താജ്മഹലിന്റെ താഴികക്കുടത്തില്‍ നിന്ന് ഉയർന്നുവരുന്ന പരമശിവൻ; വിവാദത്തിൽ 'ദി താജ് സ്റ്റോറി'

തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന പരേഷ് റാവലിന്റെ കോര്‍ട്ട് റൂം ഡ്രാമയായ 'ദി താജ് സ്റ്റോറി' വിവാദത്തില്‍. താജ്മഹലിന്റെ താഴികക്കുടത്തില്‍ നിന്ന് ശിവന്റെ വിഗ്രഹം ഉയര്‍ന്നുവരുന്നതായി ചിത്രീകരിച്ച മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നതോടെയാണ് 'ദി താജ് സ്റ്റോറി' ആദ്യമായി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
റിലീസ് തീയതി അടുത്തതോടെ, തുഷാര്‍ അമരീഷ് ഗോയല്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ ഒരു ബിജെപി നേതാവ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും (സിബിഎഫ്‌സി) പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ, ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.
അയോധ്യയില്‍ നിന്നുള്ള ബിജെപി വക്താവായ രജനീഷ് സിങാണ് പരാതിക്കാരൻ. താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ ഒരു ക്ഷേത്രമായിരുന്നുവെന്നും, അതിനുള്ളിലെ അടച്ചിട്ട 22 മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടും 2022 ഒക്ടോബറില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചില്‍ ഇദ്ദേഹം ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി 2022 മേയില്‍ തന്നെ ഹൈക്കോടതി തള്ളി. ചരിത്രപരമായ വസ്തുതകളുടെ സുതാര്യതയും സ്ഥിരീകരണവും ഉറപ്പാക്കുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും എന്നാല്‍ ഈ സിനിമ നിയമപരമായ വിഷയത്തെയും ഹര്‍ജിയെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരാമര്‍ശിക്കുന്നതായി അദ്ദേഹം ആരോപിക്കുന്നു.
സിനിമയുടെ റിലീസ് സ്റ്റേ ചെയ്യണമെന്നും സിബിഎഫ്‌സി നല്‍കിയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഷക്കീല്‍ അബ്ബാസും പൊതുതാല്‍പര്യഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു.
പരേഷ് റാവല്‍, താജ്മഹലിലെ വിഷ്ണു ദാസ് എന്ന പ്രാദേശിക ഗൈഡിന്റെ പ്രധാന കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. പ്രതിഷേധങ്ങള്‍ക്കിടയില്‍ താജ്മഹലിന്റെ 'ഡിഎന്‍എ ടെസ്റ്റ്' ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിക്കുന്നു. മോഷന്‍ പോസ്റ്ററിന് ഓണ്‍ലൈനില്‍ പ്രചാരം ലഭിച്ചതോടെ, നിര്‍മ്മാതാക്കള്‍ അത് ഡിലീറ്റ് ചെയ്ത ശേഷം ഒരു വിശദീകരണക്കുറിപ്പ് പുറത്തിറക്കി.
ഒക്ടോബര്‍ 9-ന്, സിനിമയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 16-ന് ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. സിഎ സുരേഷ് ഝാ നിര്‍മ്മിച്ച 'ദി താജ് സ്റ്റോറി'യില്‍ സക്കീര്‍ ഹുസൈന്‍, അമൃത ഖാന്‍വില്‍ക്കര്‍, സ്‌നേഹ വാഗ്, നമിത് ദാസ് എന്നിവരും അഭിനയിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: paresh rawal`s court drama `the taj story` sparks controversy over taj mahal depiction. bjp leader files complaint; pleas to halt release.