ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ച ദിവസമായിരുന്നു അത്, ആകാശവാണിക്കാലത്തെ അനുഭവം പങ്കുവെച്ച് തങ്കമണി

ഓരോ ക്ലിക്കിനും ശേഷം ഫോട്ടോഗ്രാഫര്‍ വിളിച്ചുപറഞ്ഞു : ''കുറച്ചുകൂടി നല്ല ചിരി...'' അപ്പോള്‍ അപ്പുറത്തുനിന്ന് മറുപടി : ''എങ്ങനെയുള്ള ചിരിയാ വേണ്ടത് ? പൊട്ടിച്ചിരിയാണോ ? കുലുങ്ങിച്ചിരി വേണോ ? അതോ അടക്കിപ്പിടിച്ച ചിരി മതിയോ ? '' ആ ശബ്ദത്തിന് ഇപ്പോഴും ഒരു മാറ്റവുമില്ല. ചിരിക്കൊപ്പം കിലുങ്ങുന്ന ശബ്ദം. മലയാളിയുടെ ഗതകാല ഓര്‍മകളിലെ പ്രിയ ശബ്ദം. നിറചിരിയോടെ എം. തങ്കമണി ഫോട്ടോയില്‍ പതിഞ്ഞു.
40 വര്‍ഷക്കാലം തൃശ്ശൂര്‍ ആകാശവാണിയുടെ ശബ്ദമായിരുന്നു എം. തങ്കമണി. ഒരുകാലത്ത് ജനപ്രിയ റേഡിയോനാടകങ്ങളിലൂടെ പ്രേക്ഷകരുടെ കാതിനെയും ഹൃദയത്തെയും ആര്‍ദ്രമാക്കിയ നാദം. പൊട്ടിച്ചിരിയായും പൊട്ടിക്കരച്ചിലായും നെടുവീര്‍പ്പായും ഒഴുകിപ്പരന്ന ആ ശബ്ദത്തിന് ഇന്നും മാറ്റ് കുറവില്ല. തനി തങ്കം പോലെ ശുദ്ധം. ചെമ്പൂക്കാവ് 'തുഷാര' യിലെ സ്വസ്ഥജീവിതത്തിനിടയില് പിന്നിട്ട ആകാശവാണിക്കാലത്തിലേക്കും എം.ആര്.ബി. എന്ന അച്ഛനിലേക്കും ജീവിതത്തിന്റെ നിറവുകളിലേക്കും തങ്കമണിയുടെ തുടര്നടത്തം.
തിക്കോടിയന്റെ ചോദ്യം
''ഞങ്ങള്‍ മൂന്ന് മക്കളാണ്. ഏറ്റവും ഇളയ ആളാണ് ഞാന്‍. കലയോട് ചെറുപ്പം മുതലേ താല്പര്യമായിരുന്നു. നാടകത്തോടും നൃത്തത്തോടും ഇഷ്ടം. നാലാം ക്ലാസ്സില്‍ പഠിക്കുക്കുമ്പോള് അച്ഛന്റെയൊപ്പം കോഴിക്കോട് ആകാശവാണിയില്‍ പോയി. അവിടെ തിക്കോടിയനുണ്ടായിരുന്നു. അദ്ദേഹം എന്നെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയിട്ട് ചോദിച്ചു : 'പൂരം കാണാന്‍ അച്ഛന് കൊണ്ടുപോയില്ലെങ്കില്‍ ആ വിഷമം മോളെങ്ങനെ മറ്റുള്ളവരോട് പറയും? ' ഞാന്‍ അത് മുഖത്ത് സങ്കടം വരുത്തി അഭിനയിച്ച് കാണിച്ചു. പോകാന്നേരം അദ്ദേഹം പറഞ്ഞു : 'നാടകത്തിലേക്കുള്ള ഓഡിഷന് ഇവിടെ നടക്കാറുണ്ട്. വലുതായാല്‍ വരണം.' അങ്ങനെ പത്തുപതിനാറ് വയസ്സായപ്പോള്‍ ഞാന്‍ ഓഡിഷനില്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ടെന്ന് പറഞ്ഞ് കത്ത് വന്നു. ആദ്യം അഭിനയിച്ച നാടകം തിക്കോടിയന്റെ 'കടക്കെണി' ആയിരുന്നു. അത് നാടകത്തെ ഇഷ്ടത്തോടെയും ഗൗരവത്തോടെയും കാണാന്‍ പ്രേരകമായി. നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് കൂടുതല്‍ സന്തോഷം ലഭിക്കുന്നതെന്ന് ഞാന്‍ മനസിലാക്കി. പിന്നീട് ആകാശവാണിയിലെത്തിയതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്.''
ആകാശവാണിയുടെ ശൈശവകാലത്ത്
1967-ല്‍ തൃശ്ശൂര്‍ ആകാശവാണിയില്‍ കാഷ്വല്‍ അനൗണ്‍സറായി തങ്കമണി ജോലിയില്‍ പ്രവേശിച്ചു. അക്കാലം ഇന്നും അവരുടെ ഓര്‍മകളിലുണ്ട്. ''കരാര്‍ അടിസ്ഥാനത്തിലായിരുന്നു ജോലി. അന്ന് തൃശ്ശൂര്‍ ആകാശവാണി ശൈശവദശയിലായിരുന്നു. തിരുവനന്തപുരത്ത് അവതരിപ്പിച്ചിരുന്ന പരിപാടികളാണ് ഇവിടെയും പ്രക്ഷേപണം ചെയ്തിരുന്നത്. ആറ് പ്രധാന അനൗണ്സര്മാരുണ്ടായിരുന്നു. ഇവരില്‍ ആരെങ്കിലും അവധിയായാല്‍ മാത്രമാണ് എന്നെ വിളിച്ചിരുന്നത്. പി. പത്മരാജന്, രാധാലക്ഷ്മി എന്നിവരെല്ലാം ഉള്ള സമയമായിരുന്നു.
1973-ല്‍ തൃശ്ശൂര്‍ ആകാശവാണി സ്വതന്ത്രമായി. പുതിയ പരിപാടികള്‍ തുടങ്ങാനുള്ള അവസരം ലഭിച്ചു. ആകാശവാണിക്കുവേണ്ടി ആദ്യം അവതരിപ്പിച്ച നാടകം സി.എല്‍. ജോസിന്റെ 'വിഷചുംബനം' ആയിരുന്നു. പ്രേക്ഷകരില്‍നിന്ന് മികച്ച അഭിപ്രായം കിട്ടി. വളരെ ബുദ്ധിമുട്ടിയാണ് ഞങ്ങള്‍ ആ നാടകം ചെയ്തത്. 1975-ല്‍ ആകാശവാണിയിലെ സ്ഥിരം അനൗണ്സര് ആയി. നാടകത്തിനൊപ്പം പല പരിപാടികളും അവതരിപ്പിച്ചുതുടങ്ങി.
ആദ്യം അവതരിപ്പിച്ചത് കുട്ടികളുടെ പരിപാടിയായ 'ബാലമണ്ഡല'മായിരുന്നു. അവതാരകരുടെ കൂട്ടത്തില്‍ ഏറ്റവും ചെറുത് ഞാനായിരുന്നു. ശ്രോതാക്കളുടെ കത്തുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 'എഴുത്തുപെട്ടി' (പിന്നീട് 'നിങ്ങളുടെ കത്തുകള്‍' എന്നു പേരുമാറ്റി) ആകാശവാണിയില്‍നിന്ന് വിരമിക്കുംവരെ ചെയ്തു. ചെമ്പൈ സംഗീതോത്സവം ആകാശവാണിയില്‍ 17 വര്‍ഷം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചതും മറക്കാനാകാത്ത അനുഭവമാണ്.''
അച്ഛന് എന്നും അഭിമാനം
കേരള ചരിത്രത്തിലും സാഹിത്യത്തിലും അമൂല്യസംഭാവനകള്‍ നല്കിയ എം.ആര്.ഭട്ടതിരിപ്പാടിന്റെ മകളാണ് തങ്കമണി. കലയോടുള്ള ഇഷ്ടം വളര്‍ത്തുന്നതില്‍ അച്ഛന്റെ പങ്ക് വലുതായിരുന്നെന്ന് അവര്‍ പറയുന്നു. ''എം.ആര്.ബി.യുടെ മകള്‍ എന്ന പരിഗണന കരുത്തും ആത്മവിശ്വാസവും നല്കി. ആകാശവാണിയിലേക്ക് എന്നെ ആദ്യമായി കൊണ്ടുപോയത് അച്ഛനാണ്. ജീവിതത്തിലെ നിര്ണായകനിമിഷങ്ങളിലെല്ലാം അച്ഛന് ഒപ്പമുണ്ടായിരുന്നു.
അച്ഛന് അച്ഛന്റേതായ ലോകമുണ്ടായിരുന്നു. യാത്രകള്‍, എഴുത്ത്, പ്രസംഗം... ഇതിനിടയില്‍ വല്ലപ്പോഴുമേ കിട്ടൂ. എന്തെങ്കിലും അങ്ങോട്ട് പറഞ്ഞാല്‍ മാത്രമേ പ്രതികരിക്കാറുള്ളൂ. 'അച്ഛാ, റേഡിയോയില്‍ ഇന്നൊരു പരിപാടിയുണ്ട് ' എന്നെല്ലാം ഞാന്‍ പറയും. അഭിപ്രായമൊന്നും കിട്ടിയെന്നു വരില്ല. ഒരു മൂളല്‍ മാത്രമാകും മറുപടി. അമ്മ പക്ഷേ അങ്ങനെയല്ല. റേഡിയോയിലെ എല്ലാ പരിപാടികളും കേള്‍ക്കും. നല്ലതാണെങ്കില്‍ നല്ലതെന്ന് പറയും. മോശമാണെങ്കില്‍ അങ്ങനെയും. എന്റെ വിവാഹം കഴിഞ്ഞതു മുതല്‍ അച്ഛനും അമ്മയും ചേച്ചിമാരും എനിക്കൊപ്പം ഈ വീട്ടിലാണ് താമസിച്ചത്. അവസാനനാളുകളിലും ആ സ്നേഹവും കരുതലും എനിക്കനുഭവിക്കാന്‍ കഴിഞ്ഞു.''
ആ സീന്‍
ആകാശവാണിയില്‍ നിന്ന് സിനിമയിലേക്കുള്ള വഴിത്തിരിവിലേക്ക് തങ്കമണി കടന്നു. ''കാഷ്വല്‍ അനൗണ്‍സറായി ജോലി ചെയ്യുമ്പോഴാണ് സിനിമയില്‍ നിന്ന് വിളിച്ചത്. അന്നെനിക്ക് 22 വയസ്സേയുള്ളൂ. 1970-ല്‍ എ. വിന്‍സെന്റ് മാഷ് സംവിധാനം ചെയ്ത 'തീര്‍ത്ഥയാത്ര' എന്ന സിനിമയ്ക്കാണ് ആദ്യം ശബ്ദം നല്‍കുന്നത്. സുപ്രിയ എന്ന തെലുങ്കു നടിക്ക്. ആദ്യം ഡബ്ബ് ചെയ്യാന്‍ കിട്ടിയത് ഒരു പീഡനരംഗമാണ്്. കുടുങ്ങിയില്ലേ... ശരിയാവുന്നില്ല. കെ.പി.എസി. ലളിതയും കവിയൂര്‍ പൊന്നമ്മയുമൊക്കെ അടുത്ത് വന്ന് ആശ്വസിപ്പിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ വിന്‍സെന്റ് മാഷ് വന്നുപറഞ്ഞു, 'തങ്കമണി ഒന്ന് സങ്കല്പിക്കൂ... ഒരാള്‍ ഉപദ്രവിക്കാന്‍ വന്നാല്‍ എന്താണ് തോന്നുക.' 'എന്നെ ആരും ഉപദ്രവിക്കാന്‍ വരില്ല' എന്നായിരുന്നു എന്റെ മറുപടി. ബലാത്സംഗമൊക്കെ സിനിമയില്‍ മാത്രമേ നടക്കൂ എന്നായിരുന്നു അന്നത്തെ ധാരണ. ഡബ്ബിങ് ആ ദിവസം നടന്നില്ല.
ഹോട്ടല്‍ മുറിയിലെത്തി മനസ്സിനെ തയ്യാറാക്കി. പിറ്റേന്ന് പോയി എങ്ങനെയൊക്കെയോ ആ ഭാഗം ചെയ്തു. ആകാശവാണിയില്‍ സ്ഥിരം അനൗണ്‍സറായപ്പോള്‍ സിനിമാലോകത്തുനിന്ന് പൂര്‍ണമായും വിട്ടുനിന്നു. അവസരങ്ങള്‍ ഒരുപാട് വന്നെങ്കിലും അനുമതി കിട്ടാതിരുന്നതുകൊണ്ട് എല്ലാം ഒഴിവാക്കി.
വളരെക്കഴിഞ്ഞാണ് പിന്നെ ഡബ്ബ് ചെയ്യാന്‍ പോകുന്നത്. 'തീര്‍ത്ഥാടന'ത്തിലും 'വാനപ്രസ്ഥ'ത്തിലും സുഹാസിനിക്ക് ശബ്ദം നല്കി. 'തീര്‍ത്ഥാടന'ത്തിന് മികച്ച ഡബ്ബിങിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. പിന്നെ 'ദേശാടന'ത്തില്‍ മിനി നായര്‍ക്ക് ഡബ്ബ് ചെയ്തു. 2016-ല്‍ 'ഓലപ്പീപ്പി 'എന്ന സിനിമയില്‍ കാഞ്ചന എന്ന നടിക്ക് ശബ്ദം നല്കി. അതിനും അവാര്‍ഡ് ലഭിച്ചു. 'രാപ്പകല്‍' സിനിമയില്‍ ശാരദാമ്മയ്ക്ക് ശബ്ദം നല്കാന് കഴിഞ്ഞത് വലിയ ഭാഗ്യമാണ്. പിറവി, ഒരു ചെറുപുഞ്ചിരി, സ്വം, കുട്ടിസ്രാങ്ക് എന്നിങ്ങനെ ഇരുപത്തഞ്ചോളം സിനിമകളില്‍ ശബ്ദം നല്കി.
ഇന്ദിരാവധവും കാര്‍ തടയലും
ആകാശവാണിക്കാലത്തെ ഞെട്ടിക്കുന്നൊരു അനുഭവവും അവര്‍ പങ്കുവച്ചു. ''ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് എറണാകുളത്തുനിന്ന് തിരിച്ച് വരികയായിരുന്നു. പാലാരിവട്ടത്തോ മറ്റോ എത്തിയപ്പോള്‍ കുറച്ചാളുകള്‍ കാര്‍ തടഞ്ഞു. ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ച ദിവസമായിരുന്നു അത്. അതിരാവിലെ പുറപ്പെട്ടതുകൊണ്ട് ഞങ്ങള്‍ വിവരമറിഞ്ഞില്ല. വാര്‍ത്ത കൊടുക്കാത്തതിനായിരുന്നു കാര്‍ തടയല്‍. അവര്‍ അക്രമാസക്തരായി കാറിന് കല്ലെറിയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കാറില്‍ നിന്നിറങ്ങി. സത്യാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തി.
എന്തോ അലിവ് തോന്നി അവര്‍ ഞങ്ങളെ വിട്ടയച്ചു. മുമ്പ് ജയപ്രകാശ് നാരായണന് മരിച്ചുവെന്ന് പറഞ്ഞ് ഒരു വാര്‍ത്ത ആകാശവാണി കൊടുത്തിരുന്നു. പക്ഷേ, അദ്ദേഹം മരിച്ചിരുന്നില്ല. ഇങ്ങനെയുള്ള അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഡല്‍ഹിയില്‍നിന്ന് ഔദ്യോഗികമായി വിവരം ലഭിച്ചാല്‍ മാത്രം വാര്‍ത്ത കൊടുത്താല്‍ മതിയെന്ന് തിരുമാനിച്ചിരുന്നു.
അതുകൊണ്ടാണ് ഇന്ദിരാഗാന്ധി മരിച്ച വാര്‍ത്ത വൈകി കൊടുത്തത്. അന്നത്തെ ആ സംഭവം ഇന്നും ഞെട്ടലോടെയേ ഓര്‍ക്കാനാകൂ.''
കല്യാണാലോചനയുമായി ഒരു യുവാവ്
''ആകാശവാണിക്കാലത്ത് രസകരമായ കുറെ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഞാന്‍ അവതരിപ്പിക്കുന്ന നാടകങ്ങളും പരിപാടികളും കേട്ട് എന്റെ ശബ്ദത്തോട് കടുത്ത ഇഷ്ടം തോന്നിയ ഒരു ചെറുപ്പക്കാരന് ഒരിക്കല്‍ അയാളുടെ അമ്മയെയും കൂട്ടി ആകാശവാണിയിലേക്ക് വന്നു. സ്റ്റേഷന് എഞ്ചിനീയറെ കണ്ട് എന്നെ കല്യാണം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് അയാള്‍ പറഞ്ഞു. എന്റെ കല്യാണം കഴിഞ്ഞതാണ് എന്നെല്ലാം പറഞ്ഞിട്ടും അയാള്‍ക്ക് യാതൊരു കൂസലുമില്ല. ആ അമ്മ എന്റെയടുത്തേക്ക് വന്ന് 'മോള് എങ്ങനെയെങ്കിലും സമ്മതിക്കണം' എന്നുപറഞ്ഞു. 'എനിക്കൊരു കുടുംബമുണ്ട്, മകനെ ഏതെങ്കിലും മാനസികാരോഗ്യ വിദഗ്ധന്റെ അടുത്തേക്ക് കൊണ്ടുപോകൂ' എന്ന് ഞാന്‍ അവരോട് അഭ്യര്‍ഥിച്ചു. അവര്‍ മടങ്ങിപ്പോയി.
'പ്രഹേളിക 'എന്ന നാടകവും മറക്കാനാകാത്ത അനുഭവമായിരുന്നു. മാനസിക വെല്ലുവിളി അനുഭവിക്കുന്ന പെണ്‍കുട്ടിയായിരുന്നു അതിലെ പ്രധാന കഥാപാത്രം. ആ കഥാപാത്രത്തിന്റെ ചേഷ്ടകളെല്ലാം ശബ്ദത്തിലൂടെ കാണിക്കണം. വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ കഴിയാവുന്നത്രയും മികവോടെ ചെയ്തു. നല്ല അഭിപ്രായങ്ങള്‍ ലഭിച്ചു. ജീവിതത്തിന് അര്‍ഥം നല്‍കുന്നത് അതൊക്കെയാണ്. ''
എല്ലാം ദൈവാനുഗ്രഹം
2008-ല്‍ തങ്കമണി ആകാശവാണിയില്‍നിന്ന് വിരമിച്ചു. അതിനുശേഷം ഒരുപാട് മാറ്റങ്ങള്‍ ആകാശവാണിയിലും അവരുടെ ജീവിതത്തിലും ഉണ്ടായി. ''ഭര്‍ത്താവ് ശിവന് മരിച്ചിട്ട് പത്ത് വര്‍ഷത്തിലേറെയായി. സഹോദരിമാരില്‍ ഒരാള്‍ മരണപ്പെട്ടു. എനിക്കൊരു മകനാണുള്ളത്. വിദേശത്ത് ജോലി ചെയ്യുന്നു.''
ഏതു മാറ്റത്തിലും മാറ്റമില്ലാതെ തുടരുന്ന അവരുടെ ശബ്ദത്തില്‍ ആ പഴയകാലം തുടിച്ചുനില്ക്കുന്നു.
Content Highlights: evergreen voice akasavani announcer thankamani interview