എൻ.എഫ്.വർഗീസെന്ന് പ്രേക്ഷകർ; മോഹൻലാലിനൊപ്പം പിടിച്ചുനിന്ന അഡാർ വില്ലൻ

'തുടരും' എന്ന സിനിമ പ്രേക്ഷകപ്രശംസ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പഴയ മോഹൻലാലിന്റെ തിരിച്ചുവരവ് എന്നാണ് പരക്കെയുള്ള അഭിപ്രായം. ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിനൊപ്പം തന്നെ പിടിച്ചുനിന്ന കഥാപാത്രമാണ് ജോർജ് സാർ. കറതീർത്ത ഒരു വില്ലൻ കഥാപാത്രം. ആ വില്ലനെ കണ്ടപ്പോൾ പലർക്കും ഓർമ വന്നത്, അന്തരിച്ച നടൻ എൻ.എഫ്.വർഗീസിനെയാണ്. സോഷ്യൽമീഡിയയിൽ അതിനെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകൾ നടക്കുകയും ചെയ്യുന്നു.
'എവിടെയൊക്കെയോ ബിജു മേനോൻ ടച്ച് തോന്നി', 'ഇടയ്ക്ക് ലാലേട്ടനേക്കാൾ സ്‌കോർ ചെയ്തു', 'കുറച്ചുകാലമായിട്ട് ഈ സൈസ് വില്ലനെ കാണാനേ ഇല്ലായിരുന്നു', 'ഇടയ്ക്ക് ലാലേട്ടനേക്കാൾ സ്‌കോർ ചെയ്തു', 'ഒരുസൈഡ് നോക്കുമ്പോൾ രൺജി പണിക്കർ, മറ്റാരു വശം നോക്കുമ്പോൾ തിലകൻ'...കമന്റുകൾ നീളുന്നു.
ജോർജ് സാറിനെ തിരഞ്ഞുള്ള യാത്ര എത്തിച്ചത്, പ്രകാശ് വർമ എന്ന പരസ്യസംവിധായകനിലാണ്. ബംഗളൂർ ആസ്ഥാനമായ 'നിർവാണ' എന്ന പരസ്യകമ്പനിയുടെ സ്ഥാപകരിലൊരാളും ഡയറക്ടറുമാണ് പ്രകാശ്.
ഇന്ത്യൻ റെയിൽവേ, ഇൻക്രഡിബിൾ ഇന്ത്യ, കാഡ്ബറി ജെംസ്, ഡയറിമിൽക്ക് സിൽക്ക്, ഐഫോൺ, ബിസ്‌ലെരി, കിറ്റ്കാറ്റ്, ആമസോൺ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, നെസ്ലെ, മഹീന്ദ്ര, മധ്യപ്രദേശ് ടൂറിസം, ഫ്രൂട്ടി തുടങ്ങിയവയുടെ പരസ്യം സംവിധാനം ചെയ്തത് പ്രകാശ് വർമയാണ്.
എന്നാൽ, അദ്ദേഹത്തെ ഏറെ ജനകീയനാക്കിയത് രണ്ട് പരസ്യങ്ങളാണ്. വോഡഫോണിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പരസ്യങ്ങളായ ഹച്ച്, സൂസൂ എന്നിവയാണത്. ഷാരൂഖ് ഖാൻ പ്രധാനതാരമായുള്ള ദുബായ് ടൂറിസം പരസ്യം, നസ്രിയയും ഫഹദും ആദ്യമായി ഒരുമിച്ച 'കാമറി ഐസ്‌ക്രിം' പരസ്യം എന്നിവയൊക്കെ സംവിധാനം ചെയ്തത് പ്രകാശാണ്.
സിനിമയിലേക്ക് അവസരവും ചോദിച്ചുനടന്ന ഒരു കാലമുണ്ടായിരുന്നു പ്രകാശിന്. അതിനിടയിലാണ് വിജി തമ്പിയുടെ സഹായിയാവുന്നത്. അന്നത്തെ സ്വപ്‌നം ലോഹിതദാസിനൊപ്പം പ്രവർത്തിക്കുക എന്നതായിരുന്നു. പരസ്യരംഗത്തേക്കുള്ള ചുവടുമാറ്റം അദ്ദേഹത്തിന്റെ കരിയറിൽ ബ്രേക്കായി.
Content Highlights: ad director prakash varma makes debut in cinema