'മലയാളത്തില്‍ നിന്റെ അവസാന വര്‍ഷമായിരിക്കുമെന്ന് പലരും മുഖത്തുനോക്കി പറഞ്ഞു, ഞാന്‍ തളര്‍ന്നില്ല'

ആദ്യകാലത്ത് നായകകഥാപാത്രങ്ങള്‍ക്കൊപ്പം ആക്ഷന്‍ ഹീറോ ഇമേജില്‍ അഭിനയിച്ച നടനാണ് ഉണ്ണിമുകുന്ദന്‍. പിന്നീട്, കുടുംബപ്രേക്ഷകരെ മുന്നില്‍ക്കണ്ടുകൊണ്ടൊരു മാറ്റം, അതിന്റെ പൂര്‍ണതയായിരുന്നു 'മേപ്പടിയാന്‍'. ആ യാത്ര 'മാളികപ്പുറ'ത്തിലെത്തിയപ്പോള്‍ കുടുംബപ്രേക്ഷകര്‍ ഹൃദയംകൊണ്ട് ഉണ്ണിയെ സ്വീകരിച്ചു. വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടുള്ള അഭിനയജീവിതം മുന്‍നിര്‍ത്തി ഉണ്ണിമുകുന്ദന്‍ സംസാരിക്കുന്നു.
മലയാളത്തിലെ തിരക്കിനിടയിലും തമിഴ് ചിത്രം 'ഗരുഡനി' ലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ?
'സീഡന്‍' എന്ന സിനിമയിലൂടെയായിരുന്നു ഞാന്‍ തമിഴില്‍ തുടക്കമിട്ടത്. പന്ത്രണ്ടുവര്‍ഷത്തിനുശേഷമാണ് വീണ്ടും തമിഴിലെത്തിയത്. എന്റെ മലയാളസിനിമകള്‍ കണ്ടാണ് ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. അത് വെട്രിമാരന്‍ചിത്രമാണെന്നതായിരുന്നു പ്രധാനാകര്‍ഷണം. അദ്ദേഹത്തിന്റെ ആടുകളം, അസുരന്‍, കൊടി എന്നീ ചിത്രങ്ങള്‍ കണ്ട് ഞാന്‍ തിയേറ്ററില്‍ ത്രില്ലടിച്ചിട്ടുണ്ട്. വെട്രിമാരന്റെ കഥയില്‍ ആര്‍.എസ്. ദുരൈ സംവിധാനംചെയ്ത ചിത്രം തമിഴ്‌നാട്ടില്‍ എഴുപതുകോടിയോളം കളക്ട് ചെയ്തു. എന്റെ ആദ്യ തമിഴ്ചിത്രത്തില്‍ എനിക്ക് ഡബ്ബ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. 'ഗരുഡനി'ല്‍ എനിക്ക് ഡബ്ബ് ചെയ്യാന്‍ കഴിഞ്ഞു. നടന്‍ എന്നനിലയില്‍ വലിയൊരു നേട്ടമായാണതിനെ കണക്കാക്കുന്നത്. ദുരൈ ശെന്തിലിന്റെ അടുത്ത ആക്ഷന്‍ സിനിമയിലും അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ചിത്രമായ 'ജയ് ഗണേഷ്' ഒരു നിര്‍മാതാവ് എന്നനിലയിലും നടന്‍ എന്നനിലയിലും ഉണ്ണി മുകുന്ദന് സംതൃപ്തി സമ്മാനിച്ച ചിത്രമായിരുന്നോ?
ഉണ്ണി മുകുന്ദന്‍ ഫിലിംസ് തുടങ്ങിയതിനുശേഷം കുറച്ച് നല്ല ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മലയാളസിനിമയില്‍ അധികമാരും ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രത്തെയാണ് ഒരു നടന്‍ എന്നനിലയില്‍ ആ ചിത്രം എനിക്ക് സമ്മാനിച്ചത്. വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് ഒരു മുഴുനീളചിത്രത്തില്‍ അഭിനയിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു.
ഒരു വ്യക്തി എന്നനിലയില്‍ എന്നില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയ സിനിമയായിരുന്നു 'ജയ് ഗണേഷ്'. ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ സംഭവിച്ചപ്പോള്‍ നമുക്കിങ്ങനെയൊക്കെ പറ്റിപ്പോയല്ലോ എന്നോര്‍ത്ത് വളരെ ദുഃഖിച്ചവനാണ് ഞാന്‍. എന്നാല്‍, കൈക്കും കാലിനും ചലനമുണ്ടെങ്കില്‍, മൂന്നുനേരം ഭക്ഷണം കഴിക്കാനും ഉറങ്ങാനും കഴിയുന്നുണ്ടെങ്കില്‍, നമുക്ക് ഒരു പ്രശ്‌നവുമില്ലെന്ന് 'ജയ് ഗണേഷി'ലെ കഥാപാത്രം എന്നെ പഠിപ്പിച്ചു.
വീല്‍ചെയറിലെ ജീവിതങ്ങളുടെ മാനസികസംഘര്‍ഷങ്ങള്‍ അടുത്തറിഞ്ഞുകൊണ്ട് ആത്മാര്‍ഥമായി ഞാനതിനെ സമീപിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷകപ്രശംസയും അംഗീകാരവും ആ ചിത്രം സമ്മാനിച്ചു. നടന്‍ എന്നനിലയിലും നിര്‍മാതാവ് എന്നനിലയിലും ഞാനേറെ സംതൃപ്തനാണ്.
നായകനാകാന്‍ കൊതിച്ച് സിനിമയില്‍ വന്ന ഉണ്ണിമുകുന്ദന്‍ പിന്നെ വില്ലനായാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ആ മാറ്റത്തിന് പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു?
അന്ന് നമ്മള്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. അപ്പോള്‍ ഞാന്‍ ചിന്തിച്ചത്, പ്രേക്ഷകര്‍ കാണുന്ന ചിത്രത്തിന്റെ ഭാഗമാവുക എന്നതായിരുന്നു. ആരും കാണാത്ത ബി - ഗ്രേഡ് ചിത്രത്തില്‍ നായകനാകുന്നതിനെക്കാള്‍ എല്ലാവരും കാണുന്ന എ ഗ്രേഡ് ചിത്രത്തിലെ വില്ലനാകുന്നതാണ് നല്ലത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെ ചെയ്ത സിനിമയാണ് 'മിഖായേല്‍'.
വഴികാട്ടാന്‍ ആരുമില്ലാതെ സിനിമയിലെത്തിയ നടനാണ് ഞാന്‍. അതുകൊണ്ടുതന്നെ പല തെറ്റിലും വന്നുവീണിട്ടുണ്ട്. അതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് പഠിച്ച്, പിടിച്ചുനില്‍ക്കാന്‍ സാധിച്ചത് തന്നെ വലിയ കാര്യം.
12 വര്‍ഷം നീണ്ട സിനിമാജീവിതം ഉണ്ണിമുകുന്ദന്‍ എന്ന വ്യക്തിയില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കിയത്? പഴയതുപോലെ, നിഷ്‌കളങ്കമായ ചിരിപോലും ആ മുഖത്തുനിന്ന് മാഞ്ഞുപോയെന്ന് ചിലര്‍ക്ക് പരാതിയുണ്ട് ?
ചിരി പോയിട്ടില്ല, ഇപ്പോള്‍ അത് എല്ലാവര്‍ക്കും കൊടുക്കാറില്ലെന്ന് മാത്രം. കേരളത്തിന് പുറത്ത് ജനിച്ചുവളര്‍ന്ന് പിന്നീട് മലയാളസിനിമയിലെത്തി നടനായി പിടിച്ചുനിന്ന എളിയ കലാകാരനാണ് ഞാന്‍. സിനിമയില്‍ എത്തിയ കാലത്ത് സുഖദുഃഖങ്ങളും ആശങ്കകളും പങ്കുവയ്ക്കാനും മനസ്സുതുറക്കാനും നല്ലൊരു കൂട്ടുകാര്‍ പോലും ഇവിടെ ഉണ്ടായിരുന്നില്ല. അന്ന് അടുത്തുനില്‍ക്കുന്നവര്‍പോലും പറയുന്ന കാര്യങ്ങള്‍ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിന്റെ പ്രശ്‌നങ്ങള്‍ എന്റെ ചിന്തയിലും പ്രവൃത്തിയിലും ഉണ്ടായിരുന്നു. പണ്ടൊക്കെ കാര്യമായ വിജയചിത്രങ്ങള്‍ ഇല്ലാതിരുന്നിട്ടും എന്നെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ഇന്ന് എല്ലാവര്‍ക്കും എന്നെ ഇഷ്ടമല്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്. അതെല്ലാം എന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാര്യമായിരുന്നില്ല. സാധാരണ ചെറുപ്പക്കാരന് ആ പ്രായത്തില്‍ അഭിമുഖീകരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളാണ് ഞാന്‍ നേരിട്ടത്. അതെന്റെ മിടുക്കല്ല, വിധിയാണ്.
സിനിമയില്‍ ഒരാള്‍ക്കും ഒരാളെ നശിപ്പിക്കാനും ഉയര്‍ത്താനും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ വര്‍ഷം മലയാളസിനിമയില്‍ നിന്റെ അവസാനവര്‍ഷമായിരിക്കും എന്ന് പലരും എന്റെ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്. ഞാന്‍ തളര്‍ന്നില്ല...വലിയ വീഴ്ചകളില്‍ പെടാതെ 13 വര്‍ഷം മലയാളസിനിമയില്‍ ഞാന്‍ പിടിച്ചുനിന്നു. തുടക്കത്തില്‍ ഞാന്‍ നായകനായ പല ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായില്ലെങ്കിലും മോശം സിനിമകളായിരുന്നില്ല. അന്നത്തെ മാര്‍ക്കറ്റിങ് പ്രശ്‌നങ്ങളാണ് ചിത്രങ്ങള്‍ തകര്‍ത്തത്. അന്ന് ആ സിനിമയ്ക്ക് വന്ന നഷ്ടങ്ങളെല്ലാം നായകന്റെ തലയിലായി. ഇത്തരം പിടികിട്ടാത്ത പ്രശ്‌നങ്ങളില്‍നിന്നാണ്, വില്ലന്‍ കഥാപാത്രത്തിലേക്ക് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
അന്ന് വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും എന്റെ മനസ്സില്‍ അതൊരു നായകവേഷമായിരുന്നു. കാലംമാറി, എല്ലാത്തരത്തിലും കരിയറിലെ മികച്ച സമയത്തിലൂടെയാണ് ഞാന്‍ ഇന്ന് കടന്നുപോകുന്നത്. ഇഷ്ടമുള്ള കഥ കേള്‍ക്കാം, സിനിമ ചെയ്യാം എന്നീ പോസിറ്റീവ് സാഹചര്യം ഇപ്പോഴുണ്ട്. മൊത്തത്തില്‍ സിനിമയോട് ഒരിഷ്ടം കൂടിയിട്ടുണ്ട്.
കരിയറില്‍, ഉണ്ണിക്ക് കൊച്ചിയിലെ ഏകാന്തമായ നാലുവര്‍ഷമുണ്ടായിരുന്നു. അതില്‍ നിന്നുണ്ടായ തിരിച്ചറിവുകള്‍ എന്തൊക്കെയാണ് ?
സിനിമയെ ഒരു കലയായി മാത്രം കണ്ട ഒരു കാലമായിരുന്നത്. അഭിനയിക്കും, അതുകഴിഞ്ഞ് തിരിച്ചുപോകും അതായിരുന്നു അന്നത്തെ രീതി. അതിന്റെ പേരില്‍ എനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമയെ ഒരു ബിസിനസ്സായി കാണാന്‍ തുടങ്ങിയ കാലത്താണ് എന്റെ 75% പ്രശ്‌നങ്ങളും ഇല്ലാതായത്.
ജീവിതത്തില്‍ അനുഭവിച്ച പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്യാന്‍ സഹായിച്ച ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു ?
ഒരാള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സ്വന്തം അച്ഛനും അമ്മയും മാത്രമേ ഉണ്ടാവൂ എന്ന് തിരിച്ചറിഞ്ഞ കാലമുണ്ടായി. ചില പ്രശ്‌നങ്ങള്‍ എന്തായാലും അഭിമുഖീകരിക്കണം എന്ന അവസ്ഥ വന്നു. നമ്മുടെ ഭാഗം ശരിയാണെങ്കില്‍ ചങ്കൂറ്റത്തോടെ നില്‍ക്കുക എന്നായിരുന്നു എന്റെ തീരുമാനം. അതിന് ആരുടെയും സഹായത്തിന് ഞാന്‍ പോയില്ല. ജീവിതത്തില്‍ മാര്‍ഗദര്‍ശനങ്ങളായ പുസ്തകങ്ങള്‍ വായിച്ച അറിവ് നേടിയ ആളല്ല ഞാന്‍. വായിച്ച പുസ്തകങ്ങളുടെ അര്‍ഥം മനസ്സിലാക്കാന്‍ പത്തുവര്‍ഷമെടുത്തു എന്നതാണ് ശരി. പിന്നീട് അനുഭവങ്ങള്‍ സമ്മാനിച്ച പക്വതയാണ് എനിക്കുണ്ടായത്. തുടര്‍ന്ന് വാശിയോടെ ജീവിക്കാന്‍ തോന്നി. എടുത്തുചാടി എന്തെങ്കിലും ചെയ്യുന്നതിന് പകരം ക്ഷമിച്ചുനില്‍ക്കാന്‍ ശീലിച്ചു.
13 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ജൂണ്‍ 30-നാണ് എന്റെ ആദ്യ ചിത്രമായ 'മുംബൈ മാര്‍ച്ച്' റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ജൂണ്‍ 30- ന് അമ്മ എന്ന സിനിമാപ്രവര്‍ത്തകരുടെ സംഘടനയുടെ ട്രഷററായി എതിരില്ലാതെ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് ഉണ്ണി മുകുന്ദന്‍ എന്ന പേര് മലയാളസിനിമയില്‍ കേള്‍ക്കുന്നുണ്ട്. തിരിഞ്ഞുനോക്കുമ്പോള്‍ ഇതെല്ലാം എന്റെ കൊച്ചുകൊച്ചു നേട്ടങ്ങളല്ലേ...
എങ്ങനെയാണ് സിനിമയുടെ പ്രൊഡക്ഷനിലേക്ക് ഇറങ്ങുന്നത്. സിനിമ നന്നായി പഠിച്ച് ഇറങ്ങിയതുപോലെ തോന്നുന്നു. നിര്‍മിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റ്...
ഞാന്‍ നായകനായ മുന്‍കാല ചിത്രങ്ങളൊന്നും മോശം ചിത്രങ്ങള്‍ ആയിരുന്നില്ല, എന്നിട്ടും അത് അക്കാലത്ത് തിയേറ്ററില്‍ ശ്രദ്ധ നേടാതെ പോയി. ഒരു സിനിമ വിജയിക്കാന്‍ ഞാന്‍ മാത്രം ശ്രമിച്ചാല്‍ പോരാ നമുക്ക് ചുറ്റും നില്‍ക്കുന്ന ആള്‍ക്കാര്‍ കൂടി അതേ കാഴ്ചപ്പാടോടെ മുന്നോട്ടുവരണമെന്ന് തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. ചില നടന്മാര്‍ക്ക് ഇതെല്ലാം ഓട്ടോമാറ്റിക് കിട്ടിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇതൊന്നും എനിക്ക് തുടക്കത്തില്‍ കിട്ടിയിരുന്നില്ല. സിനിമ ആര്‍ട്ട് മാത്രമല്ല നന്നായി മാര്‍ക്കറ്റ് ചെയ്യേണ്ട ആര്‍ട്ടാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആ സമയത്തെല്ലാം എന്റെ പഠനം, വിജയിക്കുന്ന ചിത്രങ്ങളെ കുറിച്ചായിരുന്നു.
നിവിന്‍ പോളി സിനിമകള്‍ സൂപ്പര്‍ഹിറ്റായ കാലത്താണ്, അദ്ദേഹത്തിന്റെ ചിത്രത്തില്‍ വില്ലനായി വേഷമിട്ടത്. അതുപോലെതന്നെ മമ്മൂട്ടിയുടെ 'മാസ്റ്റര്‍ പീസ്' എന്ന ചിത്രത്തിലും അഭിനയിച്ചു, സത്യത്തില്‍ അതെല്ലാം എന്റെ പഠനകാലമായിരുന്നു. വില്ലന്‍ ചിത്രം ചെയ്യുമ്പോഴും നായകനായി അഭിനയിക്കാന്‍ വിളിച്ച ചിത്രങ്ങളുടെ തിരക്കഥ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. രണ്ടുവര്‍ഷക്കാലം ഏകദേശം 600 സിനിമകളുടെ തിരക്കഥ ഞാന്‍ വായിച്ചു കൂട്ടിയിട്ടുണ്ട്. മലയാളസിനിമയില്‍ വരാനിരിക്കുന്ന മാറ്റത്തെ അങ്ങനെ ഞാന്‍ അടുത്തറിയുകയായിരുന്നു.
അക്കാലത്താണ് 'മേപ്പടിയാന്‍' എന്ന ചിത്രവുമായി വിഷ്ണു വരുന്നത്. അതിന്റെ ചര്‍ച്ചകള്‍ക്കിടയില്‍ മൂന്ന് നിര്‍മാതാക്കള്‍ പലകാരണങ്ങളാല്‍ മാറിപ്പോയി. ഒടുവില്‍ ആത്മവിശ്വാസത്തില്‍ തന്നെയാണ് ഞാന്‍ നിര്‍മാണം ഏറ്റെടുത്തത്.
കേരളത്തിലെ വീട് ഉണ്ണിമുകുന്ദന്റെ ഒരു സ്വപ്‌നമായിരുന്നു. 'മേപ്പടിയാന്‍' എന്ന സിനിമയ്ക്കുവേണ്ടി ആ സ്വപ്‌നം പണയംവെച്ചാണ് നിര്‍മാണത്തിന് ഇറങ്ങിയത്, എന്തായിരുന്നു അതിന്റെ പ്രേരണ?
ചിത്രം വിജയിക്കുമെന്ന എന്റെ ആത്മവിശ്വാസം. പഠിത്തത്തില്‍ മിടുക്കനായിട്ടും പഠനം ഉപേക്ഷിച്ചതും, അരലക്ഷത്തോളം രൂപ കിട്ടുന്ന ജോലി ഉപേക്ഷിച്ച് സിനിമ തേടി പോയതുമെല്ലാം അത്തരമൊരു തീരുമാനത്തിന്റെ ഭാഗമായിരുന്നു.
എന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ അച്ഛന് അഞ്ച് മിനിറ്റുപോലും വേണ്ടിവന്നില്ല, കാരണം വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുജറാത്തിലെ സ്വന്തം വീട് കൂട്ടുകാരനുവേണ്ടി പണയംവെച്ച് കൊടുത്ത വ്യക്തിയാണത്. അതുകൊണ്ട് ഇത്തരം പരീക്ഷണങ്ങളൊന്നും ഞങ്ങള്‍ക്ക് വലിയ പുതുമയുള്ള കാര്യമായിരുന്നില്ല. ചിത്രത്തിലെ നായകനായ ജയകൃഷ്ണന്‍ ഞാനായിരുന്നു. ജീവിതത്തില്‍ ജയകൃഷ്ണന്‍ എന്റെ അച്ഛനും. ദൈവം സഹായിച്ച് ചിത്രം സൂപ്പര്‍ഹിറ്റായി. ഞാന്‍ ചിത്രത്തിലെ ജയകൃഷ്ണനെപ്പോലെ കുറച്ച് സ്ഥലം വാങ്ങി. അതില്‍ ഇപ്പോള്‍ ഒരു വീടുപണിയുന്നുണ്ട്. എന്താണെന്നറിയില്ല എനിക്ക് എന്നെക്കുറിച്ച് വലിയ മതിപ്പാണ്. എന്റെ ആഗ്രഹങ്ങളെല്ലാം സാധിക്കും എന്ന് ഉറപ്പുണ്ട്.
മലയാളസിനിമയുടെ ഹബ്ബ് എറണാകുളത്തായിട്ടും എന്തുകൊണ്ടാണ് ഉണ്ണിമുകുന്ദന്‍ ഒറ്റപ്പാലത്ത് വീടുവെച്ചത്?
അച്ഛന്‍ തൃശ്ശൂര്‍ക്കാരനാണ്, അമ്മയുടെ കുട്ടിക്കാലം ഒറ്റപ്പാലത്തായിരുന്നു. നമ്മുടെ വരുമാനത്തിനനുസരിച്ച് ഒതുങ്ങിജീവിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഒറ്റപ്പാലത്ത് വീടുവെച്ചത്. കേരളത്തില്‍ എവിടെയായാലും എനിക്ക് ഒരുപോലെയാണ്. ഇനിയും കുറേക്കാലം ഗുജറാത്തിലെ അഹമ്മദാബാദില്‍ ജീവിക്കാനാണ് എനിക്കിഷ്ടം. 21 വര്‍ഷം അവിടെ ജീവിച്ചു. എന്റെ ഓര്‍മകളും എന്നെ ഞാനാക്കിയ കുട്ടിക്കാലവും അവിടെയായിരുന്നു. അന്ന് ഞങ്ങള്‍ ആദ്യം താമസിച്ച ഹൗസിങ് കോളനിയിലെ ഫ്‌ലാറ്റ് പൊളിച്ച് പുതിയ ഫ്‌ലാറ്റുകള്‍ ഉണ്ടാക്കാന്‍ പോകുകയാണെന്ന് കേട്ടപ്പോള്‍ വല്ലാത്ത വിഷമംതോന്നി. ഇപ്പോഴും ഞാന്‍ ആരുമറിയാതെ ഗുജറാത്തിലേക്ക് വണ്ടികയറാറുണ്ട്. കഴിഞ്ഞമാസം ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവിടെ പോയി, ഒരാഴ്ച സുഹൃത്തുക്കളുടെ വീട്ടില്‍ താമസിച്ച് തിരിച്ചുപോന്നു. ഗുജറാത്തിലെ വേരറ്റുപോയിട്ടില്ല, മരം ഇല്ല എന്ന് മാത്രം.
ഗുജറാത്തുകാരന്‍ ആയതുകൊണ്ട് മാത്രം കേരളത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ലേ?
മുന്‍വിധികള്‍വെച്ച് ചിന്തിക്കുന്നവരുടെ തോന്നലുകളില്‍ സംഭവിച്ച കാര്യങ്ങളാണത്. അതൊന്നും വ്യക്തിപരമായി എന്നെ ബാധിച്ചിട്ടില്ല. എനിക്കിവിടെ ആരേയും പേടിക്കാനില്ല. ഒരാള്‍ ശുപാര്‍ശചെയ്ത് ഒരു റോള്‍പോലും എനിക്ക് കിട്ടിയിട്ടില്ല. ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതെന്റെ കഠിനാധ്വാനംകൊണ്ട് മാത്രമാണ്.
ഒരു കലാകാരന് രാഷ്ട്രീയം, മതം, അഭിപ്രായം എന്നിവയൊന്നും പാടില്ല എന്നുപറയുന്ന കേരളത്തിലെ ഇന്നത്തെ സാഹചര്യത്തോട് എങ്ങനെ പൊരുത്തപ്പെട്ടുപോയി?
അത്തരം സമീപനങ്ങള്‍ ചിലരോട് മാത്രമാണെന്നതാണ് രസം. എല്ലാവരും അവരുടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പരിപാടിക്ക് പോകും. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് പോകും. അതിനുവേണ്ടി സംസാരിക്കും. ചിലര്‍ക്ക് മാത്രം അത് പറയാന്‍പാടില്ല എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഒരിക്കലും ഒരു മതത്തിനോ പ്രസ്ഥാനത്തിനോ ഒരു പാര്‍ട്ടിക്കുവേണ്ടിയോ ഒന്നും സംസാരിച്ചിട്ടില്ല. ഞാന്‍ പറഞ്ഞത് എന്റെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും മാത്രമാണ്. കേരള സമുദായം മൊത്തം ഇങ്ങനെയാണെന്ന വിശ്വാസം എനിക്കില്ല. രാജ്യസ്‌നേഹമാണ് എന്റെ പൊളിറ്റിക്‌സ്. ആ സ്‌നേഹം കൊണ്ടുനടക്കുന്ന ചില പ്രസ്ഥാനങ്ങളുണ്ട്. ചിലര്‍ അതിനോട് എന്നെ ചേര്‍ത്തുപിടിക്കും, അപ്പോഴാണ് പ്രശ്‌നം. ദേശീയഗാനം പാടാനറിയാത്ത കുട്ടികളോട് എനിക്ക് വിയോജിപ്പുണ്ട്. അപ്പോള്‍ എനിക്ക് കുട്ടികളോട് മൊത്തം വിയോജിപ്പാണ് എന്നുപറയുന്നതില്‍ അര്‍ഥമുണ്ടോ?
മലയാളസിനിമയിലെ സൂപ്പര്‍മാന്‍, സൂപ്പര്‍ ഹീറോ, ഫാമിലി ഹീറോ- ഇതില്‍ ഏത് ബഹുമതിയാണ് ഏറ്റുവാങ്ങാന്‍ ഇഷ്ടപ്പെടുന്നത്?
ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഇഷ്ടമാണ്. എല്ലാം നല്ല ബഹുമതികളല്ലേ... ഈ പറയുന്ന ഗണത്തിലെ എല്ലാതരം ചിത്രങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. ഒരുതരത്തിലും എവിടെയും പെട്ടുപോയിട്ടില്ല. അതെല്ലാം എന്റെ തോന്നലില്‍നിന്നുണ്ടായ തീരുമാനങ്ങളാണ്. അതെന്റെ മാത്രമാണ്. അതിനാല്‍ തിരിഞ്ഞുനോക്കുമ്പോള്‍ അധികമാരോടും നന്ദി പറയേണ്ടി വരില്ല.
മലയാളസിനിമയില്‍ രചനയിലും അവതരണത്തിലും സമൂലമായ മാറ്റം ഉണ്ടാകുന്ന കാലമാണിത്, ഇത്രയും കാലം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതിന്റെ രഹസ്യം?
ദൈവാനുഗ്രഹവും ഭാഗ്യവുമുണ്ടെങ്കില്‍ മാത്രമേ സിനിമാനടനായി പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. നമ്മള്‍ ഭൂമിയുടെ മുകളില്‍ വീഴാതെ നിര്‍ത്തുന്ന വ്യക്തമായ ഗുരുത്വാകര്‍ഷണബലംപോലെ ചില നല്ല ബന്ധങ്ങള്‍ ഇപ്പോള്‍ എനിക്കുചുറ്റും ഉണ്ട്. അത് ഏറിയും കുറഞ്ഞും വരരുത് എന്ന പ്രാര്‍ഥന മാത്രമാണ് മുന്നോട്ടുള്ള യാത്രയില്‍ എനിക്കുള്ളൂ.
ഒരു സംവിധാന മോഹം മനസ്സിലേക്ക് കയറിയല്ലോ? ഉടന്‍ പ്രതീക്ഷിക്കാമോ?
തീര്‍ച്ചയായും. അതിന്റെ പണിപ്പുരയിലാണ്. വാണിജ്യപരമായ എല്ലാ ഘടകങ്ങളും ചേര്‍ത്ത് എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കുമത്. വളരെ ചര്‍ച്ചയ്ക്കുശേഷം മാത്രമേ അതിലേക്ക് ഇറങ്ങുകയുള്ളൂ, അത്രയും ഹോംവര്‍ക്ക് ആവശ്യമുണ്ടതിന്...
Content Highlights: south indian actor unni mukunthan interview