അത്യാവശ്യം സ്വാതന്ത്ര്യം അനുവദിക്കുന്ന സൈക്കോ ഷമ്മിയുടെ മറ്റൊരു വേര്‍ഷനാണ് സര്‍ക്കാര്‍: രാഹുല്‍

പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കുന്ന പ്രവണത ഏറുന്ന കാലമാണോ ഇത്?
ഗൗരി ലങ്കേഷിന്റെ കൊലപാതകം ഓര്‍ക്കുന്നുണ്ടോ? അവരെ ഇല്ലാതാക്കുക എന്നതിനപ്പുറം അതൊരു സൂചനയാണ്. അനുകൂലമായി വാര്‍ത്തയെഴുതുക, ഇല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാകുക എന്ന സൂചന. ജസ്റ്റിസ് ലോയയുടെ മരണം ജുഡീഷ്യല്‍ സമ്പ്രദായങ്ങള്‍ക്ക് മുഴുവനുമുള്ള താക്കീതാണ്. നമ്മള്‍ നമ്മളോട് ആത്മാര്‍ഥത പുലര്‍ത്തുമ്പോള്‍ കല്‍ബുര്‍ഗിയോ പന്‍സാരെയോ ഗൗരി ലങ്കേഷോ ഒക്കെയായി മാറും. കേന്ദ്രത്തിലും കേരളത്തിലും സംഭവിക്കുന്നത് ഇതാണ്.
അപൂര്‍വമായി മാത്രം രാഷ്ട്രീയംപറയുന്ന എം.ടി.പോലും ഈ അടുത്തിടെ സര്‍ക്കാരിനെ വിമര്‍ശിക്കുകയുണ്ടായി. എം.ടി.യുടെ പ്രസംഗത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടെന്നുള്ള ആരോപണമാണ് പിന്നാലെവന്നത്. എത്രത്തോളം ശക്തമാണ് ഇവിടെ ഫാസിസം എന്ന് മനസ്സിലാക്കാന്‍ അതുമാത്രം പോരേ.
സി.ഐ.ടി.യു. പല മേഖലയിലും ശക്തമാണ്. അതിന്റെ ഏറ്റവും ശക്തമായ രൂപം സാസ്‌കാരിക മേഖലയില്‍ ആണെന്നാണ് എന്റെ അഭിപ്രായം. കുറെ സാംസ്‌കാരികത്തൊഴിലാളികള്‍ സര്‍ക്കാറിനുവേണ്ടി ജോലിചെയ്യുന്നു. ഒന്നുകില്‍ അവര്‍ നിശ്ശബ്ദതകൊണ്ട് അനീതിക്ക് വളമേകും. അതല്ലയെങ്കില്‍ വാഴ്ത്തുപാട്ടുകളുമായി സര്‍ക്കാറിനെ പ്രോത്സാഹിപ്പിക്കും. അങ്ങനെ മിണ്ടാക്കൂലി വാങ്ങുന്നവര്‍ക്ക് കേരള ശ്രീ, കേരള പ്രഭ അങ്ങനെ ഏതെങ്കിലും ബഹുമതി പകരമായിക്കിട്ടും.
പാര്‍ട്ടി സെക്രട്ടറി പറയും മുഖ്യമന്ത്രി സൂര്യനാണെന്ന്. സാംസ്‌കാരിക നായകന്മാര്‍ ഈ സൂര്യനുചുറ്റും ഒരു കാര്യവുമില്ലാതെ വെറുതേ കറങ്ങും. എം. മുകുന്ദന്‍ പറഞ്ഞതുപോലെ അമിതാധികാര പ്രയോഗത്തിന്റെ അതിപ്രസരമാണ് ഇന്ന് ഈ നാട്ടില്‍ നടക്കുന്നത്. അവസ്ഥ ഗുരുതരമാണ്. അതുകൊണ്ട് കൂടുതല്‍ സംസാരിക്കുക. ആ ഉത്തരവാദിത്തം ചെറുപ്പത്തിന്റെ കൈകളിലാണ്.
ചെറുപ്പക്കാര്‍ നാടുവിട്ട് പോകുന്നതിന്റെ കാരണം എന്താകാം?
കേരളവും നമ്മുടെ രാജ്യവും ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നില്ല. സര്‍ക്കാര്‍ജോലികള്‍ക്ക് അപേക്ഷകരുടെ എണ്ണംകുറഞ്ഞു. ചെറുപ്പക്കാര്‍ രാജ്യംവിട്ടുപോകുന്നു. ജോലിചെയ്താല്‍ ശമ്പളം കിട്ടുമെന്ന് എന്താ ഉറപ്പ്. കേരളത്തില്‍ കൃത്യമായി ശമ്പളംകിട്ടുമെന്ന് തീരേ ഉറപ്പില്ലാത്ത ആളുടെ പേര് കെ.എന്‍. ബാലഗോപാല്‍ എന്നാണ്. അതാണ് അവസ്ഥ. ഇവിടെ ജീവിച്ചിട്ട് ഒരു കാര്യവുമില്ലെന്ന തോന്നല്‍ ഇടതടവില്ലാതെ സര്‍ക്കാര്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. 65 ലക്ഷം മനുഷ്യര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല. അവരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമവും സര്‍ക്കാറിന്റെ പറയപ്പെടുന്ന ജീവന്‍രക്ഷാ സേനയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്.
എത്രത്തോളം പെണ്‍പക്ഷത്താണ് നമ്മുടെ സര്‍ക്കാര്‍?
അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ അനുവദിക്കുന്ന മോഡേണ്‍ ആണ് ഞാനെന്ന സൈക്കോ ഷമ്മിയുടെ മറ്റൊരു വേര്‍ഷനാണ് സര്‍ക്കാര്‍. മാനവീയം വീഥിയില്‍ പെണ്‍നടത്തം നടത്തിയതുകൊണ്ട് ഇടതുപക്ഷം പെണ്‍പക്ഷമാകുന്നില്ല. സമരംചെയ്ത പെണ്‍കുട്ടിയുടെ മൂക്ക് പോലീസ് അടിച്ചുതകര്‍ത്തത് അതേ ദിവസമാണെന്നത് ഓര്‍ക്കണം. പ്രതിഷേധിച്ച പെണ്‍കുട്ടിയുടെ മുടിയില്‍ ബൂട്ടിട്ട് ചവിട്ടിയതും ഇതേ പോലീസല്ലേ. സമരംചെയ്യുന്ന പെണ്‍കുട്ടികളുടെ വസ്ത്രം വലിച്ചുകീറുക എന്നുള്ളത് പതിവുശൈലിയാണ്. പിന്നെ ഇതെന്ത് സ്ത്രീപക്ഷമാണ്.
വണ്ടിപ്പെരിയാറില്‍ ആറുവയസ്സുള്ള ഒരു പെണ്‍കുഞ്ഞ് ക്രൂരപീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ടു. കുറ്റാരോപിതന്‍ ഡി.വൈ.എഫ്.ഐ.യുടെ പ്രാദേശിക നേതാവ് അര്‍ജുനാണ്. അയാളെ രക്ഷിക്കാന്‍ പ്രോസിക്യൂഷന്‍ ദുര്‍ബലമാക്കിക്കൊടുത്തു. ഇതെന്ത് പെണ്‍ രാഷ്ട്രീയമാണ്. വണ്ടിപ്പെരിയാറിലെ അനീതിക്കെതിരേ ഞങ്ങള്‍ പ്രതിഷേധിച്ചു. ഞാന്‍ ജീവിതത്തില്‍ ആദ്യമായി വാരിക്കുന്തം കാണുന്നത് വണ്ടിപ്പെരിയാറില്‍ അര്‍ജുനെതിരായി ഞങ്ങള്‍ നടത്തിയ സമരത്തെ നേരിടാന്‍വന്ന ഡി.വൈ.എഫ്.ഐ.ക്കാരുടെ കൈയിലാണ്. സഖാവ് വിജയനും സഖാവ് അര്‍ജുനും ഒരേ സംരക്ഷണം സര്‍ക്കാര്‍ നല്‍കുന്നിടത്ത് പെണ്‍നടത്തം നടത്തിയിട്ട് എന്തുകാര്യം.
കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകാനുള്ള ഏറ്റവുംനല്ല സാഹചര്യം രണ്ടുണ്ടായിരുന്നു. കേരംതിങ്ങും കേരളനാട്ടില്‍ കെ.ആര്‍ ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യത്തോടുകൂടി അധികാരത്തില്‍വന്ന ഒരു സര്‍ക്കാര്‍ ഇവിടെ ഉണ്ടായിരുന്നു. അന്ന് എന്താണ് സംഭവിച്ചത്. 1996-ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ പരാജയപ്പെട്ട് സുശീല ഗോപാലന്‍ മുഖ്യമന്ത്രിയാകുന്ന ഘട്ടംവന്നു. അന്ന് എന്തുപറ്റി. പുതിയമുഖങ്ങള്‍ വരണം എന്ന കാരണം പറഞ്ഞല്ലേ കെ.കെ. ഷൈലജയെ ഒതുക്കിയത്. അങ്ങനെയെങ്കില്‍ അതിനെക്കാള്‍ പഴയമുഖമല്ലേ മുഖ്യമന്ത്രിയുടേത്. എന്തുകൊണ്ട് അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നില്ല.
എന്താണ് കമ്യൂണിസത്തില്‍ നിങ്ങള്‍ കാണുന്ന പോരായ്മ?
ഇന്ത്യയിലെ ഏറ്റവും യാഥാസ്ഥികമായ, നവോത്ഥാനത്തിന്റെ അരണ്ട വെളിച്ചം പോലും കടന്നുചെല്ലാത്ത മതം കമ്യൂണിസമാണ്. ആ മതത്തിന്റെ എല്ലാ തത്ത്വങ്ങളേയും യാതൊരു ആലോചനയുമില്ലാതെ
വിഴുങ്ങുന്ന അന്ധവിശ്വാസികളാണ് അവരുടെ അണികള്‍. ലോകത്തിലെ ഏറ്റവും പിന്തിരിപ്പന്‍ ആശയമാണ് കമ്യൂണിസം. ഉദ്ഭവിച്ച നാടുകളില്‍ ഒന്നും അത് ഇല്ലാത്തത് അതുകൊണ്ടല്ലേ. ആ ആഗോള മാലിന്യത്തിന് അടിഞ്ഞുകൂടാനുള്ള ഇടമായി മാറി കേരളം. പരിപൂര്‍ണമായ ഏകാധിപത്യം.
കാലാകാലങ്ങളായി കമ്യൂണിസ്റ്റ് രാഷ്ട്രീയം കപടമായ പൊതുബോധ നിര്‍മിതികള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അവര്‍ വലിയ വായനക്കാരുടെ വംശമാണെന്ന് അവകാശപ്പെടുന്നു. ഏത് തലമുറയിലെ സി.പി.എം. കോണ്‍ഗ്രസ് താരതമ്യത്തിലാണ് സി.പി.എം. മുന്നില്‍. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെയും നെഹ്‌റുവിന്റെയും പുസ്തകങ്ങള്‍ താരതമ്യത്തിനെടുക്കൂ. ഇന്ത്യയില്‍നിന്നുള്ള ഇംപീരിയലിസ്റ്റ് വിരുദ്ധനായ രാഷ്ട്രീയക്കാരനായതുകൊണ്ട് മാത്രമാണ് നെഹ്‌റുവിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം കിട്ടാതെപോയതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.
ദളിത് രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യുന്നു എന്ന് അവകാശപ്പെടുന്നവരാണ് അവര്‍. ക്ഷേത്രപ്രവേശന വിളംബരമുണ്ടായി എത്ര പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണ് സി.പി.എം.പോളിറ്റ്ബ്യൂറോ എന്ന് പറയുന്ന ശ്രീകോവിലിനുള്ളിലേക്ക് ദളിതന് കയറാന്‍ കഴിഞ്ഞത്. തട്ടിപ്പുകള്‍ക്ക് മുടക്കമില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് നവോത്ഥാനം എന്നപേരില്‍ ചേലക്കര എം.എല്‍.എ. കെ.രാധാകൃഷ്ണന് ദേവസ്വം വകുപ്പ് കൊടുത്തു. മിണ്ടാട്ടംമുട്ടി കൂലിവാങ്ങുന്ന സാംസ്‌കാരിക നായകന്മാര്‍ അതിനെ വാഴ്ത്തി വലിയ കവിതകള്‍ എഴുതി.
പിണറായി വിജയനോളം സീനിയറായ, മന്ത്രിസഭയിലെ രണ്ടാമത്തെ അംഗമാണ് കെ.രാധാകൃഷ്ണന്‍. അദ്ദേഹത്തിന് പദ്ധതിവിഹിതത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ദേവസ്വം വകുപ്പ് മാത്രം കൊടുത്തതില്‍ എന്ത് നവോത്ഥാനമാണുള്ളത്. മുഹമ്മദ് റിയാസ് എന്ന താരതമ്യേന ഇളമുറക്കാരില്‍ ഇളമുറക്കാരന് ടൂറിസവും പൊതുമരാമത്തും. കമ്യൂണിസ്റ്റുകാരന് പേരിന് മുന്നിലല്ല പിന്നിലാണ് വാല് എന്നൊക്കെ സിനിമയില്‍ ഡയലോഗ് തിരുകിക്കയറ്റും അവര്‍. സഖാവ് എന്നതാണത്രേ ആ വാല്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഏറ്റവും വിഖ്യാതരായ നേതാക്കന്മാരുടെ പേരുകള്‍ നോക്കൂ. ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഇ.കെ. നായനാര്‍, പി. കൃഷ്ണപിള്ള... അവരുടെത് ജാതിവാലല്ലേ.
എല്ലായിടത്തും ഫാസിസത്തിന്റെ മുഖം ഒന്നുതന്നെയാണോ?
ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ബാക്കി എല്ലാവരെയും അപരന്മാരായി കരുതി അകറ്റിനിര്‍ത്തുക, ആ അപരന്മാരുടെ ഉന്മൂലനമാണ് ജീവിതലക്ഷ്യമെന്ന് കരുതുക, ഭരണാധികാരിക്ക് നേരെയുള്ള വിമര്‍ശനം നാടിന് നേരെയുള്ള വിമര്‍ശനമാണെന്ന് വരുത്തിത്തീര്‍ക്കുക, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തോട് അമിതമായ സ്‌നേഹം കുത്തിത്തിരുകി മറ്റെല്ലാത്തിനോടും വെറുപ്പ് പ്രചരിപ്പിക്കുക, ഏക പുരുഷനേതാവില്‍ വിശ്വസിക്കുക, ജനാധിപത്യത്തിന്റെ എല്ലാ ചെറിയ ശബ്ദത്തേയും അടിച്ചമര്‍ത്തുക, എതിര്‍സ്വരങ്ങളെ ഇല്ലാതാക്കുക, മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുക.
ഇത്രയും പറയുമ്പോള്‍ പിണറായി വിജയനെപ്പറ്റിയോ നരേന്ദ്രമോദിയെപ്പറ്റിയോ ആണെന്ന് കരുതിയെങ്കില്‍ ഒരു തിരുത്തുണ്ട്. ഞാന്‍ പറഞ്ഞത് ഹിറ്റ്‌ലറെപ്പറ്റിയാണ്. അതേ വിശേഷണങ്ങള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും യോജിച്ചതായതുകൊണ്ടാണ് അവരെപ്പറ്റിയാണെന്ന തോന്നല്‍ ഉണ്ടാകുന്നത്. ഹിറ്റ്‌ലറും മുസോളിനിയും ജനറല്‍ ഫ്രാങ്കോയും വിജയനും മോദിയും എല്ലാം അനുവര്‍ത്തിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ പേര് ഫാസിസം എന്നാണ്. അവര്‍ക്കിടയില്‍ സാമ്യങ്ങള്‍ മാത്രമേയുള്ളൂ, വ്യത്യാസങ്ങളില്ല.
ഇവരില്‍നിന്ന് എങ്ങനെയാണ് ഉമ്മന്‍ചാണ്ടി വ്യത്യസ്തനാകുന്നത്?
അവരുടെ കാര്യം പറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയെപ്പറ്റി പറയുക എന്നത് അനീതിയാണ്. ഇന്ത്യയില്‍ ജനാധിപത്യത്തെ ഏറ്റവും അധികം ആഘോഷമാക്കിയ മനുഷ്യന്‍ നെഹ്‌റുവാണ്. ഉമ്മന്‍ചാണ്ടിയും അതുതന്നെ ചെയ്തു. അദ്ദേഹത്തിന്റെ കരുതലും കാവലും കരുണയുമൊക്കെ എല്ലാവരും തിരിച്ചറിഞ്ഞതാണ്. പക്ഷേ, അതില്‍ മാത്രമായി അദ്ദേഹത്തെ പരിമിതപ്പെടുത്തരുത്. അതിനും എത്രയോ അപ്പുറത്താണ് അദ്ദേഹത്തിന്റെ ജനാധിപത്യബോധ്യം. അദ്ദേഹം അധികാരത്തെ ഏറ്റവും താഴേത്തട്ടില്‍ എത്തിച്ചു. അതുകൊണ്ടാണല്ലോ പലരും അദ്ദേഹത്തെ വില്ലേജ് ഓഫീസര്‍ എന്ന് വിളിച്ചത്. എല്ലാ പ്രസക്തിയും അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കി.
ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര പുതുപ്പള്ളിയിലേക്ക് സഞ്ചരിച്ച രാത്രിയിലെ ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹത്തെ ഏറ്റവും ക്രൂരമായി വിമര്‍ശിച്ച ഒരു സാംസ്‌കാരിക പ്രവര്‍ത്തകനെ ആ രാത്രിയില്‍ ഞാന്‍ തെരുവില്‍ കണ്ടു. പാതിരാത്രിയില്‍ പൊഴിയുന്ന മഴയില്‍ അനുചരന്മാരാരും ഇല്ലാതെ തനിച്ച്. ആ കാത്തുനില്‍ക്കലില്‍ ഒരു മാപ്പുപറച്ചിലും കുറ്റബോധവും ഉണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഒറ്റ തീരുമാനത്തിന്റെ പുറത്ത് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ വഴി കേള്‍വിശക്തി ലഭിച്ച കുഞ്ഞുങ്ങളും രക്ഷിതാക്കളും, അദ്ദേഹത്തിന്റെ ഭരണകാലത്ത് തൊഴില്‍ ലഭിച്ചവര്‍... അങ്ങനെ എത്രയോപേര്‍.
ആ ജനക്കൂട്ടത്തെ കണ്ടതിന്റെ അസ്വസ്ഥത തീര്‍ക്കാനാകാം മാസങ്ങള്‍ക്കിപ്പുറം മറ്റൊരു ബസ്സിനെ നിരത്തില്‍ ഇറക്കിയത്. വിലാപയാത്ര ഉമ്മന്‍ചാണ്ടിയുടേതാണെങ്കിലും നിലവിളി വിജയന്റെതാണെന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ വാക്കുകളാണ് ഞാന്‍ ഓര്‍ത്തത്. അടങ്ങാത്ത സ്‌നേഹത്തിന്റെ ആര്‍ത്തിയോടെ ജനങ്ങള്‍ ഒരു ബസ്സിനരികിലേക്ക് ഓടിയെത്തി. ആറുവര്‍ഷമായി എം.എല്‍.എ. എന്നതിനപ്പുറം അധികാരത്തിന്റ ഒരു രംഗത്തും അദ്ദേഹം ഇല്ല. എന്നിട്ടും ആ പ്രഭ കുറഞ്ഞോ.
രണ്ടാമത്തെ ബസ് കടന്നുപോകുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെയായിരുന്നു. ദേ ഈ മാമന് ടാറ്റാ പറയൂ എന്ന് പറഞ്ഞ് കുഞ്ഞുങ്ങളെ അവര്‍ നിര്‍ബന്ധപൂര്‍വം വെയിലത്ത് നിര്‍ത്തി. സര്‍ക്കുലറിലൂടെ സ്‌നേഹം ചോദിച്ചുവാങ്ങുന്നതും പ്രവൃത്തിയിലൂടെ സ്‌നേഹം നേടിയെടുക്കുന്നതും രണ്ടും രണ്ടാണ്.
(പുനപ്രസിദ്ധീകരണം)
Content Highlights: discourse with rahul mamkoottathil