അപമാനിതയായി പിന്‍മാറ്റം, അമ്മയുടെ പ്രചോദനം, ഒടുവില്‍ ഒളിംപിക്‌സ് മെഡല്‍

വീടിനടുത്തുള്ള വെയ്റ്റ് ലിഫ്റ്റിങ് ജിമ്മില്‍ ചേരാനെത്തിയ ആ പെണ്‍കുട്ടിയെ പരിശീലകന്‍ തിരിച്ചയച്ചത്, അവള്‍ സ്‌പോര്‍ട്‌സിന് അനുയോജ്യയല്ലെന്ന് പറഞ്ഞായിരുന്നു. എന്നാല്‍ ഇന്ത്യക്കുവേണ്ടി ഒളിംപിക്‌സ് ഭാരോദ്വഹനത്തില്‍ ആദ്യമെഡല്‍ നേടിയാണ് അവള്‍ പ്രതികാരം വീട്ടിയത്. പറഞ്ഞുവരുന്നത് കര്‍ണം മല്ലേശ്വരിയെ കുറിച്ചാണ്. 2000 സിഡ്‌നി ഒളിംപിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേടിയ ആദ്യ വനിതാതാരം.
തിരിച്ചടികളിലൂടെ വിജയത്തിലെത്തിയ കഥയാണ് കര്‍ണം മല്ലേശ്വരിയുടേത്. ''പന്ത്രണ്ടാം വയസ്സിലാണ് ഞാന്‍ പരിശീലനം തുടങ്ങുന്നത്. എന്റെ വീടിനടുത്ത് തന്നെയായിരുന്നു ആ ജിം. അവിടെ കുറേ പെണ്‍കുട്ടികള്‍ പരിശീലനത്തിന് എത്തുമായിരുന്നു. അതാണ് എനിക്ക് പ്രചോദനമായത്. അങ്ങനെ ഒരു തമാശയ്ക്ക് ഞാനും ചേരാന്‍ ചെന്നു''. പക്ഷേ ജിമ്മില്‍ ചേരാനുള്ള തടിയും ആരോഗ്യവും ഇല്ലെന്ന് പറഞ്ഞ് അവളെ തിരിച്ചുവിട്ടു. അപമാനിതയായ മല്ലേശ്വരിയെ അമ്മ ശ്യാമള സമാധാനിപ്പിച്ചു, അവളില്‍ വാശിനിറച്ചു. ആ കാഴ്ചപ്പാടുകളെല്ലാം തെറ്റാണെന്ന് തെളിയിക്കണമെന്നായിരുന്നു അമ്മയുടെ നിര്‍ബന്ധം. അങ്ങനെയാണ് വീണ്ടും ചെല്ലുന്നത്''. കര്‍ണം മല്ലേശ്വരിയുടെ അച്ഛന്‍ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. നാലു സഹോദരിമാരും വെയ്റ്റ് ലിഫ്റ്റര്‍മാരും. എന്നിട്ടും പ്രചോദനമായെത്തിയത് അമ്മ തന്നെ.
1990-ലെ ഏഷ്യന്‍ ഗെയിംസിനുള്ള ക്യാമ്പില്‍വെച്ച് ലോകചാമ്പ്യനും പരിശീലകനുമായ ലിയോനിഡിനെ കണ്ടതാണ് മല്ലേശ്വരിയുടെ ഭാവി മാറ്റിമറിച്ചത്. മല്ലേശ്വരിയുടെ സഹോദരി കൃഷ്ണ കുമാരി ആ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചേച്ചിക്കൊപ്പം എത്തിയതായിരുന്നു മല്ലേശ്വരി. ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തന്നെ ഒരു പ്രതിഭ ഒളിഞ്ഞിരിക്കുന്നത് ലിയോനിഡ് തിരിച്ചറിഞ്ഞു. അദ്ദേഹം അവരെ ബാംഗ്ലൂര്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ശുപാര്‍ശ ചെയ്തു. പിന്നീട് ഡല്‍ഹി സായിലും പരിശീലനം ലഭിച്ചു.
പതുക്കെ വിജയങ്ങള്‍ അവരെ തേടിയെത്തിത്തുടങ്ങി. ആദ്യത്തെ ജൂനിയര്‍ നാഷണല്‍സില്‍ തന്നെ ദേശീയ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടാണ് അവര്‍ വരവറിയിച്ചത്. 1994, 1998 ഏഷ്യന്‍ ഗെയിംസുകളില്‍ നേരിയ വ്യത്യാസത്തിലാണ് അവര്‍ക്ക് വെള്ളിമെഡല്‍ നഷ്ടമായത്. നേരിയ വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്. 2000-ലെ സിഡ്‌നി ഒളിംപിക്‌സിലാണ് അവര്‍ വെങ്കലമെഡല്‍ നേടി ചരിത്രം കുറിക്കുന്നത്. ഈ അതുല്യനേട്ടം കൈവരിച്ചതോടെ ഉരുക്കുവനിത എന്ന പേരില്‍ അവര്‍ അറിയപ്പെടാന്‍ തുടങ്ങി.
തൊട്ടടുത്ത വര്‍ഷം പ്രസവത്തോടനുബന്ധിച്ച് അവര്‍ സ്‌പോര്‍ട്‌സില്‍നിന്ന് വിട്ടുനിന്നു. 2002-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തിരിച്ചുവരാനിരിക്കെയാണ് അച്ഛന്‍ മരിക്കുന്നത്. പിന്നീട് 2004 ഒളിംപിക്‌സിലും മടങ്ങിവരവിന് ശ്രമിച്ചുവെങ്കിലും, അവര്‍ക്ക് കാര്യമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞില്ല. ''വെയ്റ്റ് ലിഫ്റ്റിങ് ചെയ്യുന്നവര്‍ക്ക് സ്ഥിരമായി ഉണ്ടാവുന്നതാണ് പുറംവേദന. അത്തവണത്തെ ഒളിംപിക്‌സില്‍ അതെന്നെയും വലച്ചു. അതാണ് എന്റെ കരിയറിന് അവസാനം കുറിച്ചത്''. അര്‍ജുന അവാര്‍ഡ്, രാജീവ് ഗാന്ധി ഖേല്‍രത്‌ന, പത്മശ്രീ എന്നിവ നല്‍കി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഭാരോദ്വാഹകനായ രാജേഷ് ത്യാഗിയാണ് അവരുടെ ഭര്‍ത്താവ്. വിവാഹത്തിനുമുമ്പ് അമ്മയും വിവാഹശേഷം ഭര്‍ത്താവുമാണ് മല്ലേശ്വരിയെ പിന്തുണച്ചത്. ''വിവാഹത്തിനുമുമ്പ് അമ്മയായിരുന്നു എന്റെ കരുത്ത്. വിവാഹശേഷം ഭര്‍ത്താവും. ഭര്‍ത്താവ് ഇതേ മേഖലയില്‍ നിന്നുള്ളയാളായതുകൊണ്ട്, എനിക്ക് കൂടുതല്‍ കഴിവും സാധ്യതയുമുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. എന്റെ കരിയറില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചു. എനിക്കുവേണ്ടി തന്റെ കരിയര്‍ തന്നെ വേണ്ടെന്നുവെച്ചു. എന്റെ എല്ലാ കാര്യങ്ങളും നോക്കാന്‍ തുടങ്ങി. അതാണ് എനിക്ക് സ്വപ്‌നങ്ങളിലേക്ക് പറക്കാനുള്ള പ്രചോദനമായത്''.
ഇന്നും സ്‌പോര്‍ട്‌സിനോടുള്ള അടങ്ങാത്ത ഇഷ്ടം തന്നെയാണ് അവരെ മുന്നോട്ടുനയിക്കുന്നത്. അതവരെ എത്തിച്ചത് ഒരു പരിശീലനകേന്ദ്രം തുടങ്ങണമെന്ന ആശയത്തിലാണ്. അങ്ങനെ ഹരിയാണയിലെ യമുനാനഗറില്‍ കര്‍ണം മല്ലേശ്വരി ഫൗണ്ടേഷന്‍ തുടങ്ങി. കഴിവും താത്പര്യവുമുള്ള കുട്ടികളെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് കര്‍ണം മല്ലേശ്വരി ഇപ്പോള്‍.
Content Highlights: karnam malleswari, first indian woman to win a medal at olympics