100 കോടി നേടിയ ആദ്യ ഇന്ത്യന്‍പടം; വിദേശത്തുനിന്ന് 94 കോടി, ഡിസ്‌കോ ഡാന്‍സറായി മിഥുന്‍ ചക്രവര്‍ത്തി

'ഡിസ്‌കോ ഡാന്‍സറി'ല്‍ മിഥുന്‍ ചക്രവര്‍ത്തി
'ഡിസ്‌കോ ഡാന്‍സറി'ല്‍ മിഥുന്‍ ചക്രവര്‍ത്തി

ബോക്‌സ് ഓഫീസില്‍ 1000 കോടിയും 500 കോടിയുമൊന്നും വലിയ സംഭവമല്ല ഇന്ന്. ദംഗല്‍ (2070 കോടി), ബാഹുബലി (1790 കോടി), ആര്‍ആര്‍ആര്‍ (1188 കോടി), കെ.ജി.എഫ് ചാപ്റ്റര്‍ 2 (1187 കോടി), ജവാന്‍ (1148 കോടി), കല്‍ക്കി (1100 കോടി), പത്താന്‍ (1050 കോടി)...ആഗോളകളക്ഷനില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന ഇന്ത്യന്‍പടങ്ങള്‍ ഇവയാണ്. ഈ കണക്കുകളെല്ലാം 'പുഷ്പ:2' മറികടക്കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. നിലവില്‍ 1409 കോടി രൂപയാണ് സിനിമയുടെ ആഗോളകളക്ഷനെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ 'ദംഗലി'നെയും 'പുഷ്പ: 2' മറികടക്കുമെന്നാണ് വിലയിരുത്തല്‍. 

ഏറ്റവുമാദ്യം 100 കോടി കടന്ന സിനിമ ഏതെന്ന് അറിയാമോ? 1982-ല്‍ പുറത്തിറങ്ങിയ 'ഡിസ്‌കോ ഡാന്‍സര്‍'. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് 6 കോടി രൂപ മാത്രമേ കിട്ടിയുള്ളൂ. ബാക്കിയുള്ളത് മുഴുവന്‍ സോവിയറ്റ് യൂണിയനില്‍നിന്നും. അവിടെ 12 കോടി ടിക്കറ്റുകളാണ് വിറ്റുപോയത്. ഏകദേശം 95 കോടി ഇന്ത്യന്‍രൂപയാണ് ടിക്കറ്റ് വില്‍പനയില്‍നിന്ന് ലഭിച്ചത്. ആ വര്‍ഷം സോവിയറ്റ് യൂണിയനില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ രണ്ടാം സ്ഥാനത്തായിരുന്നു 'ഡിസ്‌കോ ഡാന്‍സര്‍'.   

'ഷോലെ' (1975) എന്ന അമിതാഭ് ബച്ചന്‍ പടത്തിന്റെ റെക്കോഡുകളാണ് സിനിമ തിരുത്തിയത്. 12 വര്‍ഷങ്ങള്‍ക്കുശേഷം 'ഹം ആപ്‌കെ ഹെ കോന്‍' റിലീസാവുന്നതുവരെ 'ഡിസ്‌കോ ഡാന്‍സര്‍' ആയിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റ്. 'ഹം ആപ്‌കെ ഹെ കോന്‍' 128 കോടിയാണ് ആഗോളതലത്തില്‍ നേടിയത്.  

മിഥുന്‍ ചക്രവര്‍ത്തിയാണ് സിനിമയിലെ നായകന്‍. അതുവരെ ബോളിവുഡില്‍ ഏറെക്കുറെ 'ആംഗ്രി യങ് മാന്‍' യുഗമായിരുന്നു. സലിം-ജാവേദിന്റെ തിരക്കഥയില്‍ അമിതാഭ് ബച്ചന്‍ താരമായി കത്തിനില്‍ക്കുമ്പോഴാണ്, 'ഡിസ്‌കോ ഡാന്‍സര്‍' റിലീസാവുന്നത്. അതോടെ കഥ മാറി. ബോളിവുഡില്‍ ഡിസ്‌കോ പാട്ടുകള്‍ക്ക് തുടക്കം കുറിച്ചതും ഇതോടെ തന്നെ. പാവങ്ങളുടെ ബച്ചന്‍ എന്ന് മിഥുന്‍ ചക്രവര്‍ത്തി അറിയപ്പെടാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കരിയറിലെ മറക്കാനാവാത്ത ഒരു കഥാപാത്രമാണത്. 

''ആ സിനിമ എന്നെ ഡാന്‍സിങ് സൂപ്പര്‍സ്റ്റാറാക്കി മാറ്റി. ഡാന്‍സില്‍ മാത്രം നിന്നുകൊണ്ട് ഒരു സിനിമയെടുക്കാന്‍ ഇന്നത്തെ കാലത്ത് ആരെങ്കിലും തയ്യാറാകുമെന്ന് എനിക്ക് തോന്നുന്നില്ല. അതൊരു റിസ്‌കായിരുന്നു'', മിഥുന്‍ ഓര്‍ക്കുന്നു. ബബ്ബാര്‍ സുഭാഷ് ആണ് സിനിമയുടെ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചത്. തെരുവില്‍നിന്നുള്ള ഒരു ഗായകന്‍ ഡിസ്‌കോ സ്റ്റാര്‍ ആവുന്ന കഥയാണ് 'ഡിസ്‌കോ ഡാന്‍സറി'ന്റേത്.

ബാപ്പി ലാഹിരിയാണ് സിനിമയ്ക്ക് സംഗീതം നിര്‍വഹിച്ചത്. വരികളെഴുതിയത് അഞ്ജാന്‍, ഫറൂഖ് കൈസര്‍ എന്നിവരും. ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍, ജിമ്മി ജിമ്മി ജിമ്മി ആജാ, യാദ് ആ രഹാ ഹേ, ഗോരോ കി ന കാലോ കി...ഇങ്ങനെ മനോഹരമായ പാട്ടുകളാണ് സിനിമയിലുള്ളത്. അവയെല്ലാം ഇന്നും ആളുകള്‍ക്ക് ഏറെ പ്രിയങ്കരം തന്നെ. 'ജിമ്മി ജിമ്മി' എന്ന പാട്ടിലൂടെ ചൈനയിലും മിഥുന്‍ ചക്രവര്‍ത്തി ഏറെ പ്രശസ്തനായി.   

മിന്നുന്ന ഫുള്‍സ്ലീവ് ബ്ലേസറും പ്ലെയിന്‍ പാന്റും സില്‍വര്‍ ഷൂസും സില്‍വര്‍ ഷര്‍ട്ടുമായിരുന്നു മിഥുന്റെ വേഷം. അതിനൊപ്പം നെറ്റിയില്‍ ഒരു സില്‍വര്‍ ബാന്റും. ഒപ്പം ഡിസ്‌കോ ചുവടുകളുമായി ആളുകളുടെ ഹൃദയത്തിലിടം നേടി മിഥുന്‍.
 

Content Highlights: first indian movie to cross 100 crores