കഴിഞ്ഞവർഷം സംഗീതസംവിധായക, ഈ വർഷം വനിതാ ബാൻഡിന്റെ അമരക്കാരി; സംഗീതലോകത്തെ ഇതിഹാസമായി ഖദീജ റഹ്മാൻ

ഇന്ത്യൻ സംഗീതലോകത്തെ ഇതിഹാസമായ എആർറഹ്മാൻ, 'റൂഹ്-ഇ-നൂർ' എന്ന പേരിൽ ഒരു വനിതാ സംഗീത ബാൻഡ് ആരംഭിക്കുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ നേതൃത്വം നൽകുന്ന ഈ ബാൻഡ്, അദ്ദേഹത്തിന്റെ തന്നെ സംഗീത ലേബലായ കെഎം മ്യൂസിക്കിന് കീഴിലാണ് രൂപീകരിച്ചിരിക്കുന്നത്.
ഖദീജയെ കൂടാതെ പൂജ തിവാരി, സന അസീസ്, ഷായോനി, അമീന റഫീഖ്, ഷിഫ റൂബി എന്നീ അഞ്ച് ഗായികമാരും റൂഹ്-ഇ-നൂറിൽ ഉണ്ട്. കന്നിക ഉർസ് ആണ് പ്രോജക്ട് ഹെഡ്. നവംബർ 21-ന് ഷാർജയിൽ നടക്കുന്ന തൻവീർ ഫെസ്റ്റിവലിൽ ബാൻഡ് അരങ്ങേറ്റം കുറിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 'പ്രകാശത്തിന്റെ ആത്മാവ്' എന്ന് അർഥം വരുന്ന 'റൂഹ്-ഇ-നൂർ' എന്ന പേരാണ് ബാൻഡിനായി തിരഞ്ഞെടുത്തത്.
"റൂഹ്-ഇ-നൂർ ഒരു ബാൻഡ് മാത്രമല്ല, ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പ്രകാശമാണ്. ഈ സ്ത്രീകളിൽ ഓരോരുത്തരും ആധുനിക കലയുടെ ആത്മവിശ്വാസം പേറുന്നവരാണ്. അവരുടെ കൂട്ടായ ശബ്ദം ശുദ്ധവും ശക്തവും പാരമ്പര്യത്തിൽ വേരൂന്നിയതും ഭാവിയെ ഉൾക്കൊള്ളുന്നതുമാണ്."- ബാൻഡിനെക്കുറിച്ച് റഹ്മാൻ കുറിച്ചു.
2010-ൽ രജനികാന്ത്, ഐശ്വര്യ റായ് എന്നിവർ അഭിനയിച്ച സയൻസ് ഫിക്ഷനായ 'എന്തിരനി'ലെ 'പുതിയ മനിതാ' എന്ന ഗാനം ആലപിച്ച് 14-ാം വയസ്സിലാണ് ഖദീജ റഹ്മാൻ സംഗീതലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഏഴ് വർഷത്തെ ഇടവേളയെടുത്തു. 2019-ൽ, പ്രശസ്ത ഐറിഷ് റോക്ക് ബാൻഡായ യു2-വുമായി ചേർന്ന് 'അഹിംസ' എന്ന സിംഗിൾ പുറത്തിറക്കി.
https://www.instagram.com/arrahman/?hl=en
2020-ൽ തന്റെ ആദ്യ സിംഗിളായ 'ഫരിഷ്തോൻ' പുറത്തിറക്കി. 'മിമി', 'ഇരവിൻ നിഴൽ', 'മിലി', 'പൊന്നിയിൻ സെൽവൻ: II', 'മൈദാൻ' തുടങ്ങിയ ചിത്രങ്ങളിലും ഖദീജ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
2023-ൽ, സംഗീതലോകത്തെ ഇതിഹാസമായ ലതാ മങ്കേഷ്‌കർക്കുള്ള ആദരവായി, ഹൃദയസ്പർശിയായ ഗാനങ്ങളുടെ സമാഹാരമായ 'കുഹു കുഹു' എന്ന തന്റെ ആദ്യ ആൽബം ഖദീജ പുറത്തിറക്കി.
2024-ൽ 'മിൻമിനി' എന്ന തമിഴ് ചിത്രത്തിലൂടെ സംഗീതസംവിധായികയായി അരങ്ങേറ്റം കുറിച്ചു. ഇത് അവരുടെ സംഗീതയാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. സൂഫി തത്ത്വചിന്തയിൽ നിന്ന് ആഴത്തിൽ സ്വാധീനിക്കപ്പെട്ട ഖദീജയുടെ സംഗീതം, സമാധാനവും ഐക്യവു, വിശ്വാസവും പ്രതിഫലിപ്പിക്കുന്നതാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: AR Rahman announces `Rooh-e-Noor`, an all-female music band led by his daughter, Kadhija Rahman.