ചോറ് പറ്റിപ്പിടിച്ച ഇറച്ചിക്കഷണങ്ങള്‍ പെറുക്കി അമ്മ എനിക്കുനീട്ടി, 'മോന്‍ വയറുനിറച്ച് കഴിച്ചോ'

കൊച്ചി അംബേദ്കര്‍ സ്റ്റേഡിയം. പലനിറങ്ങളില്‍ ജേഴ്സികളിട്ട കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടമായും വന്നുകൊണ്ടിരിക്കുന്നു. ചന്നംപിന്നം പെയ്യുന്ന മഴ വകവെയ്ക്കാതെ, കുട്ടികള്‍ പതുക്കെ വാംഅപ്പ് തുടങ്ങി. അപ്പോഴേക്കും പരിശീലകയും ഇന്ത്യയുടെ മുന്‍ ഫുട്‌ബോളറുമായ സി.വി.സീനയുമെത്തി. കാറിന്റെ ഡിക്കിയില്‍നിന്ന് ഒരു ബോളെടുത്ത് അവര്‍ ഗ്രൗണ്ടിലേക്ക് നീട്ടിയടിച്ചു. പിന്നെ കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു, ഊര്‍ജമൊട്ടും ചോരാതെ കുട്ടികള്‍ക്കൊപ്പം കളിച്ചുതുടങ്ങി. പരിശീലനത്തിനിടയില്‍ കുറച്ച് സമയം കിട്ടിയപ്പോള്‍ സീന അടുത്തെത്തി.
''ഫുട്ബോളാണ് എനിക്കെല്ലാം. ഇപ്പോഴും കളിച്ച് കൊതി തീര്‍ന്നിട്ടില്ല. ഇന്നും കളിക്കാനിറങ്ങുമ്പോള്‍, ഭൂമിയെ തൊട്ടുവന്ദിക്കും. അത്രയ്ക്ക് സ്നേഹവും ബഹുമാനവുമാണ് എനിക്ക് ഈ കളിക്കളങ്ങളോട്. ''ഫുട്ബോള്‍ കേവലമൊരു കളിയല്ല സീനയ്ക്ക്. കുട്ടികളെ പരിശീലിപ്പിക്കാനും അക്കാദമികള്‍ തുടങ്ങാനും സീനയ്ക്ക് ഊര്‍ജമായത് ഫുട്‌ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ്.
''1984-85 കാലഘട്ടം മുതല്‍ ഈ ദിവസം വരെ, ദിവസവും ഏഴുമണിക്കൂറെങ്കിലും ഫുട്ബോളിനുവേണ്ടി ചെലവഴിക്കുന്നു. അംബുജാക്ഷന്‍ മെമ്മോറിയല്‍ ട്രെയിനിങ് സെന്ററാണ് ആദ്യം തുടങ്ങിയത്. പിന്നെ മരടില്‍ സീനാസ് അക്കാദമി, എരുവേലിയില്‍ സി.വി.സീന ലെജന്‍ഡ്സ് ഫുട്ബോള്‍ അക്കാദമി എന്നിവ. മഹാരാജാസ് കോളേജിലും സെന്റ് തെരേസാസ് കോളേജിലും ലോ കോളേജിലും കോച്ചാണ്. ഇപ്പോള്‍ ശ്രീജേഷ് അക്കാദമിയിലും ഹെഡ് കോച്ചായി പോവുന്നു. ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും അംബേദ്കര്‍ സ്റ്റേഡിയത്തിലും കുട്ടികളെ പരിശീലിപ്പിക്കുന്നുമുണ്ട്.''ഫുട്ബോളിനെക്കുറിച്ച് സീനയ്ക്ക് സംസാരിക്കാനേറെ.
പട്ടിണിയുടെ നാളുകള്‍
സീനയുടേത് പട്ടിണി മറക്കാന്‍വേണ്ടി പന്തുതട്ടിയ കുട്ടിക്കാലമായിരുന്നു. കണ്ണീര്‍ക്കടല്‍ താണ്ടിയാണ് ഇന്ത്യന്‍ ടീം വരെയെത്തിയത്. ഇടയ്ക്ക് ആ ഓര്‍മകള്‍ മനസ്സിനെ നീറ്റിക്കൊണ്ടേയിരിക്കും. ''തിരിഞ്ഞുനോക്കുമ്പോള്‍ നമ്മള്‍ തന്നെയാണോ ഇതൊക്കെ അനുഭവിച്ചതെന്ന് തോന്നിപ്പോകും.'' സീനയുടെ വാക്കുകള്‍ ഇടറി.
''ഞങ്ങള്‍ അഞ്ചുമക്കളായിരുന്നു. അതിലേറ്റവും ഇളയതാണ് ഞാന്‍. എനിക്കൊരു വയസ്സുള്ളപ്പോള്‍ തന്നെ അച്ഛന്‍ വേറെ വിവാഹം കഴിച്ച് മറ്റൊരു വീട്ടിലേക്ക് മാറി. അമ്മയായിരുന്നു ഞങ്ങള്‍ക്കെല്ലാം. പുലര്‍ച്ചെ രണ്ടുമണിയൊക്കെ ആകുമ്പോള്‍ അമ്മ ജോലിക്ക് പോവും. കുറേ വീടുകളില്‍ മുറ്റമടിക്കാനും പാത്രം കഴുകാനും അലക്കിക്കൊടുക്കാനും. പിന്നെ വൈകുന്നേരം പുല്ലുവെട്ടി വീടുകളില്‍ കൊണ്ടുകൊടുക്കും. അമ്മ രാത്രി ഒമ്പതുമണിക്കാണ് തിരിച്ചുവരിക. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും കാര്യങ്ങള്‍ കഷ്ടിച്ചാണ് നടന്നുപോയത്. ഞങ്ങളെ പോറ്റാന്‍ അമ്മ ഏറെ ബുദ്ധിമുട്ടി.
പലപ്പോഴും പട്ടിണിയായിരുന്നു. വിശപ്പൊരിക്കലും പൂര്‍ണമായി മാറിയില്ല. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു, അന്ന് അമ്മയ്ക്ക് ഒരു കല്യാണവീട്ടിലായിരുന്നു പണി. സ്‌കൂള്‍ വിട്ടുവന്നയുടനെ അമ്മയെ കാണാനായി അവിടേക്ക് ഓടിച്ചെന്നു. ആ വീടിന്റെ പുറകുവശത്ത്, കൂമ്പാരം പോലെ കൂട്ടിയിട്ട പാത്രങ്ങള്‍ കഴുകുകയാണ് അമ്മ. ചില പാത്രങ്ങളില്‍ ആളുകള്‍ ബാക്കിവെച്ച ചോറും ചോറ് പറ്റിപ്പിടിച്ച ഇറച്ചിക്കഷണങ്ങളും. ഓരോ പാത്രത്തില്‍നിന്നും ഇറച്ചിക്കഷണങ്ങള്‍ മാത്രം പെറുക്കിയെടുത്ത് അമ്മ ഒരു വാഴയിലയിലേക്ക് മാറ്റിവെക്കുന്നുണ്ട്. എന്നെ അടുത്തേക്ക് വിളിച്ചു, ആ ഇല തന്നിട്ട് അമ്മ പറഞ്ഞു, മോന്‍ വയറുനിറച്ച് കഴിച്ചോ. ചേട്ടന്‍മാര്‍ക്കും ചേച്ചിക്കും കൊടുക്കണം...'' സീന ആ ദുരിതകാലത്തിലേക്ക് തിരിഞ്ഞുനടന്നു.
''ഇടയ്ക്കെപ്പോഴെങ്കിലും അച്ഛന്‍ വീട്ടില്‍ വരും. അന്നൊക്കെ അമ്മയ്ക്ക് തല്ലുകിട്ടും. ഒരിക്കല്‍ അടി പേടിച്ച് അമ്മ എന്നെയുമെടുത്ത് പുറത്തേക്കോടി. അടുത്തുള്ള പറമ്പില്‍ ഒളിച്ചിരുന്ന് നേരംവെളുപ്പിച്ചു. ഒരുദിവസം അച്ഛന്‍ വന്നത് പുതിയ ഭാര്യയെയും കൂട്ടിയായിരുന്നു. അവര്‍ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയപ്പോള്‍ എന്നെയും നെഞ്ചോടടുക്കി കരഞ്ഞ അമ്മയുടെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്.
അതിനിടെ വീടിന് ജപ്തി നോട്ടീസ് വന്നു. അങ്ങനെ അവിടുന്ന് ഇറങ്ങി. പിന്നെ കിടപ്പ് അയല്‍വീടിന്റെ വരാന്തയിലായി. അവര്‍ വാതിലടയ്ക്കുന്നതുവരെ നമ്മള്‍ മുറ്റത്തുനില്‍ക്കും. അതുകഴിഞ്ഞാല്‍ ആ വരാന്തയാണ് ഞങ്ങളുടെ ലോകം. മഴ പെയ്യുമ്പോള്‍ നനയാതിരിക്കാനായി അമ്മ ഞങ്ങളെ മുറംകൊണ്ട് മറച്ചതൊക്കെ ഇപ്പോഴും ഓര്‍മയുണ്ട്.''
ഗ്രൗണ്ടില്‍ മഴ തകര്‍ത്തു പെയ്തുതുടങ്ങി. ജേഴ്സി മാറ്റി സീനയും കുട്ടികളോടൊപ്പം കളിക്കാനിറങ്ങി. കുട്ടികളെ തോല്പിച്ച് ബോള്‍ ഗോള്‍വലയിലെത്തിച്ചു. ഇനി അല്പം വിശ്രമം. ''ചെറുപ്പംമുതലേ ഫുട്ബോള്‍ കളിക്കുമായിരുന്നു. അന്നൊക്കെ വിശപ്പ് മാറ്റാനുള്ള മാര്‍ഗമായിരുന്നു അത്. ഒരു തെങ്ങിന്‍തോപ്പായിരുന്നു ഗ്രൗണ്ട്. കേടായ തേങ്ങ കടലാസിലും തുണിയിലും പൊതിഞ്ഞാണ് ബോളുണ്ടാക്കുക. കളിക്കുന്തോറും കൂടുതല്‍ ഗോള്‍ അടിക്കാനുള്ള തോന്നല്‍ മാത്രമായിരിക്കും. കളിയുടെ ആവേശത്തില്‍ വിശപ്പ് അറിയുകയേയില്ല. ആ അനുഭവങ്ങള്‍ കൊണ്ടായിരിക്കാം ജയിക്കണമെന്ന വാശിയായിരുന്നു എന്നും''.
വഴിമുട്ടിയ ജീവിതം
കിടപ്പാടം നഷ്ടപ്പെട്ടെങ്കിലും പതുക്കെപ്പതുക്കെ ഒരു ഓലപ്പുര അമ്മയും മക്കളും കൂടി പണിതെടുത്തു. അതിനിടയിലാണ് അമ്മ മരിക്കുന്നത്. ''ചേട്ടന്‍മാരായിരുന്നു പിന്നെ ഞങ്ങളെ നോക്കിയിരുന്നത്. അവരുടെ വിവാഹം കഴിഞ്ഞതോടെ ചേച്ചിയും ഞാനും മാത്രമായി. ജീവിതം വഴിമുട്ടിയപ്പോള്‍, ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ തേവരപ്പാലത്തിലെത്തി. പാലത്തിന്റെ കൈവരിയില്‍ കയറി ഞങ്ങള്‍ കൈപിടിച്ചുനിന്നു. അതുകണ്ട ഒരു പോലീസുകാരന്‍ ഞങ്ങളെ അടിച്ചോടിച്ചു. പിന്നെ ജീവിക്കണമെന്ന വാശിയായി. അടുത്തുള്ള കാന്റീനില്‍ ചേച്ചി ഒരു ജോലി സംഘടിപ്പിച്ചു. ഇടയ്ക്ക് ഞാനും സഹായിക്കാന്‍ ചെല്ലും. ചേച്ചിയുടെ കല്യാണം കഴിഞ്ഞതോടെ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടു.
ഇരുട്ടിനെ പേടിച്ചും പട്ടിണി കിടന്നും ദിവസങ്ങള്‍ തള്ളിനീക്കി. അതിനിടയിലാണ് കുടുംബത്തിലുള്ള അജിത നാരായണന്‍ എന്ന കുട്ടി വീട്ടിലേക്ക് വരുന്നത്. എന്റെ അവസ്ഥ കണ്ടപ്പോള്‍, എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവരന്ന് വന്നില്ലായിരുന്നുവെങ്കില്‍, ഇന്ന് സീന എന്ന ഫുട്ബോളര്‍ ഉണ്ടാവില്ലായിരുന്നു. പിന്നെ അജിതയുടെ വീട്ടില്‍നിന്നായിരുന്നു പഠനവും പരിശീലനവുമെല്ലാം.
പതിമ്മൂന്ന് വയസ്സുള്ളപ്പോള്‍ എറണാകുളം ജില്ലാ ടീമില്‍ കയറി. ബൂട്ടോ മറ്റ് സൗകര്യങ്ങളോ ഒന്നുമില്ല അന്നെനിക്ക്. സെലക്ഷന്‍ ഉണ്ടെന്നറിഞ്ഞ് വെറുതെ ഗ്രൗണ്ടില്‍ പോയതാണ്. ടീമില്‍ ഇടംകിട്ടി. അധികം വൈകാതെ സംസ്ഥാനടീമിലുമെത്തി. കര്‍ണാടകം, തമിഴ്നാട്, ഈസ്റ്റ് ബംഗാള്‍ എന്നീ ടീമുകള്‍ക്കുവേണ്ടിയും കളിച്ചു.
പലതവണ ഇന്ത്യന്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ടീമിലിടം പിടിച്ചില്ല. അടുത്ത ക്യാമ്പ് കല്‍ക്കട്ട സായ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലായിരുന്നു. ജര്‍മനിക്ക് പോവാനുള്ള ടീമിന്റെ സെലക്ഷന്‍. അതില്‍ തിരഞ്ഞെടുക്കപ്പെട്ടു. അന്നാണ് ആദ്യമായി നല്ലൊരു വസ്ത്രമിടുന്നത്. ഗ്രേകളര്‍ ഷര്‍ട്ടും പാന്റും ടൈയും ഷൂസും. എന്നെ അത്ര ഭംഗിയായിട്ട് ഞാനതുവരെ കണ്ടിരുന്നില്ല. ഇന്ത്യയ്ക്കുവേണ്ടി ജര്‍മനിയിലും ചൈനയിലും കളിച്ചു''.
ജീവിക്കാനായി കാപ്പിക്കച്ചവടം
ദേശീയ ടീമില്‍ സ്ഥാനം കിട്ടിയശേഷവും സാമ്പത്തികമായി സീനയ്ക്ക് വലിയ മെച്ചമൊന്നുമുണ്ടായില്ല. ''അങ്ങനെയാണ് റെയില്‍വേയുടെ എറണാകുളം സൗത്തിലുള്ള കോഫി ഹൗസില്‍ ജോലിക്ക് കയറുന്നത്. അവിടെ കാപ്പിയെടുത്തുകൊടുക്കുന്ന ജോലിയായിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്‍ ഒരിക്കല്‍ എന്നെക്കുറിച്ച് പത്രത്തിലെഴുതി. അതവര്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. ഒരുദിവസം മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. അദ്ദേഹത്തെ ചെന്നുകണ്ടു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ജോലിയും കിട്ടി. തേവര സെയില്‍സ് ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍. കേരള ഫുട്ബോള്‍ അസോസിയേഷന്‍ എന്നും എന്റെ കഴിവുകളെ അംഗീകരിക്കാറുണ്ട്. 2001-ല്‍ മികച്ച വനിതാ ഫുട്ബോള്‍ താരത്തിനുള്ള സ്വര്‍ണമെഡലും കെ.എഫ്.എ നല്‍കി''.
അവസാനമായി സീനയോട് ചോദിച്ചു, വിവാഹം, കുടുംബം? ''അമ്മയുടെ ജീവിതം കണ്ടതുകൊണ്ടായിരിക്കാം വിവാഹം കഴിക്കാന്‍ തോന്നിയിട്ടില്ല, പിന്നെ ഇവരെയൊക്കെ എന്റെ മക്കളായിട്ടാണ് കാണുന്നത്.'' ഫുട്ബോളില്‍ തുടങ്ങി ഫുട്ബോളില്‍ അവസാനിക്കുന്ന ജീവിതം. പല വേഷങ്ങളില്‍, പല ഗ്രൗണ്ടുകളില്‍ പരിശീലകയുടെ വേഷത്തില്‍ സീനയെത്തുന്നു.
Content Highlights: lifestory of former indian women's football team member cv seena