ഷാരൂഖ് ഖാൻ കോളേജിൽ എട്ടുവർഷം സീനിയർ, അമ്മയായി അഭിനയിച്ച അനുഭവം പങ്കിട്ട് ഷീബ ചദ്ദ

'സീറോ', 'റയീസ്' തുടങ്ങിയ ചിത്രങ്ങളിൽ ഷാരൂഖ് ഖാന്റെ അമ്മയായി അഭിനയിച്ച നടിയാണ് ഷീബ ഛദ്ദ. അമ്മവേഷങ്ങളിലൂടെ ബോളിവുഡിന് പരിചിതമായ മുഖമാണ് അവരുടേത്. സിനിമയിലെത്തുംമുമ്പേ ഷാരൂഖ് ഖാനുമായി അവർക്ക് പഴയൊരു ബന്ധമുള്ള കാര്യം അധികമാർക്കുമറിയില്ല. ഷീബയും ഷാരൂഖും ഡൽഹിയിലെ ഹൻസ് രാജ് കോളേജിലാണ് പഠിച്ചത്. ഷാരൂഖ് അവരെക്കാൾ 8 വർഷം സീനിയറായിരുന്നു. തന്നേക്കാൾ മുതിർന്നയാളുടെ അമ്മയായി അഭിനയിച്ചതിനെപ്പറ്റിയും ഷാരൂഖിനൊപ്പമുള്ള അനുഭവങ്ങളും തുറന്നുപറയുകയാണ് ഷീബയിപ്പോൾ.
അദ്ദേഹത്തിന്റേത് വളരെ മാന്യമായ പെരുമാറ്റമാണന്ന് ഷീബ പറയുന്നു. ''സിനിമയിൽ ഞങ്ങൾക്കൊരു ആലിംഗന രംഗമുണ്ടായിരുന്നു. ഷാരൂഖിന്റെ കഥാപാത്രത്തിന് തല്ല് കിട്ടുകയും ഞാൻ അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്യുന്ന ഒരു രംഗം. അത് ചിത്രീകരിക്കുന്നതിനു മുൻപ് അദ്ദേഹം എൻ്റെയടുത്ത് വന്ന് 'ഞാൻ നിങ്ങളെ തൊട്ടോട്ടെ?' എന്നു ചോദിച്ചു. 'അതൊന്നും കുഴപ്പമില്ല, വരൂ' എന്ന മട്ടിലായിരുന്നു ഞാൻ. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. ഞാൻ സെറ്റിൽ വരുംമുമ്പേ അദ്ദേഹത്തിനെന്റെ പേരറിയാം. നല്ല അനുഭവങ്ങളായിരുന്നു അത്''-'സിദ്ധാർഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ ഷീബ ഓർത്തെടുത്തു.
1998 മുതൽ ഷീബ സിനിമാരംഗത്തുണ്ട്. ഷാരൂഖ് ഖാനും മനീഷ കൊയ്‌രാളയും അഭിനയിച്ച 'ദിൽ സേ' ആയിരുന്നു ആദ്യ ചിത്രം. 'ബദായി ദോ', 'ഡോക്ടർ ജി' തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെയാണ് ഷീബ പ്രശസ്തിയിലേക്കുവന്നത്.
അതേസമയം, അമ്മ വേഷങ്ങളിൽ ഒതുങ്ങിപ്പോകുന്നതിൽ ഷീബയ്ക്ക് ഏറെക്കാലം പരിഭവവുമുണ്ടായിരുന്നു. ''പലപ്പോഴും എന്നെക്കാൾ പത്തോ പന്ത്രണ്ടോ വയസ്സിന് മാത്രം ഇളയ ആളുകളുടെ അമ്മയായാണ് ഞാൻ അഭിനയിക്കുന്നത്. ടെലിവിഷനിൽ ഇത് പതിവാണ്. അവിടെ, 30 വയസ്സുള്ളവർ പോലും മുതിർന്നവരുടെ അമ്മമാരായി അഭിനയിക്കുന്നു. തുടക്കത്തിൽ എനിക്കത് വലിയ ഞെട്ടലായിരുന്നു. പിന്നീട് ഞാൻ പൊരുത്തപ്പെട്ടു. ഇത് വെറുമൊരു ജോലിയാണെന്നും അത് ചെയ്ത് മുന്നോട്ട് പോകണമെന്നും ഞാൻ എന്നെത്തന്നെ ബോധ്യപ്പെടുത്തി. അതാണ് ഞാനിപ്പോഴും പിന്തുടരുന്നതും. എതിർക്കാൻ നിന്നാൽ, ജോലിയൊന്നും കിട്ടാതാകും.''-ഷീബ പറഞ്ഞു.
52-കാരിയായ ഷീബ ടെലിവിൽ സീരിയലുകളിലും സിനിമകളിലും സജീവമാണിപ്പോൾ. ഒട്ടേറെ സിനിമകളുടെ ഭാഗമായി. സംവിധായകൻ അനുരാഗ് കശ്യപിന്റെ സഹപാഠിയായിരുന്നു ഷീബ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sheeba Chaddha reveals she was Shah Rukh Khan`s junior in college but played his mother in Raees and Zero. Read about their unique connection.