ലോകമേ, ഞാനും 'ഹാപ്പിലി ഡിവോഴ്‌സ്ഡ്'ആണ്; ഡിവോഴ്‌സ് സന്തോഷത്തിന്റെ താക്കോലുകൂടിയാണ്

'നിന്റെ കൈയിലിരുപ്പ് കൊണ്ടാണ്, നീ ഫെമിനിസ്റ്റ് ആയതുകൊണ്ടാണ്, നീ ചിന്തിക്കുന്നത് ശരിയല്ലാത്തത് കൊണ്ടാണ്, കുറച്ച് കൂടി അഡ്ജസ്റ്റ് ചെയ്യണം...'' ഒരു സ്ത്രീ വിവാഹമോചനത്തിന് താത്പര്യപ്പെട്ടാല്‍ സ്വന്തം വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നുമെല്ലാം അവള്‍ കേള്‍ക്കേണ്ടി വരുന്ന കുറ്റപ്പെടുത്തലുകളാണിവയെല്ലാം. അത്തരം കുറ്റപ്പെടുത്തലുകളെ പേടിച്ച് ഇഷ്ടമില്ലാത്ത ബന്ധത്തില്‍ ജീവിതം ഹോമിക്കേണ്ടി വരുന്ന എത്രയോ മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ട്, എന്നാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ത്യജിക്കാനുള്ളതല്ല നമ്മുടെ ജീവിതം, സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം നമ്മള്‍ ഏറ്റെടുക്കണമെന്ന് സമൂഹത്തോട് വിളിച്ചുപറയുകയാണ് നിഷ രത്‌നമ്മ സംവിധാനം ചെയ്ത 'ഹാപ്പിലി ഡിവോഴ്‌സ്ഡ്' എന്ന ഡോക്യുമെന്ററി.
വിവാഹമോചനം ഒരിക്കലും ജീവിത പരാജയമായി കാണരുന്നതെന്ന് അത് സ്വന്തം സന്തോഷങ്ങളുടെ താക്കോല്‍ കണ്ടെത്താനുള്ള മാര്‍ഗമാണെന്നും തുറന്നുപറയുകയാണ് 'ഹാപ്പിലി ഡിവോഴ്‌സ്ഡ്' ലൂടെ നിഷ രത്‌നമ്മ. വിവാഹമോചിതരായി സന്തോഷത്തോടെ കേരളം, യു.എ.ഇ., ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ജീവിക്കുന്ന മൂന്ന് മലയാളി സ്ത്രീകളുടെ ജീവിതാനുഭവങ്ങളിലൂടെയാണ് ഡോക്യുമെന്ററി അവതരിപ്പിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയെ കുറിച്ച് സംവിധായിക നിഷ രത്‌നമ്മ സംസാരിക്കുന്നു.
ഹാപ്പിലി ഡിവോഴ്‌സ്ഡ്, കേള്‍ക്കുമ്പോള്‍ തന്നെ സന്തോഷം തോന്നുന്ന പേര്, ഇത്തരമൊരു ഡോക്യുമെന്ററിയുടെ ആശയം എവിടെ നിന്നാണ് ലഭിച്ചത്?
നമുക്ക് ചുറ്റും നിത്യേന നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഈ ഡോക്യുമെന്ററി ചെയ്യാന്‍ എന്നെ പ്രചോദിപ്പിച്ചത്. ഡിവോഴ്‌സിനെ പറ്റി ഒരുപാട് നെഗറ്റിവിറ്റി ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. വിവാഹമോചിതരായി എന്നതുകൊണ്ട് മാത്രം സമൂഹം സ്ത്രീകളെയും പുരുഷന്മാരെയുമൊക്കെ മാറ്റനിര്‍ത്തുന്നുണ്ട്. വിവാഹമോചനം എന്നത് ഒരുസാധാരണ സംഭവമാണ്, അതൊരു ക്രൈം അല്ല. അതിനാല്‍ മറ്റുള്ളവരെ പോലെ തന്നെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാന്‍ വിവാഹമോചിതരായ മനുഷ്യര്‍ക്കും അവകാശമുണ്ട്. പണ്ടൊക്കെ വിവാഹം കഴിച്ചാല്‍ അതില്‍ തന്നെ നില്‍ക്കണം എന്നൊരു സങ്കല്‍പ്പം സമൂഹത്തില്‍ അടിയുറച്ചിരുന്നു. അതില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ അതുകൊണ്ട് തന്നെ സാധിച്ചിരുന്നില്ല. അതിന് പലകാരണങ്ങളുണ്ടായിരുന്നു, സ്ത്രീകള്‍ക്കാണെങ്കില്‍ സാമ്പത്തിക സ്വാതന്ത്ര്യം, ജീവിക്കാനുള്ള വരുമാനവും ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ എല്ലാം ഇട്ടെറിഞ്ഞ് പുറത്തുപോരുക അസാധ്യമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല, ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്താല്‍ ആദ്യം അത് പറഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കും, അത് സാധ്യമായില്ലെങ്കില്‍ വേര്‍പിരിയും. ഇതൊന്നും സാധിക്കാതെ വിവാഹത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്ന കുറേ മനുഷ്യരുണ്ട്, ആര്‍ക്കൊക്കെയോ വേണ്ടി ജീവിക്കുന്ന, സമൂഹത്തെ പേടിച്ച്, അച്ഛന്റെയും അമ്മയുടെയും അഭിമാനം സംരക്ഷിക്കാന്‍ മാത്രമായി വിവാഹജീവിതത്തില്‍ തുടരുന്നവര്‍. അത്തരം ഒരുപാട് സ്ത്രീകളെ നേരിട്ട് കണ്ടും സംസാരിച്ചതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു ഡോക്യുമെന്ററി ചെയ്യണമെന്ന് തീരുമാനിച്ചത്. വിവാഹമോചനം അപമാനമാണെന്ന സമൂഹബോധത്തെ തകര്‍ക്കുകയാണ് ഇതിലൂടെ.
എന്റെ ജീവിതം തന്നെ അതിനൊരു ഉദാഹരണമാണ്. വേണമെങ്കില്‍ എനിക്കും സമാധാനമില്ലാത്ത വിവാഹബന്ധത്തില്‍ കുടുങ്ങി കിടക്കാമായിരുന്നു. പക്ഷേ അതില്‍ നിന്ന് പുറത്തുവന്നപ്പോഴാണ് യഥാര്‍ഥ ജീവിത സന്തോഷം ഞാന്‍ ആസ്വദിച്ച് തുടങ്ങിയത്.
വിവാഹജീവിതം വേര്‍പ്പെടുത്തിയവര്‍ അവരുടെ അനുഭവങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ തുറന്നുപറയുക എന്നത് എങ്ങനെ സാധ്യമാക്കി?
ഞാന്‍ വിവാഹമോചനത്തിലൂടെ കടന്നുപോകുന്ന സമയത്ത് അത്തരം അനുഭവങ്ങളുള്ള ഒരുപാട് പേരെ പരിചയപ്പെടുകയും അവരോട് സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. അങ്ങനെ ഞാന്‍ പരിചയപ്പെട്ട മൂന്ന് സ്ത്രീകളാണ് ഈ ഡോക്യുമെന്ററിയില്‍ അവരുടെ അനുഭവങ്ങള്‍ പറയുന്നത്. കേരളം, യു.എ.ഇ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ജീവിക്കുന്ന മലയാളി സ്ത്രീകളാണ് ഇവര്‍. ഡിവോഴ്‌സിന് ശേഷം എന്നെപോലെ തന്നെ ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്നവരാണ് ഈ മൂന്നുപേരും. ഇങ്ങനെയൊരു ആശയവുമായി ഞാന്‍ ചെന്നപ്പോള്‍ ആദ്യം അവര്‍ക്കെല്ലാം ക്യാമറയില്‍ സംസാരിക്കാന്‍ മടിയുണ്ടായിരുന്നു. എന്നാല്‍ ആവശ്യകതയെ കുറിച്ച് കൃത്യമായി പറഞ്ഞപ്പോള്‍ അവര്‍ സന്തോഷത്തോടെ ഡോക്യുമെന്ററിയുടെ ഭാഗാമാകാമെന്ന് സമ്മതിച്ചു. നമ്മള്‍ക്ക് എല്ലാവര്‍ക്കും ഒരേയൊരു ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. ഡിവോഴ്‌സിനെ പറ്റി നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളെ ഇല്ലാതാകുക എന്നത്. ഇപ്പോഴും വിവാഹമോചനം എന്ന് പറഞ്ഞാല്‍ അത് ജീവിതത്തിന്റെ അവസാനമാണെന്ന് വിശ്വസിക്കുന്ന ഒരുസമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അത്തരം മനുഷ്യരോട് അങ്ങനെയല്ലെന്നും. വിവാഹമോചനത്തിനപ്പുറം സുന്ദരമായ ഒരുലോകം നിങ്ങളെയും കാത്തിരിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.
ആദ്യം വേറെ മൂന്നുപേരായിരുന്നു ഡോക്യുമെന്ററിയുടെ ഭാഗാമാകാന്‍ മുന്നോട്ട് വന്നത്. എന്നാല്‍ പലവിധ സമ്മര്‍ദ്ദങ്ങള്‍ കാരണം അവരെല്ലാം പിന്മാറി. ഒരുപാട് വെല്ലുവിളികള്‍ മുന്നില്‍ വന്നു. പക്ഷേ അവസാനം ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ സംസാരിക്കാന്‍ പറ്റുന്ന മൂന്നുപേര്‍ മുന്നോട്ട് വന്നു. നല്ലരീതിയില്‍ തന്നെ ഷൂട്ട് പൂര്‍ത്തിയാക്കാനും സാധിച്ചു. ഈ ഡോക്യുമെന്ററി സമൂഹത്തില്‍ ഒരുപാട് പേരുടെ കണ്ണുതുറപ്പിക്കുമെന്ന് വിശ്വസിക്കുന്നു.
താങ്കളുടെ ജീവിതത്തെ പറ്റി, ജനനം, വിദ്യാഭ്യാസം, ജോലി, വിവാഹം?
ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം വയനാട്ടിലാണ്. ഡിഗ്രിയും പിജിയും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലായിരുന്നു. ശേഷം കോയമ്പത്തൂരില്‍ നിന്ന് എം.ഫില്‍ ചെയ്തു. പി.എച്ച്.ഡി പൂര്‍ത്തിയാക്കിയിട്ടില്ല. അധ്യാപികയായാണ് കരിയര്‍ ആരംഭിച്ചത്. ശേഷം മാധ്യമപ്രവര്‍ത്തകയായി തെഹല്‍ക്കയിലും ഡെക്കാന്‍ ക്രോണിക്കലിലുമൊക്കെ ജോലി ചെയ്തു. പ്രണയ വിവാഹമായിരുന്നു. പരസ്പരം ഒത്തുപോകാന്‍ പറ്റില്ല എന്ന് തീരുമാനിച്ചപ്പോള്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. എന്റെ ഡോക്യുമെന്ററിയുടെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തതും അദ്ദേഹമാണ്. വിവാഹ ബന്ധത്തില്‍ ഒത്തുപോകാന്‍ പറ്റാത്ത ഞങ്ങള്‍ക്ക് അതില്‍ നിന്ന് പുറത്തുകടന്നപ്പോള്‍ സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുന്നുണ്ട്. ഇതും ഒരുമാതൃകയാണ്. വേര്‍പിരിഞ്ഞാലും നല്ല രീതിയില്‍ രണ്ടുമനുഷ്യര്‍ക്ക് സുഹൃത്തുക്കളായി തുടരാം. നമുക്ക് പറ്റാത്ത ഒരുബന്ധമാണെങ്കില്‍ അതില്‍ നിന്ന് പുറത്തുവരിക, ഒറ്റയ്ക്ക് ജീവിക്കുക, മക്കള്‍ക്ക് സമാധാനം നല്‍കുക. ഇതൊക്കെയാണ് ഞങ്ങളുടെ ആശയം.
ജീവിതപങ്കാളിയുമായി വേര്‍പിരിയുക എന്ന ഘട്ടം എത്ര മാത്രം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു?
വേര്‍പിരിയല്‍ ഘട്ടം വളരെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. വയനാട്ടിലെ ഒരുസാധാരണ കുടുംബത്തില്‍ മൂന്നുപെണ്‍മക്കളില്‍ ഒരാളായാണ് ഞാന്‍ ജനിച്ചത്. വളരെ യഥാസ്ഥിതികമായ കുടുംബാന്തരീക്ഷമായിരുന്നു. അതിനാല്‍ ഞാന്‍ ഡിവോഴ്‌സിനെ പറ്റി പറഞ്ഞപ്പോള്‍ അച്ഛനടക്കമുള്ളവര്‍ എതിര്‍ത്തു. ' നീ ബന്ധം വേര്‍പിരിഞ്ഞ് വീട്ടില്‍ വന്നുനിന്നാല്‍ അനിയത്തിമാരുടെ വിവാഹം നടക്കില്ലെന്ന് '' പറഞ്ഞാണ് ആദ്യം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്. പിന്നീട് അച്ഛന്‍ പറഞ്ഞത് ' മറ്റെന്തിനേക്കാളും വലുത് എനിക്കെന്റെ അഭിമാനം ആണെന്നാണ്''. ആരും എന്നെ പിന്തുണച്ചില്ല. വിവാഹമോചനത്തെ കുറിച്ച് ആരോട് ചോദിക്കണം, എങ്ങനെ കൈകാര്യം ചെയ്യണം എന്നൊന്നും എനിക്കറിയില്ലായിരുന്നു. കാരണം കുടുംബത്തില്‍ മുമ്പ് ആരും വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നില്ല. അതിനേക്കുറിച്ച് സംസാരിക്കുക പോലുമില്ല.
ആദ്യമൊക്കെ എല്ലാവരുടെയും സമ്മര്‍ദ്ദമൊക്കെ കാരണം ഇതൊക്കെ എന്റെ മാത്രം പ്രശ്‌നമാണെന്നും ഞാനാണ് കുറ്റക്കാരി എന്നൊരു തോന്നലിലേക്ക് എത്തിപ്പെട്ടു. ' നിന്റെ കൈയിലിരുപ്പ് കൊണ്ടാണ്, നീ ഫെമിനിസ്റ്റ് ആയതുകൊണ്ടാണ്, നീ ചിന്തിക്കുന്നത് ശരിയല്ലാത്തത് കൊണ്ടാണ്, കുറച്ച് കൂടി അഡ്ജസ്റ്റ് ചെയ്യണം...'' അങ്ങനെ പലരീതിയിലുള്ള കുറ്റപ്പെടുത്തലുകളാണ് ചുറ്റില്‍നിന്നും കേട്ടത്. എല്ലാരീതിയിലും നമ്മളെ തന്നെ കുറ്റക്കാരിയാക്കാന്‍ ശ്രമിച്ചു. അഡ്ജസ്റ്റ് ചെയ്യുക എന്നത് മാത്രമായിരുന്നു അന്ന് മുന്നിലുള്ള ഏക ഓപ്ഷന്‍. ആരോട് പറഞ്ഞാലും അവര് നമ്മളെ കൗണ്‍സിലിങ് നടത്തി വീണ്ടും വിവാഹജീവിതത്തിലേക്ക് തന്നെ തള്ളിവിടുന്ന സ്ഥിതിയായിരുന്നു.
എനിക്ക് വേദനിച്ചാല്‍ എന്റെ അത്ര വേദന മറ്റുള്ളവര്‍ക്കാര്‍ക്കും ഉണ്ടാകില്ല എന്ന തിരിച്ചറിവ് വന്നപ്പോഴാണ് ഡിവേഴ്‌സ് എന്ന ശക്തമായ തീരുമാനത്തിലേക്ക് എത്തിയത്. തീരുമാനം എടുത്തതും കോടതിയില്‍ പോയതും അതിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്തതും ഒറ്റയ്ക്കാണ്. ആരും സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. അതിഭീകരമായ മാനസികസംഘര്‍ഷങ്ങളിലൂടെ കടന്നുപോയ കാലഘട്ടമായിരുന്നു. കാരണം എല്ലാവരുടെയും കണ്ണില്‍ ഞാന്‍ മാത്രമായിരുന്നു കുറ്റക്കാരി. ജോലിയുണ്ടായിരുന്നെങ്കിലും സേവിങ്‌സ് ആയി ഒന്നും കൈയിലുണ്ടായിരുന്നില്ല. അതിനാല്‍ ഒരുപാട് സാമ്പത്തികബുദ്ധിമുട്ടുകളും അനുഭവിച്ചു. ഇപ്പോള്‍ ഞാന്‍ വിചാരിച്ചതുപോലെ ജീവിക്കാന്‍ സാധിക്കുന്നു എന്ന സന്തോഷമുണ്ട്.
ദുരഭിമാനത്തിന്റെ പേരില്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്ത് ഇപ്പോഴും വിവാഹബന്ധം തുടരുന്നവരോട് എന്താണ് പറയാനുള്ളത്?
നമുക്ക് ഒരൊറ്റ ജീവിതമേ ഉള്ളൂ. അത് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്. മറ്റൊരാള്‍ക്കും വേണ്ടി നമ്മുടെ സന്തോഷം വേണ്ടെന്ന് വെക്കരുത്. നമ്മളോട് ആരെങ്കിലും അഡ്്ജസ്റ്റ് ചെയ്ത് വിവാഹജീവിതത്തില്‍ തുടരാന്‍ പറയുകയാണെങ്കില്‍ അവരെല്ലാം സ്വാര്‍ഥരാണെന്ന് തിരിച്ചറിയുക. കാരണം അവര്‍ക്ക് നമ്മുടെ പ്രശ്‌നം എന്നുപറയുന്നത് കുറച്ച് നേരത്തെ സങ്കടം മാത്രമാണ്. അതിനപ്പുറം സന്തോഷം തരുന്ന ഒരുജീവിതം അവര്‍ക്കെല്ലാമുണ്ട്. അവരത് ജീവിക്കുന്നുമുണ്ട്. അതുകൊണ്ട് മറ്റൊരാള്‍ക്ക് വേണ്ടി നശിപ്പിക്കാനോ, ത്യജിക്കാനോ ഒന്നുമല്ലതല്ല നമ്മുടെ ജീവിതം. സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം നമ്മള്‍ ഏറ്റെടുക്കുക. സമൂഹം, വീട്ടുകാര്‍, നാട്ടുകാര്‍ ഇവരൊക്കെ എന്ത് പറയുന്നതെന്ന് കേള്‍ക്കാതിരിക്കുക. സമാധാനവും സന്തോഷവും കണ്ടെത്തി സ്വന്തം കാലില്‍ ജീവിക്കാന്‍ ശ്രമിക്കുക.
ഡോക്യുമെന്ററിക്ക് ലഭിക്കുന്ന പ്രതികരണം?
ഞങ്ങളെല്ലാം പ്രതീക്ഷിച്ചത് ഭയങ്കരമായ തെറിവിളിയാണ്. പക്ഷേ, ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തത് മുതല്‍ ഇന്നുവരെ കിട്ടുന്നത് സ്വപ്‌നം കാണാന്‍ പറ്റാത്ത രീതിയിലുള്ള മികച്ച പ്രതികരണങ്ങളാണ്. മലയാളി മാറുകയാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ ഡോക്യുമെന്ററിക്ക് കിട്ടുന്ന സ്വീകരണം എന്ന് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ മികച്ച കമന്റുകളാണ് ലഭിക്കുന്നത്. ഒരുപാട് ആളുകള്‍ നേരിട്ട് വിളിച്ച് ഇനി ഞാന്‍ ഡിവോഴ്‌സി ആണെന്ന് ലോകത്തോടെ വിളിച്ചുപറയുമെന്ന് പറഞ്ഞു, ഹാപ്പിലി ഡിവോഴ്‌സി. ഈയൊരു മാറ്റമാണ് ഞാന്‍ ആഗ്രഹിച്ചതും.
Content Highlights: happily divorced, documentary, nisha rathnamma, malayalam documentary