കട്ട്പീസുകൾ കൂട്ടിചേർത്ത് മാസ്റ്റർ പീസ് തുന്നി നാല് മില്യണടിച്ച ഇരുപത്തിമൂന്നുകാരി

നാല് മില്യൺ കടന്നൊരു ഇൻസ്റ്റഗ്രാം റീൽ. സംഭവം വേറൊന്നുമല്ല, മറ്റ് വസ്ത്രങ്ങൾക്കായി വെട്ടിയടുത്ത തുണിയുടെ ബാക്കിവന്ന കഷണങ്ങൾ കൂട്ടിത്തുന്നിയൊരു കുപ്പായം പിറക്കുന്നതായിരുന്നു അത്. സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ വസ്ത്രത്തിനും വീഡിയോക്കും പിന്നിൽ ആർദ്രയെന്ന ഇരുപത്തിമൂന്നുകാരിയുടെ കൈയുണ്ട്. ഇടയ്ക്കൊന്നു പിണങ്ങിയ ഹൃദയം തന്ന പണിപോലും വകവയ്ക്കാതെ മനോഹരമായ വസ്ത്രങ്ങൾ തുന്നിയെടുക്കുകയാണ് ഈ ഇരിങ്ങാലക്കുടക്കാരി.
അക്കൗണ്ടന്റാകാൻ കൊതിച്ചു ഫാഷൻ ഡിസൈനറായി
2023 ൽ ബി.കോം കഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയത്ത് നേരം പോക്കിന് തുടങ്ങിയതാണ് തയ്യൽ. അന്നൊക്കെ സുഹൃത്തുക്കൾക്കൊക്കെ അവർ ആവശ്യപ്പെടുന്ന മോഡലിൽ വസ്ത്രങ്ങൾ തുന്നി നൽകിയിരുന്നു. ഇതൊരു ബിസിനസ് ആക്കണമെന്നോ അതിങ്ങനെ വൈറൽ ആകുമെന്നോ ഒന്നും അന്ന് ചിന്തിച്ചിരുന്നില്ല. ഇതിനിടിയിലാണ് ഹൃദയത്തിന് തകരാർ കണ്ടെത്തുന്നത്.' അന്ന് ആർദ്രയ്ക്ക് പ്രായം 20. ജീവിതത്തിലെ സ്വപ്നങ്ങളിലേക്കെല്ലാം ചുവടുവയ്ക്കുന്ന കാലം. സർജറിമാത്രമാണ് മുന്നോട്ടുള്ള ജീവിതത്തിന് പരിഹാരമെന്നറിഞ്ഞതോടെ മാനസികമായും തളർന്നു. എങ്കിലും പോരാടണമെന്ന ആത്മവീര്യം എവിടെയോ മറഞ്ഞു കിടന്നിരുന്നു. ബി.കോമിന്റെ പരീക്ഷ കഴിഞ്ഞുമാത്രമേ സർജറി ചെയ്യൂ എന്ന് ആർദ്ര തീരുമാനിച്ചിരുന്നു. സർജറിയും ബി.കോമും ഫസ്റ്റ്ക്ലാസിൽ അവൾ പാസായി. മറ്റൊരു ജോലിക്കു പോകാൻ ശാരീരിക അവസ്ഥയും, തുടർന്നു പഠിക്കാൻ സാമ്പത്തികവും അനുവദിക്കാത്തതിനാൽ ഇനിയെന്തെന്നായി. ദൂരയാത്രയും പൊടിയുമൊക്കെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലികളെപ്പറ്റി ആലോചിച്ചു. ഒപ്പം കുടുംബത്തിന് താങ്ങാവുകയും വേണം. അങ്ങനെയാണ് ആർദ്ര തയ്യൽ തുടരാമെന്ന ആശയത്തിലെത്തിയത്.
പരിചയക്കാർക്കൊക്കെ ചെറിയ തുകയ്ക്ക് ട്രെൻഡിയായ വസ്ത്രങ്ങൾ ചെയ്ത് നൽകിയായിരുന്നു ആർദ്രയുടെ തുടക്കം. പതിയെ ആർദ്രയുടെ ഡിസൈനുകളെ ഇഷ്ടപ്പെട്ട് ആളുകൾ തേടിയെത്തിത്തുടങ്ങി. ഞാൻ തയ്യൽകാരി എന്ന പേരിൽ ഇൻസ്റ്റ അക്കൗണ്ട് തുടങ്ങി. അതിലൂടെ കൂടുതൽ ആവശ്യക്കാരെത്തി. ഇപ്പോൾ ഓൺലൈനായും ഓഫ്ലൈനായും ഉപഭോക്താക്കൾ ആർദ്രയേത്തേടി എത്തുന്നു. മറ്റ് ബ്രാൻഡുകൾക്കുവേണ്ടിയും അവരുടെ ആവശ്യമനുസരിച്ച് ആർദ്ര വസ്ത്രങ്ങൾ തുന്നി നൽകുന്നുണ്ട്. വിവാഹപാർട്ടികൾക്കും മറ്റ് ആഘോഷങ്ങൾക്കുമുള്ള വസ്ത്രങ്ങളും ആവശ്യക്കാർക്ക് ചെയ്തു നൽകും. അമ്മയാണ് തുന്നലിൽ ഗുരു. ഫാഷൻ ഡിസൈനിങ് കോഴ്‌സിന്റെ ഫീസ് തന്റെ കുടുംബത്തിനു താങ്ങാൻ കഴിയില്ലെന്ന് മനസ്സിലാക്കി ബാക്കി പഠനമെല്ലാം മോഡലുകൾ നോക്കി കണ്ടുപഠിച്ചെന്ന് ആർദ്ര. പിന്നീട് യൂട്യൂബിൽ നോക്കിയും പഠനം തുടർന്നു.
വൈറലായ കട്ട്പീസുകൾ
തുണി തയിച്ചതിന്റെ ബാക്കി കട്ട്പീസുകൾ ഒഴിവാക്കുന്നത് ഒരു വലിയ പണിയാണ്. പൊടിയൊന്നും എനിക്ക് പറ്റാത്തതിനാൽ അതൊന്നും വീട്ടിൽ കൂട്ടിയിടാനും പറ്റില്ല. കത്തിച്ചുകളയാനും നിവർത്തിയില്ല. അങ്ങനെ നാലഞ്ച് ചാക്കിൽ കെട്ടിവെച്ചിരുന്ന കട്പീസുകളാണ് വൈറൽ വീഡിയോയിലെ മനോഹരവസ്ത്രങ്ങളായി മാറിയത്. കട്പീസുകളും വീട്ടിലെ പൊടിയും ഒഴിവാക്കണം, തനിക്കുവെണ്ടി തന്നെ വ്യത്യസ്തമായ കുറച്ച് വസ്ത്രങ്ങൾ തയ്യാറാക്കണം. ഈ രണ്ട് ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് ആർദ്ര കട്പീസുകൾ കൂട്ടിച്ചേർത്ത് വസ്ത്രങ്ങൾ തുന്നിയത്. അത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഒരു മില്യണിൽ തുടങ്ങി നാല് മില്യൺ വരെ പ്രേക്ഷകർ ആർദ്രയുടെ വസ്ത്രങ്ങളുടെ വീഡിയോ കണ്ടു. ആർദ്രയുടെ മിടുക്കിന് കൈയടിക്കുകയാണ് ലോകമിന്ന്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Inspiring story of overcoming health challenges to pursue a career in fashion., Upcycling fabric scraps into trendy, viral clothing designs., Self-taught fashion designer utilizing YouTube and home-learning techniques., Sustainable business model reducing textile waste.