റഹ്മാന്റെ 'പരംസുന്ദരി' എന്ന പാട്ടിൽനിന്നാണ് ഈ സിനിമയുടെ ടൈറ്റിൽവന്നത്

'ഓം ശാന്തി ഓമി'ൽ ഷാരൂഖ് ഖാനും ദീപിക പദുകോണും / IMDb
'ഓം ശാന്തി ഓമി'ൽ ഷാരൂഖ് ഖാനും ദീപിക പദുകോണും / IMDb

ട്രെയ്‌ലർ റിലീസിനൊപ്പം തന്നെ വിവാദങ്ങളിലും ട്രോളുകളിലും ഇടംപിടിച്ച സിനിമയാണ് 'പരംസുന്ദരി'. ജാൻവി കപൂറും സിദ്ധാർഥ് മൽഹോത്രയും ആദ്യമായി ഒരുമിക്കുന്ന സിനിമയിൽ, ജാൻവിയുടെ കഥാപാത്രം മലയാളിയാണ്. ജാൻവിയുടെ മലയാളവും കഥാപാത്രത്തിന്റെ വേഷവിധാനങ്ങളുമാണ് പരിഹാസമേറ്റുവാങ്ങുന്നത്. അതിനൊപ്പം സിനിമയുടെ ടൈറ്റിലും ശ്രദ്ധിക്കപ്പെടുന്നു.

മഡോക്ക് ഫിലിംസ് നിർമിക്കുന്ന സിനിമയുടെ ടൈറ്റിൽ കിട്ടിയത് 'മിമി' എന്ന സിനിമയിലെ പാട്ടിൽനിന്നാണ് കൃതി സനോൺ അഭിനയിച്ച സിനിമയിലെ പാട്ടുകൾക്ക് സംഗീതം നൽകിയത് എ.ആർ.റഹ്മാനാണ്. വരികളെഴുതിയത് അമിതാഭ് ഭട്ടാചാര്യയും. ഏഴുപാട്ടുകളിൽ ആരാധകരെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ശ്രേയ ഘോഷാൽ പാടിയ 'പരംസുന്ദരി' എന്ന പാട്ടാണ്.

സിനിമയിൽ സറോഗേറ്റ് മദറിന്റെ (വാടക അമ്മ) കഥാപാത്രമായിരുന്നു കൃതിയുടേത്. അതിനായി അവർ ശരീരഭാരം കൂട്ടുകയും ചെയ്തു. എന്നാൽ, ഈ പാട്ടിലെ നൃത്തത്തിനുവേണ്ടി മൂന്ന്മാസം കൊണ്ട് കൃതി കുറച്ചത് 15 കിലോയാണ്. 600 ബാക്ക്ഗ്രൗണ്ട് നർത്തകരെ ആ പാട്ടിനുവേണ്ടി കൊണ്ടുവന്നു. പല സെലിബ്രിറ്റികളും ആ പാട്ടിന്റെ കവർ വേർഷനുകളും പുറത്തിറക്കി. 2021-ൽ ബിൽബോർഡ് ഗ്ലോബൽ എക്‌സ്‌ക്ലൂസീവ് യുഎസ് ചാർട്ടുകളിൽ ഈ പാട്ട് 184-ാം സ്ഥാനത്തെത്തി. ആ വർഷത്തെ മികച്ച ബോളിവുഡ് ഗാനങ്ങളിൽ അഞ്ചാം സ്ഥാനത്തായിരുന്നു 'പരംസുന്ദരി'. യൂട്യൂബിൽ വളരെ പെട്ടെന്നാണ് പാട്ട് 500 മില്യൺ വ്യൂസ് നേടിയത്.

പല പ്രശസ്തപാട്ടുകളും പിന്നീട് ഹിന്ദിസിനിമകൾക്ക് ടൈറ്റിലായിട്ടുണ്ട്. 2003-ൽ പുറത്തിറങ്ങിയ 'കോയി...മിൽ ഗയാ' എന്ന സിനിമയിൽ ഋത്വിക് റോഷനും പ്രീതി സിന്റയുമാണ് മുഖ്യകഥാപാത്രങ്ങളായത്. ഷാരൂഖ് ഖാനും കജോളും റാണി മുഖർജിയും അഭിനയിച്ച 'കുച്ച് കുച്ച് ഹോതാ ഹെ'യിലെ (1998) എല്ലാ പാട്ടുകളും ജനപ്രിയമായിരുന്നു. കുച്ച് കുച്ച് ഹോതാ ഹെ, തുഛേ യാദ് ന മേരി, ലഡ്കി ബഡീ, യേ ലഡ്കാ ഹെ ദിവാനാ...തുടങ്ങിയ പാട്ടുകൾക്കൊപ്പം 'കോയി മിൽ ഗയാ' എന്ന പാട്ടും ജനശ്രദ്ധ നേടി. ഈ പാട്ടാണ് പിന്നീട് ഋത്വിക്കിന്റെ സിനിമയ്ക്ക് ടൈറ്റിലായത്. രണ്ടുസിനിമകളും യഷ് രാജ് പ്രൊഡക്ഷൻസാണ് വിതരണം ചെയ്തത്.

2007-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് 'ഓം ശാന്തി ഓം'. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളായത്. ദീപികയുടെ ബോളിവുഡ് അരങ്ങേറ്റസിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. 1980-ലെ 'കർസ്' എന്ന സിനിമയിൽനിന്നാണ് 'ഓം ശാന്തി ഓം' എന്ന ടൈറ്റിൽ വരുന്നത്. റിഷി കപൂറും ടീന മുനിമും നായികാനായകൻമാരായ സിനിമയിലെ പാട്ടുകൾ സംഗീതം നൽകിയത് ലക്ഷ്മീകാന്ത്-പ്യാരേലാൽ സഖ്യമാണ്. വരികളെഴുതിയത് ആനന്ദ് ബക്ഷിയും. ഓം ശാന്തി ഓം, ദർദെ ദിൽ, ഏക് ഹസീനാ ഥി തുടങ്ങിയ പാട്ടുകളായിരുന്നു സിനിമയുടെ ഹൈലൈറ്റ്. സിനിമ ബോക്‌സോഫീസിൽ തകർന്നടിഞ്ഞെങ്കിലും, പാട്ടുകളെല്ലാം ഹിറ്റായി. സിനിമയിലെ പാട്ടുകൾ പിന്നീട് പല സിനിമകളുടെയും ടൈറ്റിലായി. ദർദെ ദിൽ (1983), പൈസ യേ പൈസ (1985), മേം സോലഹ് ബരസ് കി (1998), ഏക് ഹസീനാ ഥി (2004) തുടങ്ങിയവ അവയിൽ പ്രധാനമാണ്. ഒടുവിൽ 'ഓം ശാന്തി ഓം' എന്ന സിനിമയും.

റൺബീർ കപൂർ, ബിപാഷ ബസു, ദീപിക പദുകോൺ എന്നിവർ അഭിനയിച്ച സിനിമയാണ് 'ബച്‌നാ ഏ ഹസീനോ' (2008). സിനിമയുടെ ടൈറ്റിലിന്റെ പിറവി, റൺബീറിന്റെ പിതാവ് കൂടിയായ റിഷി കപൂറിന്റെ 'ഹം കിസീസെ കം നഹീ' എന്ന സിനിമയിൽനിന്നാണ്. സിനിമയിലെ ബച്‌നാ ഏ ഹസീനോ, മിൽ ഗയാ, ഹംകോ തോ യാരാ, ക്യാ ഹുവാ തേരാ വാദാ, ചാന്ദ് മേരാ ദിൽ തുടങ്ങിയ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. അതിലൊരു ഹിറ്റ് പാട്ട് പിന്നീട് റൺബീറിന്റെ സിനിമയുടെ ടൈറ്റിലാവുകയായിരുന്നു. പഴയ സിനിമയിലെ പാട്ട് റീമിക്‌സ് ചെയ്ത് ഉപയോഗിക്കുകയും ചെയ്തു. ജബ് തക് ഹെ ജാൻ, ബാർ ബാർ ദേഖോ, ജയ് ഹോ തുടങ്ങിയ സിനിമകളും ടൈറ്റിൽ സോങ്ങുകളിൽ നിന്നുണ്ടായതാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ https://mbi.page.link/grihalakshmi

Content Highlights: Janhvi Kapoor`s Malayalam character in `Param Sundari` faces criticism. The film`s title is inspired by A.R. Rahman`s hit song from `Mimi`