ക്ഷേത്രകലകളെ സ്‌നേഹിച്ച മുസ്ലീം പെണ്‍കുട്ടി; കഥകളിയില്‍ ചരിത്രം കുറിക്കാന്‍ സാബ്രി

#അക്ഷര അര്‍ജുന്‍
സാബ്രി
സാബ്രി

സാബ്രി എന്ന പതിനാലുകാരിക്ക് പ്രിയം കഥകളി. കുഞ്ഞുതട്ടത്തിനുള്ളില്‍  വിരിഞ്ഞ കലാഹൃദയം ആദ്യം തിരിച്ചറിഞ്ഞത് വാപ്പ നിസാം അമ്മാസ്. സംസ്ഥാന സര്‍ക്കാറിന്റെ പരിസ്ഥിതി ദിന ഫോട്ടോഗ്രാഫി അവാര്‍ഡ് മൂന്നു തവണ കരസ്ഥമാക്കിയ ഫോട്ടാഗ്രാഫറാണ് സാബ്രിയുടെ വാപ്പ നിസാം അമ്മാസ്. ഫോട്ടോഗ്രാഫറായിരുന്ന ഉപ്പയുടെ 'കഥകളി പഠിച്ചാലോ' എന്ന താമശനിറഞ്ഞ ചോദ്യത്തിന് സാബ്രിയുടെ ഉത്തരം 'റെഡി' എന്നുള്ളതായിരുന്നു. അവളുടെ ആഗ്രഹം വാപ്പ മനസ്സിലാക്കി എന്നതായിരുന്നു ആ പതിനാലുകാരിയുടെ സന്തോഷം. വാപ്പയെടുത്ത കഥകളി ചിത്രങ്ങളില്‍ കണ്ണുടക്കി. കൗതുകം പിന്നീട് ഇഷ്ടമായി മാറി. ചെറുപ്രായത്തിലെ നൃത്തത്തിനോടുള്ള അഭിരുചി മനസ്സിലാക്കി വീട്ടുകാര്‍ ചിലങ്കയണിയിച്ചു. ചമയവും ചായക്കൂട്ടും വേഷവിധാനങ്ങളും മുദ്രകളും സാബ്രിയെ കഥകളിയോടടുപ്പിച്ചു. മകളുടെ ഇഷ്ടങ്ങള്‍ക്കു കൂട്ടായി നിസാം അമ്മാസും ഭാര്യ അനീഷയും. 

കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശിയായ നിസാം അമ്മാസിന്റെയും അനീഷയുടെയും ഇളയ മകള്‍ സാബ്രി. ഏഴാം ക്ലാസ്സ് പഠനം പൂര്‍ത്തികരിച്ച് അച്ഛനും അമ്മയ്ക്കുമൊപ്പം കലാമണ്ഡലത്തിലേക്ക്. മുസ്ലീം സമുദായത്തില്‍ നിന്ന് കലാമണ്ഡലത്തിലേക്കെത്തുന്ന ആദ്യ പെണ്‍കുട്ടിയാണ് സാബ്രി. മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി അവള്‍, തന്റെ ലക്ഷ്യത്തിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ്.
 

സാബ്രി കുടുംബത്തോടൊപ്പം

വെളുപ്പിന് അഞ്ചരവരെ ഉറങ്ങാതെ ഇരുന്ന് കഥകളി കാണും

കഥകളിചിത്രങ്ങള്‍ പകര്‍ത്തുന്നവരില്‍ സ്ഥിരസാന്നിധ്യമായിരുന്നു ഞാന്‍. അടുത്തുള്ള മഹാദേവക്ഷേത്രത്തില്‍  പത്തുദിവസത്തെ ഉത്സവം നടക്കാറുണ്ട്‌. അതില്‍ ഏഴുദിവസവും കഥകളി ഉണ്ടാകും. മകള്‍ക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ മുതല്‍ ഞാന്‍ പോകുമ്പോള്‍ അവള്‍ കഥകളി കാണാണം എന്ന്  വാശി പറഞ്ഞ്‌ പിടിക്കും.ഉറങ്ങിപ്പോകും വരണ്ട എന്നു പറഞ്ഞാലും  ഞാന്‍ ഉറങ്ങില്ല എന്ന് പറഞ്ഞ് കരയും. പിന്നെ അവളെയും ഒപ്പം കൂട്ടും. വെളുപ്പിന് അഞ്ചരവരെ ഉറങ്ങാതെ ഇരുന്നവള്‍ കഥകളി കാണും. പിന്നെ അതു സ്ഥിരമായി. കഥകളിയോടുള്ള അവളുടെ താല്പര്യം കൂടി വന്നു. കഥകളിയുടെ ഫോട്ടോസ് നോക്കിയിരിക്കാറുണ്ട്. ഒരു ദിവസം വാപ്പ എനിക്ക് കഥകളി പഠിക്കണം എന്നു പറഞ്ഞു. ചെറുപ്പത്തിലെ സാബ്രി ഡാന്‍സില്‍ താല്പര്യം കാണിച്ചിരുന്നു. അങ്ങനെ  മോഹിനിയാട്ടം കുറച്ചു പഠിച്ചിരുന്നു. കഥകളിയും മോഹിനിയാട്ടവും തീര്‍ത്തും വ്യത്യസ്തമായതുകൊണ്ടുതന്നെ അധ്യാപകന്റെ നിര്‍ദേശപ്രകാരം . വിദ്യാഭ്യാസത്തോടൊപ്പം കഥകളി പഠനവും നടക്കും. അവള്‍  ആഗ്രഹം പറഞ്ഞപ്പോള്‍  എനിക്ക് ഒരുപാട് സന്തോഷമായി


കഥകളി  അഡിഷനല്‍ ഓപ്ഷനായതുകൊണ്ടുതന്നെ പഠനവും മുടങ്ങില്ല. കുടുംബക്കാരും ബന്ധുക്കളും എല്ലാം സപ്പോര്‍ട്ടാണ്. ആരും ഇതുവരെ പിന്തിരിപ്പിച്ചിട്ടില്ല. മകളുടെ ഇഷ്ടങ്ങളെ വിലക്കെടുത്ത് അവളുടെ ആഗ്രഹങ്ങള്‍ക്ക് ചിറകുകള്‍ നല്കിയ നിസാം അമ്മാസിന്റെ വാക്കുകളില്‍ സന്തോഷത്തിന്റെ അലകളായിരുന്നു. പുരോഗമന ചിന്താഗതിക്കാരായ ഈ മാതാപിതാക്കള്‍ മറ്റുള്ളവര്‍ക്കൊരു മാത്യകയാണ്. സഹോദരന്‍ മുഹമ്മദ് യാസിനും സാബ്രിക്കു കൂട്ടിനുണ്ട്.

സാബ്രി കലാമണ്ഡലം ഗോപിയോടൊപ്പം

വാപ്പയുടെ പാഷന്‍ എന്റെ സ്വപ്‌നമായി

വാപ്പയുടെ പാഷനായ ഫോട്ടോഗ്രാഫിയാണ് എന്നെ കഥകളിയിലേക്കെത്തിച്ചത്. കഥകളിയോട് ഇഷ്ടം തുടങ്ങിയപ്പോള്‍ ഉപ്പയോടൊപ്പം ഫോട്ടോയെടുക്കാന്‍ പോകുമായിരുന്നു. ക്ഷേത്രകലകളുടെ നിരവധി ഫോട്ടോകള്‍ ഉപ്പ എടുത്തിട്ടുണ്ടെങ്കിലും കൂട്ടത്തില്‍ കഥകളിയാണ് എന്നെ ഏറെ സ്വാധീനിച്ചത്. നല്ല പരിശ്രമവും ശ്രദ്ധയും വേണ്ട കലാരൂപമാണിതെന്നെനിക്കറിയാം. ചടയമംഗലത്തുള്ള ആരോമല്‍ എന്ന അധ്യാപകന്റെ ശിക്ഷണത്തില്‍ കാല്‍സാദങ്ങള്‍ പരിശീലിച്ചു. അതിനിടയിലാണ് കലാമണ്ഡലത്തിലേക്കുള്ള പരീക്ഷ എഴുതിയത്. കഥകളി പഠിച്ച് അതില്‍ പേരെടുക്കണം. കലാമണ്ഡലത്തിലെ തന്ന അധ്യാപികയാകണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പുരാണകഥകളും ആചാരങ്ങളും ഐതിഹ്യങ്ങളുമൊന്നും വശമില്ല. ക്ഷേത്രകലകള്‍ ഇഷ്ടമാണ്.  കലാമണ്ഡലത്തില്‍ നിന്നും വേണം ഇനി അതെല്ലാം പഠിച്ചെടുക്കാന്‍. അഡ്മിഷന്‍ കിട്ടാന്‍ പാടായിരുന്നു. കിട്ടിയപ്പോള്‍ ഒരുപാട് സന്തോഷമായി. കലാമണ്ഡലത്തില്‍ പഠിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.'' തന്റെ ആഗ്രഹത്തെക്കുറിച്ചവള്‍ വാചാലയായി. 


ഈ ബാച്ചിലെ ഏഴു കുട്ടികളില്‍ ഒരാളായി കലാമണ്ഡലത്തിലേക്ക് പ്രവേശനം ലഭിച്ച സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കി.  വെളുപ്പിന് നാലരയ്ക്ക് കളത്തിലെത്തണം. ആറര വരെ കഥകളി പഠനം. കഥകളി പഠിച്ച് കലാമണ്ഡലത്തില്‍ തന്നെ അധ്യാപികയാകുക എന്നതാണ് സാബ്രിയുടെ ഇഷ്ടം. കലാമണ്ഡലത്തിന്റെ പടവുകള്‍ കയറി  അവള്‍ തന്റെ സ്വപ്‌നത്തിലേക്ക് യാത്ര തുടങ്ങി...

Content Highlights: first muslim girl entrol for kathakali at kalamandalam