ലോകകപ്പിൽ ഇതുവരെ ഒരു പുരുഷനോ സ്ത്രീയോ കെെവരിച്ചിട്ടില്ലാത്ത റെക്കോഡ് സ്വന്തമാക്കിയ ഓൾറൗണ്ടർ; 200 റൺസും 20 വിക്കറ്റുമായി ദീപ്തി ശർമ്മ

ദീപ്തി ശർമ്മ/ ഇൻസ്റ്റഗ്രാം(officialdeeptisharma)
ദീപ്തി ശർമ്മ/ ഇൻസ്റ്റഗ്രാം(officialdeeptisharma)

നവി മുംബെെയുടെ ആകാശത്തിനുകീഴെ ഇന്ത്യയുടെ ചിരകാലസ്വപ്നം പൂവണിഞ്ഞു. എന്നാൽ ആ ഐതിഹാസിക നിമിഷത്തിന് ഒരു ഓള്‍റൗണ്ടറുടെ പേരുകൂടി ഉണ്ടായിരുന്നു. വനിതാ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്ചവച്ച ദീപ്തി ശർമ്മ എന്ന ഉത്തർപ്രദേശുകാരിയുടേത്. ലോകകപ്പിൽ ഇതുവരെ ഒരു പുരുഷനോ സ്ത്രീയോ കെെവരിച്ചിട്ടില്ലാത്ത റെക്കോഡ് സ്വന്തമാക്കിയ ഓൾറൗണ്ടറാണ് ദീപ്തി.

"സത്യം പറഞ്ഞാൽ, ഞങ്ങൾക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. സ്വപ്നം പോലെയാണ് തോന്നുന്നത്. പക്ഷേ എനിക്കിതിൽ സംഭാവന ചെയ്യാനായതിൽ ഞാൻ  സന്തോഷവതിയാണ്. എല്ലാ മത്സരങ്ങളിൽ നിന്നും ഞങ്ങൾ പോസിറ്റീവുകൾ എടുക്കാൻ ശ്രമിക്കുന്നു. കൂടാതെ, ആരാധകരോട് ഒരുപാട് നന്ദി. കാരണം അവർ എല്ലാ മത്സരങ്ങളിലും ഞങ്ങളെ പിന്തുണയ്ക്കുന്നു. അവരില്ലായിരുന്നെങ്കിൽ അത് സാധ്യമാകുമായിരുന്നില്ല." പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ട ദീപ്തി ശർമ്മയുടെ ഈരനണിഞ്ഞ വാക്കുകളിങ്ങനെയായിരുന്നു.

എക്കാലവും ഓർമ്മിക്കപ്പെടുന്ന ഒരു പ്രകടനമായിരുന്നു ദീപ്തിയുടേത്. അർദ്ധസെഞ്ച്വറി നേടുകയും തുടർന്ന് അഞ്ച് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ദീപ്തി, ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. ഈ അതുല്യ പ്രകടനം, അവർക്ക് പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം നേടിക്കൊടുത്തുവെന്ന് മാത്രമല്ല, ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നർമാരുടെ പട്ടികയിൽ സ്ഥാനവും ഉറപ്പിക്കുകയും ചെയ്തു. ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി (21) മത്സരം പൂർത്തിയാക്കി. ടൂർണമെന്റിലുടനീളം ദീപ്തിയുടെ പ്രകടനം അസാധാരണമായിരുന്നു. ഒരു ലോകകപ്പ് പതിപ്പിൽ 200 റൺസും 20 വിക്കറ്റും നേടിയ ആദ്യ പുരുഷ-വനിതാ ക്രിക്കറ്റ് താരമായി ദീപ്തി മാറി. ഒമ്പത് മത്സരങ്ങളിൽ നിന്ന് 30.71 ശരാശരിയിലും 90.71 സ്‌ട്രൈക്ക് റേറ്റിലും 215 റൺസ് നേടിയ ദീപ്തി മൂന്ന് അർധസെഞ്ച്വറികളും നേടി. 24.11 എന്ന ശരാശരിയിൽ 22 വിക്കറ്റുകൾ നേടി ടൂർണമെന്റിലെ ഏറ്റവും ഉയർന്ന വിക്കറ്റ് കീഴടക്കിയ പ്രകടനം കാഴ്ചവെച്ചു. ഫൈനലിൽ 5/39 എന്ന മികച്ച പ്രകടനം ഉൾപ്പെടെ.

ഒരു ലോകകപ്പ് ഫൈനലിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി അവർ മാറി.  കൂടാതെ, ശുഭാംഗി കുൽക്കർണിയുടെയും നീതു ഡേവിഡിന്റെയും  20 വിക്കറ്റുകൾ എന്ന റെക്കോർഡും മറികടന്നു.
സമ്മർദ്ദ സാഹചര്യങ്ങളെ എങ്ങനെ കെെകാര്യം ചെയ്യുമെന്ന ചോദ്യത്തിന് ദീപ്തിയുടെ മറുപടി ഇങ്ങനെയായിരുന്നു: "എനിക്ക് ലഭിക്കുന്ന ഏത് റോളും ഞാൻ എപ്പോഴും ആസ്വദിക്കാറുണ്ട്. ഞാൻ വെല്ലുവിളികൾ ഇഷ്ടപ്പെടുന്നു. ഇന്ന് സാഹചര്യത്തിനനുസരിച്ച് കളിക്കേണ്ടിവന്നു. ടീമിനായി ഒരു ഓൾറൗണ്ടറായി പ്രകടനം നടത്താൻ ഇതിനേക്കാൾ മികച്ച മറ്റൊരു നിമിഷം വേറെയില്ല.” 

ക്യാപ്റ്റൻ ലോറ വോൾവാർഡിനെ പുറത്താക്കിയത് ദീപ്തി ശർമ്മയുടെ വേഗത കുറഞ്ഞ പന്തായിരുന്നു.  ലോറ വോൾവാർഡിന്റെ പോരാട്ട സെഞ്ച്വറിയെ പ്രശംസിച്ചുകൊണ്ട് ദീപ്തി കൂട്ടിച്ചേർത്തു, “സത്യസന്ധമായി പറഞ്ഞാൽ ലോറ വളരെ മികച്ച ഇന്നിങ്സാണ് കളിച്ചത്. പക്ഷേ ഞങ്ങൾ ശാന്തരായിരുന്നു. ഇടവേളകളിൽ ഞങ്ങൾ എപ്പോഴും പരസ്പരം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഒരു ബൗളിങ് യൂണിറ്റ് എന്ന നിലയിൽ, അവസാന പന്ത് വരെ ഞങ്ങളുടെ മികച്ച പന്തുകളിൽ ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ചു. അതാണ് ഞങ്ങൾ ചെയ്തത്.”

36 വിക്കറ്റുകളുമായി വനിതാ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമായി ദീപ്തി. 43 വിക്കറ്റുകൾ കരസ്ഥമാക്കിയ ജൂലൻ ഗോസ്വാമിക്ക് പിന്നിലാണ് ദീപ്തിയുടെ സ്ഥാനം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് നേട്ടക്കാരുടെ പട്ടികയിലും അവരിടം പിടിച്ചു.

“ഈ ട്രോഫി ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും സമർപ്പിക്കുന്നു,"- മെഡൽ കൈയിലെടുത്തുകൊണ്ട് ദീപ്തി പറഞ്ഞു.

ദീപ്തി ശർമ്മയെ സംബന്ധിച്ചിടത്തോളം, നവി മുംബൈയിലെ ആ രാത്രി ഒരു വിജയത്തേക്കാൾ വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും സാക്ഷാത്കാരമായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Discover Deepti Sharma`s historic all-round performance in the Women`s World Cup.