ഐ.സി.യുവിൽ അയാള്‍ എത്രപേരെ ഉപദ്രവിച്ചുകാണും; അതിജീവിത ചോദിക്കുന്നു

നിങ്ങള്‍ ഭര്‍ത്താവിനൊപ്പം ഇങ്ങനെയൊക്കെ കഴിയുന്നതല്ലേ? അപ്പോള്‍ ഒരാള്‍ ഇതു ചെയ്‌തെന്നുകരുതി വലിയ പ്രശ്‌നമാക്കാനുണ്ടോ? കണ്ടില്ലെന്ന് നടിക്കണം...'' ആശുപത്രിയില്‍ എന്നെ ഉപദ്രവിച്ച അറ്റന്‍ഡറുടെ വക്കാലത്തുമായി വന്ന നഴ്‌സുമാരിലൊരാള്‍ പറഞ്ഞതാണിത്. പീഡനങ്ങള്‍ സാധാരണമാണെന്നും എന്റെ മാനത്തിന് അത്രയേ വിലയുള്ളൂവെന്നും അവരങ്ങ് തീരുമാനിച്ചു. മറ്റൊരു നഴ്‌സ് വന്നുപറഞ്ഞത് 'പണംതരാം, ഇതൊന്ന് ഒതുക്കിത്തീര്‍ക്കണം' എന്നാണ്. പീഡിപ്പിക്കപ്പെട്ട സ്ത്രീയോട് ഇങ്ങനെയാണോ ഉത്തരവാദിത്വപ്പെട്ടവര്‍ സംസാരിക്കേണ്ടത്?'' -കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പീഡനത്തിനിരയായ യുവതിയുടെ ചോദ്യം ഈ സമൂഹത്തോടു തന്നെയാണ്. രോഗശാന്തിക്കുവേണ്ടി ചെന്ന ആശുപത്രിയില്‍നിന്ന് മനസ്സിനും ശരീരത്തിനും മുറിവേറ്റ് തിരിച്ചുപോരേണ്ടിവന്നു. തളര്‍ന്നുകിടന്ന നേരത്ത് ശരീരം മുറിപ്പെടുത്തി രസിച്ചവനെ നിയമത്തിനുമുന്‍പില്‍ കൊണ്ടുവരണം, എന്നിട്ടേ വിശ്രമമുള്ളൂ. ''എനിക്ക് സംഭവിച്ചത് ഇനി മായ്ച്ചുകളയാന്‍ പറ്റില്ല, പക്ഷേ, ഇനിയൊരാള്‍ക്കും അയാളില്‍ നിന്ന് ഈ അനുഭവമുണ്ടാവരുത്. നീതിക്കുവേണ്ടി മരണം വരെ പോരാടും''-മനസ്സില്‍ പിടച്ച അവരുടെ വേദന മൂര്‍ച്ചയുള്ള വാക്കുകളായി പുറത്തുവന്നു.
Content Highlights: kozhikode medical college icu rape victim seeks justice