വൈരമുത്തുവിനു നേരെ ചെരിപ്പെറിഞ്ഞ് വനിത, ശേഷം ഗാനരചയിതാവിന്റെ ആദ്യ പോസ്റ്റ്

ഈയാഴ്ച തിരുപ്പൂരിൽ നടന്ന പരിപാടിക്കിടെ, തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ഒരു സ്ത്രീ ഷൂ എറിഞ്ഞ സംഭവം വലിയ വാർത്തയായിരുന്നു. കളക്ടറേറ്റിനു പുറത്തുവെച്ച് വൈരമുത്തുവിനെ സ്വീകരിക്കുന്നതിനിടെയാണ് 45-കാരിയായ ഒരു സ്ത്രീ അദ്ദേഹത്തിന് നേരെ ഷൂ എറിഞ്ഞത്. ഉടൻ പോലീസ് അവരെ ചോദ്യം ചെയ്യാൻ കൊണ്ടുപോയി.
പോളിമർ ന്യൂസ് പങ്കുവെച്ച വീഡിയോയിൽ, വെളുപ്പും മഞ്ഞയും വസ്ത്രം ധരിച്ച വൈരമുത്തുവിനെ അദ്ദേഹത്തിന്റെ കാറിനടുത്തുവെച്ച് ഉദ്യോഗസ്ഥർ സ്വാഗതം ചെയ്യുന്നതായി കാണാം. പിന്നാലെ ഷൂ ഉയർന്നുവരുന്നതും കാണാം, അത് അദ്ദേഹത്തെ ലക്ഷ്യമിട്ടാണ് വന്നതെങ്കിലും ഉന്നംതെറ്റി അടുത്തുനിന്ന ഒരു ഉദ്യോഗസ്ഥന്റെ തലയിൽ തട്ടി ജനക്കൂട്ടത്തിനിടയിൽ വീഴുന്നു. പോലീസ് ഇടപെട്ടതോടെ ചടങ്ങ് തടസ്സമില്ലാതെ മുന്നോട്ട് പോയി.
‘ഹിന്ദു തമിഴ്’ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ജയ എന്ന 45-കാരിയാണ് ഷൂ എറിഞ്ഞത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അവരെ പിടികൂടുകയും ചെയ്തു.
'സ്ത്രീ മാനസികമായി അസുഖമുള്ള വ്യക്തി' ആണെന്നും കളക്ടറേറ്റ്, കോടതി എന്നിവിടങ്ങളിലെ പ്രശ്നങ്ങളിൽ സ്ഥിരമായി 'ഇടപെടുന്നയാളാ'ണെന്നും പോലീസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവം നടന്നശേഷം വൈരമുത്തു ആദ്യമായി സാമൂഹിക മാധ്യമങ്ങളിൽ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. കളക്ടറേറ്റിൽ തനിക്ക് നേരെ ഷൂ എറിഞ്ഞതിനെക്കുറിച്ച് പരാമർശിക്കാതെ, തിരുപ്പൂരിൽ താൻ പങ്കെടുത്ത മറ്റൊരു പരിപാടിയെക്കുറിച്ചായിരുന്നു പോസ്റ്റ്.
2018-ൽ, മീടൂ പ്രസ്ഥാനത്തിനിടെ, ഗായിക ചിന്മയി ശ്രീപാദ, ഭുവന ശേഷൻ എന്നിവരടക്കമുള്ളവർ വൈരമുത്തുവിനെതിരേ ലൈംഗിക പീഡനാരോപണങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന് വൈരമുത്തു വാർത്തകളിൽ നിറയുകയും ചെയ്തു. ആരോപണങ്ങൾ നിഷേധിക്കുകയാണ് അദ്ദേഹം ചെയ്തത്. 2024-ലെ 'മഹാരാജ' ചിത്രത്തിനുവേണ്ടി വൈരമുത്തു സംഗീതം ചെയ്തിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A shoe was thrown at Tamil lyricist Vairamuthu at a Tiruppur event. A woman was arrested. Vairamuthu has since posted on social media.