മലയാളംപാട്ടുപാടി വിക്രം ആളുകളെ കൈയിലെടുത്തു; ആര്‍പ്പുവിളിച്ച് ആരാധകര്‍

നടൻ വിക്രം ആരാധകർക്കൊപ്പം / ഫോട്ടോ: പി.ജയേഷ്‌
നടൻ വിക്രം ആരാധകർക്കൊപ്പം / ഫോട്ടോ: പി.ജയേഷ്‌

ചിയാന്‍ വിക്രം നായകനായ 62-ാമത്തെ ചിത്രമാണ് 'വീര ധീര ശൂരന്‍ 'പാര്‍ട്ട് 2. എസ്.യു.അരുണ്‍കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കേരളക്കരയിലും കുതിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോടെത്തിയ വിക്രം ആടിയും പാടിയും കാഴ്ച്ചക്കാരെ കയ്യിലെടുത്തു.

വിക്രമിനൊപ്പം എസ്.ജെ.സൂര്യയും സുരാജ് വെഞ്ഞാറമ്മൂടും മത്സരിച്ചഭിനയിച്ച ചിത്രമാണ് 'വീര ധീര ശൂരന്‍ 'പാര്‍ട്ട് 2. പകയുടേയും പ്രതികാരത്തിന്റേയും കഥപറയുന്ന ചിത്രത്തില്‍, നാട്ടിന്‍പുറത്തെ പലചരക്കുകടക്കാരന്റെ വേഷത്തിലാണ് വിക്രം എത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ചിയാന്‍ വിക്രമിനെ ഗ്രാമീണവേഷത്തില്‍ കണാനായതിന്റെ ആഹ്ലാദമാണ് ആരാധകര്‍ പങ്കുവച്ചത്.

വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ വിക്രമിനെ കോഴിക്കോട്ടെ ആള്‍ക്കൂട്ടം ആര്‍പ്പുവിളികളോടെ സ്വീകരിച്ചു. മണിക്കൂറുകളോളം കാത്തിരുന്ന ആരാധകരെ 'നമസ്‌കാരം കേരളം ' എന്ന ഒറ്റവിളിയില്‍ താരം ചേര്‍ത്തുപിടിച്ചു. കേരളം നല്‍കുന്ന സ്‌നേഹമാണ് എന്നും ഈ നാടിനോട് തന്നെ ചേര്‍ത്തുനിര്‍ത്തുന്നതെന്ന് വിക്രം പറഞ്ഞു. മാതൃഭൂമി ക്ലബ് എഫ്എം, ഹൈലൈറ്റ് മാൾ, മൈ ജി എന്നിവരുടെ നേതൃത്വത്തിലാണ് 'വീര ധീര ശൂരന്‍'  ചിത്രത്തിന്റെ വിജയാഘോഷം നടന്നത്.

കണ്‍മുന്‍പിലെത്തിയ പ്രിയതാരത്തോട്  പാട്ടുപാടാന്‍ സദസ്സ് ആവശ്യപ്പെട്ടു. 'സാഗരങ്ങളെ, പാടിപ്പാടി ഉണര്‍ത്തിയ....' എന്ന ഗാനം ആരാധകര്‍ക്കായി  വിക്രം പാടി. പാട്ട് ആസ്വദിച്ച ആള്‍ക്കൂട്ടത്തിനുമുന്നില്‍ വിക്രം 'അന്യനി'ലെ 'കാതൽ ആനൈ വരുഗിരാൻ റെമോ...' എന്ന പാട്ടിനൊപ്പം നൃത്തം ചെയ്തു. 'വീര ധീര ശൂരനി'ലെ മറ്റ് അഭിനേതാക്കളായ എസ്.ജെ. സൂര്യ, ആവണി എന്നിവരും വിക്രമിനൊപ്പമുണ്ടായിരുന്നു. 

മധുരയിലെ പ്രാദേശിക ക്ഷേത്രോത്സവത്തിനിടെ നടക്കുന്ന ഏറ്റുമുട്ടല്‍ മുന്‍നിര്‍ത്തിയാണ് 'വീര ധീര ശൂരന്‍' മുന്നോട്ടു പോകുന്നത്. നാട്ടിലെ പ്രബലശക്തികളായ രവിയെയും  മകന്‍ കണ്ണനെയും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ എസ്. പി അരുണഗിരി പദ്ധതിയിടുന്നു. അതേസമയം അരുണഗിരിയെ ഇല്ലാതാക്കാന്‍ അച്ഛനും മകനും ചേര്‍ന്ന് ശ്രമിക്കുന്നു. ഇവര്‍ക്കിടയിലേക്കാണ് കാളി എത്തുന്നത്. കാളിയായി വിക്രമും കണ്ണനായി സുരാജ് വെഞ്ഞാറമ്മൂടും എസ്.പി അരുണഗിരിയായി എസ്.ജെ. സൂര്യയും വേഷമിടുന്നു.

Content Highlights: tamil actor vikram promoting new film veera dheera sooran part 2 at kozhikode