എനിക്ക് അച്ഛന്റെ 90 ശതമാനം തമാശയും അമ്മയുടെ പത്തുശതമാനം ഭംഗിയുമാണ് കിട്ടിയിട്ടുള്ളത്

#ശ്രീകാന്ത്
കല്യാണി പ്രിയദര്‍ശന്‍ | Photo Courtesy/Kalyan Jewellers
കല്യാണി പ്രിയദര്‍ശന്‍ | Photo Courtesy/Kalyan Jewellers

മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട  സംവിധായകന്റെയും നായികയുടെയും മകള്‍. പക്ഷേ, അച്ഛനമ്മമാരുടെ പേരിനപ്പുറം സിനിമ അവള്‍ക്ക് സ്വന്തമായൊരു മേല്‍വിലാസം നല്‍കി. അങ്ങനെ ലിസിയുടെയും പ്രിയദര്‍ശന്റെയും മകള്‍ കല്യാണി മലയാളത്തിന്റെ പ്രിയനായികയായി.  അരങ്ങേറ്റം മലയാളത്തിലൂടെത്തന്നെയാകും എന്ന പൊതുധാരണയെ തിരുത്തിക്കൊണ്ടാണ് കല്യാണി വെള്ളിത്തിരയിലേക്കുള്ള വാതില്‍ തുറന്നത്. തമിഴിലും തെലുഗുവിലും തന്റെ പേര് പതിച്ചശേഷമായിരുന്നു മലയാളത്തിലേക്കുള്ള വരവ്.

'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ നിക്കി എന്ന മുന്‍കോപക്കാരിയായ കഥാപാത്രത്തെ നിറഞ്ഞ കൈയടികളോടെയാണ് ആരാധകര്‍ വരവേറ്റത്. 'ഹൃദയ'ത്തിലെ നിത്യ, 'ബ്രോ ഡാഡി'യിലെ അന്ന, 'തല്ലുമാല'യിലെ ബീപാത്തു, 'ശേഷം മൈക്കില്‍ ഫാത്തിമ'യിലെ പാത്തു, 'വര്‍ഷങ്ങള്‍ക്ക് ശേഷ'ത്തിലെ ആനി... വെള്ളിത്തിരയില്‍ കല്യാണിയുടെ പലമുഖങ്ങള്‍ പ്രേക്ഷകര്‍ കണ്ടു. 
ഫഹദ് ഫാസിലിനൊപ്പം 'ഓടും കുതിര ചാടും കുതിര', ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച് നസ്ലിനൊപ്പം കേന്ദ്രകഥാപാത്രമാകുന്ന ചിത്രം, ജയംരവിക്കൊപ്പം'ജെനി' തുടങ്ങി കൈനിറയെ ചിത്രങ്ങളാണ് കല്യാണിക്കിപ്പോള്‍. സിനിമയും സ്വപ്‌നങ്ങളും ചേരുവകളായ തന്റെ ജീവിതത്തിന്റെ അധ്യായങ്ങള്‍ തുറക്കുകയാണ് കല്യാണി. 

എങ്ങനെയുണ്ട് സിനിമാ ജീവിതം?
ഓരോ സിനിമയും ഞാന്‍ ആസ്വദിക്കുകയാണ്. ആത്മവിശ്വാസവും ഉയര്‍ന്നു. സിനിമയിലേക്കുള്ള വരവ് ജീവിതത്തിലെ മികച്ച തീരുമാനമായിട്ടാണ് തോന്നുന്നത്. അച്ഛനും അമ്മയ്ക്കും  ഇതുതന്നെയാവും അഭിപ്രായം.
വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമേ ജീവിതത്തില്‍ ചെയ്യാനുദ്ദേശിക്കുന്നുള്ളൂ. അതു കഴിഞ്ഞാല്‍ നിര്‍ത്തുകയാണ് എന്ന് വിനീത് ശ്രീനിവാസന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനെയോ പ്രിയദര്‍ശനെയോ പോലെ 40- 50 വര്‍ഷം സിനിമാമേഖലയില്‍ നില്‍ക്കാന്‍ പുതു തലമുറയില്‍പ്പെട്ടവര്‍ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു. അതേ അഭിപ്രായമാണോ കല്യാണിക്കും?
ഇഷ്ടമുള്ള കഥാപാത്രങ്ങളും തിരക്കഥകളും കിട്ടുകയാണെങ്കില്‍ ഞാന്‍ ചെയ്യും. അതിന് വര്‍ഷങ്ങളുടെ കണക്ക് നോക്കുന്നില്ല. സിനിമ എനിക്കിഷ്ടമാണ്. പാഷനു വേണ്ടിയാണ് ഞാന്‍ ഇതു ചെയ്യുന്നത്. പണത്തിനു വേണ്ടിയല്ല. അതുകൊണ്ടാവാം എത്രകാലം ജോലി ചെയ്യണം എന്ന കണക്കുകൂട്ടലൊന്നുമില്ല.

എങ്ങനെയാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്?
കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ അങ്ങനെ അളവുകോലൊന്നും ഇല്ല. പക്ഷേ, ഓരോ സിനിമകളിലൂടെയും കംഫര്‍ട്ട്‌സോണില്‍ നിന്നും പരിമിതികൡ നിന്നും പുറത്തുകടക്കാന്‍ ശ്രമിക്കാറുണ്ട്. മുന്‍നിര നായകന്മാരോടൊപ്പം അഭിനയിച്ച് ഒരു നായിക എന്ന നിലയില്‍ വളര്‍ന്നു വരണം എന്ന് ആദ്യത്തെ സിനിമ ചെയ്യുമ്പോള്‍ ആഗ്രഹിച്ചിരുന്നു. 'ഹൃദയ' ത്തിലൂടെ എനിക്ക് ഡബ് ചെയ്യാനുള്ള അവസരം കിട്ടി. 'ബ്രോഡാഡിയില്‍' ലാലങ്കിളിന്റെ(മോഹന്‍ലാല്‍) കൂടെ അഭിനയിക്കുമ്പോള്‍ വളര്‍ന്നേ പറ്റൂ. ആ സിനിമയില്‍ സ്‌ക്രീന്‍ സ്‌പേസും കിട്ടി. 'തല്ലുമാലയില്‍' എന്റെ വ്യക്തിത്വം തന്നെ ഞാന്‍ മാറ്റിവച്ചു. കാരണം ആ കഥാപാത്രം ഞാനേ അല്ല. 'ശേഷം മൈക്കില്‍ ഫാത്തിമയില്‍' എന്റെ ഭാഷയില്‍ മാറ്റം വരുത്തി. 'ആന്റണിയില്‍' എനിക്ക് ശാരീരികമായും മാറ്റം വരുത്തേണ്ടിവന്നു. അങ്ങനെ ഓരോ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും അതിനായി സ്വയം മാറാന്‍ ശ്രമിക്കാറുണ്ട്. പുറത്തിറങ്ങുന്നതോടെ സിനിമ പ്രേക്ഷകരുടേതായി മാറുമല്ലോ. അവരിലേക്ക് കഥാപാത്രത്തെ പൂര്‍ണതയോടെ എത്തിക്കാന്‍ എനിക്കാവുന്നതെല്ലാം ചെയ്യാറുണ്ട്. സിനിമ തിരഞ്ഞെടുക്കുമ്പോള്‍ കഥ നല്ലതായിരിക്കണം. അഭിനേതാവെന്ന നിലയില്‍ എനിക്ക് വളരാനുള്ള ഇടം അതില്‍  ഉണ്ടായിരിക്കണം.

സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലും വലിയ സൂക്ഷ്മതയുണ്ടല്ലോ?
 സമയമെടുത്താണ് ഞാന്‍ ഓരോ സിനിമയും തിരഞ്ഞെടുക്കുന്നത്. അതെന്റെ പാഷനായതുതന്നെയാവാം അതിനുള്ള കാരണം. ഒരുപാട് ആളുകള്‍ക്ക് സിനിമ അവരുടെ തൊഴിലും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള ഉപാധിയും കൂടിയാണ്. എനിക്കിപ്പോള്‍ അങ്ങനെയുള്ള ഉത്തരവാദിത്തങ്ങളൊന്നുമില്ല. 

അച്ഛനുമായി ചേര്‍ന്ന് ഒരു ഹാസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?
എനിക്ക് കോമഡി സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമാണ്. അച്ഛന്റെ സിനിമകള്‍ ഞാന്‍ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. പക്ഷേ, അതേ സിനിമ ഇപ്പോള്‍ എടുത്താല്‍ അത് വിജയിക്കുമോ എന്ന് അറിയില്ല. തമാശകള്‍ കാലത്തിനനുസരിച്ച്, തലമുറകള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. എനിക്ക് ഇഷ്ടമുള്ള തമാശകളായിരിക്കില്ല എന്റെ അനിയന് ഇഷ്ടം. അതായിരിക്കില്ല എന്റെ അച്ഛന് ഇഷ്ടം. ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും.  

'ശേഷം മൈക്കില്‍ ഫാത്തിമ' യിലെ കഥാപാത്രവും ജീവിതസാഹചര്യങ്ങളും ഭാഷയും എല്ലാം വ്യത്യസ്തമാണ്. അത്തരത്തില്‍ തീരെ പരിചിതമല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ വെല്ലുവിളിയുണ്ടാവില്ലേ?
വെല്ലുവിളിയുണ്ടാക്കുന്ന കഥാപാത്രങ്ങള്‍  എനിക്കിഷ്ടമാണ്. വിശ്വസിച്ചേല്പിക്കുന്ന കഥാപാത്രങ്ങള്‍ മനോഹരമാക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കാറു്. അഭിനേതാവെന്ന നിലയില്‍ വളരണമെങ്കില്‍ വെല്ലുവിളികള്‍ സ്വീകരിക്കാന്‍ തയ്യാറാവണം. 'ശേഷം മൈക്കില്‍ ഫാത്തിമ'യിലെ പ്രധാന വെല്ലുവിളി ഭാഷയായിരുന്നു. സാധാരണക്കാരുടെ ജീവിതം കാണിക്കുന്ന കഥാപാത്രങ്ങളൊന്നും അതുവരെ ഞാന്‍ ചെയ്തിരുന്നില്ല. അതുകൊണ്ട് ആ കഥാപാത്രം എന്നെ സംബന്ധിച്ച് പുതുമയുള്ളതായിരുന്നു. 

ആരുടെ കൂടെ അഭിനയിക്കുമ്പോഴാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയി തോന്നാറുള്ളത്?
ആരുടെ കൂടെ അഭിനയിച്ചാലും ഞാന്‍ കംഫര്‍ട്ടബിളാണ്. ഞാനും പ്രണവും ചെറുപ്പംമുതലേ കൂട്ടുകാരാണ്. അതുകൊണ്ട് പ്രണവിന്റെ കൂടെ അഭിനയിക്കുമ്പോള്‍ കൂടുതല്‍ കംഫര്‍ട്ടബിളായി തോന്നും.
ഏതെങ്കിലും പഴയ സിനിമയുടെ റീമേക്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ?
'കിലുക്കം' സിനിമയുടെ റീമേക്ക്. പക്ഷേ, അതില്‍ ലാലങ്കിളിന്റെ ഭാഗം ഞാനും രേവതി മാമിന്റെ ഭാഗം അപ്പുവും (പ്രണവ്) ചെയ്താല്‍ അതിലൊരു വ്യത്യസ്തതയുണ്ടാകും.

ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ?
അങ്ങനെ തോന്നിയിട്ടില്ല. പക്ഷേ, 'തേന്‍മാവിന്‍ കൊമ്പത്തി'ലെ കാര്‍ത്തുമ്പിയുടെ കഥാപാത്രമൊക്കെ പ്രചോദനമായിട്ടുണ്ട്. പക്ഷേ, ചെയ്യണമെന്ന് തോന്നിയിട്ടില്ല. കാരണം ശോഭനാ മാമിന്റെ പത്ത് ശതമാനം പോലും എനിക്ക് ചെയ്യാന്‍ കഴിയില്ല.

ഒരു സംവിധായകന്‍ എന്നതിനപ്പുറത്തേക്ക് അച്ഛന്റെ ക്രിയേറ്റിവിറ്റിയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഞാന്‍ അച്ഛന്റെ അധ്വാനത്തെയാണ് കാണുന്നത്. എന്റെ ഏറ്റവും വലിയ പ്രചോദനമാണ് അച്ഛന്‍. പനിപിടിച്ച് വിറയ്ക്കുന്ന അവസ്ഥയില്‍ പോലും അച്ഛന്‍ ജോലി ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരുമിച്ചിരിക്കുമ്പോള്‍ അച്ഛന്‍ പണ്ടത്തെ അനുഭവങ്ങളൊക്കെ പറയും. അത് വളരെ രസമാണ്. അച്ഛന്റെ തമാശകള്‍ക്കൊക്കെ അടിസ്ഥാനം ആ അനുഭവങ്ങളായിരിക്കും. സിനിമയില്‍ അതിന്റെ പത്ത് ശതമാനമൊക്കെയേ ആവിഷ്‌കരിച്ചിട്ടുള്ളൂ.   

കല്യാണിയുടെ കാഴ്ച്ചപ്പാടില്‍ എന്താണ് ഫെമിനിസം?
ഫെമിനിസം എന്നത് വളരെ സിംപിളാണ്. സ്ത്രീയും പുരുഷനും തുല്യരാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ നിങ്ങളും ഫെമിനിസ്റ്റാണ്.

ഫിറ്റ്‌നെസ്സ് രഹസ്യം?
കഠിനാധ്വാനം തന്നെ, മറ്റൊരു രഹസ്യവുമില്ല. 'ആന്റണി'ക്കു വേണ്ടി ഞാന്‍ ഒരുപാട് ഫിസിക്കല്‍ ട്രെയിനിങ് ചെയ്തിരുന്നു. കിട്ടിയ സമയത്തൊക്കെ വര്‍ക്കൗട്ട് ചെയ്തു. അപ്പോഴാണ് ഫിറ്റ്‌നെസ്സിന്റെ മൂല്യം മനസിലാക്കുന്നത്. ഡയറ്റ് വളരെ ശ്രദ്ധിക്കുന്ന ആളാണ് ഞാന്‍. ഷൂട്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും വര്‍ക്കൗട്ട് ചെയ്യും. ആദ്യമൊക്കെ ഷൂട്ടിന് പോകുമ്പോള്‍ എനിക്ക് സ്‌ട്രെസ്സ് കൂടുതലായിരുന്നു. അങ്ങനെ മെഡിറ്റേഷന്‍ ചെയ്തുതുടങ്ങി. 

കല്യാണിക്ക് കൂടുതല്‍ സാമ്യം ആരോടാണ്? ലിസിയോടോ, പ്രിയദര്‍ശനോടോ?
എനിക്ക് അച്ഛന്റെ 90 ശതമാനം തമാശയും അമ്മയുടെ പത്തുശതമാനം ഭംഗിയുമാണ് കിട്ടിയിട്ടുള്ളത്.

സൗഹൃദങ്ങളെപ്പറ്റി പറയാമോ?
സിനിമയില്‍ വന്നതിനു ശേഷം എനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായി.  'ശേഷം മൈക്കില്‍ ഫാത്തിമ'യുടെ നിര്‍മ്മാതാവായ ജഗദീഷ് പളനിസ്വാമി എന്റെ അടുത്ത സുഹൃത്താണ്. അവന് എന്റെ കഴിവുകളെക്കുറിച്ചറിയാം. കീര്‍ത്തി, പ്രണവ് അങ്ങനെ ചെറുപ്പം മുതലുള്ള സുഹൃത്തുക്കളുമുണ്ട്.

അഭിനയിച്ചതില്‍ ഇഷ്ടകഥാപാത്രമേതാണ്? 
ചെയ്ത എല്ലാ കഥാപാത്രത്തിനും എന്റെ ഹൃദയത്തില്‍ ഓരോ സ്ഥാനം നല്‍കിയിട്ടുണ്ട്. ഏറ്റവും എന്‍ജോയ് ചെയ്ത സിനിമ 'ഹൃദയ'മായിരുന്നു. കൂടുതല്‍ സുഹൃത്തുക്കളെ ഉണ്ടാക്കിയ സിനിമ 'വരനെ ആവശ്യമുണ്ട്' ആണ്. ദുല്‍ഖറും, അനൂപും, ജിതിനും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി. ഒരു അഭിനേതാവെന്ന നിലയില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചത് 'ബ്രോഡാഡി'യുടെ സമയത്തായിരുന്നു. ഏറ്റവും കൂടുതല്‍ അഭിമാനം തോന്നിയത് 'തല്ലുമാല' ചെയ്തപ്പോഴും.

സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ കല്യാണി എന്താവുമായിരുന്നു?
ഇതിനുള്ള ഉത്തരം ഞാന്‍ തമിഴില്‍ പറയാം. സിനിമ താന്‍ എന്‍ വാഴ്‌കൈ. എനക്ക് തെരിഞ്ചത് സിനിമ മട്ടും താന്‍. ആര്‍ക്കിടെക്ചര്‍ പഠിച്ചെങ്കിലുംഅച്ഛനോട് ഞാന്‍ പറഞ്ഞിരുന്നു സിനിമയാണെന്റെ വഴിയെന്ന്. അഭിനേതാവാകും എന്നല്ല. സിനിമയില്‍ എന്തെങ്കിലും ആകും എന്നാണ് പറഞ്ഞത്.
വെബ് സീരീസുകളുടെ കാലമാണ്. വെബ്‌സീരീസുകളില്‍ അഭിനയിക്കാന്‍ താല്‍പര്യം തോന്നിയിട്ടുണ്ടോ?
സിനിമയെക്കാള്‍ കൂടുതല്‍ സീരീസുകളാണ് കാണാറുള്ളത്. ഒരുപാട് ഇന്ത്യന്‍ ഷോകള്‍ കാണാറുണ്ട്.  സീരീസുകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ട്.

സിനിമ സംവിധാനം ചെയ്യാന്‍ പ്ലാനുണ്ടോ?
അങ്ങനെ ഒരു ആഗ്രഹമുണ്ട്. പക്ഷേ, അടുത്തൊന്നും അത് ഉണ്ടാകില്ല. അതിന് ഒരുപാട് ജീവിതാനുഭവങ്ങള്‍ നേടാനുണ്ട്.

Content Highlights: south indian actress kalyani priyadarshan interview