ബോംബെയില്‍നിന്ന് താടിയും മീശയുമില്ലാതെ എത്തിയ മമ്മൂക്ക; ക്ലീന്‍ഷേവിനു പിന്നിലെ കഥ

#ജമേഷ് കോട്ടയ്ക്കല്‍
മമ്മൂട്ടി | Photo : Jamesh kottakkal
മമ്മൂട്ടി | Photo : Jamesh kottakkal

ചിത്രഭൂമിയില്‍ ഫോട്ടോഗ്രാഫറായി ജോലിക്ക് കയറിയ ആദ്യദിനങ്ങളിലൊന്നില്‍ സുകൃതം സിനിമയുടെ സെറ്റില്‍  മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്താനായി ചെന്നതും നാല് ദിവസം കഴിഞ്ഞിട്ടും ഫോട്ടോഷൂട്ട് നടക്കാതെ വന്നതുമായിരുന്നു ആദ്യ രണ്ട് ഭാഗങ്ങള്‍. അതിന്റെ തുടര്‍ച്ചയാണ് ഈ എഴുത്ത്.


സെറ്റില്‍ കയറി ഇറങ്ങി മമ്മൂക്കയുടെ ചുറ്റും ഫോട്ടോഷൂട്ടിനായി കറങ്ങി നടക്കാന്‍ തുടങ്ങിയതിന്റെ നാലാം ദിനത്തിലാണ്   പെട്ടെന്ന് വന്ന് ചേര്‍ന്ന ഒരു ബോംബെ യാത്രയുടെ കഥ മമ്മൂക്ക എന്നോട് പറയുന്നത്. 'ഞാന്‍ നാളെ ബോംബെയ്ക്ക് പോകും. രണ്ടു ദിവസം കഴിഞ്ഞേ വരൂ.  ഒരു കാര്യം ചെയ്യ്. നീ തിങ്കളാഴ്ച  സെറ്റിലേക്ക് തന്നെ വാ.  പിന്നെ വരുമ്പോ ഫ്‌ളാഷുകളും സ്ലേവ് യൂണിറ്റും മറ്റ് സംഭവങ്ങളുമൊക്കെ വേണം.' പാലക്കാട്ടെ ഹോട്ടലില്‍ ഫോട്ടോഷൂട്ടിനായി ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന എന്നെ മമ്മൂക്ക പറഞ്ഞുവിടുന്നത് ഇങ്ങനെ പറഞ്ഞാണ്.

നാട്ടിലെത്തിയ ഉടനെ എല്ലാ ഫോട്ടോഗ്രാഫര്‍ സുഹൃത്തുക്കളുടെ സ്റ്റുഡിയോകള്‍ കയറിയിറങ്ങി അവരുടെ  കൈയിലുള്ള മിനി ഫ്‌ളാഷുകള്‍, സ്ലേവ് യൂണിറ്റുകള്‍ തുടങ്ങിയവ ഞാന്‍ സംഘടിപ്പിച്ചുവെച്ചിരുന്നു. തിങ്കളാഴ്ചയാവാനുള്ള കാത്തിരിപ്പിന് നല്ല നീളമുള്ളതുപോലെ തോന്നി.

തിങ്കളാഴ്ച അതിരാവിലെതന്നെ  ഒറ്റപ്പാലത്തേക്കുള്ള യാത്രതുടങ്ങി.  കാരണം ലൊക്കേഷനിലേക്കുള്ള പ്രൊഡക്ഷന്‍  വണ്ടി പോകുന്നതിന് മുമ്പ് എത്തിയില്ലെങ്കില്‍ പിന്നെ പാടാണ്.  അതുകൊണ്ട് 5 മണിക്കുതന്നെ കോട്ടക്കല്‍ നിന്നുള്ള ആദ്യ ബസില്‍ കയറി വളാഞ്ചേരിയില്‍ എത്തി. അവിടെ നിന്ന് കൊപ്പം വഴി ഒറ്റപ്പാലം. അങ്ങനെയാണ് പുലര്‍കാലത്തെ യാത്ര, ഒറ്റപ്പാലത്ത്  എന്തായാലും  സമയത്ത് തന്നെ എത്തി. കൃത്യം  7 മണിക്കുതന്നെ സെറ്റില്‍ നിന്നുള്ള കാര്‍ വന്നു. ഞാന്‍  ബാഗുകളെല്ലാം വലിച്ചുകയറ്റി ചാരിയിരുന്നു ആശ്വസിച്ചു.

വണ്ടി പോയത് നേരെ തിരുവില്വാമലയിലെ ഒരു  ക്ഷേത്രത്തിലേക്കാണ്.  ഫോട്ടോഷൂട്ട് ലൈറ്റപ്പ് ഒക്കെ ചെയ്ത് ചെയ്യാന്‍ വളരെ പാടാണ് എന്ന് മനസ്സ് പറഞ്ഞു. പോരാത്തതിന് സിനിമയില്‍ മമ്മൂക്കയ്ക്ക് അസുഖം വന്ന ശേഷമുള്ള ട്രീറ്റ്‌മെന്റ് എടുക്കുന്ന കാലം ചിത്രീകരിക്കുന്ന സീനുകളാണ് തിരുവില്വാമലയില്‍ വെച്ച് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. മുഖത്ത് ക്ഷീണമുള്ള മെയ്ക്ക്പ്പ്. മുടിയും താടിയുമെല്ലാം വളര്‍ന്നിരിക്കുന്നു.

ഇന്നും ഫോട്ടോ ഷൂട്ട് നടക്കില്ലേ? ഞാന്‍ ആശങ്കാകുലനായി. എന്തായാലും അവിടെയെത്തിയതും ആദ്യം തന്നെ ഓടിപ്പോയി മമ്മൂക്കയെ മുഖം കാണിച്ചു. അദ്ദേഹം എന്നെ കണ്ടു എന്ന അര്‍ഥത്തില്‍ തലകുലുക്കി.  പിന്നെ വലിയ മൈന്‍ഡ് ഒന്നും ഇല്ല.  എനിക്ക് പേടി കൂടി. അന്ന് പറഞ്ഞതൊക്കെ മറന്നുകാണുമോ?

ക്ലീന്‍ഷേവ് മമ്മൂക്ക

എന്തായാലും ലൊക്കേഷനിലെത്തിയപ്പോള്‍ എനിക്ക് ആശ്വാസവും സന്തോഷവും തോന്നുന്ന ചില  കാരണങ്ങള്‍ അവിടെയുണ്ടായിരുന്നു.  എം.ടി വാസുദേവന്‍നായര്‍ സാര്‍ സെറ്റിലുണ്ട്.  ചിത്രഭൂമിയുടെ ചുമതല കൂടിയുള്ള മാതൃഭൂമിയുടെ പീരിയോഡിക്കല്‍സിന്റെ എഡിറ്ററാണ് അദ്ദേഹം.  പിന്നെ സെറ്റില്‍ അദ്ദേഹേേത്താട് സംസാരിച്ചുകൊണ്ട് നില്‍ക്കുന്നത്  ഞങ്ങളുടെ  കുടുംബസുഹൃത്തുക്കള്‍  എന്നുതന്നെ പറയാവുന്നത്രയും അടുപ്പമുള്ള ഡോ. ബാലചന്ദ്രനും അദ്ദേഹത്തിന്റെ പത്‌നി ഡോ. ഇന്ദിരാ ബാലചന്ദ്രനുമാണ്.  കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ പ്രശസ്തരായ ഡോക്ടര്‍മാരാണ് രണ്ടുപേരും. ഞാന്‍ വേഗം അടുത്തുചെന്നു.

എം.ടി. സാറുമായി വളരെ വര്‍ഷങ്ങളുടെ ആത്മബന്ധമുള്ളവരാണ് അവര്‍ രണ്ടുപേരും. പോരാത്തതിന്  വളരെ സീരിയസായി സിനിമ കാണുകയും സിനിമാസംബന്ധമായ വായനകളും ചര്‍ച്ചകളും ഒക്കെ നടത്തുകയും പഠിക്കുകയും ചെയ്യുന്ന ആള്‍ക്കാരാണ്. ഈ കാരണങ്ങള്‍കൊണ്ടാകണം ഡോക്ടര്‍ ഇന്ദിര ഈ സിനിമയിയില്‍ ഒരു ഡോക്ടറായി തന്നെ ഗസ്റ്റ് വേഷം ചെയ്യുന്നുണ്ട്. അതിനായാണ് അവര്‍ സെറ്റിലെത്തിയിരിക്കുന്നത് എന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ ഇന്ദിരേച്ചിയോട് സംസാരിച്ചുനില്‍ക്കുന്നത് മമ്മൂക്ക ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

'അവരെ നീ എങ്ങനെ അറിയും?' 
മമ്മൂക്ക ചോദിച്ചു.
ഞാന്‍ അവരുമായുള്ള അടുപ്പം വിവരിച്ചുകൊടുത്തു., കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജ്‌മെന്റിന്റെ ഭാഗമാണ് അവരെന്നും ഞാന്‍ മമ്മുക്കയോട് പറഞ്ഞു. ആര്യവൈദ്യശാലയുടെ ഭാഗമായ  ആയുര്‍വേദ ഔഷധോദ്യോനത്തിന്റെ ചുമതല ഇന്ദിരാഡോക്ടര്‍ക്കാണ് എന്നൊക്കെ ഞാന്‍ പറഞ്ഞു എന്നാണ് ഓര്‍മ്മ.  
ഇക്കാര്യങ്ങളൊക്കെ സംസാരിച്ചെങ്കിലും ഫോട്ടോഷൂട്ടിനെപ്പറ്റി കാര്യമായ ധാരണകളൊന്നും മമ്മുക്ക തന്നില്ല. എനിക്ക് ടെന്‍ഷന്‍ ആകാന്‍ തുടങ്ങി. ചിത്രഭൂമിയുടെ  ഈ ആഴ്ചയിലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ചുവരണമെങ്കില്‍ വേഗം ഷൂട്ട് നടന്ന് ചിത്രങ്ങള്‍ കോഴിക്കോട്ടെത്തിക്കണം.  ചെറിയ ആശങ്കയില്‍ സെറ്റില്‍ ഞാന്‍ സമയം ചെലവഴിച്ചു.

ഭാഗ്യത്തിന് ഉച്ചയോടെ ലൊക്കേഷന്‍ ഷിഫ്റ്റ് ആണെന്ന അറിയിപ്പ് വന്നു. മുമ്പ് ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന ഒറ്റപ്പാലത്തെ  പഴയ മനയില്‍ തന്നെയാണ് ഉച്ചക്കുശേഷം ഷൂട്ടിംഗ്. പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന റോഡിലാണ് ഈ മന സ്ഥിതി ചെയ്യുന്നത്. ലൊക്കേഷനില്‍ ചെന്നപ്പോള്‍ ഞാന്‍ ഞെട്ടി!  മമ്മൂക്ക ക്ലീന്‍ ഷേവിലാണ്! മുമ്പ് കാണുമ്പോള്‍, ബോംബെയ്ക്ക് പോകും വരെ ഇങ്ങനെയല്ലല്ലോ? ഇന്ന് രാവിലെയും മീശയും ചെറിയ താടിരോമങ്ങളും ഉണ്ടല്ലോ? ഇതെന്താണ് ഇങ്ങനെ? ഈ സിനിമയില്‍ മീശയില്ലാത്ത സീനുകളുണ്ടോ. ഉണ്ടാകും. അയ്യോ അപ്പോ ഞാന്‍ മനസ്സില്‍ കണ്ട  ഫോട്ടോകള്‍ എങ്ങനെ എടുക്കും?

മീശ പോയ കഥ
  
പിന്നെ ലൊക്കേഷനില്‍ നിന്ന് തന്നെ മമ്മൂക്കയുടെ മീശ പോയതിന് പിന്നിലെ കഥ അറിയാന്‍ കഴിഞ്ഞു.  അംബേദ്കര്‍ സിനിമക്കായുള്ള ഒരുക്കങ്ങളുടെ ഭാഗമായുള്ള മെയ്ക്ക് അപ് ടെസ്റ്റിനായാണ് മമ്മൂക്ക ബോംബെയില്‍ പോയത്. അംബേദ്കര്‍ വേഷത്തിലെ ഫോട്ടോഷൂട്ടുകള്‍ക്കായാണ് മീശ വടിച്ച് ക്ലീന്‍ ഷേവ് ലുക്കില്‍ മമ്മൂക്ക മാറിയിരിക്കുന്നത്. ഇപ്പോള്‍ സുകൃതത്തിന്റെ ബാക്കി സീനുകളില്‍ മീശയും താടിയുമൊക്കെ ഒട്ടിച്ചു വെച്ചാണ്  ഇനി അഭിനയിക്കുന്നത്. ഒറ്റപ്പാലത്തെ സെറ്റില്‍ തിരിച്ചെത്തിതും ഞാന്‍ ഫോട്ടോഷൂട്ടിനായുള്ള എന്റെ പരിശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇടക്കിടക്ക്  മമ്മൂക്കയുടെ മുന്നില്‍ പോയി നിന്നും ജോര്‍ജിന്റെ ചുറ്റും കറങ്ങിനടന്നുമൊക്കെ ഞാന്‍ ഫോട്ടോഷുട്ടിന്റെ കാര്യം ചോദിക്കാതെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
കാത്തിരിപ്പിന്റെ അവസാനം മമ്മൂക്ക കൈകാണിച്ചു വിളിച്ചു.
'വാ, എന്നാ നോക്കാം. ലൈറ്റ്‌സ് എടുത്തോ.'
എന്റെ മനസ്സില്‍ കുളിര്‍മഴ പെയ്തു. അപ്പോ തന്നെ ടെന്‍ഷനും തുടങ്ങി. ഇതുവരെ ഉപയോഗിക്കാത്ത അഡ്വാന്‍സ്ഡ് ആയ ക്യാമറ. അതും മമ്മുക്ക സ്വന്തം കുഞ്ഞിനെപ്പോലെ കൊണ്ടുനടക്കുന്നത്. അതുവെച്ചാണ് ഫോട്ടോ എടുക്കേണ്ടത്,മമ്മുക്ക  ജോര്‍ജിനെ വിളിച്ചു. അപ്പോള്‍തന്നെ കാറിന്റെ ഡിക്കിയില്‍ നിന്ന് മമ്മൂക്കയുടെ പുത്തന്‍ സൂപ്പര്‍ ഡ്യൂപ്പര്‍  ക്യാമറ നിക്കോണ്‍ എഫ് 90 എക്‌സ്  അന്തസ്സോടെ പുറത്തെത്തി.
ഞാന്‍ എന്റെ കൈയിലുള്ള പാവം പെന്റക്‌സ് കെ 1000 സൈഡിലേക്ക് മാറ്റി വെച്ചു.
'റോള്‍ എടുക്ക്'
മമ്മുക്ക എന്റെ നേര്‍ക്ക്  കൈനീട്ടി  ഫിലിം റോള്‍ ചോദിച്ചു. ഞാന്‍ ബാഗില്‍ നിന്ന് ഒരു റോള്‍ പുറത്തെടുത്ത്  കൈമാറിയതും മമ്മുക്ക അനായാസമായി അത് ലോഡ് ചെയ്തു. ക്യാമറ പിടിച്ച് അവിടെയും ഇവിടെയും ഒന്ന് നോക്കി, പിന്നെ പട്ടാളക്കാരുടെ  എ കെ 47 തോക്ക് നാണിച്ചുപോകുന്ന വിധം ചറപറാ എന്ന് ക്ലിക്ക് ചെയ്തു. നിമിഷ നേരംകൊണ്ട്  ആ റീലിലെ 36 ഫിലിമുകളും തീര്‍ന്നു.
മമ്മുക്ക അടുത്ത റോളിന് കൈനീട്ടി.  എന്റെ നെഞ്ച് പിടച്ചു.
മമ്മുക്ക ആ റോള്‍ ലോഡ് ചെയ്ത ശേഷം ക്യാമറ എനിക്ക് നേരെ നീട്ടി.
ഞാന്‍ ദ്രോണാചാര്യരുടെ കൈയില്‍ നിന്ന് വില്ല് എറ്റുവാങ്ങുന്ന അര്‍ജുനനെപ്പോലെ വിനീതനായി സാധനം കൈപറ്റി.
24/ 105 ലെന്‍സാണ് ആ ക്യാമറയില്‍ അപ്പോള്‍ ഫിക്‌സ് ചെയ്തിരിക്കുന്നത്.
'നീ ഒരു കാര്യം ചെയ്യ്.105 ഫോക്കല്‍ ലെങ്തില്‍  അവിടെ പോയി നിന്ന് ക്ലിക്ക് ചെയ്യണം.  മമ്മുക്ക കൃത്യമായ നിര്‍ദേശം തന്നു. എന്നിട്ട്  മുന്നിലെ ഒരു തിണ്ടില്‍ ഇരുന്നു.

ഇനി ക്ലിക്ക് ചെയ്‌തോ

ഞാന്‍ കൈയിലുള്ള നാല് ഫ്‌ളാഷുകളില്‍ സ്ലേവ് യൂണിറ്റ് ഘടിപ്പിച്ചിട്ടുണ്ട്.  മമ്മുക്ക സെറ്റിലെ അസിസ്റ്റന്റുകളെ വിളിപ്പിച്ചു. മമ്മുക്ക ഇരിക്കുന്നതിന്റെ പല ഭാഗങ്ങളിലായി അത് പിടിച്ചുനില്‍ക്കാന്‍ അവരെ ചുമതലപ്പെടുത്തി. രണ്ടു പേര്‍  വശങ്ങളിലും ഒരാള്‍ പിറകിലും ഒരാള്‍ മുകളിലുമായാണ് ഫ്‌ളാഷ് സെറ്റപ്പ് അദ്ദേഹം ചെയ്യിച്ചത്. എനിക്ക് കണ്‍ഫ്യൂഷനായി. മമ്മുക്ക ഇരിക്കുന്ന തിണ്ണയുടെ പിറകില്‍ നല്ല  കത്തുന്ന വെയിലാണ്.  അപ്പോ പടം സില്‍ഔട്ട് ( silhouette) ആയിപ്പോകും എന്ന് ഞാന്‍ മനസ്സില്‍  ഉറപ്പിച്ചു.  പക്ഷേ ഇത്രയും അറിവുള്ള ഒരാളോട് അത് പറയുന്നതെങ്ങനെ?
എന്തായാലും ആ വെയില്‍ മമ്മുക്ക ശ്രദ്ധിച്ചിട്ടുണ്ടാകില്ല എന്ന ധൈര്യത്തില്‍ അദ്ദേഹത്തോട് മടിച്ചു മടിച്ച് ഞാന്‍ കാര്യം പറഞ്ഞു.  
മമ്മുക്ക എന്നെ ഒന്ന് തറപ്പിച്ച് നോക്കി.
'ആദ്യം നീ എടുക്ക് '
മമ്മുക്ക വീണ്ടും പൊസിഷനില്‍ കൃത്യമായി ഇരുന്നു.
നാല് ഫ്‌ളാഷ് ലൈറ്റുകളും  ഒരിക്കല്‍ കൂടി വിലയിരുത്തി അവസാനവട്ട  സെറ്റപ്പ്  ചെയ്ത ശേഷം  ക്യാമറ എന്റെ കൈയില്‍ നിന്ന് തിരിച്ചുവാങ്ങി,  ഷട്ടര്‍ സ്പീഡും ഡയഫ്രവുമൊക്കെ മമ്മുക്ക തന്നെ സെറ്റ് ചെയ്തു.
'ഇനി ക്ലിക്ക് ചെയ്‌തോ.'
ഞാന്‍ പകച്ചുനില്‍ക്കുകയാണ്
എന്റെ മുഖത്തെ കണ്‍ഫ്യൂഷന്‍ കണ്ടിട്ടാവണം
'ബാക്ക്ഗ്രൗണ്ട് ലൈറ്റ് നീ മൈന്‍ഡ് ചെയ്യണ്ട.  ഇത്രം ഫ്‌ളാഷ്  ബാക്ക്ഗ്രൗണ്ട് ലൈറ്റിനെ ന്യൂട്രല്‍ ആക്കി ഫില്‍ ആക്കിക്കോളും.'  മമ്മുക്ക എനിക്ക് കോണ്‍ഫിഡന്‍സ് തരുന്ന ശബ്ദത്തില്‍ പറഞ്ഞു.
എനിക്ക്  കുറച്ച് വിശ്വാസമായി.  ഇതുവരെ ഇങ്ങനെ ഫ്‌ലാഷ് ഒന്നും സെറ്റ് ചെയ്ത്  ഞാന്‍ ഔട്ട്‌ഡോര്‍  ഫോട്ടോയെടുത്തിട്ടേയില്ല. അവൈലബില്‍ ലൈറ്റിലും തെര്‍മ്മോക്കോളില്‍ റിഫ്‌ലക്ട് ചെയ്യിപ്പിച്ചും ഒക്കെയാണ് എന്റെ സ്ഥിരം  പരീക്ഷണങ്ങള്‍.
കണ്ടം ക്രിക്കറ്റില്‍ തിളങ്ങിനില്‍ക്കുന്നവനോട് പെട്ടെന്ന് വാഖഡെ സ്റ്റേഡിയത്തിലെ ഫ്‌ലഡ് ലൈറ്റില്‍ നിര്‍ത്തി കളിക്കാന്‍ പറഞ്ഞ അവസ്ഥയിലാണെങ്കിലും  ഞാന്‍ എന്റെ പരിഭ്രമം പുറത്തുകാണിച്ചില്ല. കാരണം സെറ്റിലെ പയ്യന്‍മാരൊക്കെ നോക്കുന്നുണ്ട്. ഈ സമയംകൊണ്ട് അത്യാവശ്യം ആള്‍ക്കാര്‍ ചുറ്റും കൂടിയിട്ടുമുണ്ട്. ഇനി രക്ഷയില്ല.
ഞാന്‍ നിരത്തി  ക്ലിക്ക് ചെയ്തു.
മമ്മുക്ക ഹാപ്പിയായി എന്ന് മുഖം പറയുന്നു.
'ഇനി നീ നിന്റെ ഇഷ്ടത്തിന് എടുത്തോ' എന്ന് പറഞ്ഞ് മമ്മുക്ക എന്നെ ഫ്രീയാക്കി റിലാക്‌സ് ആയി എനിക്ക് വേണ്ടി പോസ് ചെയ്യാന്‍ തുടങ്ങി.
ഞാന്‍ പല ഫോക്കല്‍ ലെങ്ത്തിലായി ക്ലോസപ്പും മറ്റും എടുത്തു തുടങ്ങി.  പുള്ളി ആ തിണ്ണയില്‍ ഇരിക്കുന്ന സീന്‍ തന്നെയാണ് എന്റെ മനസ്സില്‍.
പക്ഷേ ഞാന്‍ വൈഡായി ഷൂട്ട് ചെയ്യാന്‍ തുടങ്ങിയപ്പോ മമ്മുക്ക വിലക്കി.
 'അതുവേണ്ട. ഞാന്‍ മുണ്ടൊക്കെ ഉടുത്ത്  ഇരിക്കുകയല്ലേ. നീ കൈമുട്ടിന്റെ മേലെ വരുന്ന ക്ലോസപ്പുകള്‍ മാത്രം എടുത്താല്‍ മതി.  മറ്റേത് ബോറാകും.'
ഈ സമയം കൊണ്ട്  സെറ്റ് മുഴുവന്‍ ഫോട്ടോഷൂട്ട് നോക്കി  അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ്. . മമ്മുക്ക ലൈറ്റുകള്‍ സെറ്റ് ചെയ്യിക്കുന്നത്, എനിക്ക് നിര്‍ദ്ദേശങ്ങള്‍  നല്‍കുന്നത്. എല്ലാം ഒരു സ്വപ്നം പോലെ എനിക്കും തോന്നി.
കുറച്ചുസമയംകൊണ്ട് ഫോട്ടോഷൂട്ട് തീര്‍ന്നു.  മമ്മുക്ക റീല്‍ എല്ലാം  എടുത്ത്  പരിശോധിച്ചു. ക്യാമറ ജോര്‍ജിന് കൈമാറി.
'പ്രിന്റ് അടിച്ചിട്ട് എന്നെ കാണിക്കണം.' ഞാന്‍ തലകുലുക്കി സമ്മതിച്ചു.

ടെന്‍ഷനടിച്ച നിമിഷങ്ങള്‍

റീലുകള്‍ കൈയില്‍ കിട്ടിയതോടെ    പിന്നെ ഒരു നിമിഷം പോലും സെറ്റില്‍ നില്‍ക്കാന്‍ മനസ്സ് സമ്മതിച്ചില്ല.   അതിവേഗം പാക്ക് ചെയ്ത്  ഷൊര്‍ണൂരില്‍ നിന്ന് കോട്ടക്കലേക്ക്  ആദ്യം കിട്ടിയ വണ്ടി  കയറി. പിറ്റേ ദിവസം രാവിലെ തന്നെ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്റ്റുഡിയോയില്‍ കയറി പ്രിന്റ് അടിക്കാന്‍  നല്‍കി  ലേബര്‍ റൂമിന്റെ പുറത്തുനില്‍ക്കുന്ന നിയുക്ത പിതാവിനെപ്പോലെ  ഞാന്‍ അക്ഷമയോടെ കാത്ത് നില്‍ക്കുകയാണ്. ആലോചിക്കും തോറും എനിക്ക് ടെന്‍ഷന്‍ കൂടിവരികയാണ്.
ഒന്ന് എനിക്ക്  പരിചയമില്ലാത്ത ക്യാമറ, എനിക്ക് തീരെ പരിചയമില്ലാത്ത ലൈറ്റിംഗ് സെറ്റപ്പുകള്‍. മമ്മുക്ക സെറ്റ് ചെയ്ത ആംഗിളില്‍ ആദ്യത്തെ ഷോട്ടുകളില്‍ ബാക്ഗ്രൗണ്ട് ലൈറ്റ് ബേണ്‍ ആയി നിന്ന് ഫോട്ടോകള്‍ കുളമായിട്ടുണ്ടാകും എന്നുതന്നെയാണ് ആ നിമിഷങ്ങളിലും ഞാന്‍ വിശ്വസിക്കുന്നത്.
എന്തായാലും കുറച്ചുസമയം കഴിഞ്ഞപ്പോള്‍ പ്രിന്റുകള്‍ പുറത്തെത്തി. ഞാന്‍ ആകാംക്ഷോടെ കൈനീട്ടി സാദരം കുഞ്ഞുങ്ങളെ ഏറ്റുവാങ്ങി
ഓരോന്നായി എടുത്തു പരിശോധിച്ചു
ഹുറേ!
മമ്മുക്ക സംവിധാനം ചെയ്ത ഷോട്ടുകളില്‍ ലൈറ്റപ്പിന് ഒരു കുഴപ്പവും പറ്റിയിട്ടില്ല. ഫോട്ടോകള്‍ അവിശ്വസനീയമാം വിധം പെര്‍ഫക്ട് ആയിരിക്കുന്നു.   അദ്ദേഹത്തിന്റെ മുഖം ചന്ദ്രശോഭയിലെന്നവണ്ണം ബാക്ഗ്രൗണ്ട് ലൈറ്റിനെ അതിജീവിച്ച് തിളങ്ങിനില്‍ക്കുന്നു. ബാക്കി എന്റെ പരീക്ഷണങ്ങളും ഗംഭീരമായിട്ടുണ്ട്.

ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷം
  
ഞാന്‍  മാതൃഭൂമിയുടെ ഓഫീസിലേക്ക് ഓട്ടോ പിടിച്ചു. ഓട്ടോ മര്യാദയ്ക്ക് നിര്‍ത്തും മുമ്പ് ചാടിയിറങ്ങി ബാക്കി ചെറിയ ചില്ലറ വാങ്ങാന്‍ നില്‍ക്കാതെ   നേരെ ചിത്രഭൂമിയുടെ സെക്ഷനിലെത്തി സഹദേവേട്ടനെ കണ്ട് ഫോട്ടോകള്‍ കൈമാറി അഭിനന്ദനങ്ങള്‍ ഏറ്റവാങ്ങാന്‍ തയ്യാറായി നിന്നു. ഫോട്ടോകള്‍ കണ്ടതും സഹദേവേട്ടന്റെ മുഖം തെളിഞ്ഞു. എല്ലാവരും ഹാപ്പിയായി.  വളരെ സന്തോഷത്തില്‍ ഞാന്‍ കോട്ടക്കലിലേക്ക് തിരിച്ച് ബസ് കയറി.
തൊട്ടടുത്ത ലക്കം ചിത്രഭൂമി  ആ മമ്മൂട്ടി ചിത്രങ്ങളിലൊന്ന് മുഖത്തൊട്ടിച്ച്  കടകളില്‍ തൂങ്ങിയാടി. നാട്ടില്‍ നിന്ന് അഭിനന്ദനപ്രവാഹമായിരുന്നു. ചിത്രഭൂമിയുടെ കവര്‍ ചിത്രം. അതും മമ്മുക്കയുടേത്.  ഞാന്‍ ചെറിയ ഒരു സെലിബ്രിറ്റിയായതായി എനിക്കുതന്നെ തോന്നി.
ആ ചിത്രങ്ങളെടുക്കാന്‍ വേണ്ടി  ഒരാഴ്ചയിലധികമാണ്  മമ്മുക്കയുടെ പിറകേ നടന്നത്. പക്ഷേ കഷ്ടപ്പാടിന് ഫലമുണ്ടായി. ജീവിതത്തില്‍ ഒന്നും എളുപ്പമല്ല എന്നും വളരെ ആത്മാര്‍ത്ഥതയോടെ മടുപ്പില്ലാതെ ജോലിയെ സമീപിച്ചാല്‍ കാര്യങ്ങള്‍ നടക്കും എന്നും എന്നെ മനസ്സിലാക്കിപ്പിക്കാന്‍ മമ്മുക്കയുടെ ആദ്യ ഫോട്ടോക്ക് വേണ്ടിയുള്ള അലച്ചില്‍ ഏറെ സഹായിച്ചു.

പ്രൊഫഷണലിസത്തിന്റെ മാസ്റ്റര്‍

മീശയില്ലാത്ത മമ്മുക്കയുടെ ചിത്രങ്ങള്‍ ആദ്യമായി മീഡിയയിലൂടെ പുറത്തുവന്നത് ജമേഷ് കോട്ടക്കല്‍  എന്ന ബൈലൈനോടുകൂടിയ ആ   ഫോട്ടോകളിലൂടെയായിരുന്നു എന്നാണ് തോന്നുന്നത്.  സോഷ്യല്‍ മീഡിയ ഇല്ലാത്ത കാലം. വരാന്‍ പോകുന്ന സിനിമകളെക്കുറിച്ച് അറിയാന്‍ സിനിമാ പ്രസിദ്ധീകരണങ്ങള്‍ മാത്രമാണ് എക മാര്‍ഗം. അതുകൊണ്ടുതന്നെ ഇന്നുള്ളതിനേക്കള്‍ ചര്‍ച്ചാവിഷയമാകുന്നതായിരുന്നു അന്നത്തെ ഓരോ  ഫോട്ടോഷൂട്ടുകളും. എന്തായാലും മമ്മുക്കയെ ഏറെ മനസ്സിലാക്കാന്‍ സഹായിച്ച  ദിവസങ്ങളുടെയും വര്‍ഷങ്ങളുടെയും തുടക്കമായിരുന്നു അത്. ഒരു ആരാധകന്‍ അടുപ്പക്കാരനാകുന്നതിന്റെ സുഖം അനുഭവിച്ച വര്‍ഷങ്ങള്‍.

പിന്നീട്  കാണുമ്പോഴെല്ലാം അദ്ദേഹം വളരെ സ്‌നേഹത്തോടെ പെരുമാറും. സെറ്റിലെത്തിയാല്‍ ഭക്ഷണം കഴിച്ചോ എന്നും യാത്ര സുഖമായിരുന്നോ, താമസം ഓകെയല്ലേ എന്നൊക്കെയും പേഴ്‌സണലായി മമ്മുക്ക അന്വേഷിക്കും. ആ ലാളനയില്‍ ഞാന്‍ ഏറെ ആഹ്ലാദിച്ചു. ഫോട്ടോഗ്രഫിയെക്കുറിച്ചും മാറുന്ന ഫാഷനുകളെക്കുറിച്ചും എല്ലാം എനിക്ക് ഏറെ അറിവുകള്‍ പകര്‍ന്നുതന്ന മുതിര്‍ന്ന ജ്യേഷ്ഠനായി അദ്ദേഹം മാറി.പിന്നീടുള്ള  10 -12 വര്‍ഷക്കാലത്തോളം എനിക്ക് മമ്മുക്കയുടെ ഫോട്ടോ ഷൂട്ടുകള്‍ എപ്പോള്‍ പ്ലാന്‍ ചെയ്താലും നടക്കുന്ന കാലമായിരുന്നു. ചിത്രഭൂമിയുഗം അവസാനിക്കുന്നിടത്തോളം പ്രൊഫഷണിലസത്തിന്റെ ആ മാസ്റ്ററെ ഷൂട്ടു ചെയ്തും അദ്ദേഹത്തിന്റെ സ്‌നേഹം അനുഭവിച്ചും ഒരു ഫോട്ടോഗ്രാഫറെന്ന നിലയില്‍ എന്റെ ജീവിതം മുന്നോട്ട് പോയി. ഒരു ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ എന്റെ കരിയര്‍ അടയാളപ്പെടുത്തുവാന്‍ മമ്മുട്ടി എന്ന വലിയ മനുഷ്യന്‍ എന്നില്‍ ചെലുത്തിയ സ്വാധീനമാണ് പ്രധാന കാരണമെന്ന് ഇന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

Content Highlights: sukrutham movie location experiences with actor mammootty