അടുത്ത ജെയിംസ് ബോണ്ടാകുമോ ഷാരൂഖ് ഖാൻ? ഇംഗ്ലീഷ് ഉച്ചാരണം നല്ലതല്ലെന്ന് താരം

'നോ ടൈം ടു ഡൈ'യ്ക്ക് ശേഷം ഡാനിയേൽ ക്രെയ്ഗ് ജെയിംസ് ബോണ്ട് സിനമകളിലുണ്ടാവില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചതാണ്. പുതിയ ജെയിംസ് ബോണ്ടായി ആരെത്തുമെന്ന കാര്യത്തിൽ ഒട്ടേറെ ഊഹാപോഹങ്ങളുണ്ട്, ആരോൺ ടെയ്‌ലർ-ജോൺസൺ, കാല്ലം ടേർണർ തുടങ്ങിയ പേരുകൾ അതിൽ ചിലതാണ്. എന്നാൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഈ പ്രശസ്തമായ റോൾ ഏറ്റെടുക്കാൻ തയ്യാറാകുമോ? ഡിഡിഎൽജെ സഹതാരം കാജോളിനൊപ്പമുള്ള തന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യാൻ ലണ്ടനിലെത്തിയ ഷാരൂഖിനോട് ബിബിസി ന്യൂസ് ഇന്ത്യ ചോദിച്ച ചോദ്യമാണിത്.
'ആക്ഷൻ സിനിമകളും ചെയ്തിട്ടുണ്ടല്ലോ, ഇനി അടുത്തത് എന്താണ്? അടുത്ത ജെയിംസ് ബോണ്ടോ?'-എന്നായിരുന്നു ചോദ്യം. 'ഇല്ല, എനിക്ക് ഇംഗ്ലീഷ് ഉച്ചാരണമറിയില്ല, ഷേക്കൺ മാർട്ടിനി എനിക്ക് ഇഷ്ടമല്ല (ബോണ്ട് കുടിക്കുന്ന പാനീയം). ഞാൻ അധികം ആക്ഷൻ സിനിമകൾ ചെയ്തിട്ടില്ല. എപ്പോഴും ഒരു ആക്ഷൻ സിനിമ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അപ്പോഴെന്റെ ജീവിതത്തിൽ കാജോളുണ്ടായിരുന്നു, കാജോൾ നിങ്ങളോടൊപ്പം അഭിനയിക്കുമ്പോൾ നിങ്ങൾക്ക് ആക്ഷൻ സിനിമകൾ ചെയ്യാൻ കഴിയില്ല. അതുകൊണ്ട് ഞാൻ റൊമാന്റിക് സിനിമകൾ ചെയ്തു'-ഇങ്ങനെയായിരുന്നു ഷാരൂഖിന്റെ മറുപടി.
സംഭാഷണത്തിനിടെ അദ്ദേഹത്തിന്റെ അരികിലിരുന്ന കാജോൾ, ഷാരൂഖ് മറ്റു പല സിനിമകളും ചെയ്തിട്ടുണ്ടെന്ന് കളിയായി ഓർമിപ്പിച്ചു. ഷാരൂഖ് പറഞ്ഞു, 'അതെ, പക്ഷേ ഞങ്ങൾ അറിയപ്പെടുന്നത് ഒന്നിച്ച് ചെയ്ത സിനിമകളുടെ പേരിലാണ്. അത് നമുക്ക് നിഷേധിക്കാനാവില്ല. എനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നിയതുകൊണ്ട് കുറച്ച് ആക്ഷൻ സിനിമകൾ ചെയ്തു, വൈകിയാണ് ചെയ്തത്. ഞാനത് ആസ്വദിച്ചു. ജെയിംസ് ബോണ്ടിനെക്കുറിച്ച് എനിക്കറിയില്ല, പക്ഷെ സീൻ കോണറിയെക്കുറിച്ച് തീർച്ചയായും അറിയാം'-ഷാരൂഖ് പറഞ്ഞു.
സീൻ കോണറി, ഡേവിഡ് നിവെൻ, ജോർജ് ലാസൻബി, റോജർ മൂർ, തിമോത്തി ഡാൾട്ടൺ, പിയേഴ്സ് ബ്രോസ്നൻ, ഡാനിയേൽ ക്രെയ്ഗ് എന്നിവരുൾപ്പെടെയുള്ളവർ ജെയിംസ് ബോണ്ടായി അഭിനയിച്ചിട്ടുണ്ട്. അടുത്ത ബോണ്ടായി ആരെത്തുമെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shah Rukh Khan playfully addresses rumors of him becoming the next James Bond, citing his English accent and drink preferences. Read his witty response!