ധന്‍സിക അഭിനയം തുടരും, 47-ാം വയസ്സില്‍ പ്രണയം പരസ്യപ്പെടുത്തി വിശാല്‍

തമിഴ് നടന്‍ വിശാലുമായുള്ള തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് നടി സായ് ധന്‍സിക. വിശാലിനെ ദീര്‍ഘകാലമായി അറിയാം, തങ്ങള്‍ക്കിടയില്‍ പ്രണയം പൂവണിഞ്ഞുവെന്നും ഓഗസ്റ്റ് 29-ന് വിവാഹിതരാവാന്‍ പോവുകയാണെന്നും ധന്‍സിക തുറന്നുപറഞ്ഞു.
ധന്‍സികയുടെ ഏറ്റവും പുതിയ ചിത്രം 'യോഗി ദാ'യുടെ ഓഡിയോ, ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു സംഭവം. വിശാലും വേദിയിലുണ്ടായിരുന്നു. ''ഇവിടെ വരുന്നതിനുമുമ്പ് വിശാലും ഞാനും പരസ്പരം സംസാരിച്ചു. 15 വര്‍ഷമായി ഞങ്ങള്‍ സുഹൃത്തുക്കളാണെന്ന് മാത്രം പറയാമെന്നായിരുന്നു, എങ്കിലും ഞങ്ങള്‍ കുടുംബമായി കണക്കാക്കുന്ന നിങ്ങളില്‍ നിന്ന് (മാധ്യമങ്ങളില്‍ നിന്ന്) മറച്ചുവെക്കാന്‍ ഒന്നുമില്ല. ഓഗസ്റ്റ് 29-ന് ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം എനിക്ക് അര്‍ഹമായ ബഹുമാനം നല്‍കിയിട്ടുണ്ട്. എനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം എനിക്കായി ശബ്ദമുയര്‍ത്തി. ഒരു പ്രശ്‌നമുണ്ടായപ്പോള്‍ അദ്ദേഹം എന്റെ വീട്ടില്‍ വന്നു. ഞങ്ങള്‍ അടുത്തിടെ പരസ്പരം സംസാരിച്ചുതുടങ്ങി, പിന്നീട് ഞങ്ങളില്‍ പ്രണയം പൂവണിയുകയായിരുന്നു. ഇരുവരും പരസ്പരം അത് അംഗീകരിച്ചു. ഇത് വിവാഹത്തിലേക്ക് പോകുമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. പിന്നെ എന്തിനാണ് കാത്തിരിക്കുന്നത്? ഒരു കാര്യമേയുള്ളൂ. അവന്‍ സന്തോഷവാനായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു''- വേദിയിലിരുന്ന വിശാലിനോട് 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'വെന്നും ധന്‍സിക പറഞ്ഞു.
ചടങ്ങില്‍ പങ്കെടുത്ത വിശാലും പിന്നീട് സംസാരിച്ചു. ധന്‍സിക ഒരു അത്ഭുതകരമായ വ്യക്തിയാണെന്നാണ് വിശാല്‍ വിശേഷിപ്പിച്ചത്. ''ഞങ്ങള്‍ പരസ്പരം നന്നായി മനസ്സിലാക്കുന്നു. അതെ, ധന്‍സികയും ഞാനും വിവാഹിതരാകാന്‍ പോകുന്നു. ഞാന്‍ വളരെ ഭാഗ്യവാനാണ്. ദൈവം എപ്പോഴും അവസാനത്തേക്ക് ഏറ്റവും നല്ലത് സൂക്ഷിക്കുന്നു, അതുകൊണ്ടാവാം ദൈവം അവസാനത്തേക്ക് ധന്‍സികയെ സൂക്ഷിച്ചത്. ഞങ്ങള്‍ മനോഹരമായൊരു ജീവിതം നയിക്കാന്‍ പോകുന്നു. ഞങ്ങള്‍ക്കിപ്പോള്‍ പരസ്പരം നന്നായി അറിയാം. അത് എപ്പോഴും ഉണ്ടായിരിക്കും.''-വിശാല്‍ പറഞ്ഞു.
വിവാഹത്തിനുശേഷവും ധന്‍സിക അഭിനയം തുടരുമെന്നുകൂടി വിശാല്‍ പറഞ്ഞുവെച്ചു. ''ധന്‍സികയ്ക്ക് കഴിവുണ്ട്. അത് നിര്‍ത്തിവെക്കാന്‍ പറ്റില്ല. അവളെന്റെ ആത്മപങ്കാളിയാണ്.'' അതേസമയം, വിശാലിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിവാഹപ്രഖ്യാപനവും എത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
35-കാരിയായ ധന്‍സിക 2006-ലാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മലയാളം സിനിമ സോളോയില്‍ ധന്‍സികയായിരുന്നു നായിക.
Content Highlights: tamil actor vishal makes his relationship public