പിരിഞ്ഞശേഷം റണ്‍ബീറും ദീപികയും ഒരുമിച്ച പടം; ജനുവരിയില്‍ റീ-റിലീസിനൊരുങ്ങുന്നു

ദീപിക പദുകോണും റണ്‍ബീര്‍ കപൂറും നായികാനായകന്‍മാരായ രണ്ടാമത്തെ സിനിമയാണ് 'യേ ജവാനി ഹേ ദിവാനി' (2013). അതിനുമുമ്പ് അവര്‍ ഒരുമിച്ചത് 'ബച്ച്‌ന ഏ ഹസീനോ' (2008) എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു. ത്രീ ഇഡിയറ്റ്‌സ്, ഏക് ഥാ ടൈഗര്‍ എന്നിവയ്ക്കുശേഷം വിദേശത്ത് 300 കോടി നേടുന്ന സിനിമയായി 'യേ ജവാനി ഹേ ദിവാനി'. സിനിമ നിര്‍മിച്ചത് കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ്.
ഈ സിനിമ ഇപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു. ഈയിടെ ധര്‍മ പ്രൊഡക്ഷന്‍സ് ട്വിറ്ററില്‍ ഒരു പോസ്റ്റിട്ടിരുന്നു. 'യേ ജവാനി ഹേ ദിവാനി' എന്ന ഹാഷ്ടാഗിലുള്ള ആ പോസ്റ്റില്‍ സിനിമയിലെ താരങ്ങളുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയുമുണ്ട്. ഇതോടെയാണ് ചര്‍ച്ച സജീവമായത്. റീ-റിലീസാണോ സിനിമയുടെ രണ്ടാം ഭാഗമാണോ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ആദ്യം നടന്നത്.
പിന്നാലെ, ധര്‍മ മൂവീസിന്റെ അടുത്ത പോസ്‌റ്റെത്തി, ജനുവരി 3-ന് സിനിമ റീ-റിലീസ് ചെയ്യുന്നുവെന്നാണ് അതില്‍ പറയുന്നത്. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് 'ജേ ജവാനി ഹേ ദിവാനി' പറയുന്നത്. ബോളിവുഡിലെ ഏറ്റവും മികച്ച റൊമാന്റിക് സിനിമകളിലൊന്നായിട്ടാണ് ഇത് കരുതുന്നത്. റണ്‍ബീറിന്റെയും ദീപികയുടെയും കരിയറിലെ ഏറ്റവും മികച്ച റോളുകളിലൊന്നും ഇതുതന്നെ.
ഒരുകാലത്തെ പ്രണയജോഡികളായിരുന്ന ദീപികയും റണ്‍ബീറും പിരിഞ്ഞശേഷമുള്ള ആദ്യസിനിമ കൂടിയായിരുന്നുവത്. 2007-ല്‍ പ്രണയത്തിലായ ഇരുവരും, രണ്ടുവര്‍ഷത്തെ പ്രണയത്തിനുശേഷം പിരിയുകയായിരുന്നു.
Content Highlights: yeh jawaani hai deewani to re release in january