'എന്റെ മകന് നിങ്ങളെ ഇഷ്ടമാണ്' വിജയ്‌യുടെ പ്രശംസയാണ് ആ സിനിമയിലേക്കെത്തിച്ചത്

ജേസൺ സഞ്ജയ്‌യുടെ ചിത്രമായ 'സിഗ്മ' റിലീസിനൊരുങ്ങുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ നടൻ സി.ജോസഫ് വിജയ്‌യുടെ മകനാണ് ജേസൺ സഞ്ജയ്. ഒക്ടോബർ 2-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നടൻ സുന്ദീപ് കിഷനാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.
താൻ എങ്ങനെയാണ് 'സിഗ്മ'യിലേക്കെത്തിയതെന്ന് വിവരിക്കുകയാണ് സുന്ദീപ് ഇപ്പോൾ. തിരക്കഥ കേട്ടോ കാസ്റ്റിങ് കോളിലൂടെയോ അല്ല താനിതിന്റെ ഭാഗമായതെന്നും അദ്ദേഹം പറയുന്നു. മറിച്ച് 2023-ൽ ലോകേഷ് കനകരാജിന്റെ 'ലിയോ' എന്ന ചിത്രത്തിന്റെ പൂജാചടങ്ങിനിടെയുണ്ടായ ഒരു നിമിഷത്തിലൂടെയാണ് ഇതിന്റെയെല്ലാം തുടക്കം.
''വളരെ മനോഹരവും അവിസ്മരണീയവുമായ ഒരു നിമിഷത്തോടെയാണ് എല്ലാം ആരംഭിച്ചത്. ലോകേഷ് കനകരാജ് ക്ഷണിച്ചതനുസരിച്ചാണ് ഞാൻ 'ലിയോ'യുടെ പൂജയിൽ പങ്കെടുത്തത്. സത്യം പറഞ്ഞാൽ, അവിടേക്ക് പോകുമ്പോൾ എനിക്ക് വല്ലാത്തൊരു പരിഭ്രമം ഉണ്ടായിരുന്നു'', അദ്ദേഹം ഓർക്കുന്നു.
തുടർന്നുണ്ടായ കാര്യങ്ങൾ അദ്ദേഹത്തെ അമ്പരപ്പിക്കുന്നതായിരുന്നു.
''വിജയ് സാറിന് നിങ്ങളെ കാണണം' എന്ന് ലോകേഷ് എന്നോട് പറഞ്ഞു. വിജയ് സാറിനെ കണ്ടപ്പോൾ, അദ്ദേഹം 'മാനഗരം' എന്ന ചിത്രവും എന്റെ മറ്റ് ചില സിനിമകളും കണ്ടിട്ടുണ്ടെന്നും അവ ഇഷ്ടപ്പെട്ടുവെന്നും എന്നോട് പറഞ്ഞു'', സുന്ദീപ് പറയുന്നു.
''ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളിൽ നിന്ന് സ്വന്തം മകൻ പറഞ്ഞ പ്രശംസ കേട്ടത് തന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു''. അതിനുശേഷമാണ് സുന്ദീപ് 'സിഗ്മ'യിലേക്കെത്തുന്നത്. എന്നാൽ ''ഇപ്പോൾ ആരോടും പറയരുത്. പറഞ്ഞാൽ ആളുകൾ നിങ്ങളെ ട്രോളിയേക്കും'', എന്ന് ലോകേഷ് എന്നോട് പറഞ്ഞു. മൂന്ന് വർഷത്തോളം സുന്ദീപ് അക്കാര്യം പുറത്തുവിട്ടില്ല. ''അന്ന് എനിക്കത് വെളിപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല''.
തന്റെ ഏറ്റവും വലിയ പ്രചോദനം വിജയ് ആണെന്ന് ഒരു പരിപാടിക്കിടെ സുന്ദീപ് പറഞ്ഞിരുന്നു. അദ്ദേഹത്തിൽനിന്ന് പഠിച്ചൊരു വരി സുന്ദീപ് പ്രസംഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു, ''നിങ്ങളുടെ പുഞ്ചിരികൊണ്ട് അവരെ കീഴടക്കുക; നിങ്ങളുടെ വിജയം കൊണ്ട് അവരെ തകർക്കുക''.
ഫാരിയ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ് തുടങ്ങിയവരും 'സിഗ്മ'യിൽ പ്രധാനവേഷങ്ങളിലെത്തുന്നു. എസ്.തമൻ ആണ് സംഗീതസംവിധാനം. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്‌കരനാണ് സിനിമ നിർമിക്കുന്നത്. തമിഴിനൊപ്പം തെലുഗു, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായിട്ടാണ് സിനിമ തിയേറ്ററുകളിലെത്തുക.
അതിനിടെ വിജയ് തന്റെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് ജേസൺ വ്യക്തമാക്കി. ''പ്രൊമോഷൻ അദ്ദേഹത്തെക്കുറിച്ചല്ല, സിനിമയെക്കുറിച്ചായിരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്; രണ്ടും തമ്മിൽ കൂടിക്കലരുന്നതിനോട് എനിക്ക് താത്പര്യമില്ല'', എന്നാണ് അക്കാര്യത്തെക്കുറിച്ച് ജേസൺ പറഞ്ഞത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi