ഇന്ദിരയെ വിമര്‍ശിച്ച നയ്യാരെ അടിയന്തരാവസ്ഥക്കാലത്ത് തുറുങ്കിലടച്ചു; നയ്യാർ നിശ്ശബ്ദനായില്ല

മാധ്യമപ്രവര്‍ത്തകന്‍, മനുഷ്യാവകാശപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സാമൂഹ്യനിരീക്ഷകന്‍, പാര്‍ലമെന്റേറിയന്‍ എന്നിങ്ങനെ പല വിശേഷണങ്ങളുണ്ട് കുല്‍ദീപ് നയ്യാര്‍ക്ക്. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയജീവിതത്തെ ഇത്രയും ആഴത്തില്‍ സ്വാധീനിച്ച മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ഉണ്ടായിട്ടില്ല. അടിയന്തരാവസ്ഥയുടെ നേരുകളെ നയ്യാര്‍ എക്കാലത്തേക്കുമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പത്രമാധ്യമങ്ങളുടെ പല്ലു പിഴുതെടുക്കുന്ന നിയന്ത്രണങ്ങളാണ് അടിയന്തരാവസ്ഥക്കാലത്ത് നിലവില്‍ വന്നത്. ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നത് കൊടും അപരാധമായിരുന്നു. മൗനത്തിലേക്ക് ഉള്‍വലിയുകയാണ് ഭൂരിഭാഗം മാധ്യമസ്ഥാപനങ്ങളും ചെയ്തത്. ഇന്ദിരയെ എതിര്‍ക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. പക്ഷേ, പേടിച്ചൊതുങ്ങാന്‍ നയ്യാര്‍ കൂട്ടാക്കിയില്ല. അദ്ദേഹം ഭരണകൂടത്തെ വിചാരണ ചെയ്യുന്നത് തുടര്‍ന്നുപോയി.
വൈകാതെ നയ്യാരെ ഇന്ദിര ഭരണകൂടം ജയിലിലടച്ചു. അന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ സീനിയര്‍ എഡിറ്ററായിരുന്നു നയ്യാര്‍. ലണ്ടനിലെ 'ദി ടൈംസ്' പത്രത്തിന്റെ കറസ്‌പോണ്ടന്റും. ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തു, എന്ന ആരോപണവുമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആദ്യ മാസത്തിനുള്ളില്‍ നയ്യാരെ അറസ്റ്റ് ചെയ്തത്.
''രാവിലെ ഏതാണ്ട് ആറുമണിക്കാണ് പോലീസെത്തിയത്. അവര്‍ വളരെ സൗമ്യമായാണ് ഇടപെട്ടത്. കുളിക്കാനും വസ്ത്രം മാറാനും ഭക്ഷണം കഴിക്കാനുമായി അവര്‍ അദ്ദേഹത്തിന് ഒരു മണിക്കൂര്‍ സമയം നല്‍കി.'' നയ്യാരുടെ ഭാര്യ അറസ്റ്റിനെ ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്.
പാകിസ്താനിലെ സിയാല്‍കോട്ടിലാണ് നയ്യാരുടെ ജനനം. ഇന്ത്യ-പാകിസ്താന്‍ എന്നിങ്ങനെ രാജ്യം രണ്ടായി പിളര്‍ന്നതിന്റെ യാതനകളും ദുരിതങ്ങളും അദ്ദേഹം നേരിട്ടനുഭവിച്ചു. വിഭജനത്തിന്റെ നോവുകള്‍ എങ്ങനെയാണ് രണ്ട് ജനതയെ എക്കാലത്തേക്കും മുറിവേല്‍പ്പിച്ചതെന്ന് അദ്ദേഹം സ്വാനുഭവത്തിലൂടെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് സമൂഹത്തില്‍ വേര്‍തിരിവുകള്‍ വളര്‍ത്തുന്ന വിദ്വേഷത്തിന്റെ വാക്കുകളെ അദ്ദേഹം എന്നും എതിര്‍ത്തു. വെറുപ്പിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയം എന്നും വിനാശമേ വരുത്തൂ എന്ന നിലപാടില്‍ നയ്യാര്‍ ഉറച്ചുനിന്നു.
1948-ല്‍ ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അന്‍ജാം എന്ന ഉറുദു പത്രത്തിലാണ് നയ്യാരുടെ മാധ്യമജീവിതം ആരംഭിക്കുന്നത്. അദ്ദേഹത്തെ തേടിയെത്തിയ ആദ്യ അസൈന്‍മെന്റ് ഗാന്ധിജിയുടെ കൊലപാതകമാണ്. ആ അനുഭവം നയ്യാരുടെ ജീവിതത്തെ കാര്യമായി സ്വാധീനിച്ചു.
ഇന്ദിരാ ഗാന്ധിയുമായി വലിയ അടുപ്പമുണ്ടായിരുന്നു നയ്യാര്‍ക്ക്. ഇന്ദിരയുടെ പ്രശസ്തമായ അഭിമുഖങ്ങളെല്ലാം നയ്യാരുമായിട്ടുള്ളതായിരുന്നു. പക്ഷേ, അതൊന്നും അദ്ദേഹത്തിന്റെ വാക്കുകളെ മയപ്പെടുത്തിയില്ല. വ്യക്തിബന്ധങ്ങള്‍ തന്റെ മാധ്യമധര്‍മവുമായി നയ്യാര്‍ ഒരിക്കല്‍പോലും ഇടകലര്‍ത്തിയില്ല.
പ്രധാമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മീഡിയ അഡൈ്വസര്‍ നയ്യാരായിരുന്നു. അദ്ദേഹം താഷ്‌കെന്റിലേക്ക് സമാധാനക്കരാര്‍ ഒപ്പിടാന്‍ പോയപ്പോള്‍ നയ്യാര്‍ ഒപ്പമുണ്ടായിരുന്നു. അവിടെവെച്ചായിരുന്നു ശാസ്ത്രിയുടെ മരണം.ആ മരണവാര്‍ത്തയും വിശദമായി ജനങ്ങളിലേക്കെത്തിക്കാന്‍ നയ്യാര്‍ക്ക് കഴിഞ്ഞു.
യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടേയും ദി സ്റ്റേറ്റ്‌സ്മെന്നിന്റെയും എഡിറ്ററായിരുന്നു നയ്യാര്‍. ഇന്ത്യന്‍ എക്‌സ്‌പ്രെസ്സിനെ വളര്‍ത്തിക്കൊണ്ടുവന്നതും നയ്യാരുടെ സാന്നിധ്യമാണ്. 1978-ല്‍ നയ്യാര്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ സ്ഥാപിച്ചു. പത്രപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കാനുള്ള എന്‍.ജി.ഒ ആണിത്.
യു.കെ ഹൈകമ്മീഷണറായി അദ്ദേഹം നിയമിക്കപ്പെട്ടിട്ടുണ്ട്. 1997-ല്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു.ആത്മകഥയായ ബിയോണ്ട് ദി ലൈന്‍സ്, ഇന്ത്യ ആഫ്റ്റര്‍ നെഹ്റു, എമര്‍ജന്‍സി റീടോള്‍ഡ്... എന്നിങ്ങനെ പതിനഞ്ചോളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.
അവസാനകാലം വരെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപചയങ്ങളെ നയ്യാര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ രണ്ടാം ഭരണകാലത്ത് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ക്ക് ശക്തി കൂട്ടിയത് നയ്യാരുടെ വിമര്‍ശനങ്ങള്‍ കൂടിയാണ്. അണ്ണാ ഹസാരെയെ മുന്‍നിര്‍ത്തി അരവിന്ദ് കെജ്രിവാള്‍ നടത്തിയ സത്യാഗ്രഹത്തിന് നയ്യാര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
2018-ല്‍ തന്റെ 95-ാം വയസ്സിലായിരുന്നു നയ്യാരുടെ മരണം. തന്റെ ചിതാഭസ്മം പാകിസ്താനിലെ ലാഹോറില്‍ രവി നദിയില്‍ ഒഴുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പൂര്‍ണ വിധികളോടെ കുടുംബം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പൂര്‍ത്തീകരിച്ചു
Content Highlights: the life of journalist kuldip nayar