ഓടി വീടെത്തുക, 36 മണിക്കൂറുകൾക്കൊണ്ട് 165 കിലോമീറ്റർ; കൂട്ടിന് ഭാര്യയും

വർഷം 2022. കൊച്ചിൻ ഷിപ്പ്യാർഡിലെ 38 വർഷം നീണ്ട ജോലിയോട് വിടപറയാനൊരുങ്ങുകയായിരുന്നു നളിനാക്ഷൻ. വിരമിക്കൽ ചടങ്ങുകൾക്ക് ശേഷം കോഴിക്കോട് ഫറോക്കിലെ തന്റെ വീട്ടിലേക്ക് പോകാൻ വ്യത്യസ്തമായൊരു വഴിയാണ് അദ്ദേഹം സ്വീകരിച്ചത്. ഓടി വീടെത്തുക എന്ന വഴി. 36 മണിക്കൂറുകൾക്കൊണ്ട് 165 കിലോമീറ്റർ. ആ ഓട്ടത്തിൽ നളിനാക്ഷൻ തനിച്ചായിരുന്നില്ല. ഭാര്യ അജയയും ഒപ്പംകൂടി.
2020- ൽ കേദാർനാഥ് യാത്രയ്ക്ക് വേണ്ടിത്തുടങ്ങിയ പരിശീലനമാണ് നളിനാക്ഷനെയും ഭാര്യ അജയയെയും നടത്തത്തിലേക്കും പിന്നെ ഓട്ടത്തിലേക്കും ആകർഷിച്ചത്. ഇപ്പോഴത് നൂറിലധികം ഓട്ടമത്സരങ്ങളിലെ പങ്കാളിത്തവും വിജയവും വരെ എത്തിനിൽക്കുന്നു. ''ദിവസവും പത്ത് മുതൽ 15 കിലോമീറ്റർവരെ ഓടും. ഓടാതിരുന്നാൽ വലിയ ബുദ്ധിമുട്ടാണ്.'' ഓട്ടം സമ്മാനിച്ച അംഗീകാരങ്ങൾക്കരികിലിരുന്ന് അവർ പറഞ്ഞുതുടങ്ങി.
ആദ്യം നടത്തം പിന്നെ ഓട്ടം
''എന്റെ പത്താംക്ലാസ്സിലെ സഹപാഠികളെല്ലാം ചേർന്ന് ഒരു കേദാർനാഥ് യാത്ര പ്ലാൻ ചെയ്തിരുന്നു. 2020 മെയ് മാസത്തിൽ. അവിടേക്ക് പോകുന്നതിനുമുമ്പേയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് നടക്കാൻ തുടങ്ങിയത്.'' അജയ ഓട്ടത്തിന്റെ തുടക്കം ഓർത്തെടുത്തു. ''40 വർഷമായി എറണാകുളം പനമ്പള്ളിനഗറിലായിരുന്നു താമസം. വിവാഹം കഴിഞ്ഞ് അവിടേക്ക് പോയതാണ്. കുട്ടികളും തിരക്കുമൊക്കെയായി പോകുന്നതിനിടയിലാണ് ഈ യാത്രയുടെ പ്ലാനിങ് വരുന്നത്. വീടിന് മുന്നിൽ ഒരു നടപ്പാതയുണ്ട്. അവിടെയായിരുന്നു നടത്തം.
എന്നാൽ കോവിഡ് വന്നതോടെ കേദാർനാഥ് യാത്ര മുടങ്ങി. പക്ഷേ, നടത്തം നിർത്തിയില്ല. പിന്നെ അത് ഓട്ടമായി മാറി.''
നടത്തത്തിൽ നിന്ന് ഓട്ടത്തിലേക്കുള്ള വളർച്ചയുടെ കഥ നളിനാക്ഷൻ തുടർന്നു. ''കൊച്ചിൻ ഷിപ്പ് യാർഡിൽ ബിൽഡിങ് വിഭാഗത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്നു ഞാൻ. അക്കാലത്ത് വല്ലപ്പോഴും ഷട്ടിൽ കളിക്കുന്നതുമാത്രമായിരുന്നു ആകെയൊരു കായികവിനോദം.
കേദാർനാഥ് യാത്രയ്ക്ക് വേണ്ടി അജയ നടക്കാനും ഞാൻ ഓടാനും തുടങ്ങി. 300 മീറ്ററുള്ള നടപ്പാതയിൽ ആദ്യമൊക്കെ ഒരു റൗണ്ടാണ് ഓടിയിരുന്നത്. പിന്നെ രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ എണ്ണം കൂടിത്തുടങ്ങി. അന്ന് എന്റെയൊപ്പം ജോലി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരനുണ്ട്, തിരുവനന്തപുരം സ്വദേശിയായ അശോക് കുമാർ. അദ്ദേഹമാണ് എന്നെ പനമ്പള്ളിനഗർ റണ്ണേഴ്സ് ഗ്രൂപ്പിന് പരിചയപ്പെടുത്തുന്നത്.'' നളിനാക്ഷൻ ഓടാൻ പോയതോടെ നടക്കാൻ കൂട്ടിന് ആളില്ലാതായ അജയയും ഓട്ടത്തിന്റെ വഴിയിലായി.
''ഓടിത്തുടങ്ങിയ സമയത്ത് കാലിന് വേദനയും മറ്റും വന്നു തുടങ്ങി. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടാകുമോ എന്നൊക്കെ പേടിയായിത്തുടങ്ങി. എന്നാൽ മക്കളാണ് അതൊന്നും കുഴപ്പമില്ലെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചത്. പണ്ടേ കായികവിനോദങ്ങളൊന്നുമുള്ള ആളുകളായിരുന്നില്ല ഞങ്ങൾ. 50 വയസ്സിന് ശേഷമാണ് രണ്ടാളും ഓടിത്തുടങ്ങിയത്. അത്രയും വർഷം പനമ്പള്ളിനഗറിൽ താമസിച്ചു. അവിടെ ധാരാളം മാരത്തോൺ കൂട്ടായ്മകളൊക്കെ നടക്കാറുണ്ടായിരുന്നു.'' 2020 വരെ തങ്ങളതൊന്നും അറിഞ്ഞിട്ടേയില്ലെന്നും അജയ.
മാരത്തോണിലേക്ക്
''മൂന്നാറിലായിരുന്നു ഞങ്ങളുടെ ആദ്യത്തെ ഫുൾ മാരത്തോൺ. 42 കിലോമീറ്ററാണ് ഓടേണ്ടത്. അന്ന് 50 വയസ്സിന് മുകളിലുള്ളവരുടെ കാറ്റഗറിയിൽ ഞങ്ങൾ രണ്ടാളും വിജയികളായി.''
മാരത്തോണുകളിൽ സജീവമായത് കോവിഡ് കാലത്തിന് ശേഷമാണെന്ന് നളിനാക്ഷൻ പറയുന്നു. ''2021- ൽ കാക്കനാട് നടന്ന മത്സരത്തിലാണ് രണ്ടാമത് പങ്കെടുക്കുന്നത്. അന്നൊന്നും ഓട്ടത്തെ അത്ര ഗൗരവത്തിൽ എടുത്തിരുന്നില്ല. 2022- ൽ എല്ലാ മാരത്തോണിലും പങ്കെടുത്തിരുന്നു. തലയ്ക്കുപിടിച്ചതു പോലെ. ഇപ്പോൾ സെലക്ടീവായാണ് പങ്കെടുക്കുന്നത്. കാരണം ഒരു മാരത്തോൺ കഴിഞ്ഞാൽ നന്നായി റസ്റ്റെടുക്കണം. റിക്കവറി ഗ്യാപ് കൊടുക്കണം.''
എല്ലാ മാരത്തോണിലും ഒന്നിച്ചാണ് പോകാറുള്ളതെന്ന് അജയ. ''ഞാൻ ആദ്യം വിജയിച്ചത് 2021- ൽ മലപ്പുറത്ത് നടന്ന മത്സരത്തിലാണ്. 10 കിലോമീറ്ററായിരുന്നു അത്. 50 കിലോമീറ്ററാണ് ഓടിയ ഏറ്റവും വലിയ ദൂരം. എല്ലാക്കൊല്ലവും ഈസ്റ്റർ സമയത്ത് പനമ്പള്ളിനഗർ റണ്ണേഴ്സിന്റെ നേതൃത്വത്തിൽ എറണാകുളത്ത് നിന്ന് മലയാറ്റൂരിലേക്ക് ഓട്ടമുണ്ട്. അവിടെ നിന്ന് മല കയറിയാണ് യാത്ര അവസാനിപ്പിക്കുക.''
മാരത്തോണുകൾ രണ്ടുവിധമുണ്ട്. ഫുൾ മാരത്തോണും ഹാഫ് മാരത്തോണും. ഫുൾ മാരത്തോൺ 42 കിലോമീറ്ററാണ്. ഹാഫ് 21- ഉം. ഓരോ മാരത്തോണിലും പ്രായമനുസരിച്ച് കാറ്റഗറികളുമുണ്ട്. 18-35, 35-45, 45- ന് മുകളിൽ. ചില മാരത്തോണുകളിൽ 55- ന് മുകളിലും 60- ന് മുകളിലും വേറെ കാറ്റഗറികളുണ്ടാവും. ഇന്ത്യയിലൊട്ടാകെ 16 ഫുൾ മാരത്തോണുകളിൽ നളിനാക്ഷൻ വിജയിയായിട്ടുണ്ട്. 20 മൈൽ, ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ എന്നിങ്ങനെ തൊണ്ണൂറോളം മത്സരങ്ങളിലും വിജയകിരീടം ചൂടി. മുംബൈ മാരത്തോൺ, ഹൈദരാബാദ് മാരത്തോൺ, ഡൽഹി മാരത്തോൺ, സ്പൈസ്കോസ്റ്റ് മാരത്തോൺ, അഹമ്മദാബാദ് മാരത്തോൺ, െബംഗളൂരു മാരത്തോൺ, ചെന്നൈ മാരത്തോൺ, കോയമ്പത്തൂർ മാരത്തോൺ തുടങ്ങി പ്രധാനപ്പെട്ട മത്സരങ്ങളിലെ വിജയിയാണ് നളിനാക്ഷൻ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാരത്തോണായ മുംബൈ മാരത്തോണിൽ 2023- ൽ ഒന്നാം സ്ഥാനവും 2024- ൽ രണ്ടാം സ്ഥാനവും 2025-ൽ ഒന്നാം സ്ഥാനവും അദ്ദേഹം നേടി.
അജയ മുംബൈ മാരത്തോണിലും മൂന്നാർ മാരത്തോണിലും ഭാഗമായിട്ടുണ്ട്. കൊല്ലം മാരത്തോൺ, പൊൻമുടി മാരത്തോൺ, തൃശ്ശൂർ മാരത്തോൺ, തിരുവനന്തപുരം ഹെറിറ്റേജ് റൺ, ആലപ്പുഴ ബീച്ച് റൺ തുടങ്ങി നിരവധി മാരത്തോണുകളിൽ അജയയും വിജയിയായിട്ടുണ്ട്.
''ഇനി ഇതുവരെ പോകാത്ത ഇവന്റുകളുടെ ഭാഗമാവണം. ബെംഗളൂരു മാരത്തോണാണ് അടുത്തത്. പിന്നെ ഡിസംബറിൽ ഗോവ മാരത്തോൺ.'' ഇരുവരും മാരത്തോൺ പ്ലാനുകൾ പങ്കുവച്ചു.
ആ 165 കിലോമീറ്റർ
പനമ്പള്ളിനഗർ റണ്ണേഴ്സിലെ കൂട്ടുകാരാണ് തങ്ങളെ ഓരോ മാരത്തോണിലും പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതെന്ന് അജയയും നളിനാക്ഷനും. അവരുടെ പ്രോത്സാഹനത്തിലാണ് അന്നത്തെ 165 കിലോമീറ്റർ ഓട്ടം പിറന്നത്. '' 2022 ജൂൺ 30-നായിരുന്നു എന്റെ റിട്ടയർമെന്റ്. ചടങ്ങുകൾക്ക് ശേഷം പനമ്പള്ളിനഗറിൽ നിന്ന് ഫറോക്കിലെ വീട്ടിലേക്ക് ഓടിപ്പോയാലോ എന്ന ഐഡിയ പറഞ്ഞതും പനമ്പള്ളിനഗർ റണ്ണേഴ്സിലെ അംഗങ്ങൾ തന്നെയാണ്. ആ ഗ്രൂപ്പിലെ 23 അംഗങ്ങളും എന്റെ കൂടെ ഓടാനെത്തി. വിരമിച്ച ഒരാൾക്ക് ഇത്രയും ദൂരം ഓടി യാത്രയയപ്പ് നൽകുന്ന സംഭവം നമ്മുടെ നാട്ടിൽ ആദ്യമായിരിക്കും. അജയ തിരൂരിൽ നിന്ന് കൂടെച്ചേർന്നു. എല്ലാ അഞ്ച് കിലോ മീറ്ററിലും സപ്പോർട്ടിങ് വെഹിക്കിൾ വെള്ളവും മറ്റും എത്തിച്ച് നൽകി. വാർത്തയറിഞ്ഞ് വഴിയിലൊക്കെ ഒരുപാട് ആളുകൾ പ്രോത്സാഹനവുമായി എത്തിയിരുന്നു.''
എന്നും പരിശീലനം
''ആദ്യമൊക്കെ 21 കിലോമീറ്റർ ഓടുന്നതൊക്കെ വലിയ സംഭവമായിരുന്നു.'' എന്നാൽ ഇന്ന് അതൊക്കെ ചെറിയ ദൂരങ്ങളാണെന്ന് ഇരുവരും. ''എറണാകുളത്തായിരുന്നപ്പോൾ വോക്ക് വേയിലും റോഡിലുമൊക്കെ ഓടാൻ പോകുമായിരുന്നു. കോഴിക്കോട് എത്തിയപ്പോൾ ഓട്ടം ഫറോക്ക് കോളേജ് ഗ്രൗണ്ടിലായി. ദിവസവും ഓടാൻ പോകും. ഹിൽ റണ്ണും സാൻഡ് റണ്ണുമൊക്കെ പരിശീലിക്കും. ഓട്ടവും പരിശീലനവുമെല്ലാം ഞങ്ങൾ ഒരുമിച്ചാണ്.
ഓട്ടം തുടങ്ങിയ കാലത്ത് ആളുകൾ നിരുത്സാഹപ്പെടുത്തിയിരുന്നു. വീഴില്ലേ, പരിക്കു പറ്റില്ലേ, തേയ്മാനം വരില്ലേ എന്നൊക്കെ ചോദിച്ചവരുണ്ട്. പലപ്പോഴും ഈ പ്രായത്തിൽ ആളുകൾ കായികമായ കാര്യങ്ങളിലേക്ക് ഇറങ്ങുന്നത് കുറവാണ്. ഇനി പോകുന്നവർ തന്നെ എന്തെങ്കിലും രോഗങ്ങൾ വരുമ്പോൾ ഡോക്ടറുടെ നിർദ്ദേശമനുസരിച്ചാവും ഓടാനോ നടക്കാനോ പോലും തുടങ്ങുക. ഇനിയെന്തിനാ ഓടാൻ പോകുന്നതെന്ന ചോദ്യമാണ് ഇപ്പോൾ ഏറെ കേൾക്കുന്നത്. തടി കുറയ്ക്കാൻ ഓടുന്നതാണല്ലോ നാട്ടുനടപ്പ്. കുറച്ചുകൂടി തടി കുറയാനുണ്ടെന്ന് ഞങ്ങൾ മറുപടി നൽകും. ഞങ്ങളുടെ റണ്ണർ ഗ്രൂപ്പിൽ 75 വയസ്സുവരെയുള്ളവരുണ്ട്. പ്രായമല്ല, മനസ്സാണ് പ്രധാനം.''
മാരത്തോണുകളിൽ പങ്കെടുക്കാൻ പോകുന്നതിനുമുമ്പ് ആരോഗ്യപരിശോധനകളും വളരെപ്രധാനമാണെന്ന് ഇരുവരും പറയുന്നു. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കണം. അതുപോലെ സത്യവാങ്മൂലം നൽകുകയും ചെയ്യണം.
യാത്രകളെല്ലാം ഓടാൻ വേണ്ടി
അന്നത്തെ കേദാർനാഥ് യാത്ര ഇതുവരെ നടന്നില്ലെന്ന സങ്കടവും ഇരുവരും പങ്കുവെച്ചു. ''പിന്നീട് ഒരുപാട് യാത്രകൾപോയി. ഈ വർഷം ആദ്യം ബ്രഹ്മഗിരിയിൽ പോയി. കഴിഞ്ഞമാസം മഹാരാഷ്ട്രയിലെ മാഥേരാനിലേക്കും.'' ഇപ്പോൾ യാത്രകൾ കൂടുതലും മാരത്തോണുകളുമായി ബന്ധപ്പെട്ടാണെന്ന് നളിനാക്ഷൻ.
''പൊൻമുടിയിൽ നടന്ന മാരത്തോൺ നല്ലൊരു അനുഭവമായിരുന്നു. മുകളിലെ വ്യൂപോയിന്റ് വരെ ഓടണം. ഹൈക്കിങ് പോലെ ആയതിനാൽ കുറച്ച് റിസ്ക്കുണ്ട്. ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള മാരത്തോൺ ഹൈദരാബാദിലേതാണ്. കയറ്റവും ഇറക്കവുമാണ് അധികവും. എളുപ്പമുള്ളത് ഡൽഹി മാരത്തോണും. നിരപ്പായ പാതയാണ് അവിടെ.
ഇന്ത്യയിലെ മാരത്തോൺ സീസൺ ഓഗസ്റ്റ് മുതൽ ഫെബ്രുവരി വരെയാണ്. ആഗസ്റ്റിൽ ഹൈദരാബാദ്, ഒക്ടോബറിൽ െബംഗളൂരു, ജനുവരി- മുംബൈ, ഫെബ്രുവരിയിൽ ഡൽഹി. അങ്ങനെയാണ് പ്രധാന ഇവന്റുകൾ. മുംബൈയിലും ഹൈദരാബാദിലും മൂന്നു തവണ പങ്കെടുത്തിട്ടുണ്ട്.''
ഇപ്പോൾ പ്രധാനം ഓട്ടമാണ്. അതുകഴിഞ്ഞേ എന്തുമുള്ളൂ എന്ന് അജയയും പറയുന്നു. ''യാത്രകളായാലും ആഘോഷങ്ങളായാലും കുടുംബത്തിലെ ചടങ്ങുകളാണെങ്കിലുമെല്ലാം മാരത്തോണുകളുടെ സമയമനുസരിച്ച് ഞങ്ങളുടെ പങ്കാളിത്തം കുറയും. ആദ്യം ഓട്ടം, പിന്നെ ആഘോഷം.. അങ്ങനെയാണ്.'' എല്ലാവരും പരാതി പറയും, എങ്കിലും പ്രോത്സാഹനത്തിനൊന്നും കുറവില്ലെന്നും അജയ.
കരുത്തായി കുടുംബവും സൗഹൃദങ്ങളും
നിരവധി മാരത്തോൺ ഗ്രൂപ്പുകളിൽ അംഗങ്ങളാണ് ഇരുവരും. ''പനമ്പള്ളിനഗർ റണ്ണേഴ്സിനെ കൂടാതെ കോഴിക്കോടുള്ള റണ്ണേഴ്സ് ഗ്രൂപ്പുകളിലും ഞങ്ങൾ സജീവമാണ്. റോയൽ റണ്ണേഴ്സ് കാലിക്കറ്റ്, എഫ്.സി. റണ്ണേഴ്സ്.. അങ്ങനെ. മാരത്തോൺ ഓടാൻ പോയതോടെയുണ്ടായ വലിയൊരു നേട്ടം, രാജ്യത്തെവിടെപ്പോയാലും പരിചയക്കാരുണ്ട് എന്നതാണ്. ഇതൊരു മത്സരമാണെങ്കിലും എല്ലാവരും തമ്മിൽ നല്ല സൗഹൃദമായിരിക്കും. വാശിയോ പകയോ ഒന്നുമില്ല. പരസ്പരബഹുമാനത്തോടെ നടക്കുന്ന മത്സരം കൂടിയാണ് മാരത്തോണുകൾ. എല്ലാരും തുല്യമായാണ് ഇടപഴകുക, ജോലിയോ പദവിയോ ഒന്നും കാര്യമാക്കില്ല.'' എല്ലാവരും പരസ്പരം പ്രോ ത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുമെന്നും നളിനാക്ഷൻ.
മക്കളും അടുത്തബന്ധുക്കളും ഒരുപോലെ ഓട്ടത്തെ പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് അജയ. ''എന്റെ അച്ഛൻ മാധവൻ നായർ സേനയിലായിരുന്നു. ഞാൻ ഓടാൻ തുടങ്ങിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അച്ഛനായിരുന്നു. കഴിഞ്ഞവർഷമാണ് അദ്ദേഹം ഞങ്ങളെ വിട്ടുപിരിഞ്ഞത്. ഞങ്ങൾ രണ്ടാൾക്കും അച്ഛൻ വലിയ സപ്പോർട്ടായിരുന്നു. അമ്മ ലക്ഷ്മിക്കുട്ടിയും വലിയ പിന്തുണയാണ്. മക്കളാണ് ആദ്യം മുതലേ പിന്തുണ തന്നത്. മൂത്ത മകൻ അമിത് ഇന്ത്യൻ റെയിൽവേയിലാണ്. രണ്ടാമത്തെ മകൻ രജത് ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ് െബംഗളൂരുവിൽ ജോലി ചെയ്യുന്നു. അവന് ഫുട്ബോളിനോടാണ് ഇഷ്ടം. മൂത്തയാൾക്കും സ്പോർട്സിൽ താത്പര്യമൊക്കെ ഉണ്ടായിരുന്നു. പക്ഷേ, പഠിക്കുന്നകാലത്ത് ഉഴപ്പും, മാർക്ക് കുറയും എന്നൊക്കെ പറഞ്ഞ് ഞങ്ങൾ തടഞ്ഞു. ഇപ്പോഴും അവനതിന് പരാതിപറയും.''
പരേതരായ കിഴക്കേടത്ത് മാധവൻ നായരുടെയും കല്യാണിയമ്മയുടെയും മകനാണ് നളിനാക്ഷൻ.
ഇനിയുമുണ്ട് ദൂരങ്ങൾ
ഇനി പങ്കെടുക്കാൻ ഏറ്റവും ആഗ്രഹമുള്ളത് ലഡാക്ക് മാരത്തോണാണെന്ന് നളിനാക്ഷൻ. ''പക്ഷേ അതിന് ചിലവേറെയാണ്. ഒരാഴ്ച മുമ്പേ അവിടെപ്പോയി താമസിക്കണം. മാനസികമായും ശാരീരികമായും തയ്യാറെടുപ്പുകൾ ഏറെ വേണം. അതുപോലെ കാലാവസ്ഥ പ്രവചനാതീതമായിരിക്കും. എന്തും നേരിടാൻ തയ്യാറായി വേണം പോകാൻ. അതുകൊണ്ട് മടിച്ചു നിൽക്കുകയാണ്.''
ഇന്ത്യയിലെ ഏതെങ്കിലും പ്രധാനപ്പെട്ട മാരത്തോൺ ഇവന്റിൽ വിജയിച്ചാൽ ഗൾഫ് മാരത്തോണിലും ബോസ്റ്റൺ മാരത്തോണിലും പങ്കെടുക്കാൻ കഴിയും. ബോസ്റ്റൺ മാരത്തോൺ ക്വാളിഫയറാണ് നളിനാക്ഷൻ. ''സമയമാണ് അവരുടെ മാനദണ്ഡം. 60 ന് മുകളിൽ ബോസ്റ്റൺ മാരത്തോണിൽ കട്ട് ഓഫ് ടൈം 3 മണിക്കൂർ 50 മിനിറ്റാണ്. ഞാൻ മൂന്നുമണിക്കൂർ ഒരു മിനിറ്റുകൊണ്ട് ഓടി യോഗ്യത തെളിയിച്ചിരുന്നു. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ അത് ഏറ്റവും മികച്ച സമയമാണ്. എന്നാൽ അവിടെ പോകണമെങ്കിൽ വലിയ ചെലവുവരും. അതാണ് മടിച്ചുനിൽക്കുന്നത്.'' ഇനിയും ഓടിത്തീർക്കാൻ ദൂരങ്ങളേറെയുണ്ടെന്ന് ഒരുപോലെ പറയുന്നു ഇരുവരും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Started running after the age of 50 as preparation for a Kedarnath trek., Nalinakshan completed a 165 km run from Kochi to Feroke after retiring from Cochin Shipyard in 2022., Won multiple accolades in major national marathons including Mumbai, Delhi, and Hyderabad., Qualified for the prestigious Boston Marathon in the 60+ age category.