ക്ലാപ് ബോയ് ആയി തുടക്കം; ഇന്ന് ദേശീയ പുരസ്കാരനിറവിൽ ഋഷഭ് ഷെട്ടി

ഭാഷാഭേദമന്യേ ഏവരെയും ഇളക്കിമറിച്ച പ്രകടനമായിരുന്നു കാന്താര എന്ന ഒറ്റ ചിത്രത്തിലൂടെ ഋഷഭ് ഷെട്ടി എന്ന കന്നഡ സിനിമാതാരത്തിന്റേത്. പഞ്ചുരുളിയിലെ ദൈവക്കോലവും ശിവനും തിയറ്റേറുകളില്‍ കോളിളക്കം സൃഷ്ടിച്ചു. അതിന്റെ പ്രതിഫലനമെന്നോണമാകാം മികച്ച നടനുളള 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം ഋഷഭ് ഷെട്ടിയെ തേടിയെത്തിയത്.
കര്‍ണാടകയിലെ ഉടുപ്പി ജില്ലയിലെ കുന്ദാപുരയിലെ കേരാഡി ഗ്രാമത്തിലാണ് ഋഷഭ് ഷെട്ടിയുടെ ജനനം. പ്രശാന്ത് ഷെട്ടി എന്നാണ് യാഥാർഥ പേര്. കുന്ദാപുരയില്‍ യക്ഷഗാന നാടകങ്ങള്‍ ചെയ്തുകൊണ്ടാണ് ഷെട്ടി അഭിനയജീവിതം ആരംഭിക്കുന്നത്. ബംഗളൂരുവില്‍ പഠിക്കുമ്പോള്‍ത്തന്നെ നാടകങ്ങളില്‍ സജീവമായി പങ്കെടുത്തു. കോളേജ് പഠനത്തോടൊപ്പം ഹോട്ടല്‍ ജോലികളും വാട്ടര്‍ ക്യാന്‍ വില്‍ക്കലും റിയല്‍ എസ്‌റ്റേറ്റും തുടങ്ങി പലതരം ജോലികള്‍ ചെയ്തു. ജോലിക്കിടെ ബംഗളൂരുവിലെ ഗവണ്‍മെന്റ് ഫിലിം ആന്‍ഡ് ടിവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡയറക്ഷനില്‍ ഡിപ്ലോമ എടുത്തു. സിനിമയിലേക്കുള്ള അരങ്ങേറ്റം ഷെട്ടിയ്ക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നു. തുടക്കത്തില്‍ ക്ലാപ്പ് ബോയ്, സ്‌പോട്ട് ബോയ്, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിങ്ങനെ സിനിമയുടെ പല മേഖലയില്‍ പ്രവര്‍ത്തിച്ചു.
തുഗ്ലക് എന്ന ചിത്രത്തിലായിരുന്നു ഋഷഭ് പ്രധാനവേഷത്തിലെത്തുന്നത്. പവന്‍ കുമാറിന്റെ ലൂസിയയില്‍ ചെറിയ പോലീസ് ഓഫീസറുടെ വേഷം ചെയ്ത അദ്ദേഹം പിന്നീട് രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടന്റെ എന്ന സിനിമയില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തു. തുടര്‍ന്ന് 2016-ല്‍, ഋഷഭ് രക്ഷിത് ഷെട്ടിയെ നായകനാക്കിത്തന്നെ ആദ്യ സിനിമ 'റിക്കി' സംവിധാനം ചെയ്തു, അത് ബോക്‌സോഫീസില്‍ മികച്ച പ്രതികരണം നേടി. അതേ വര്‍ഷം തന്നെ കിരിക് പാര്‍ട്ടി എന്ന ചിത്രവും സംവിധാനം ചെയ്തു, അത് കോമേഷ്യല്‍ ഹിറ്റായി മാറി. കിരിക് പാര്‍ട്ടിക്ക് ശേഷം ഷെട്ടി സര്‍ക്കാരി ഹിരിയ പ്രഥമിക ശാലേ, കാസര്‍ഗോഡു, കൊടുഗെ: രാമണ്ണ റായ എന്ന ചിത്രം സംവിധാനം ചെയ്തു. 2019-ല്‍ മികച്ച സ്വീകാര്യത നേടിയ കന്നഡ ചിത്രമായ ബെല്‍ ബോട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി അരങ്ങേറ്റം കുറിക്കുന്നത്.
2022-ല്‍ ഋഷഭ് ഷെട്ടി ഹോംബാലെ ഫിലിംസുമായി സഹകരിച്ച് കാന്താര സിനിമയുടെ രചനയും സംവിധാനം ചെയ്തു. എക്കാലത്തെയും ഏറ്റവും മികച്ച കളക്ഷന്‍ നേടിയ രണ്ടാമത്തെ കന്നഡ ചിത്രമായിരുന്നു കാന്താര. തുടക്കത്തില്‍ കന്നഡ ഭാഷയില്‍ മാത്രം റിലീസ് ചെയ്ത ചിത്രം വന്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയതോടെ മറ്റ് നാല് ഭാഷകളിലും കൂടി പുറത്തിറക്കി. തീരദേശ കര്‍ണാടകയിലെ കേരാഡിയിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. കാന്താരയുടെ വിജയം ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയെന്നും അത് അഭിനയിക്കാനുളള മികച്ച അവസരങ്ങളും സര്‍ഗ്ഗാത്മകതയ്ക്കുള്ള മികച്ച ഇടവും നല്‍കിയെന്നും കാന്താരയുടെ വിജയത്തോടനുബന്ധിച്ച് ഋഷഭ് ഷെട്ടി പറഞ്ഞിരുന്നു.
ഋഷഭ് ഷെട്ടി 2016-ല്‍ സംവിധാനം ചെയ്ത കിരിക് പാര്‍ട്ടി എന്ന ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ കര്‍ണാടക സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരവും മികച്ച സംവിധായകനുള്ള 64-ാമത് ഫിലിംഫെയര്‍ അവാര്‍ഡും സൈമ അവാര്‍ഡും ലഭിച്ചിരുന്നു. സര്‍ക്കാരി ഹിരിയ പ്രഥമിക ശാലേ, കാസര്‍ഗോഡു, കൊടുഗെ: രാമണ്ണ റായ എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള 66-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരവും 2018-ലെ മികച്ച ഫാമിലി എന്റര്‍ടെയ്‌നറിനുള്ള കര്‍ണാടക സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു.
Content Highlights: life of actor rishbh shetty, national award winner