ചെറിയ കുട്ടിയെ കന്നുകാലിക്കൊപ്പം വിടുന്നതിന് പലരും വഴക്കുപറഞ്ഞു, പശുക്കള്‍ക്കുമവനെ വല്യ ഇഷ്ടമാ

അപ്പന് പോയി. ഈ മിണ്ടാപ്രാണികളെ ഇനിയാര് നോക്കും. കുഞ്ഞുമാത്യുവിന്റെ മനസ്സ് നിറയെ ആശങ്കകള്‍. സങ്കടങ്ങളെ ഒരു വശത്തേക്ക് മാറ്റിനിര്‍ത്തി മാത്യു ആ പശുക്കളെ ചേര്‍ത്തുപിടിച്ചു. നിങ്ങള്‍ക്കിനി ഞാനുണ്ടെന്ന കരുതല്‍സ്പര്‍ശം. അന്നുതൊട്ട് പന്ത്രണ്ടുവയസ്സുകാരന്റെ ജീവിതം കന്നുകാലികള്‍ക്ക് വേണ്ടിയായിരുന്നു. രാവും പകലും തൊഴുത്തില്‍. വെളുപ്പിന് നാലുമണിക്ക് എഴുന്നേല്‍ക്കും. തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിക്കും. അവയുടെ വിശപ്പു മാറ്റും. പാല് കറന്ന് അമ്മയെ ഏല്‍പ്പിക്കും. ശേഷം നേരേ സ്‌കൂളിലേക്ക്. കഴിഞ്ഞ കുറെ വര്‍ഷമായി മാത്യുവിന്റെ ദിനചര്യ ഇങ്ങനെയാണ്.
തൊടുപുഴ വെള്ളിയാമറ്റം കിഴക്കേപ്പറമ്പില്‍ വീടിന്റെ വിശാലമായ തൊഴുത്ത് തിങ്ങിനിറഞ്ഞ കാലമായിരുന്നു അത്. അവിടേക്ക് ഇരച്ചെത്തിയ സങ്കടങ്ങളില്‍ മാത്യു മുങ്ങിപ്പോയി. ഓമനിച്ചു വളര്‍ത്തിയ 22 പശുക്കളില്‍ പതിമ്മൂന്നെണ്ണത്തിനെയും നഷ്ടപ്പെട്ടു. തൊഴുത്ത് മരണപ്പറമ്പായി. മാത്യുവിന്റെ നിസ്സഹായത വാര്‍ത്തകളില്‍ നിറഞ്ഞു. കൂട്ടത്തോടെ ചത്ത പശുക്കള്‍. പ്രതീക്ഷയറ്റ ജീവിതം. മാത്യു തിരികെക്കയറുകയാണ്. ആ കഥയിലേക്ക്.
കുഞ്ഞുമാത്യുവും കുഞ്ഞിപ്പശുക്കളും
പതിമ്മൂന്നുവയസ്സുമുതല്‍ മാത്യു അതിജീവനത്തിന്റെ പാതയിലാണ്. അച്ഛന്‍ ബെന്നിയുടെ വിയോഗം. അച്ഛന്‍ പകര്‍ന്നു കൊടുത്ത പാഠങ്ങളായിരുന്നു ആകെയുള്ള സമ്പത്ത്. ജീവിതം കരുപ്പിടിപ്പിക്കാന്‍ തന്നാലാവുന്നത് ചെയ്തു. വായ്പകളും ജീവിതച്ചെലവുകളും വാപിളര്‍ത്തി. താങ്ങാനാകാത്ത ഭാരം ആ കുഞ്ഞുചുമലില്‍ വന്നുപതിച്ചു. അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്മേരിയും പതിന്നാല് പശുക്കളും അവന്റെ പരിശ്രമങ്ങള്‍ക്ക് കൂട്ടായി.
ബെന്നിയുടെ മരണത്തോടെ കൂട്ടത്തോടെ വില്‍ക്കാന്‍ തീരുമാനിച്ച പശുക്കള്‍ക്ക് മാത്യു നാഥനായി. അക്ഷീണ പരിശ്രമത്തിന്റെ നാളുകള്‍. വിതച്ച അധ്വാനത്തിന് മാത്യു വിജയം കൊയ്തു. കുട്ടിക്കര്‍ഷകനുള്ള അംഗീകാരം പതിമ്മൂന്നാം വയസ്സില്‍ അവനെ തേടിയെത്തി.
''കുഞ്ഞുന്നാളുതൊട്ട് അവന് പശുക്കളെ വല്യ ഇഷ്ടമാണ്. നടക്കാന്‍ പഠിച്ച കാലം മുതല്‍ പശുക്കള്‍ക്കൊപ്പമായിരുന്നു ഓട്ടവും കളിയും. ബെന്നിക്കൊപ്പം എപ്പോഴും പശുക്കള്‍ക്കടുത്ത് അവനും ഉണ്ടാകും. ചെറിയ കുട്ടിയെ കന്നുകാലിക്കൊപ്പം വിടുന്നതിന് പലരും വഴക്കുപറഞ്ഞിട്ടുണ്ട്. ആരെന്ത് പറഞ്ഞാലും അവന്‍ പശുക്കളുടെ അടുത്തുനിന്ന് കയറിപ്പോരില്ല. പശുക്കള്‍ക്കും അവനെ വല്യ ഇഷ്ടമായിരുന്നു. എന്നെയും ബെന്നിയെയും ഓടിച്ചിട്ട് കുത്തുന്ന ഒരു പശുവുണ്ടായിരുന്നു. പക്ഷേ, അത് അവനെ മാത്രം ഉപദ്രവിക്കില്ല. '' ഷൈനി പറഞ്ഞു.
ഓര്‍ക്കാനാകാത്ത ദിനം
2023 ഡിസംബര്‍ 31. പുതുവര്‍ഷത്തെ വരവേല്‍ക്കാനിരുന്ന കുടുംബത്തെ കാത്തിരുന്നത് തീരാസങ്കടമായിരുന്നു. മാത്യുവിന്റെ അനിയത്തി റോസ്മേരി അന്നത്തെ സംഭവം ഓര്‍ത്തെടുത്തു: ''അന്ന് പശുവിന് കപ്പത്തൊലിയിട്ടുകൊടുത്ത് ഞാനും മാത്യുവും വീട്ടിലേക്ക് കയറി. മോട്ടര്‍ ഓണായിരുന്നു. ടാങ്ക് നിറഞ്ഞൊഴുകി. തൊഴുത്തിലാണ് സ്വിച്ച്. അത് ഓഫ് ചെയ്യാന്‍ അങ്ങോട്ടു ചെന്നു. കാല് കുഴഞ്ഞ് പശുക്കള്‍ തളരുന്നതുപോലെ തോന്നി. ഞാന്‍ അമ്മയെ വിളിച്ചു. അപ്പോഴേക്കും പശുക്കളെല്ലാം കൂട്ടത്തോടെ വീഴാന്‍തുടങ്ങി. ഇത് കണ്ട് മാത്യു തളര്‍ന്നുപോയി. ആ ഞെട്ടലില്‍ എന്തു ചെയ്യണം എന്നറിയാതെ അമ്മയും ഞാനും തരിച്ചുനിന്നു. ഞങ്ങളുടെ കരച്ചില്‍ കേട്ട് ആരൊക്കെയോ ഓടിവന്നു. ഞങ്ങളുടെ ചേട്ടന്‍ ജോര്‍ജും അവരും ചേര്‍ന്ന് മരുന്നുകൊടുത്തു. പക്ഷേ, അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. പിന്നെയൊന്നും ഓര്‍മയില്ല. കണ്ണുതുറക്കുമ്പോള്‍ ഞങ്ങളെല്ലാവരും ആശുപത്രിയിലാണ്. കണ്‍മുന്നിലെ ആ കാഴ്ച താങ്ങാനാവാതെ വീണുപോയതാണ്.'' ആ ദിവസത്തിന്റെ ഓര്‍മ ഒമ്പതാംക്ലാസുകാരിയായ റോസ്‌മേരിയുടെ കണ്ണുകളെ നനച്ചു.
''കാല്‍കുഴഞ്ഞ് പശുക്കള്‍ ഒന്നൊന്നായി വീഴുകയായിരുന്നു. മാത്യു 'പോത്ത്' എന്ന് പേരിട്ടു വിളിക്കുന്ന ഒരു പശുവുണ്ട് കൂട്ടത്തില്‍. അവള്‍ മാത്രം മരണവെപ്രാളത്തില്‍ ഓടിപ്പിടഞ്ഞ് മുറ്റത്ത് വീണു. ആ വീഴ്ചയില്‍ അവളുടെ കൊമ്പൊടിഞ്ഞു. ഓമനിച്ചു വളര്‍ത്തിയതല്ലേ. അവരുടെ പിടച്ചില്‍ കണ്ടുനില്‍ക്കാനുള്ള ശേഷി എനിക്കും കൊച്ചുങ്ങള്‍ക്കും ഇല്ലായിരുന്നു.
പശുക്കള്‍ക്കൊപ്പം മൂരിക്കുട്ടന്മാരും കിടാങ്ങളും കപ്പത്തോട് സ്ഥിരമായി കഴിക്കുമായിരുന്നു. എന്നാല്‍, അവര്‍ക്കന്ന് അതിന്റെ മണം ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. കഴിച്ചില്ല. അതുകൊണ്ട് അവറ്റകള്‍ രക്ഷപ്പെട്ടു. ബാക്കി ഇരുപത്തിരണ്ടില്‍ പതിമ്മൂന്നെണ്ണവും ചത്തു. സഹിക്കാന്‍ കഴിയുന്നില്ല. നാല് കാലും കൂട്ടിക്കെട്ടി ജെ.സി.ബി.യില്‍ കോരി കുഴിയിലേക്കിടുന്നത് കണ്ടപ്പോള്‍ ശരീരം വിറങ്ങലിച്ചുപോയി.'' കുഴിവെട്ടി പശുക്കളെ മൂടിയ സ്ഥലം ചൂണ്ടി ഷൈനി വിതുമ്പി.
നഷ്ടപ്പെട്ട ജീവനുകള്‍
ബെന്നിയുടെ മരണശേഷം ഷൈനിയും മൂന്ന് മക്കളും ബെന്നിയുടെ അച്ഛനും അടങ്ങുന്ന കുടുംബത്തിന്റെ ബലം പശുക്കളായിരുന്നു. ''ബെന്നി മരിച്ചിട്ട് മൂന്ന് വര്‍ഷമായി. ബെന്നിയുടെ അപ്പന് നൂറ് വയസ്സുണ്ട്. ഇപ്പോള്‍ കിടപ്പിലാണ്. അപ്പന്‍ തുടങ്ങിയതാ കന്നുകാലിവളര്‍ത്തല്‍. ഉണങ്ങിയ കപ്പത്തൊലി അന്നുമുതലേ കൊടുക്കാറുണ്ട്. അപ്പന് വയ്യാതായപ്പോള്‍ ബെന്നി ഏറ്റെടുത്തു. ബെന്നി പോയപ്പോള്‍ മാത്യുവും. ഞങ്ങളുടെ ജീവനും ജീവിതവും ആയിരുന്നു. എന്താ സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല.'' ഷൈനിയുടെ മുഖത്തു നിന്ന് അന്നത്തെ ഞെട്ടല്‍ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല.
നോവായി ഐശ്വര്യ
''ഐശ്വര്യേ...'' മാത്യു നിറഞ്ഞ സ്‌നേഹത്തോടെ പതിയെ വിളിച്ചു. അവള്‍ അവനെ നോക്കി. ചലനമറ്റ കാലുകളുടെ നിസ്സഹായത അവളുടെ കണ്ണുകളില്‍ നിഴലിച്ചു. ആ മൗനം മനസ്സിലാക്കിയിട്ടാകാം മാത്യു ഓടിച്ചെന്ന് ഐശ്വര്യയെ കെട്ടിപ്പിടിച്ചു. അവള്‍ അവന്റെ മടിയിലേക്ക് തലചായ്ച്ചു. അവന് കണ്ണ് നിറഞ്ഞു. അന്നേദിവസം ഐശ്വര്യ എന്ന ഈ പശുവും കപ്പത്തോട് കഴിച്ചിരുന്നു. പക്ഷേ, അല്പം കഴിച്ച് പിന്‍മാറി. എന്നിട്ടും ഉള്ളില്‍ത്തട്ടിയ വിഷാംശം അവളുടെ കാലുകളെ തളര്‍ത്തി.
''ഇവര്‍ മൂന്നുപേരായിരുന്നു. ഐശ്വര്യറാണി, മഹാറാണി, കൊച്ചുറാണി... മഹാറാണി പോയി. ഐശ്വര്യറാണിയുടെ കാലുതളര്‍ന്ന് വയ്യാതായി. കൊച്ചുറാണി ഏഴ് മാസം ഗര്‍ഭിണിയാണ്.'' ഐശ്വര്യയെ തലോടിക്കൊണ്ട് മാത്യു പറഞ്ഞു.
''പശുക്കളെ കൊണ്ടുവന്നപ്പോഴേ എല്ലാവര്‍ക്കും ഓരോ പേരിട്ടു. ഐശ്വര്യറാണി ഞങ്ങളുടെ ഭാഗ്യമായിരുന്നു. ഇവള്‍ വന്നശേഷമാണ് മാത്യുവിന് അവാര്‍ഡ് കിട്ടിയത്...'' ഷൈനി കൂട്ടിച്ചേര്‍ത്തു.
കടന്നുപോയ ദുരിതനാളുകളുടെ ശേഷിപ്പുകള്‍ ഇപ്പോഴും ആ തൊഴുത്തിലുണ്ട്. മരണപ്പിടച്ചിലില്‍ വീണ് കൊമ്പൊടിഞ്ഞ് കിടപ്പിലായ പശുവിന്റെ അവസ്ഥ ദയനീയം. നീരുവന്ന് വീര്‍ത്ത കഴുത്തും ശരീരവും. മുറിവില്‍ നിന്ന് ഇറ്റുവീഴുന്നുണ്ട് രക്തം. വേദനകൊണ്ട് അതിന്റെ കണ്ണുകള്‍ നിറഞ്ഞു.
ഓമനിച്ച കിടാങ്ങള്‍
അമിതരക്തസമ്മര്‍ദംമൂലം അച്ഛന്‍ മരിച്ചപ്പോഴും മാത്യു കരഞ്ഞില്ല. ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങള്‍ക്കു മുന്നില്‍ അവന്‍ പിടിച്ചുനിന്നു. എന്നാല്‍ പശുക്കളുടെ വിയോഗം അവനെ വീഴ്ത്തിക്കളഞ്ഞു. തളര്‍ന്നുവീണ മാത്യുവിനെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലാക്കി. അവിടെനിന്ന് തിരികെയെത്തി ശൂന്യമായ തൊഴുത്തുനോക്കി നെടുവീര്‍പ്പിടാന്‍ മാത്രമേ അവന് സാധിച്ചുള്ളൂ.
''അവര്‍ ഒരു കുടുംബംപോലെയായിരുന്നു. 22 പേര്‍. എന്തൊരു സ്‌നേഹമായിരുന്നു തമ്മില്‍ത്തമ്മില്‍. അമ്മയും കുഞ്ഞുങ്ങളും ഉള്‍പ്പെടുന്ന പശുക്കളുടെ തലമുറകള്‍. അവരില്‍ പലരും പോയി. കൂട്ടത്തില്‍ ചെറുതാണ് മറിയാമ്മ. അവളുടെ അമ്മയും അമ്മൂമ്മയും പോയി. അമ്മയോട് എപ്പോഴും കൊഞ്ചിപ്പറഞ്ഞു നിന്ന കുഞ്ഞാണ് അവള്‍. അതിനെ എങ്ങനെ സമാധാനിപ്പിക്കാനാണ്. എല്ലാ കിടാങ്ങളുടെയും അമ്മമാര്‍ പോയി. കൊമ്പുപോയ പശുവിന്റെ രണ്ട് മക്കളും പോയി. തൊഴുത്തിലേക്ക് നോക്കുമ്പോള്‍ ക്രമമനുസരിച്ച് അവയെ കെട്ടിയിരുന്ന കാര്യം ഓര്‍മവരും. ചങ്ക് പിടയും. ഇനി എന്തൊക്കെ കിട്ടിയാലും പോയവര്‍ക്ക് പകരമാവില്ലല്ലോ?'' കുഞ്ഞു മറിയാമ്മ മാത്യുവിനോട് ചേര്‍ന്നുനിന്നു.
സ്‌നേഹക്കരുതല്‍
''22 പശുക്കളെ ആറുവര്‍ഷംമുന്‍പ് ഇതുപോലെ എനിക്ക് നഷ്ടമായി. അവന്റെ വിഷമം എനിക്ക് മനസ്സിലാകും...'' കേരളാ ഫീഡ്സിന്റെ ബ്രാന്‍ഡ് അംബാസഡറും നടനുമായ ജയറാമിന്റെ വാക്കുകളാണിവ... സങ്കടക്കടലിനൊപ്പം ചേരാന്‍ ജയറാമിനെപ്പോലെ വെളിയാമറ്റത്തേക്ക് ഒഴുകിയെത്തി ഒരുപാടുപേര്‍.
'' വിവരം അറിഞ്ഞപ്പോള്‍ത്തന്നെ മന്ത്രി ജെ. ചിഞ്ചുറാണി എത്തി. അവര്‍ ആശ്വാസം പകര്‍ന്നു. പുതിയ പശുക്കളെ എത്തിക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്തു. അഞ്ച് സങ്കരയിനം പശുക്കളെയാണ് ലഭിച്ചത്. സി.പി.ഐ.എം. മൂലമറ്റം ഏരിയാകമ്മിറ്റി മൂന്ന് പശുക്കളെ സമ്മാനിച്ചു. തൊടുപുഴ എം.എല്‍.എ. പി.ജെ. ജോസഫ് സാറും ഒരു പശുവിനെത്തന്നു. മന്ത്രിക്ക് തൊട്ടുപിന്നാലെ ജയറാം സാറും 'അബ്രഹാം ഓസ്ലര്‍' സിനിമയുടെ അണിയറപ്രവര്‍ത്തകരും സഹായവുമായെത്തി. നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരും സഹായിച്ചു. കത്തോലിക്കാ കോണ്‍ഗ്രസും ഒരു പശുവിനെ സമ്മാനിച്ചു...'' ലഭിച്ച സഹായങ്ങളുടെ സന്തോഷം ഷൈനി പങ്കുവച്ചു. ഇപ്പോള്‍ മാത്യുവിന്റെ തൊഴുത്തില്‍ 23 പശുക്കളാണുള്ളത്.
അമ്മമാരെ നഷ്ടപ്പെട്ട കിടാങ്ങള്‍ പറമ്പില്‍ ഓടിനടന്നു. അവര്‍ക്കു നഷ്ടമായ സ്‌നേഹം ഇരട്ടിയളവില്‍ തിരികെ നല്‍കാന്‍ മാത്യു ഒപ്പമുണ്ട് എപ്പോഴും. കൂട്ടത്തില്‍ കുറുമ്പിയായ അല്‍ഫോണ്‍സയെ ചേര്‍ത്തുപിടിച്ച് അവന്‍ ഓരോരുത്തരുടെ പേരുകള്‍ പറഞ്ഞു...മിന്നു, പൊന്നു, കണ്ണാപ്പി, മാര്‍ത്ത, മറിയാമ്മ... വര്‍ണിക്കാനാകാത്ത സ്‌നേഹത്തിന്റെ കാഴ്ചകളാണ് ആ പറമ്പിലും തൊഴുത്തിലുമാകെ.
Content Highlights: kerala teen dairy farmer mathew interview