ചൈനയിലെ ഹോട്ടലില്‍ വെയ്റ്ററായിരുന്ന ഇന്ത്യക്കാരന്‍; ചൈനീസ് പാഠപുസ്തകത്തില്‍ ഇദ്ദേഹത്തിന്റെ ജീവിതവും

ദേവ് റാതുരി, ഇന്ത്യക്കാരനാണെങ്കിലും ഇദ്ദേഹത്തെ ചൈനക്കാര്‍ക്കാണ് ഏറെ പരിചയം. അവിടുത്തെ കുട്ടികളുടെ പാഠപുസ്തകത്തിലും ദേവിന്റെ ജീവിതകഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൈനക്കാര്‍ അത്രത്തോളം ദേവിനെ സ്‌നേഹിക്കുന്നു, ആരാധിക്കുന്നു.
ഉത്തരാഖണ്ഡിലാണ് അദ്ദേഹം ജനിച്ചത്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ചുറ്റുപാടുകളിലാണ് ജീവിച്ചതെല്ലാം. അച്ഛനും അമ്മയും അഞ്ച് സഹോദരങ്ങളും കൂടി താമസിച്ചിരുന്നത് കല്ലുകള്‍ കൊണ്ടുള്ള ചെറിയൊരു മുറിയിലാണ്.
അവിടെയുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചത്. അന്നുമുതലേ തന്നെക്കൊണ്ടാവും വിധം കുടുംബത്തെ സഹായിച്ചിരുന്നു ദേവ്. ചെറുപ്പത്തില്‍ വീടുകള്‍ തോറും നടന്ന് പാല്‍വില്പനയായിരുന്നു ജോലി. ഒരിക്കല്‍ അവിചാരിതമായിട്ടാണ് ബ്രൂസ്‌ലിയുടെ സിനിമ കാണുന്നത്. കഥയൊന്നും മനസ്സിലായില്ലെങ്കിലും ബ്രൂസ്‌ലിയെ അന്നുമുതല്‍ മനസ്സില്‍വെച്ച് ആരാധിക്കാന്‍ തുടങ്ങി. ആയോധനകലകളിലൂടെ മറ്റുള്ളവരെ തോല്‍പ്പിക്കുന്ന ബ്രൂസ്‌ലി ആ പയ്യന്റെ ഹീറോ ആയി. അതിനുശേഷം ബ്രൂസ്‌ലിയുടെ സിനിമകളെല്ലാം എങ്ങനെയെങ്കിലും തിരഞ്ഞുപിടിച്ച് കണ്ടു. ആ മനുഷ്യനെ പോലെ ആകണമെന്നതായിരുന്നു അന്നത്തെ ആഗ്രഹം, ഒപ്പം മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിക്കണമെന്നും.
പത്താം ക്ലാസ് വരെയേ ദേവിന് പഠനം തുടരാന്‍ കഴിഞ്ഞുള്ളൂ. അതുകഴിഞ്ഞപ്പോള്‍ എന്തെങ്കിലും ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ ഡല്‍ഹിയിലെത്തി. അവിടെയുള്ള റസ്‌റ്റോറന്റില്‍ പാത്രങ്ങള്‍ കഴുകുന്ന പണിയായിരുന്നു ആദ്യം. അതിനിടയില്‍ പാല്‍വില്പനയും. കിട്ടുന്ന പണമെല്ലാം കുടുംബത്തിന് അയച്ചുകൊടുത്തു.
ദേവിന്റെ സഹോദരന് മുംബൈയിലെ ഒരു പ്രൊഡക്ഷന്‍ ഹൗസില്‍ ജോലി കിട്ടിയപ്പോള്‍, ദേവും അങ്ങോട്ടുപോയി. പകല്‍സമയങ്ങളില്‍ പ്രൊഡക്ഷന്‍ ഹൗസിലെ ജോലി, രാത്രികളില്‍ സെക്യൂരിറ്റി ഗാര്‍ഡ്...ഇതായിരുന്നു ദേവിന്റെ ദിനചര്യ. എന്നെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കണമെന്ന് സ്വപ്‌നം കാണാന്‍ തുടങ്ങിയതും അവിടുന്നുതന്നെ. ചില ഹിന്ദി സിനിമകളുടെ ഓഡിഷനില്‍ പങ്കെടുത്തെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഒരു സുഹൃത്ത് മുഖേന ചൈനയില്‍ പോവാനും അവിടെയുള്ള ഹോട്ടലില്‍ വെയ്റ്ററാവാനുമുള്ള അവസരം കിട്ടി. അവിടെ പോവുമ്പോഴും ആയോധനകലയായിരുന്നു മനസ്സില്‍. എങ്ങനെയെങ്കിലും അത് പഠിച്ചെടുക്കണമെന്ന ആഗ്രഹം. പകല്‍ ഹോട്ടലില്‍ ജോലി ചെയ്തു. രാത്രി മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിക്കാനും തുടങ്ങി. അഞ്ചുവര്‍ഷം ആ റസ്റ്റോറന്റില്‍ തന്നെ. വെയ്റ്ററില്‍നിന്ന് സൂപ്പര്‍വൈസറായി, കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ജനറല്‍ മാനേജരും.
അതിനനുസരിച്ച് ശമ്പളവും കൂടി. മാസം 15,000 ശമ്പളം കിട്ടിയിരുന്ന ദേവിന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും, അത് മൂന്നര ലക്ഷമായി ഉയര്‍ന്നു. അധികം വൈകാതെ സ്വന്തമായി ഹോട്ടലും തുടങ്ങി, ആംബര്‍ പാലസ്. ഒരിക്കല്‍ ദേവിന്റെ ഹോട്ടലില്‍ ഒരു സീരിയല്‍ ഷൂട്ട് ചെയ്യാനായി എത്തിയ സംവിധായകനാണ്, അഭിനയത്തിലേക്കുള്ള വഴിതുറക്കുന്നത്. സീരിയല്‍ ഷൂട്ടിന് ഹോട്ടല്‍ വിട്ടുകൊടുത്തതിനു പകരമായി, ഒരു ചെറിയ വേഷം ദേവിന് വാഗ്ദാനം ചെയ്തു. അതായിരുന്നു തുടക്കം. സീരിയല്‍ വഴിയുള്ള യാത്ര ഒടുവിലെത്തിയത് സിനിമയിലും.
My roommate is a detective, The trapped, Strange Legend of Tang Dynasty, Wolf Pack തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമാ-സീരിയലുകള്‍. മാത്രമല്ല, ഇന്ന് 13 ഹോട്ടലുകളുടെ മുതലാളിയാണ് ദേവ്. വെയ്റ്ററായി തുടങ്ങി ഹോട്ടല്‍മുതലാളിയായ ദേവിന്റെ കഥ കുട്ടികള്‍ക്കിപ്പോള്‍ പാഠ്യവിഷയമാണ്. സിയാന്‍ സിറ്റിയിലെ ഏഴാം ക്ലാസ് കുട്ടികള്‍ക്കായുള്ള പാഠപുസ്തകത്തിലാണ് അദ്ദേഹത്തിന്റെ ജീവിതകഥ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Content Highlights: lifestory of dev raturi successful chinese business man and actor from india