അടുത്ത ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ വിനേഷിനെ പ്രേരിപ്പിക്കുമെന്ന് കുടുംബം, പിന്തുണച്ച് ഗീത

പാരിസ് ഒളിമ്പിക്‌സിലെ അയോഗ്യതയ്ക്കു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഗുസ്തിതാരം വിനേഷ് ഫോഗട്ട്. ഒളിമ്പിക്‌സ് ഗുസ്തിയില്‍ 50 കിലോഗ്രാം വിഭാഗം ഫൈനലില്‍ പ്രവേശിച്ച നിര്‍ണായകവേളയിലാണ് ഭാരപരിശോധനയില്‍ പരാജയപ്പെട്ട് അവര്‍ക്ക് പുറത്തുപോവേണ്ടിവന്നത്. ഇതിനിടയില്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചത് താരത്തിന്റെ വൈകാരിക തീരുമാനമായിട്ടാണ് കുടുംബം കണക്കാക്കുന്നത്. അന്താരാഷ്ട്ര ഗുസ്തിരംഗത്ത് പേരെടുത്തവരാണ് ഇന്ത്യയിലെ ഫോഗട്ട് സഹോദരിമാര്‍. ഗീത ഫോഗട്ട്, ബബിത ഫോഗട്ട്, പ്രിയങ്ക ഫോഗട്ട്, ഋതു ഫോഗട്ട്, സംഗീത ഫോഗട്ട് എന്നിവരാണവര്‍.
വിനേഷിനെ ഗുസ്തിയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് അച്ഛന്റെ സഹോദരനായ മഹാവീര്‍ ഫോഗട്ടാണ്. പാരിസ് ഒളിമ്പിക്‌സില്‍ ദുരനുഭവം നേരിട്ടതിന്റെ വൈകാരികതയില്‍ വിരമിക്കല്‍ തീരുമാനത്തിലേക്ക് അവളെത്തിയത് സ്വാഭാവികമാണെന്ന് മഹാവീര്‍ മാധ്യമങ്ങളോടു പറഞ്ഞു. അവള്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷം തീരുമാനത്തില്‍ നിന്ന് പിന്‍മാറാനാവശ്യപ്പെടും, 2028-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഇത്തവണ ഒളിമ്പിക് സ്വര്‍ണം അവള്‍ നേടുമായിരുന്നു, പക്ഷേ, അയോഗ്യയായിപ്പോയി. ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവിന് നല്‍കുന്ന എല്ലാ ബഹുമാനവും സൗകര്യങ്ങളും പാരിതോഷികങ്ങളും നല്‍കുമെന്ന ഹരിയാന മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു' - എ.എന്‍.ഐ. വാര്‍ത്താ ഏജന്‍സിയോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവും ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവുമായ ഗീത ഫോഗട്ട് വിനേഷിന് അഭിനന്ദനമറിയിച്ചു. മഹാവീര്‍ ഫോഗട്ടിന്റെ മകള്‍കൂടിയാണ് ഗീത. ഗുസ്തി മേഖലയില്‍ വിനേഷ് ചെയ്ത കാര്യങ്ങള്‍ക്ക് രാജ്യം കടപ്പെട്ടിരിക്കുമെന്നും അവളെന്നും സ്ത്രീകള്‍ക്ക് ഒരു പ്രചോദനമായിരിക്കുമെന്നും ഗീത എക്‌സില്‍ കുറിച്ചു.
'സഹോദരി, നീ രാജ്യത്തിനായി ചെയ്തതിന് ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കും, നിന്റെ അഭിനിവേശവും പോരാട്ടവീര്യവും നൂറ്റാണ്ടുകളോളം ഓര്‍മിക്കപ്പെടും. എല്ലാ പെണ്‍കുട്ടികള്‍ക്കും നീ മാതൃകയാണ്.'-അവരെഴുതി.
ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ വിനേഷിന്റെ അയോഗ്യതാ പ്രഖ്യാപനം വന്നത് രാജ്യത്തെയൊന്നാകെ ഞെട്ടിച്ചിരുന്നു. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരക്കൂടുതലാണ് വിനേഷിന് വിനയായത്.
Content Highlights: family will try to convince vinesh phogat to compete in 2028 olympics