19-കാരന്റെ സംഗീതത്തില്‍ മോഹന്‍ലാല്‍ പാടി, 'ഇസബെല്ല'; നിധിയെന്ന് എ.ആര്‍.റഹ്മാന്‍ വിശേഷിപ്പിച്ചയാള്‍

'ബറോസി'ലൂടെ പുതിയൊരു സംഗീതജ്ഞനും കൂടിയെത്തുന്നു. സംഗീതവിസ്മയമെന്ന് അറിയപ്പെടുന്ന ലിഡിയന്‍ നാദസ്വരമാണത്. 'ബറോസി'ല്‍ മോഹന്‍ലാല്‍ പാടിയ 'ഇസബെല്ല' എന്ന പാട്ടിറങ്ങിയതോടെ ലിഡിയനും ലിഡിയന്റെ സംഗീതവും ചര്‍ച്ചയാവുന്നു. ഇന്ത്യയുടെ നിധികളിലൊന്ന് എന്നാണ് ഒരിക്കല്‍ എ.ആര്‍.റഹ്മാന്‍, ലിഡിയനെ വിശേഷിപ്പിച്ചത്.
തമിഴ് സംഗീതസംവിധായകനായ വര്‍ഷന്‍ സതീഷിന്റെയും ജാന്‍സിയുടെയും മകനാണ് ലിഡിയന്‍. ചേച്ചി അമൃതവര്‍ഷിണിയും സംഗീതജ്ഞയാണ്. രണ്ടാമത്തെ വയസ്സില്‍തന്നെ ലിഡിയന്‍ ഡ്രംസ് അഭ്യസിച്ചുതുടങ്ങിയിരുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ മൃദംഗവും പഠിച്ചു. ചേച്ചി പിയാനോ വായിക്കുന്നതുകേട്ടാണ് അതിനോട് താത്പര്യം തോന്നിയത്. അതിന്റെ ഓഡിയോ കേട്ടുകേട്ട്, എട്ട് വയസ്സാകുമ്പോഴേക്കും ലിഡിയന്‍ പിയാനോയിലെ പാഠങ്ങള്‍ കരസ്ഥമാക്കി. ട്രിനിറ്റി സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍നിന്ന് ഗ്രേഡ് 8 പാസായത് പത്താം വയസ്സിലാണ്. അതുകഴിഞ്ഞ് എ.ആര്‍.റഹ്മാന്‍ ഫൗണ്ടേഷന്റെ കെ.എം മ്യൂസിക് കണ്‍സര്‍വേറ്ററിയില്‍ നാലുവര്‍ഷം പഠിച്ചു. അതിനിടയില്‍ തന്നെ അച്ഛനും ചേച്ചിക്കുമൊപ്പം പല വേദികളിലും പരിപാടി അവതരിപ്പിച്ചു.
എന്നാല്‍, ലിഡിയന്റെ പ്രശസ്തി ആഗോളതലത്തിലെത്തുന്നത്, അമേരിക്കന്‍ ടെലിവിഷനിലെ റിയാലിറ്റി ടാലന്റ് മത്സരമായ 'ദ വേള്‍ഡ്‌സ് ബെസ്റ്റി'ല്‍ മത്സരിച്ചതോടെയാണ്. അന്നവന്‍ പിയാനോയില്‍ സൃഷ്ടിച്ച മാജിക്ക് ആഗോളതലത്തില്‍ ആരാധകരെ സൃഷ്ടിച്ചു. മത്സരത്തില്‍ ജേതാവായി അവന്‍. ഒരു മില്യണ്‍ ഡോളറാണ് സമ്മാനമായി ലഭിച്ചത്. അന്ന് ലിഡിയന് 13 വയസ്സേയുള്ളൂ.
അതിനുശേഷമാണ് 'ബറോസി'ലെത്തുന്നത്. ഇളയരാജയുടെ പാട്ടുകളിലൊന്ന് റിക്രിയേറ്റ് ചെയ്യുന്നത് കണ്ടാണ് മോഹന്‍ലാല്‍, ലിഡിയനെ സിനിമയിലേക്ക് ക്ഷണിച്ചതെന്നും പറയപ്പെടുന്നു. 15 വയസ്സുള്ളപ്പോഴാണ് ലിഡിയന് 'ബറോസി'ലേക്ക് ക്ഷണം കിട്ടുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ലിഡിയനെ പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്.
ഇപ്പോള്‍ പിയാനോ, മൃദംഗം, തബല, ഹാര്‍മോണിയം, വയലിന്‍, വീണ, ബാസ് ഗിറ്റാര്‍, ക്ലാസിക്കല്‍ ഗിറ്റാര്‍ എന്നിവയിലെല്ലാം വിസ്മയം തീര്‍ക്കാന്‍ ലിഡിയന് അറിയാം.
Content Highlights: lydian nadhaswaram the youngest music composer in barroz