'പലരും എന്നോട് ചോദിച്ചു ആ കഥാപാത്രത്തിനുവേണ്ടി തടികുറയ്ക്കാമോ എന്ന്'-വിദ്യാ ബാലന്

എന്നും വാര്‍ത്തകളിലിടം പിടിക്കുന്ന താരമാണ് വിദ്യാ ബാലന്. അഭിനയപാടവം കൊണ്ടും നല്ല കഥാപാത്രങ്ങള്‍ ചെയ്തും പ്രേക്ഷകമനസ്സിലിടം പിടിച്ച വിദ്യാ ബാലന്. ആരുടെയും പിന്‍ബലമില്ലാതെ സിനിമയിലെത്തിയ വിദ്യ, പിടിച്ചുനില്ക്കാന് ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. ആ കഷ്ടപ്പാടുകളെക്കുറിച്ചും തന്റെ ശരീരപ്രകൃതി കാരണം പരിഹാസമേറ്റുവാങ്ങിയതിനെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് വിദ്യ ഇപ്പോള്‍. എന്നും താന്‍ നെപ്പോട്ടിസത്തിന്റെ ഇരയായിരുന്നുവെന്നും വിദ്യ തുറന്നുപറയുന്നു.
''2008-ല്‍ ഒരു അവാര്‍ഡ്ദാന ചടങ്ങിനോടനുബന്ധിച്ചാണ് മര്യാദയില്ലാത്ത പെരുമാറ്റം നേരിടേണ്ടിവന്നത്. ചടങ്ങിന് കുറച്ചുദിവസം മുമ്പേ അവരെന്നെ വിളിച്ചു, നാ-റിയല്‍ അവാര്‍ഡാണ് എനിക്ക് നല്കാന് പോവുന്നതെന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ത്തന്നെ ഞാന്‍ അവരോട് ചോദിച്ചു, എനിക്കെന്തിനാണ് ഇങ്ങനെയുള്ള അവാര്‍ഡ് തരുന്നതെന്ന്. ഒരു തമാശയ്ക്ക് ചെയ്യുന്നതാണെന്നായിരുന്നു അവരുടെ വിശദീകരണം. അന്ന് ഞാന്‍ ഇന്‍ഡസ്ട്രിയില്‍ പുതിയ ആളായിരുന്നു. അതുകൊണ്ട് എന്റെ അഭിപ്രായം തുറന്നുപറയാന്‍ കഴിഞ്ഞില്ല. നാ-റിയല്‍ വിഭാഗത്തില്‍ പുരുഷനും സ്ത്രീക്കും അവാര്‍ഡുണ്ടായിരുന്നു. എന്നാല്‍, പുരുഷന് ദിവസങ്ങള്‍ക്കുമുന്നേ പിന്‍വാങ്ങി. ഒടുവില്‍ ആ പുരസ്കാരം ഞാന്‍ മാത്രം ഏറ്റുവാങ്ങേണ്ടിവന്നു. അവര്‍ക്ക് കളിയാക്കി ചിരിക്കാന്‍ ഒരാള്‍ വേണമായിരുന്നു. അത് ഭംഗിയായി അവര്‍ നടത്തുകയും ചെയ്തു. അന്ന് രാത്രി ഞാന്‍ ശരിക്കും തകര്‍ന്നുപോയി. ഞാന്‍ ഒറ്റയ്ക്കാണെന്ന് എനിക്ക് മനസ്സിലായി. മറ്റൊരു കാര്യം കൂടി ഞാന്‍ തിരിച്ചറിഞ്ഞു, ഒരു സിനിമാകുടുംബത്തില്നിന്നല്ല നമ്മുടെ വരവെങ്കില്‍ ആരും നമ്മളെ ശ്രദ്ധിക്കുകയില്ല''.
ശരീരം ഭാരമായപ്പോള്‍
''ചെറുപ്പം മുതലേ നല്ല തടിയുള്ള ശരീരമായിരുന്നു എന്റേത്. അത് കുറയ്ക്കാന്‍വേണ്ടി എന്റെ അമ്മ കുറേ ശ്രമിച്ചു. ഒന്നും നടന്നില്ല. വലുതാകുന്തോറും ശരീരം എനിക്ക് തന്നെ ഒരു ഭാരമായി തോന്നി. ടീനേജിലേക്ക് കടന്നപ്പോഴും ഈ പ്രശ്നം എന്നെ വല്ലാതെ അലട്ടി. പത്തുലിറ്റര്‍ വെള്ളം കുടിച്ചാല്‍ തടി കുറയുമെന്ന് ആരോ പറഞ്ഞതുകേട്ട്, എല്ലാ ദിവസവും പത്തും പതിനൊന്നും ലിറ്റര്‍ വെള്ളം കുടിക്കാന്‍ തുടങ്ങി. അതെന്നെ മോശമായിട്ടാണ് ബാധിച്ചത്. പിന്നെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്താല്‍ തടി കുറയുമെന്ന് കേട്ടപ്പോള്‍, മണിക്കൂറുകളോളം ജിമ്മില്‍ ചെലവഴിക്കാന്‍ തുടങ്ങി. എന്നിട്ടും തടി കുറഞ്ഞില്ല. സഹപാഠികള്‍ പോലും എന്നെ 'മോട്ടി' എന്നായിരുന്നു കളിയാക്കി വിളിച്ചിരുന്നത്. അന്നൊക്കെ എന്റെ ശരീരത്തോട് എനിക്ക് വെറുപ്പായിരുന്നു''.
ഒടുവില്‍ സിനിമയിലെത്തിയപ്പോഴും വിദ്യ ശരീരപ്രകൃതിയുടെ പേരില്‍ അപമാനിക്കപ്പെട്ടു. ''സിനിമയിലെത്തിയപ്പോള്‍ എന്റെ തടി ഒരു ദേശീയപ്രശ്നമായതുപോലെയാണ് എനിക്ക് തോന്നിയത്. എനിക്ക് ചില ഹോര്‍മോണല്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അതുപോലും മനസ്സിലാക്കാതെയുള്ള ക്രൂരമായ അപഹാസ്യമായിരുന്നു. ശരീരത്തിന്റെ തടി കൊണ്ട് മാത്രം ഒരു സിനിമ നടക്കാതെ പോയിട്ടുണ്ട്. അപ്പോഴൊക്കെ ശരീരത്തെ കൂടുതല്‍ കൂടുതല്‍ ഞാന്‍ വെറുത്തു. തുടക്കത്തില്‍ ദക്ഷിണേന്ത്യയില്‍നിന്ന് എനിക്ക് തിരസ്കാരമുണ്ടായതും ഇതുകൊണ്ടായിരിക്കാം. ഞാന്‍ ബോഡി ഷെയ്മിങ് എത്ര തവണ നേരിട്ടുന്നുവെന്ന് എനിക്ക് പോലും അറിയില്ല. ഓരോ സിനിമയ്ക്കുമുമ്പും നിര്‍മാതാവോ സംവിധായകനോ എന്നോട് ആദ്യം ചോദിക്കുന്ന കാര്യം, തടി അല്പം കുറയ്ക്കാമോ എന്നതാണ്.
അതുകേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരുമായിരുന്നു. പക്ഷേ ഒന്നും മറുപടി പറയാന്‍ പറ്റിയിരുന്നില്ല. കുറേക്കാലം കഴിഞ്ഞാണ് അതിനെയൊക്കെ തള്ളിക്കളയാന്‍ എനിക്ക് കഴിഞ്ഞത്. 'നിങ്ങള്‍ ഉദ്ദേശിക്കുന്ന ശരീരമല്ല എന്റേത്, നിങ്ങളുടെ കഥാപാത്രത്തിന് വേണ്ടത് നിങ്ങള്‍ നോക്കൂ' എന്ന് പിന്നീട് പറയാന്‍ തുടങ്ങി. ഇതൊക്കെ കാണുമ്പോള്‍ എനിക്ക് ശരിക്കും ഈര്‍ഷ്യ തോന്നുമായിരുന്നു. എനിക്കുവേണ്ടി, എന്നെ മനസ്സില്‍ കണ്ടുകൊണ്ട് എഴുതിയ തിരക്കഥയാണെന്ന് പറയും. പിന്നെന്തിനാണ് എന്നോട് തടി കുറയ്ക്കാന്‍ പറയുന്നത്. മെലിഞ്ഞ ശരീരം മാത്രമാണ് ആകര്‍ഷണീയമെന്ന് അവരോട് ആരാണ് പറഞ്ഞത്''. കാലം കുറേ കഴിഞ്ഞു. പിന്നീട് വിദ്യയെ തേടി നല്ല കഥാപാത്രങ്ങള്‍ എത്താന്‍ തുടങ്ങി.
''കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് ഞാന്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്. എന്നെ എന്നും ലൈവായി നിര്‍ത്തുന്നത് എന്റെ ശരീരമാണ്. എനിക്കെന്റെ ശരീരത്തോട് നന്ദിയുണ്ട്. അത് മനസ്സിലാക്കിയതോടെ ഞാനെന്റെ ശരീരത്തെ അംഗീകരിക്കാനും ഇഷ്ടപ്പെടാനും തുടങ്ങി. ഇപ്പോള്‍ എന്റെ ശരീരത്തോട് എനിക്ക് തീരാത്ത നന്ദിയാണുള്ളത്''. പാ, ഇഷ്കിയ, നോ വണ്‍ കില്ലഡ് ജെസീക്ക, കഹാനി, ദ ഡേര്‍ട്ടി പിക്ചര്‍, തുമാരി സുലു, മിഷന് മംഗള്‍, ഭൂല്‍ ഭുലയ്യ തുടങ്ങിയവയാണ് വിദ്യയുടെ പ്രധാനസിനിമകള്‍. സില്‍ക്ക് സ്മിതയുടെ കഥ പറയുന്ന 'ഡേര്‍ട്ടി പിക്ചറി'ലെ അഭിനയത്തിന് ദേശീയപുരസ്കാരവും ലഭിച്ചിട്ടുണ്ട് വിദ്യയ്ക്ക്.
Content Highlights: vidya balan on body shaming and bullying