സിനിമയുടെ ബജറ്റ് 3 കോടി; പാട്ടുചിത്രീകരണത്തിനിടയിൽ കരൺ ജോഹർ ബോധംകെട്ടുവീണു

കരൺ ജോഹർ സംവിധാനവും തിരക്കഥയും നിർവഹിച്ച സിനിമയാണ് 'കഭി ഖുഷി കഭി ഗം'. 2001-ൽ റിലീസായ ചിത്രത്തിൽ അമിതാഭ് ബച്ചൻ, ജയാ ബച്ചൻ, ഷാരൂഖ് ഖാൻ, കജോൾ, ഹൃത്വിക് റോഷൻ, കരീന കപൂർ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കരൺ ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയ്ക്കുപുറമെ ലണ്ടൻ, ഈജിപ്ത് എന്നീ സ്ഥലങ്ങളിലുമായിട്ടാണ് ചിത്രീകരണം നടന്നത്. 40 കോടിക്കാണ് സിനിമ നിർമിച്ചത്. അങ്ങനെ അക്കാലത്ത് ഏറ്റവും ചെലവേറിയ ഇന്ത്യൻസിനിമ എന്ന പേരും ഇതിന് ലഭിച്ചു. യഷ് ചോപ്രയാണ് ചിത്രം നിർമിച്ചത്.
റിലീസായപ്പോൾ 136 കോടിയാണ് സിനിമ വാരിക്കൂട്ടിയത്. നൂറിലധികം രാജ്യങ്ങളിലാണ് ചിത്രം വിതരണം ചെയ്തത്. വിദേശരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോഡും വർഷങ്ങളോളം ഇത് നിലനിർത്തി. കാലക്രമേണ സിനിമയ്ക്ക് കൾട്ട് പദവിയും ലഭിച്ചു. സിനിമയിലെ കഥാപാത്രങ്ങളുടെ കോസ്റ്റിയൂമുകൾ ഫാഷനിസ്റ്റുകളുടെ മനസ്സിലിടം പിടിച്ചു.
കരീനയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഇതിലെ പൂ. കരീനയുടെ സ്റ്റൈലിനും ആരാധകരേറെയായിരുന്നു. 2021-ൽ എല്ലി ഇന്ത്യയുടെ ഒരു ലേഖനത്തിൽ 'ബോളിവുഡിലെ ഒറിജിനൽ ജെൻ സി ഐക്കൺ' ആയി വിവരിക്കുന്നത് കരീനയുടെ ഈ കഥാപാത്രത്തെയാണ്.
ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കഭീ ഖുഷി കഭീ ഗം, ബോലി ചൂഡിയാം, യൂ ആർ മൈ സോണിയ, യേ ലഡ്കാ, സേ ഷാവാ ഷാവാ, ദീവാനാ ഹെ ദേക്കോ...തുടങ്ങിയ പാട്ടുകളെല്ലാം ഒന്നിനൊന്ന് ഹിറ്റായി.
'ബോലി ചൂഡിയാം' എന്ന പാട്ടിന്റെ ചിത്രീകരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സഹസംവിധായകനായ നിഖിൽ അദ്വാനി. സത്യത്തിൽ സിനിമയുടെ ആദ്യബജറ്റ് മുഴുവൻ ആ പാട്ടിന്റെ ചിത്രീകരണത്തിനാണ് ഉപയോഗിച്ചതെന്നും നിഖിൽ പറയുന്നു.
''സിനിമയുടെ കാര്യങ്ങളെല്ലാം ഓകെയായി. ബജറ്റിന്റെ കാര്യത്തിലാണ് തീരുമാനം വേണ്ടത്. ഒരുദിവസം യഷ് ചോപ്ര എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചു. സിനിമയുടെ ബജറ്റ് എഴുതാനാവശ്യപ്പെട്ടു. മൂന്നുകോടി എഴുതിയപ്പോൾ അദ്ദേഹം അപ്പോൾ തന്നെ അംഗീകരിച്ചു. അങ്ങനെയാണ് സിനിമ തുടങ്ങുന്നത്''.
സിനിമയുടെ ആദ്യത്തെ സെറ്റ് ആ പാട്ടിനുവേണ്ടിയായിരുന്നുവെന്നും നിഖിൽ ഓർക്കുന്നു. ''പാട്ടിന്റെ ചിത്രീകരണത്തിനിടയിൽ കരൺ ജോഹറിന് ബോധക്ഷയമുണ്ടായി. അതിൽ കജോൾ ധരിച്ച ലെഹങ്കയ്ക്ക് എന്തൊക്കെയോ കുഴപ്പങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അവർക്ക് നൃത്തം ചെയ്യാൻ കഴിയുന്നില്ല. അങ്ങനെ ആകെ മൊത്തം പ്രശ്‌നങ്ങൾ. 200 നർത്തകരും 300-ഓളം ജൂനിയർ ആർട്ടിസ്റ്റുമാരും. സർവത്ര പ്രശ്‌നങ്ങൾ. സീൻ ഗംഭീരമാവണമെന്ന് കരൺ പറഞ്ഞതിനാൽ, ഷാൻഡ്‌ലിയർ ഉൾപ്പെടെ നിർമിച്ചു''.
അങ്ങനെ ചിത്രീകരണമെല്ലാം ഗംഭീരമായി നടക്കുന്നതിനിടയിലാണ് യഷ് ചോപ്ര ഒരു ദിവസം സെറ്റിലെത്തുന്നത്. ''ഷൂട്ടിങ്ങിന്റെ ഇടവേളയിൽ അദ്ദേഹം ചോദിച്ചു, 'ഈ സിനിമയ്ക്കുവേണ്ടി നിങ്ങളൊരു ബജറ്റ് പ്ലാൻ ചെയ്തിരുന്നില്ലേ? അതെത്രയായിരുന്നു'. ഓർമയില്ലെന്ന് ഞാൻ മറുപടി പറഞ്ഞു. അതോടെ അദ്ദേഹത്തിന് ഞാൻ മുമ്പ് നൽകിയ പേപ്പർ പുറത്തെടുത്ത് ഉറക്കെ വായിച്ചു, 'മൂന്നു കോടി. നിങ്ങൾ നിർമിച്ച സെറ്റിന് ഇതിനകം അതിലും കൂടുതൽ ചെലവായി'. പിന്നാലെ ആ പേപ്പർ കീറിയിട്ട് അദ്ദേഹം പറഞ്ഞു, 'ഇപ്പോൾ, നിങ്ങൾ സിനിമ നിർമ്മിക്കൂ!' അങ്ങനെയാണ് ആ സിനിമയുടെ നിർമാണം പൂർത്തിയായത്''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the staggering cost of the `Bole choodiyaan` song shoot for Kabhi Khushi Kabhie Gham. Learn how a Rs 3 Cr budget ballooned for this iconic Bollywood film