്മ പുഷ്പവല്ലി ചുമട്ടുപണിക്കു പോയായിരുന്നു ഞങ്ങളുടെ കുടുംബം പോറ്റിയിരുന്നത്. അമ്മയെ എന്നാലാവും വിധം സഹായിക്കണമെന്ന ആഗ്രഹത്തില്‍ ഞാന്‍ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ പത്രവിതരണത്തിന് പോയിത്തുടങ്ങി. ഫോട്ടോഗ്രാഫറായിരുന്ന അച്ഛന്‍ മോഹനന്‍ ആ ജോലി അവസാനിപ്പിച്ചതോടെ ഞങ്ങളുടെ കാര്യങ്ങള്‍ ബുദ്ധിമുട്ടിലായി. പുലര്‍ച്ചെ മൂന്നുമണിക്കൊക്കെ വീട്ടില്‍ നിന്നിറങ്ങി അഞ്ചാറു കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി പയ്യന്നൂരില്‍പ്പോയി പത്രമെടുത്തുകൊണ്ടുവരണം. കുറച്ചു മുതിര്‍ന്നപ്പോള്‍ പുലര്‍ച്ചെ രണ്ടരമണിവരെയൊ ക്കെ വണ്ണാത്തിപ്പുഴയില്‍ നിന്നുള്ള പൂഴി വാരി ലോറിയില്‍ നിറയ്ക്കുന്ന പണിക്കൊക്കെ പാവാന്‍ തുടങ്ങി. അതുകഴിഞ്ഞാ യിരുന്നു പത്രവിതരണം. ഇരുട്ടില്‍ പുറത്തിറങ്ങിനടക്കുന്നത് വലിയ പേടിയുള്ള കാര്യമായിരുന്നു. പോരെങ്കില്‍ വഴിയിലൊരു ശ്മശാനവുമുണ്ട്. ആ പേടിമാറ്റാന്‍ മനസ്സില്‍ ഓരോ കഥകള്‍ മെനഞ്ഞ് അതിനെക്കുറിച്ച് ചിന്തിക്കും. അങ്ങനെ മെനഞ്ഞെടുത്ത കഥകള്‍ പിന്നെ കടലാസിലേക്ക് പകര്‍ത്താന്‍ തുടങ്ങി. അങ്ങനെയെഴുതിയ കഥകള്‍ ഞാന്‍ തന്നെ വായിച്ചുനോക്കിയപ്പോള്‍ കൊള്ളാവുന്നതാണെന്നുതോന്നി. 

അതെല്ലാം ഓരോ പ്രസാധകര്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും അയക്കും. എല്ലാം തിരിച്ചു വന്നപ്പോള്‍ നിരാശതോന്നി. വാശിയും സങ്കടവും കാരണം അതില്‍ നാലു കഥകളെടുത്ത് കത്തിച്ചുകളഞ്ഞു. ആ സമയത്താണ് ഒരു പരസ്യം കാണുന്നത്, ആര്‍ക്കുവേണമെങ്കിലും എഴുത്തുകാരനാവാം' എന്നായിരുന്നു. അതില്‍ കൊടുത്തിരുന്ന നമ്പറിലേക്ക് വിളിച്ചു. നൂറുപേജുള്ള പുസ്തകം അടിക്കുന്നതിന് ഇരുപതിനായിരം രൂപയാവുമെന്ന് പറഞ്ഞു. അപ്പോഴേക്കും ഞാന്‍ ജെ.സി.ബി. ഡ്രൈവറായി ജോലി ചെയ്യാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ട് അത്യാവശ്യത്തിന് കാശൊക്കെ കൈയി ലുണ്ട്. പക്ഷേ, എന്റെ കൈയില്‍ അന്ന് അമ്പതുപേജ് പുസ്തകത്തിനുള്ള കഥകളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അവര്‍ പറഞ്ഞു അമ്പതായാലും നൂറായാലും ഒരേ കാശാണെന്ന്. അപ്പോള്‍ ഞാന്‍ മൂന്നു നാലുദിവസം അവധിയെടുത്ത് കത്തിച്ചു കളഞ്ഞ കഥകള്‍ ഓര്‍മയില്‍ നിന്ന് ഓര്‍ത്തെടുത്ത് എഴുതി. മുന്നൂറ് കോപ്പിയായിരുന്നു അടിച്ചത്. അടിച്ചതിനുശേഷം ഞാന്‍ ആറായിരം രൂപകൊടുത്ത് അമ്പതു കോപ്പി വാങ്ങണമെന്ന് അവര്‍ പറഞ്ഞു. വീണ്ടും ആ തുക സംഘടിപ്പിച്ച് പുസ്തകം വാങ്ങേണ്ടിവന്നു. 

തുടക്കത്തില്‍ സിനിമയ്ക്കുള്ള കഥയായാണ് എഴുതിത്തുടങ്ങിയത്. ആ കഥകളുമായി പല സംവിധായകരെയും കാണാനിറങ്ങി. മുഷിഞ്ഞ മുണ്ടും ആരോടെങ്കിലും കടംവാങ്ങിയ പാകമാവാത്ത ഷര്‍ട്ടുമായിരിക്കും വേഷം. പിന്നെ ഇപ്പോഴത്തെ ക്കാള്‍ ചടച്ചരൂപം. കാണുന്നവരാരും എന്നെയങ്ങോട്ടടുപ്പിക്കില്ല. ഒറ്റപ്പാലത്ത് താമസിക്കുന്ന ഒരു സംവിധായകന്‍ വി ട്ടില്‍ച്ചെന്നു. അദ്ദേഹമപ്പോള്‍ സ്ഥലത്തില്ല. ഭാര്യയേയുള്ളൂ. എന്റെ രൂപം കണ്ട പ്പോള്‍ത്തന്നെ അവര്‍ക്ക് സംശയമായി. അവിടെ പാലുകൊടുക്കാന്‍ വന്നവനും രണ്ടുപേരും ചേര്‍ന്ന് എന്റെ കൈയിലുള്ള സഞ്ചി പരിശോധിച്ചു. ഞാന്‍ ചെ റുത്തപ്പോള്‍ എല്ലാവരും ചേര്‍ന്ന് എന്നെ നന്നായി കൈകാര്യം ചെയ്തു. അന്നുകിട്ടിയ അടിയുടെ വേദനയില്‍ സിനിമാസ്വ പ്നങ്ങള്‍ അവസാനിപ്പിച്ചു. 

കഥകള്‍ ആളുകള്‍ ശ്രദ്ധിക്കുന്നെന്നു മനസ്സിലായത് എപ്പോഴാണ് ?

അതിനുകാരണം പ്രധാനമായും 'ബെസ്റ്റ് ആക്ടര്‍'എന്ന സിനിമയുടെ തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍ സാറാണ്. ഓണ്‍ലൈനില്‍ പുസ്തകം ഓര്‍ഡര്‍ ചെയ്ത് വായിച്ചാണ് ബിപിനേട്ടന്‍ വിളിക്കുന്നത്. തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രനാണെന്നു പറഞ്ഞപ്പോള്‍ എനിക്ക് പെട്ടെന്ന് മനസ്സിലായി. അതിനൊരു കാരണമുണ്ട്. മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍ സിനിമയില്‍ മമ്മൂട്ടിയു ടെ കഥാപാത്രം അഭിനയിക്കാന്‍ അവസരം ചോദിച്ചുപോവുമ്പോള്‍ അതിലെ സം വിധായകന്‍ അയാളോട് ഇരിക്കാന്‍ പറയുന്നുണ്ട്. ഞാനതുവരെ കഥപറയാന്‍ പോയ സംവിധായകരാരും എന്നോട് ഇരിക്കാന്‍ പറഞ്ഞിട്ടില്ല. അപ്പോള്‍ ഇങ്ങനെ ഇരിക്കാന്‍ പറയുന്ന രംഗം എഴുതിയത് ആരാണെന്ന് അറിയണമെന്നുതോന്നി. സിനിമ കഴിഞ്ഞപ്പോള്‍ തിയേറ്ററിനുപുറത്തുള്ള പോസ്റ്ററില്‍ ആ പേര് നോക്കിവെച്ചു. അങ്ങനെ മനസ്സില്‍ പതിഞ്ഞ പേരാണത്. ബിപിനേട്ടന്‍ എന്നോട് സംസാരിച്ചശേഷം എന്റെ കഥാസമാഹാരത്തിലെ ഒരു കഥ സിനിമയാക്കാന്‍ താത്പര്യമുണ്ടെന്നു പറഞ്ഞ് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. അതിനുശേഷം അദ്ദേഹം പത്രത്തിലും എന്റെ കഥകളെക്കുറിച്ചെഴുതി. അതോടെയാണ് ആളുകള്‍ 'നീലച്ചടയന്‍'തിരഞ്ഞുപിടിച്ച് വായിക്കാന്‍ തുടങ്ങിയത്. 

അഖില്‍ കുടുംബത്തോടൊപ്പം

കഥകള്‍ വായിച്ച് ആളുകള്‍ വിളിക്കാറുണ്ടോ 

ഒരിക്കല്‍ ബെന്യാമിന്‍സാര്‍ വിളിച്ചിരുന്നു. അദ്ദേഹം കുറെ നല്ല വാക്കുകള്‍ പറഞ്ഞു. എന്റെ പുതിയ പുസ്തകത്തില്‍ ചേര്‍ക്കുന്നതിനായി ഒരു കുറിപ്പും എഴുതിത്തന്നു. സിനിമയില്‍ നിന്നും പലരും വിളിച്ചു. അതിരന്‍ സംവിധായകന്‍ വിവേക് സാര്‍, പിന്നെ ജോയ് മാത്യു സാര്‍. ജോയ് മാത്യു സാര്‍ കുറേനേരം സംസാരിച്ചു. അതെനിക്ക് വലിയ ആത്മവിശ്വാസം തന്നു. കുടുംബത്തിനുള്ളില്‍നിന്ന് എഴുത്തി ന് പ്രോത്സാഹനം ലഭിച്ചിരുന്നില്ലേ എന്റെ അച്ഛനും അമ്മയുമൊന്നും അങ്ങനെ വായിക്കുന്നവരല്ല. പക്ഷേ, വീടിനടുത്ത് എന്റെ അമ്മയുടെ ബന്ധുവായ ചേച്ചിയുണ്ട്. പേര് കാവ്യ. ഡെക്കാന്‍ ക്രോണിക്കിള്‍ പത്രത്തില്‍ ജേണലിസ്റ്റായി രുന്നു, പിന്നീട് മലയാളം സര്‍വകലാശാലയില്‍ അധ്യാപികയായും ജോലി ചെയ്തിരുന്നു. കാവ്യച്ചേച്ചിയും അവരുടെ അച്ഛനു മെല്ലാം നല്ല വായനക്കാരണ്. അവരുടെ സുഹൃത്തുക്കളുമായെല്ലാം സാഹിത്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ കേട്ടിരിക്കുമായിരുന്നു. ചേച്ചി കുറെ സഹായിച്ചിട്ടുണ്ട്.
 
സുഹൃത്തുക്കള്‍ ഇല്ലേ ?

നാട്ടില്‍ തീരെ കുറവാണ്. ഫെയ്‌സ്ബുക്കില്‍ നിന്നു കിട്ടിയ സുഹൃത്തു ക്കളുമായായിരുന്നു അടുപ്പം. ഫെയ്‌സ്ബു ക്കില്‍ പരിചയപ്പെട്ട ഒരു സുഹൃത്ത് ട്രെയി നില്‍ പയ്യന്നൂര്‍ വഴി കടന്നുപോവുമ്പോള്‍ കാണാന്‍പറ്റുമോയെന്ന് ചോദിച്ച് വിളിച്ചു. അവനൊപ്പം ഒരു സുഹൃത്തുകൂടിയുണ്ട് ന്നും പറഞ്ഞു. ഞാന്‍ ഹോട്ടലില്‍ നിന്ന് രണ്ടു ബിരിയാണിയൊക്കെ വാങ്ങി കാ ണാന്‍ പോയി. സംസാരിച്ചശേഷം വണ്ടി നീങ്ങുമ്പോള്‍ അവന്‍ സുഹൃത്തിനോട് പറ ഞ്ഞു: ''ഇതെന്റെ സുഹൃത്താണ്. എഴുതുകയൊക്കെ ചെയ്യും. കണ്ടാല്‍ പേടിയാവുമെന്നേയുള്ളൂ. ആള് പാവമാണ്. നാട്ടില്‍ നിന്ന് അത്തരം അനുഭവം കുറേയുണ്ടായിട്ടുണ്ട്. അന്നത്തെ സംഭവം എന്നെ വല്ലാതെ ബാധിച്ചു. അതിനുശേഷം അങ്ങനെയാരെയും കാണാനൊന്നും പോവാറില്ലായിരുന്നു. 

സ്‌നേഹിക്കപ്പെടാനോ അംഗീകരിക്കപ്പെടാനോയുള്ള എന്തെങ്കിലും യോഗ്യത എനിക്കുള്ളതായി തോന്നിയിട്ടില്ല. അതില്‍ വലിയ വിഷമവും തോന്നിയിട്ടില്ല. പിന്നെ കഥകള്‍ വായിക്കുന്ന ചില സുഹൃത്തുക്കള്‍ ചില സമ്മാനങ്ങള്‍ തരാറുണ്ട്. ഞാനിട്ടിരിക്കുന്ന ഈ ഷര്‍ട്ട് ഒരു ചേച്ചി വാങ്ങിത്തന്നതാണ്. ഈ വാച്ച് കഥ വായിക്കുന്ന എഫ്.ബി.യിലെ ഒരു സുഹൃത്ത് അയച്ചുതന്നതാണ്. അതൊക്കെ മാറ്റിനിര്‍ത്തിയാല്‍ എനിക്ക് സുഹൃത്തുക്കളും ഉറ്റവ രും പൊതുവേ കുറവാണ്. അഖിലിന്റെ ആദ്യനോവലായ ''സിംഹത്തിന്റെ കഥ'യുടെ പ്രകാശനച്ച ടങ്ങിലെ മുഖ്യസാന്നിധ്യം എം. മുകുന്ദനായിരുന്നു. ആ സമയത്തുതന്നെയായിരുന്നു എം. മുകുന്ദന് 25 ലക്ഷം രൂപ പ്രതിഫലത്തുകയുള്ള ജെ.സി.ബി. പുരസ്‌കാരം ലഭിച്ചത്. തന്റെ പ്രസംഗത്തിനിടെ അഖില്‍ മുകുന്ദനെ നോക്കി പറഞ്ഞു: ''സാറിന് അവാര്‍ഡുതന്ന അതേ കമ്പനിയുടെ ജെ.സി.ബി.യാണ് ഞാന്‍ ഓടിക്കുന്നത്. അതുകേട്ട് മുകുന്ദന്‍ സ്‌നേഹത്തോടെ ചിരിച്ചു. അതേ കമ്പനിതന്നെയെന്ന് തലകുലുക്കി സമ്മതിച്ചു. ശേഷം അഖിലിനോട് അദ്ദേഹം കുറെ നേരം സംസാരിച്ചു. 

Content Highlights: malayalam young writer akhil k he achieved kerala sahithya akademi geetha hiranyan award