‘ഇനി ദുൽഖറിനൊപ്പം അഭിനയിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല’- ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി, കിങ് ഓഫ് കൊത്തയിൽ ദുൽഖറിനൊപ്പം | മാതൃഭൂമി ആർക്കൈവ്സ്, Instagram
ഐശ്വര്യ ലക്ഷ്മി, കിങ് ഓഫ് കൊത്തയിൽ ദുൽഖറിനൊപ്പം | മാതൃഭൂമി ആർക്കൈവ്സ്, Instagram

വൻ പ്രതീക്ഷകളോടെയെത്തി, പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും ട്രോളുകളും നേരിട്ട ദുൽഖർ സൽമാൻ ചിത്രമായിരുന്നു 'കിങ് ഓഫ് കൊത്ത'. ആ സിനിമയ്ക്കു ശേഷം നേരിട്ട കടുത്ത ബോഡി ഷെയിമിങ്ങും പരിഹാസങ്ങളും തന്റെ കരിയറിനെയും ആത്മവിശ്വാസത്തെയും എത്രത്തോളം ബാധിച്ചുവെന്നതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മിയിപ്പോൾ. രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

'കിങ് ഓഫ് കൊത്ത'യ്ക്ക് ശേഷം മലയാളസിനിമാ ഇൻഡസ്ട്രിക്ക് തന്നെ കാസ്റ്റ് ചെയ്യാൻ പോലും ഭയമായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. തനിക്ക് മാത്രമല്ല, ദുൽഖറിനും സിനിമയുടെ അണിയറപ്രവർത്തകർക്കും കടുത്ത രീതിയിലുള്ള ട്രോളുകൾ നേരിടേണ്ടി വന്നു. സിനിമയിലെ തന്റെ അഭിനയവും ഡയലോഗ് ഡെലിവറിയും വലിയ രീതിയിൽ പരിഹസിക്കപ്പെട്ടു. എന്നാൽ പലപ്പോഴും ജനങ്ങൾ പറഞ്ഞത് ശരിയാണെന്ന് തനിക്കും തോന്നിയിട്ടുണ്ടെന്നും ഐശ്വര്യ തുറന്നുപറഞ്ഞു.

സിനിമ റിലീസ് ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും ആ ട്രോളുകൾ നൽകിയ മുറിവ് മാറിയിരുന്നില്ല. 2024-ൽ പുറത്തിറങ്ങിയ 'ഹലോ മമ്മി' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചുണ്ടായ ഒരു അനുഭവം ഐശ്വര്യ ഓർത്തെടുത്തു: "കിങ് ഓഫ് കൊത്തയിൽ ദുൽഖറിന്റെ കഥാപാത്രത്തെ 'രാജുവേട്ടാ' എന്ന് വിളിച്ചതിനെച്ചൊല്ലി ഒരുപാട് പേർ കളിയാക്കിയിരുന്നു. 'ഹലോ മമ്മി'യുടെ ഷൂട്ടിങ്ങിനിടെ അവിടെയുണ്ടായിരുന്ന ഒരു അസിസ്റ്റന്റ് ഡയറക്ടർ എന്നെ ആ പേര് വിളിച്ച് തമാശയാക്കിയപ്പോൾ അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. ആ ട്രോളുകൾ എന്നെ എത്രത്തോളം ആഴത്തിൽ ബാധിച്ചിരുന്നുവെന്ന് ആ നിമിഷമാണ് ഞാൻ തിരിച്ചറിഞ്ഞത്."

ഈ അപമാനവും മാനസിക വിഷമവും കാരണം ദുൽഖറിനൊപ്പം ഇനി പ്രവർത്തിക്കാൻ തനിക്ക് ഭയമാണെന്നും ഐശ്വര്യ വ്യക്തമാക്കി.

"ഇതിനുശേഷം ദുൽഖറിനൊപ്പം ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാൻ അവസരം വന്നിരുന്നു. എന്നാൽ 'ഞങ്ങൾ ഒന്നിച്ചുവന്നാൽ ലഭിക്കുന്ന പ്രതികരണം മോശമായിരിക്കും, അത് നിങ്ങളുടെ ബ്രാൻഡിനെയും ബാധിക്കും' എന്ന് ഞാൻ ആ ടീമിനോട് പറഞ്ഞു. ഇനി ദുൽഖറിനൊപ്പം ഒരു സിനിമയോ പ്രോജക്റ്റോ ചെയ്യാൻ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. ട്രോളുകൾ എന്നെ അത്രയധികം ബാധിച്ചിട്ടുണ്ട്," ഐശ്വര്യ കൂട്ടിച്ചേർത്തു.

അഭിലാഷ് ജോഷി സംവിധാനം ചെയ്ത 'കിങ് ഓഫ് കൊത്ത' 50 കോടി ബജറ്റിലാണ് ഒരുങ്ങിയത്. ഐശ്വര്യ ലക്ഷ്മിക്ക് പുറമെ ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Aishwarya Lekshmi opened up about the severe cyber attacks and trolls she faced after the 2023 movie 'King of Kotha'., She admitted that the backlash shattered her confidence and made Malayalam filmmakers hesitant to cast her., An incident on the sets of the 2024 film 'Hello Mummy' made her realize how deeply the trolls affected her mental health., She stated she is hesitant to work with Dulquer Salmaan again in future projects fearing negative audience reactions.