കമൽഹാസിന്റെ നായികയായി കെയ്റ്റ് വിൻസ്‌ലെറ്റ്?; 85കോടിയുടെ ആ സിനിമ ഇന്നും പെട്ടിയിൽ തന്നെ

കമൽഹാസൻ, എലിസബത്ത് രാജ്ഞിക്കൊപ്പം കമൽഹാസൻ / IMDb
കമൽഹാസൻ, എലിസബത്ത് രാജ്ഞിക്കൊപ്പം കമൽഹാസൻ / IMDb

ഉലകനായകൻ കമൽഹാസൻ...തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹം സംവിധായകനെന്ന നിലയിലും തിളങ്ങിയിട്ടുണ്ട്. ചാച്ചി 420, ഹേ റാം, വിരുമാണ്ടി, വിശ്വരൂപം...ഇതെല്ലാം അദ്ദേഹം സംവിധാനം ചെയ്ത സിനിമകളാണ്. എന്നാൽ, കമൽ ആദ്യമായി സംവിധാനം ചെയ്ത സിനിമ ഇന്നും റിലീസായിട്ടില്ലെന്നതാണ് സത്യം. 

1991-ലാണ് ഒരു ചരിത്രസിനിമ സംവിധാനം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചത്. നിർമാണവും പ്രധാനകഥാപാത്രവും കമൽ തന്നെ. കഥ തമിഴിലെ പ്രശസ്ത എഴുത്തുകാരനായ എസ്.രംഗരാജനും (സുജാത). വലിയ ബജറ്റിലാണ് സിനിമ നിർമിക്കാൻ ഉദ്ദേശിച്ചത്. ഏകദേശം 85 കോടി രൂപ. 34 വർഷം മുമ്പാണെന്ന് ഓർക്കണം. സംഗീതസംവിധാനം ഇളയരാജയും ഛായാഗ്രഹണം രവി കെ.ചന്ദ്രനും.  

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച താരങ്ങളെയാണ് സിനിമയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചത്. വിഷ്ണുവർധൻ, നാസർ, നസിറുദ്ദീൻ ഷാ, ഓം പുരി, അമ്‌രിഷ് പുരി തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങൾ. അമിതാഭ് ബച്ചൻ, രജനീകാന്ത് എന്നിവർ അതിഥിവേഷങ്ങളിലെത്തുമെന്നും വാർത്തകൾ വന്നു. നായികമാരായി കെയ്റ്റ് വിൻസ്‌ലെറ്റിനെയാണ് പരിഗണിച്ചത്. പക്ഷേ, അവർക്ക് താത്പര്യമുണ്ടായിരുന്നില്ല. മറ്റ് നായികമാരെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങി. കമൽഹാസനും മറ്റും യൂറോപ്യൻ താരങ്ങളെ ഓഡിഷൻ നടത്തുന്നതിനായി ഫ്രാൻസിലും ലണ്ടനിലും പോവുകയും ചെയ്തു. മേക്കപ്പ് ആർട്ടിസ്റ്റ് ഉൾപ്പെടെയുള്ളവർ വിദേശികളായിരുന്നു. കമലിന്റെ മുൻഭാര്യയും നടിയുമായ സരികയായിരുന്നു കോസ്റ്റിയൂം ഡിസൈനർ. പഴയകാലത്തെ വസ്ത്രങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി സരികയും യാത്രകളേറെ നടത്തി.

ഒടുവിൽ 1996 പകുതിയോടെ ഒരു ടെസ്റ്റ് ഷൂട്ട് നടത്തി. അതിനായി മാത്രം 7000-ത്തിലേറെ വസ്ത്രങ്ങള്‍ സരിക തയ്യാറാക്കി. 1000-ത്തോളം പേരാണ് ആ ഷൂട്ടിനുണ്ടായിരുന്നത്. അതിനുശേഷം 1997 ഒക്ടോബറിൽ എം.ജി.ആർ ഫിലിം സിറ്റിയിൽവെച്ച് സിനിമയുടെ ഷൂട്ടിങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. എലിസബത്ത് രാജ്ഞിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ടെസ്റ്റ് ഷൂട്ടിൽനിന്നുള്ള യുദ്ധരംഗം ഉൾപ്പെടുത്തി മിനിറ്റുകൾ മാത്രമുള്ള ടീസറും രാജ്ഞിക്കായി സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. അതിനുമാത്രം ഒന്നര കോടി രൂപയാണ് ചെലവായത്.

പെട്ടെന്ന് തന്നെ ഷൂട്ടിങ് തുടങ്ങുമെന്ന് കമൽ പ്രഖ്യാപിക്കുകയും ചെയ്തു. ചെലവേറിയ പ്രൊജക്ട് ആയതിനാൽ ഫ്രഞ്ച്-ഇംഗ്ലീഷ്-ഇന്ത്യൻ കമ്പനികൾ ചേർന്നാണ് സിനിമ നിർമിക്കുകയെന്നും വാർത്തകൾ വന്നു. ആ സമയത്താണ് കമലിനൊപ്പം സിനിമ നിർമിക്കാൻ തയ്യാറായി, ഒരു ബ്രിട്ടീഷ് കമ്പനി മുന്നോട്ടുവന്നത്. അധികം വൈകാതെ ആ കമ്പനി പിൻവാങ്ങി. ഷൂട്ടിങ് നിലച്ചു. 1999 നവംബറിൽ വീണ്ടും ഷൂട്ടിങ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും നടന്നില്ല. നിർമാതാക്കളെ അന്വേഷിച്ചുള്ള കമലിന്റെ യാത്രകളും വിജയിച്ചില്ല. അതിനിടെ ഇടയ്ക്കിടയ്ക്ക് 'മരുതനായകം' ചർച്ചയായി. പക്ഷേ, ഷൂട്ടിങ് മാത്രം നടന്നില്ല. 2020-ൽ കമൽ സിനിമയെക്കുറിച്ച് സംസാരിച്ചതിങ്ങനെ, ''എന്നെങ്കിലും ആ സിനിമ ഞാൻ സംവിധാനം ചെയ്യുകയാണെങ്കിലും, നായകൻ ഞാനാവില്ല. ഒന്നുകിൽ കഥയിൽ മാറ്റംവരുത്തും. അല്ലെങ്കിൽ കുറേക്കൂടി ചെറുപ്പമായ ആളെ നായകനാക്കും''. 

റിലീസായിരുന്നെങ്കിൽ ഒരു പാൻ-വേൾഡ് സിനിമയാവുമായിരുന്നു ഇതെന്നാണ് നിരൂപകർ പറയുന്നത്. കമലിന്റെ കിരീടത്തിലെ ഒരു പൊൻതൂവൽ കൂടി ആവേണ്ടിയിരുന്ന ആ സിനിമ, വരുമോയെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. 


 

Content Highlights: unreleased cinema of kamal haasan