അമ്മയാകണമെന്ന് ശ്രീവിദ്യയ്ക്ക് എന്തൊരു മോഹമായിരുന്നു- റോസ് മേരി

#റോസ് മേരി
ശ്രീവിദ്യ
ശ്രീവിദ്യ

''ഒരു പുറം പാര്‍ത്താല്‍
മിഥിലയിന്‍ മൈഥിലി
മറുപുറം പാര്‍ത്താല്‍
കാവിരി മാധവി
മുഖം മട്ടും പാര്‍ത്താല്‍
നിലവിന്‍ എതിരൊളി...''

ഇതൊരു നായികാ വര്‍ണനയാണ്. ചിത്രം 'അപൂര്‍വ രാഗങ്ങള്‍.' കെ.ബാലചന്ദര്‍ സംവിധാനം. ഭൈരവി എന്ന സംഗീതജ്ഞയെ ആധാരമാക്കിയാണ് കഥ.
ശ്രീവിദ്യയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്തൊരു പ്രൗഢ സൗന്ദര്യം! കവിഞ്ജര്‍ കണ്ണദാസന്‍ എഴുതിച്ചേര്‍ത്ത ആ വിശേഷണങ്ങള്‍ നായികയ്ക്ക് തികച്ചും അനുയോജ്യം! ആ വിടര്‍ന്ന കണ്ണുകള്‍ക്ക് എന്തൊരു തിളക്കം! എനിക്ക് ജാമിനി റോയിയുടെ പെയ്ന്റിങ്ങുകളാണ് ഓര്‍മ്മവന്നത്. 

രൂപങ്ങള്‍ക്ക് പ്രതലത്തിന്റെ ഔട്ട്‌ലൈനും അതീതമായ അവയെ ഭേഭിക്കുംവിധം നീണ്ടുവിടര്‍ന്ന നേത്രങ്ങള്‍ ചിത്രകാരന്‍ വരഞ്ഞിരുന്നു. വിദ്യയുടെ കണ്ണുകളും സവിശേഷമായിരുന്നു. സ്വപ്നംമയങ്ങുന്ന ഉജ്ജ്വലനേത്രങ്ങള്‍. അതായിരുന്നു ആദ്യദര്‍ശനം. തിയേറ്റര്‍ വിട്ടിട്ടും ആ ദൃഷ്ടികളുടെ കാന്തികവലയം എന്നെ പിന്തുടര്‍ന്നു.
അന്ന് ഞാന്‍ ചിദംബരത്ത് എം.എ.യ്ക്ക് പഠിക്കുന്നു. തമിഴ്ഭാഷയോടും സംസ്‌കാരത്തോടുമുള്ള അതിരുകടന്ന അഭിനിവേശംനിമിത്തമാണ് ഞാന്‍ ഉപരിപഠനത്തിനായ് ആ പ്രാചീന തെന്നിന്ത്യന്‍ പട്ടണംതന്നെ തിരഞ്ഞെടുത്തത്.

തമിഴകത്ത് നവസിനിമയുടെ കാലമായിരുന്നു അത്. ചങ്ങാതിമാരുമൊത്ത് തിയേറ്ററില്‍ പോവുകയായിരുന്നു അന്നത്തെ പ്രധാന ആഹ്ലാദം. 'മണ്‍ വാസനൈ', 'ഉതിരിപ്പൂക്കള്‍', 'കിഴക്കു പോകും റെയില്‍', 'വരുമയില്‍ നിറം സികപ്പ്', 'ഭുവന ഒരു കേള്‍വിക്കുറി' തുടങ്ങി പതിവു പാതവിട്ട് ചരിക്കുന്ന ചിത്രങ്ങള്‍.
''ഏഴു സ്വരങ്ങളുക്ക് എത്തന പാടല്‍'' എന്ന ഗാനത്തോടെയാണ് 'അപൂര്‍വ രാഗ'ങ്ങളുടെ തുടക്കം. എത്ര അനായാസമായിട്ടാണ് വിദ്യ ഭൈരവിയെ അവതരിപ്പിച്ചത്! ഒട്ടും നാടകീയതയില്ലാത്ത സ്വാഭാവികമായ ഭാവചലനങ്ങള്‍. പ്രഥമ ദര്‍ശനത്തില്‍ത്തന്നെ വിദ്യയെ ഞാന്‍ സ്നേഹിച്ചുതുടങ്ങി.

പിന്നീട് എത്രയോ സംവത്സരങ്ങള്‍ക്കുശേഷമാണ് നേരില്‍ കാണുന്നത്! അപ്പോഴേക്കും അവര്‍ എണ്ണമറ്റ ശക്തരായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളിമനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരുന്നു. കരുത്തുറ്റ നായികാവേഷങ്ങളിലൂടെ സീരിയല്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരി.
അങ്ങനെയിരിക്കേ ആലസ്യംനിറഞ്ഞ ഒരു വൈകുന്നേരത്ത് എന്നെത്തേടി ഒരു ഫോണ്‍ കോള്‍: ''റോസ് അല്ലേ? പോയറ്റ്? ഞാന്‍ ശ്രീവിദ്യ'' ചിരപരിചിതമായ മധുരശബ്ദം! എനിക്കെന്തൊരു വിസ്മയം!
വീടിന്റെ ലൊക്കേഷന്‍ പറഞ്ഞുതന്നാല്‍ താന്‍ ഡ്രൈവറെ അയക്കാം. എന്റെ ഒരു ബയോഡേറ്റ കൊടുത്തയയ്ക്കണം എന്നതായിരുന്നു സംഗതി. രണ്ടുദിവസം കഴിഞ്ഞ് നടക്കേണ്ട ഇന്റര്‍വ്യൂവിനുവേണ്ടിയാണ്.

ഇന്ത്യാവിഷന്റെ അക്കാലത്തെ പ്രതിവാരപരിപാടിയില്‍ ശ്രീവിദ്യ നടത്തുന്ന അഭിമുഖങ്ങളുടെ ഒരു പരമ്പരയുണ്ടായിരുന്നു. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വ്യാപരിക്കുന്ന ഏതാനും വ്യക്തികളുമായി ഔപചാരികത തീരെയുമില്ലാത്ത സൗഹൃദഭാഷണം. ഇതേക്കുറിച്ച് മുനീര്‍ എന്നോട് നേരത്തേ സംസാരിച്ചിരുന്നതിനാല്‍ ആമുഖം ആവശ്യമായിരുന്നില്ല. പക്ഷേ, അഭിമുഖം നടത്തുന്നത് ശ്രീവിദ്യയാണെന്ന് തീരെയും അറിഞ്ഞിരുന്നില്ലല്ലോ.

ഞങ്ങള്‍ തമ്മില്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ല. ഞാനെഴുതിയ ഒരു വരിയെങ്കിലും വായിച്ചുനോക്കാന്‍ ആളിന് മലയാളലിപികള്‍ വശവുമില്ലല്ലോ. പക്ഷേ, ആശങ്കകള്‍ അസ്ഥാനത്തായിരുന്നു. അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഫോണിലൂടെ ഞാന്‍ ഏതാനും കവിതകള്‍ ചൊല്ലിക്കേള്‍പ്പിച്ചു. വിദ്യ ശ്രദ്ധാപൂര്‍വം കാതോര്‍ത്തു. മനസ്സിലാവാത്ത വാക്കുകള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു.

ബയോഡേറ്റ എന്ന ബോറന്‍ കാനേഷുമാരി കണക്കെഴുത്തില്‍ എനിക്ക് തീരെയും വിശ്വാസം പോരാഞ്ഞ് ഞാനെന്റെ ചിന്തകള്‍, കല്പനകള്‍, വ്യാമോഹങ്ങള്‍, ജീവിതതത്ത്വശാസ്ത്രം ഇവയൊക്കെയും ചേര്‍ത്തുവെച്ച് ആംഗലത്തില്‍ ഒരു കുറിപ്പ് തയ്യാറാക്കി, ദൂതന്‍വശം കൊടുത്തയച്ചു. എന്നെ അമ്പരപ്പിച്ചുകൊണ്ട് അതീവഹൃദ്യമായിരുന്നു ആ അഭിമുഖം. 

ദീര്‍ഘകാലമായ് അടുപ്പമുള്ളവര്‍ എന്ന പോല്‍ മനസ്സുതുറന്ന പരസ്പര ഭാഷണം. പതിവായി ആവര്‍ത്തിക്കപ്പെടുന്ന സ്ഥിരം പല്ലവികള്‍ വിട്ട് പാടേ വ്യത്യസ്തമായ സഞ്ചാരം. ആത്മാവിനോട് വളരെ അടുത്തുനില്‍ക്കുന്ന അനുഭവം. ''മുഖംനിറയെ ചിരിയാണല്ലോ. എന്നിട്ട് കവിതകളില്‍ എന്താണിത്ര ശോകം''? അഗാധസമുദ്രങ്ങള്‍പോലെയുള്ള ആ മിഴികളുയര്‍ത്തിക്കൊണ്ടാണ് ചോദ്യം. മഹാസങ്കടംപിടിച്ച ഒരാത്മാവാണ് എന്റെതെന്നും പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ ഓര്‍മ്മവെച്ചകാലം മുതല്‍ക്ക് അതങ്ങനെത്തന്നെ തുടരുന്നുവെന്നും ഞാന്‍ വിശദീകരിച്ചു.

ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി. ''സങ്കടത്തെ അങ്ങനെ ഒപ്പം കൂട്ടരുത്. അപ്പപ്പോള്‍ അതിനെ കാറ്റില്‍പ്പറത്തിയേക്കണം. വേദനനിറഞ്ഞ ഓര്‍മ്മകളെ കൂടെ കൊണ്ടുനടന്നാല്‍ ഹൃദയത്തിന്റെ ഭാരംനിമിത്തം നമുക്ക് ഒരു ചുവടുപോലും മുന്നോട്ടുവയ്ക്കാന്‍ പറ്റില്ല.'' ജീവിതത്തിന്റെ കയ്പും മധുരവും ആവോളം നുകര്‍ന്ന് പതംവന്ന ജ്ഞാനിയുടെ ഭാവത്തില്‍ അവര്‍ പറഞ്ഞു.

ഷൂട്ടിന്റെ ഇടവേളകളില്‍ സൗഹൃദഭാഷണത്തിനിടയ്ക്ക് ചിദംബരത്തെ വടുകനാഥന്‍ തിയേറ്ററിനെക്കുറിച്ചും അപൂര്‍വരാഗങ്ങളെക്കുറിച്ചും എന്റെ മനസ്സില്‍ പരിരക്ഷിക്കുന്ന സ്നേഹവായ്പിനെക്കുറിച്ചുമൊക്കെ ഞാന്‍ പറയുന്നു. ''എന്നിട്ട് എന്തുകൊണ്ടാണ് ഇതുവരെ ഒന്ന് പരിചയപ്പെടാഞ്ഞത്? സ്നേഹത്തെ ഇങ്ങനെ വര്‍ഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാന്‍ പാടില്ല. ഞാനാണെങ്കില്‍ ആരോടെങ്കിലും ഇഷ്ടംതോന്നിയാല്‍ അപ്പോള്‍ത്തന്നെ അത് വിളംബരംചെയ്യും.'' കുസൃതിപുരണ്ട ചിരിയോടെയായിരുന്നു പ്രതികരണം.

അവര്‍ ചോദിച്ചതത്രയും തികച്ചും ബ്രില്ല്യന്റായ ഒരാള്‍ക്ക് മാത്രം തോന്നുന്ന ചോദ്യങ്ങള്‍. മലയാളം വായിക്കാനറിയില്ലെങ്കിലും തികഞ്ഞ ഭാഷാശുദ്ധിയോടെ വാര്‍ന്നുവീഴുന്ന വാമൊഴിയുടെ ഇമ്പം. അതുവരെ അപരിചിതമായിരുന്ന എന്റെ രചനാലോകത്തെ തികച്ചും അനായാസമായ് അവര്‍ സ്വാംശീകരിച്ചിരിക്കുന്നു...അതേ അനായാസതയോടെ തന്നെയാണ് ആ കലാകാരി മലയാളത്തെയും മലയാളികളെയും സ്വീകരിച്ചതും ഉള്‍ക്കൊണ്ടതും. ഒരുപക്ഷേ, ശാരദ കഴിഞ്ഞാല്‍ നമ്മുടെ സംസ്‌കാരത്തെയും കഥാപാത്രങ്ങളെയും അത്രകണ്ട് ഉള്‍ക്കൊണ്ട് പകര്‍ന്നാട്ടം നടത്തിയ മറ്റൊരു അന്യഭാഷാനടിയില്ല. 

ഉടുപ്പിലും നടപ്പിലും ചലനങ്ങളിലും ചേഷ്ടകളില്‍പ്പോലും അവര്‍ മലയാളത്തിന്റെ മകള്‍തന്നെയായ് മാറിക്കഴിഞ്ഞിരുന്നു. ഇന്റര്‍വ്യൂവിന്റെ അവസാനമെത്തിയപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ''നാന്‍ പേശ നിനൈപ്പതെല്ലാം നീ പേശ വേണ്ടും...'' എന്ന പ്രിയതരമായ ആ തമിഴ് പാട്ടിന്റെ ഏതാനും വരികള്‍ അവര്‍ പാടി, ആര്‍ദ്രവും മധുരവുമായ ശബ്ദത്തില്‍. അടുത്തുതന്നെ വീണ്ടും കാണാം എന്ന ഉറപ്പോടെയാണ് അന്ന് പിരിഞ്ഞത്. 

ആയിടെയായിരുന്നു അമൃതാവിഷന്റെ സമാഗമത്തില്‍ വിദ്യ അതിഥിയായ് എത്തിയത്. അതില്‍ ഞാനും പങ്കെടുക്കണം എന്ന് വിദ്യ നിഷ്‌കര്‍ഷിക്കുന്നു. എനിക്ക് നേരിയ സന്ദേഹം. ഞാന്‍ സിനിമയുടെ വൃത്തത്തിന് പുറത്തുനില്‍ക്കുന്ന ആള്‍. അതറിഞ്ഞ് വിദ്യ ഫോണിലൂടെ ബന്ധപ്പെടുന്നു. ''നമ്മള്‍ കാണുന്നത് വല്ലപ്പോഴും. പക്ഷേ, നിങ്ങള്‍ക്ക് എന്റെ മനസ്സ് അറിയാം. എന്നെ കളങ്കമില്ലാതെ സ്നേഹിക്കുന്നു. നമുക്കിടയില്‍ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വിലമതിക്കുന്ന പതിവേ ഇല്ലല്ലോ.... റോസ് വന്നേ തീരൂ!'' മദിരാശിയില്‍നിന്ന് ശ്രീ ധനഞ്ജയന്‍, ശാന്താ ധനഞ്ജയന്‍, വിദ്യയുടെ നിരവധി കരുത്തന്‍ കഥാപാത്രങ്ങളുടെ സ്രഷ്ടാവായ കെ.ജി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്ത അവിസ്മരണീയമായ കൂടിച്ചേരല്‍.

ആയിടെയാണ് അവര്‍ തിരുവനന്തപുരത്ത് സ്ഥിരവാസമാക്കാന്‍ തീരുമാനിക്കുന്നത്. വിവാഹമോചനത്തോട് അനുബന്ധിച്ചുണ്ടായ തിക്താനുഭവങ്ങള്‍ അവരെ മദിരാശി മടുപ്പിച്ചിരുന്നു. മലയാളത്തില്‍ മനസ്സിനിണങ്ങിയ വേഷങ്ങള്‍ തേടിയെത്തുന്നതും ടി.വി.സീരിയലുകളില്‍ സജീവമായതും മറ്റൊരു കാരണം. ഈ നഗരത്തില്‍ തന്നെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും സ്നേഹഭാജനങ്ങളുണ്ടെന്ന ബോധ്യവും ആ തീരുമാനത്തിന് ആക്കംകൂട്ടി. എന്റെ സുഹൃത്തും എസ്.ഐ. പ്രോപ്പര്‍ട്ടീസ് ഉടമയുമായ രഘുചന്ദ്രന്‍ നായരാണ് വിദ്യയുടെ സ്വപ്നഭവനം തീര്‍ത്തുകൊടുത്തത്. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ശാന്തമായ കുന്നിന്‍ചരിവില്‍ ഓടുമേഞ്ഞ മനോജ്ഞ വസതി.

വീടിന്റെ മുന്നില്‍ ഇളംതിണ്ണ. അവിടെയിരുന്നാല്‍ നിറയെ കാറ്റ്, സൂര്യവെളിച്ചം, കാറ്റില്‍ ഇളകുന്ന തെങ്ങിന്‍ തലപ്പുകള്‍, ചുറ്റിനും പുഷ്പജാലം. വിദ്യ വിഭാവനചെയ്ത ഓരോ വിശദാംശവും രഘു പ്രാവര്‍ത്തികമാക്കി. സംഗീതത്തിനും നൃത്തസപര്യയ്ക്കുമായുള്ള വിശാലമായ ഹാള്‍ ആയിരുന്നു അതില്‍ പ്രധാനം.
 

പ്രേംനസീറിനൊപ്പം ശ്രീവിദ്യ

ആയിടെ കണ്ടപ്പോള്‍ ആള്‍ അതീവ സന്തുഷ്ടയായിരുന്നു. തികഞ്ഞ ആവേശത്തോടെ വീടിന്റെ ഉള്‍മുറികളിലൂടെ കൊണ്ടുനടന്നു. വാദ്യോപകരണങ്ങള്‍ പശ്ചാത്തലമൊരുക്കിയ വിശാലമായ തളത്തിലെ തല്പത്തിലിരുന്നുംകൊണ്ട് അവര്‍ പഴയൊരു കഥപറഞ്ഞു. ഒരുപാടുവര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്നത്. ഇതിലെ കഥാപാത്രങ്ങള്‍ സ്വന്തമായി വസതികള്‍ പണിയിപ്പിക്കുംമുന്‍പുള്ള കാലം.

ഒരു തമിഴ്‌സിനിമയുടെ ഷൂട്ടിങ്ങിനിടയ്ക്ക് ഇടവേളയില്‍ മൂന്നുപേര്‍ ഒത്തിരുന്ന്, ഭാവിയില്‍ പണിയാന്‍ പോകുന്ന തങ്ങളുടെ സങ്കല്പഗൃഹത്തെക്കുറിച്ചാണ് ചര്‍ച്ച. ജയലളിതയും സുകുമാരിയമ്മയും ശ്രീവിദ്യയും. തന്റെ വീടിന് വിശാലമായൊരു ലൈബ്രറി പണിയുമെന്ന് ജയലളിത. തനിക്ക് ഏറ്റവും പ്രധാനം അടുക്കളയും പൂജാമുറിയുമാണെന്ന് സുകുമാരിയമ്മ. താന്‍ വീടുപണിയുമ്പോള്‍ നൃത്തത്തിനും സംഗീതത്തിനും യഥേഷ്ടം ഇടമുള്ള ഒരു വിസ്തൃതമായ ഹാള്‍ അതിനുണ്ടാകണമെന്ന് വിദ്യ! ആ സ്വപ്നം താനിതാ സാക്ഷാത്കരിച്ചിരിക്കുന്നു എന്നൊരഭിമാനം ആ ഗൂഢസ്മിതത്തില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

അടുത്ത തവണ കാണുമ്പോള്‍ രോഗം നിര്‍ണയിക്കപ്പെട്ടിരുന്നു. പക്ഷേ, തികഞ്ഞ സമചിത്തത. സായിബാബയില്‍ തനിക്ക് ഉറച്ച വിശ്വാസമുണ്ട്, ബാബ തന്നെ കാത്തുരക്ഷിക്കും എന്ന ദൃഢ ബോധ്യം...പലതും ചിന്തിച്ച് ഉറങ്ങാതെകിടക്കുന്ന സങ്കടരാത്രികളില്‍ ബാബ തന്റെയടുത്ത് എത്തിച്ചേരും. എന്നിട്ട് അമ്മ കുഞ്ഞിനെയെന്നവണ്ണം തന്റെ നെറ്റിമേല്‍ തലോടി ഉറക്കും. വന്നതിന്റെ അടയാളമായി പിറ്റേന്ന് കിടക്കമേല്‍ വിഭൂതി ചിതറിക്കിടപ്പുണ്ടാവും, അവര്‍ പറഞ്ഞു.

കയറിവരുമ്പോള്‍ വീടിന്റെ പൂമുഖത്ത് നമ്മെ എതിരേല്‍ക്കുന്നത് ബാബയുടെ ജീവന്‍ തുടിക്കുന്ന ഒരു പൂര്‍ണകായചിത്രം. ഉള്‍മുറികളില്‍ ബാബയുടെതന്നെ പലതരത്തിലുള്ള ഛായാപടങ്ങള്‍. എങ്ങും വിഭൂതിയുടെ ഗന്ധം. സായിബാബയുടെ സാന്നിധ്യം സജീവമെന്നനുഭവപ്പെടുന്ന അന്തരീക്ഷം. അവര്‍ ആ ശക്തിയില്‍ അങ്ങേയറ്റം വിശ്വാസം അര്‍പ്പിച്ചിരുന്നു. സകല അനര്‍ഥങ്ങളില്‍നിന്നും രക്ഷിക്കുന്ന ഒരഭയകേന്ദ്രമെന്നോണം.
അന്നു പോരാന്‍നേരം വിദ്യ പറഞ്ഞു: ''റോസ്, സമയമുള്ളപ്പോള്‍ ഇവിടെ വന്നിരിക്കൂ. ഞാനെന്റെ ജീവിതകഥ പറയാം. നാലഞ്ചു നോട്ടുബുക്കുകളും കൊണ്ടുവരണം. ഒന്നുരണ്ടാഴ്ചകൊണ്ടേ പറഞ്ഞുതീരൂ. അത്രയ്ക്ക് സംഭവങ്ങളും ആളുകളുമുണ്ട്. രാമായണം മാതിരിയുണ്ടാവും. പറഞ്ഞാലും പറഞ്ഞാലും തീരൂല്ല.''

പിന്നീട് രോഗത്തിന്റെ വിട്ടുവിട്ടുള്ള കടന്നുവരവ്. കഠിനവേദനകളുടെയും ശാരീരികാസ്വസ്ഥതകളുടെയും ഘട്ടം. പക്ഷേ, രോഗത്തിന്റെ ഇടവേളകളില്‍ ഒന്നും സംഭവിക്കാത്തപോലെ അവര്‍ മുഖത്ത് ചായമിട്ടു. ശക്തമായ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. സംഗീതസപര്യ പുനരാരംഭിച്ചു. കീര്‍ത്തനങ്ങള്‍ സ്വയം രചിച്ച് ഈണം നല്‍കി. നിറഞ്ഞ സദസ്സുകള്‍ക്കുമുന്നില്‍ ആലപിച്ചു.

രോഗത്തോടുള്ള ധീരമായ ചെറുത്തുനില്‍പ്പ്. തന്റെ അസുഖം ഇത്രമേല്‍ ഗുരുതരമാണെന്നോ, ശാരീരികമായി താന്‍ ഇത്രയേറെ പരിക്ഷീണയാണെന്നോ അവര്‍ അധികമാരെയും അറിയിച്ചിരുന്നില്ല. രോഗവാര്‍ത്ത അറിഞ്ഞപ്പോള്‍മുതല്‍ വാര്‍ത്താമാധ്യമങ്ങള്‍ പുറത്ത് കാത്തുനില്‍പ്പാണ്. വിദ്യ തികഞ്ഞ അഭിമാനിയായിരുന്നു. ആളുകളുടെ അനുകമ്പനിറഞ്ഞ നോട്ടങ്ങളോ സഹതാപപ്രകടനങ്ങളോ അവര്‍ തീരെയും കാംക്ഷിച്ചിരുന്നില്ല.

ചൈതന്യം മങ്ങിയ രൂപത്തില്‍ തന്നെയാരും കാണരുതെന്ന് അവര്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചു. ഗണേശനെയായിരുന്നു അവരാ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഏറെ പാടുപെട്ടും മറ്റുള്ളവരുടെ നീരസം ഏറ്റുവാങ്ങിയും ഗണേശന്‍ വാക്കുപാലിക്കതന്നെചെയ്തു. അത്രമേല്‍ നിഷ്ഠയോടെയാണ് അന്ത്യനാളുകളില്‍ വിദ്യ ആഗ്രഹിച്ച സ്വകാര്യത കാത്തുസൂക്ഷിച്ചത്.  

നിസ്സഹായയായ ഒരു ശിശുവിനെ സമസ്തവ്യഥകളില്‍നിന്നും കാത്തുരക്ഷിക്കുന്ന കാവല്‍മാലാഖയുടെ റോളായിരുന്നു ഗണേശന്. കാരുണ്യവാനായ ഒരു രക്ഷാകര്‍ത്താവ്. മറ്റൊന്നുംതന്നെ പ്രതീക്ഷിക്കാതെ, അളവറ്റ അലിവില്‍നിന്നുണ്ടായ പ്രതിബദ്ധത.

പിന്നീടുള്ള ഓരോ കാഴ്ചയിലും അവസ്ഥ മോശമായിക്കൊണ്ടിരുന്നു. നേര്‍ത്തു നേര്‍ത്തു വരുന്ന ചന്ദ്രബിംബം പോല്‍... അപ്പോഴും ശരീരത്തിന്റെ അവശതകളെ പാടേ മറന്ന് ഒരു പെണ്‍കുട്ടിയുടെ ഉത്സാഹത്തോടെ, ചടുലതയോടെ അവര്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ഒരു കൊളാഷിലെന്നതുപോല്‍ ശൈശവത്തില്‍നിന്നു തുടങ്ങുന്ന ചിതറിയ ചിത്രങ്ങള്‍. പിന്നിട്ട കാലങ്ങളെക്കുറിച്ച് വികാരപാരവശ്യം തീരേയുമില്ലാത്ത തിരിഞ്ഞുനോട്ടങ്ങള്‍.

അതീവശ്രദ്ധയോടെ അണിഞ്ഞൊരുങ്ങി, വശ്യമധുരമായി ഇടപഴകി, ഒരു കുബേരപ്രണയഭിക്ഷുവായി അഭിനയിച്ച് തന്നെ പാട്ടിലാക്കിയ ആളിന്റെ ചാതുര്യം, പിന്നീട് നേരിടേണ്ടി വന്ന അപമാനങ്ങളുടെ പരമ്പര... നീണ്ട വ്യവഹാരത്തിനുശേഷം വീട് വിട്ടുകിട്ടിയപ്പോള്‍ തന്റെ സ്വപ്നശേഖരമായിരുന്ന സംഗീത കാസറ്റുകളും റെക്കോഡുകളും ചുട്ടെരിക്കപ്പെട്ടത്... വീടിന്റെ വിജാഗിരികളും വിലപിടിച്ച ലാമ്പ് ഷെയ്ഡുകളും സഹിതം ഇളക്കിമാറ്റപ്പെട്ടത്... അതൊക്ക വിവരിക്കുമ്പോള്‍ ധാരധാരയായ് മിഴിനീര്‍ ഒഴുകിക്കൊണ്ടേയിരുന്നു.

അമ്മയാകണമെന്ന് തനിക്ക് എന്തൊരു മോഹമായിരുന്നു! പക്ഷേ, ഓരോ തവണ ഗര്‍ഭിണിയാകുമ്പോഴും അബോര്‍ട്ടുചെയ്യേണ്ടിവന്ന ഗതികേട്... നിര്‍മാതാവ് ഹരി പോത്തന്റെ ഭാര്യയും എന്റെ അപ്പന്റെ കസിനുമായ രാജമ്മച്ചേച്ചി ഇത്തരം രണ്ടുമൂന്നുസന്ദര്‍ഭങ്ങളില്‍ വിദ്യയ്ക്കൊപ്പം ആസ്പത്രിയില്‍ കൂട്ടുപോയത് അതീവ സങ്കടത്തോടെ ചേച്ചി പറഞ്ഞത് എനിക്കപ്പോള്‍ ഓര്‍മ്മ വന്നു.
 

കെ.പി.ഉമ്മറും ശ്രീവിദ്യയും

മരണത്തിന് രണ്ടാഴ്ച മുന്‍പായിരുന്നു അവസാനമായി കണ്ടത്. ആള്‍ അങ്ങേയറ്റം പരിക്ഷീണ. സ്വപ്നം തിളങ്ങിയിരുന്ന ആ കണ്ണുകള്‍ വല്ലാതെ തളര്‍ന്നിരുന്നു. എന്നിട്ടും ആള്‍ വാചാലയായിരുന്നു. ശൈശവത്തെക്കുറിച്ച്, അമ്മയുടെ അന്തമില്ലാത്ത തിരക്കുകളെക്കുറിച്ച്, സഹോദരന്റെ നിസ്സംഗതയെയും സ്നേഹരാഹിത്യത്തെയും കുറിച്ച്. പണ്ട്, കേസുനടക്കുന്ന കാലങ്ങളില്‍ തന്നെ ചേര്‍ത്തുപിടിച്ച ചുരുക്കം ചിലരെക്കുറിച്ച്, തന്റെ ജീവനുനേരേ ഭീഷണിയുണ്ടെന്നറിഞ്ഞ് ടാക്സി ഡ്രൈവര്‍മാര്‍ ഒത്തുചേര്‍ന്ന് സ്വമേധയാ കാവല്‍ കിടന്നിരുന്നത്... ഒക്കെ അവര്‍ ഓര്‍ത്തെടുത്തു.

അമ്മയെ ധിക്കരിച്ചതിലുള്ള കുറ്റബോധം സദാ പിന്‍തുടരും പോലെ... അപ്പോഴേക്കും ആ ഗേഹം വിമൂക നിശ്ചലമായ്ക്കഴിഞ്ഞിരുന്നു... മുഴക്കം നിലച്ച തബലയും നിശ്ചലം മയങ്ങുന്ന വീണാ തന്ത്രികളും... വാടിയ മുഖഭാവവുമായി പരിചാരകര്‍... അവര്‍ താഴ്ന്ന ശബ്ദത്തില്‍ മന്ത്രിക്കുന്നു. ഉല്ലാസഭരിതമായിരുന്ന ഗൃഹാന്തര്‍ഭാഗത്ത് ഇന്ന് മ്ലാനത കുടിപാര്‍പ്പുറപ്പിച്ചിരിക്കുന്നു.

ദുസ്സഹമായിരുന്നു ആ കാഴ്ച. ആ നേര്‍ത്തുതളര്‍ന്ന കൈത്തലത്തില്‍ ചുംബിച്ച് ഞാന്‍ പോരാനിറങ്ങുമ്പോള്‍ അവര്‍ ചോദിച്ചു:

''ഇനി എന്നു വരും?''
''ഉടന്‍!''

ആ ഉള്‍മുറിയെ പ്രകാശമാനമാക്കാന്‍ ഇളം ഗന്ധമാര്‍ന്ന പൂക്കളും വിദ്യക്കിഷ്ടമുള്ള ഡാര്‍ക്ക് ചോക്ലേറ്റുമായി ഞാനുടനെത്തും, ഞാനെന്നോടുതന്നെ മന്ത്രിച്ചു. പക്ഷേ, ആ വാക്കു പാലിക്കപ്പെട്ടതേയില്ല. ഒരാഴ്ച നീണ്ട ഒരുയാത്ര പോയി മടങ്ങിവന്നപ്പോഴേക്കും ആ പ്രിയങ്കരി ഇവിടംവിട്ടു യാത്രയായി കഴിഞ്ഞിരുന്നു.

തിരിഞ്ഞുനോക്കി, നിഷ്‌കര്‍ഷമായ അപഗ്രഥനത്തിനു മുതിരുന്നവര്‍ക്ക് ആ വ്യക്തിജീവിതത്തില്‍ പല പാളിച്ചകളും കണ്ടെത്താനായേക്കും. അത്തരം വിധിയെഴുത്തുകള്‍ക്കുമുമ്പ്, ഒരു തികഞ്ഞ കലാകാരിയുടെ സവിശേഷമായ വൈകാരിക ജീവിതത്തില്‍ ഇതൊക്കെയും സഹജമെന്നു തിരിച്ചറിയുക.
ദ്രാവിഡലാവണ്യത്തിന്റെ ആള്‍രൂപമായിരുന്നു ശ്രീവിദ്യ. ഉര്‍വരതയുടെ പ്രതീകം. സര്‍ഗസിദ്ധികളുടെ സമന്വയം. നമ്മുടെ സ്മരണയില്‍ എന്നേക്കും വിടര്‍ന്നുലഞ്ഞുനില്‍ക്കുന്ന നിറവസന്തം! 

Content Highlights: poet rose mary talking about actress sreevidya