രണ്ടുദേശത്തുനിന്ന് വന്ന കൃഷ്ണചന്ദ്രനും വനിതയും, അവരെ കോര്‍ത്തിണക്കിയത് സിനിമയും

കൃഷ്ണചന്ദ്രനും വനിതയും / ഫോട്ടോ: എന്‍.എം.പ്രദീപ്‌
കൃഷ്ണചന്ദ്രനും വനിതയും / ഫോട്ടോ: എന്‍.എം.പ്രദീപ്‌

രണ്ടുദേശത്തുനിന്നും വന്ന രണ്ടുപേര്‍. ഒരാള്‍ കേരളത്തില്‍നിന്നും മറ്റേയാള്‍ തമിഴ്‌നാട്ടില്‍നിന്നും. പിന്നണി ഗായകനായും അഭിനേതാവായും കൃഷ്ണചന്ദ്രന്‍ തിളങ്ങിയപ്പോള്‍ വെള്ളിത്തിരയില്‍ നായികയായും സ്വഭാവനടിയായും വനിത മാറ്റുതെളിയിച്ചു. ഇക്കാലമത്രയും പരസ്പരം താങ്ങുംതണലുമായി ഇണങ്ങിയും പിണങ്ങിയും പ്രണയം നിറച്ചും ജീവിതം ആഘോഷിക്കുകയാണവര്‍. ചാലിയാര്‍ പുഴയോട് ചേര്‍ന്നുള്ള നിലമ്പൂര്‍ കോവിലകത്തിന്റെ ചാരുപടിയിലിരുന്ന് കൃഷ്ണചന്ദ്രന്‍ സംസാരിച്ചുതുടങ്ങി. ഇടയ്ക്ക് ഓരോ വരികള്‍ മൂളി. അതിന് പതുക്കെ താളമിട്ട് വനിതയും. 

രണ്ടുപേരും സിനിമയില്‍ അഭിനയിച്ചുതുടങ്ങിയിട്ട് നാല്പതുവര്‍ഷം കഴിഞ്ഞല്ലോ. ആ സുവര്‍ണ കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍...
കൃഷ്ണചന്ദ്രന്‍: 1977-ലാണ് രതിനിര്‍വേദം ഷൂട്ട് ചെയ്യുന്നത്, 78-ല്‍ റിലീസാവുകയും ചെയ്തു. രതിനിര്‍വേദത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടുമാസം മുമ്പേ തന്നെ എന്നെ മദ്രാസിലേക്ക് വിളിപ്പിച്ചു. അതിലെന്റെ അനിയനായി അഭിനയിക്കുന്ന മാസ്റ്റര്‍ മനോഹര്‍ മദ്രാസില്‍ തന്നെയാണ്. ഞങ്ങളെ രണ്ടുപേരെയും കൂട്ടി ഭരതേട്ടനും മറ്റും പുറത്തിറങ്ങും. ആ സംഘത്തില്‍ ക്യാമറാമാന്‍ രാമചന്ദ്രബാബുവും ഭരതേട്ടന്റെ അസോസിയേറ്റും പിന്നീട് സംവിധായകനുമായ അജയേട്ടനും സദാനന്ദന്‍ എന്ന അസോസിയേറ്റുമാണുണ്ടാവുക. വൈകുന്നേരങ്ങളില്‍ മറീന ബീച്ചില്‍ പോയിരിക്കും. ഇടയ്‌ക്കെന്നെ സ്‌കേറ്റിങ് ഒക്കെ പഠിപ്പിക്കാന്‍ കൊണ്ടുപോയി. കാരണം രതിനിര്‍വേദത്തിലൊരു പാട്ടുസീന്‍ പ്ലാന്‍ ചെയ്തിരുന്നു. അതില്‍ ഞാന്‍ സ്‌കേറ്റിങ് ചെയ്യുന്ന സീനുണ്ട്. സന്ധ്യാസമയങ്ങളില്‍ സ്‌കേറ്റിങ് പഠിക്കുമ്പോള്‍, ഭരതേട്ടനൊക്കെ അതുംനോക്കി അവിടെയിരിക്കും. ചിലപ്പോള്‍ പപ്പേട്ടനുമുണ്ടാവും. ആദ്യസിനിമ തന്നെ നൂറുദിവസം ഓടി. പാട്ടിന്റെ കാര്യത്തിലാണെങ്കില്‍ ഇളയരാജ, എം.ബി.ശ്രീനിവാസന്‍, ശ്യാം, എ.ടി.ഉമ്മര്‍, എം.എസ്.വിശ്വനാഥന്‍, കെ.വി.മഹാദേവന്‍, കെ.ജെ.ജോയ്, ജോണ്‍സണ്‍ തുടങ്ങിയവരുടെ പാട്ടുകള്‍ പാടാന്‍ കഴിഞ്ഞു. ഡബ്ബിങ്ങിന് രണ്ട് സംസ്ഥാനപുരസ്‌കാരങ്ങള്‍ കിട്ടി. സിനിമയെക്കുറിച്ചൊന്നും വലിയ ധാരണയില്ലാതെ, പതിനേഴാം വയസ്സില്‍ ഇവിടെ വന്ന എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ മഹാഭാഗ്യം എന്നേ പറയാനാവൂ. ഇത്രയും മഹാന്‍മാരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതുതന്നെ പുണ്യം.

വനിത: എനിക്ക് പതിമൂന്ന് വയസ്സുള്ളപ്പോഴാണ് ആദ്യസിനിമ ചെയ്യുന്നത്, പാതൈ മാറിനാള്‍ എന്ന തമിഴ് പടം. അതുകഴിഞ്ഞയുടനെ ചന്ദ്രബിംബം എന്ന മലയാളസിനിമയിലേക്ക് അവസരം കിട്ടി. ജയഭാരതിച്ചേച്ചിയുടെ മോളായിട്ടുള്ള കഥാപാത്രമായിരുന്നു. അതെനിക്ക് ഒരുപാട് അഭിനന്ദനങ്ങള്‍ വാങ്ങിത്തന്ന കഥാപാത്രമായിരുന്നു. അപ്പോഴിറങ്ങിയ മാസികകളിലും പത്രങ്ങളിലുമെല്ലാം എന്നെക്കുറിച്ച് വാര്‍ത്ത വന്നു. അന്നിറങ്ങിയ ആനന്ദവികടന്‍ എന്ന മാസിക എന്നെ ഒരുപാട് അഭിനന്ദിച്ചുകൊണ്ടാണ് എഴുതിയത്. സിനിമയില്‍ എനിക്ക് കുറേദൂരം പോവാന്‍ പറ്റുമെന്നൊക്കെ പറഞ്ഞു. അന്ന് മാധ്യമങ്ങള്‍ കുറവല്ലേ. അതുകൊണ്ട് ആ വാര്‍ത്തകളൊക്കെ വായിച്ച് ഒരുപാട് സന്തോഷിച്ചിട്ടുണ്ട്. പിന്നീട് കമല്‍ഹാസന്‍, രജനീകാന്ത്, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെയെല്ലാം സിനിമകളില്‍ അഭിനയിച്ചു. തമിഴിലാണ് കൂടുതല്‍ പടങ്ങള്‍ ചെയ്തത്. നായികയായി മാത്രം ഒതുങ്ങിയില്ല. കാരക്ടര്‍ റോളുകളും കോമഡി റോളുകളും ചെയ്യാന്‍ കഴിഞ്ഞു. തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനമാണ് തോന്നുന്നത്. 

വിവാഹവേളയില്‍...

ജീവിച്ചതുതന്നെ സിനിമയിലാണെന്ന് പറയാം, അല്ലേ?
കൃഷ്ണചന്ദ്രന്‍: ശരിക്കും അങ്ങനെത്തന്നെയാണ്. ബി.എ ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോഴായിരുന്നു രതിനിര്‍വേദത്തിന്റെ ഷൂട്ടിങ്. രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ മൊത്തം ഏഴെട്ട് സിനിമകളില്‍ അഭിനയിച്ചു. അറിയാതെ കുറേ അബദ്ധങ്ങളും പറ്റി അക്കാലത്ത്. സെക്‌സ് മൂവി എന്ന കാറ്റഗറിയില്‍ പെടുത്താവുന്ന രണ്ടുമൂന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ അഭിനയിച്ചു. നമുക്കറിയില്ലല്ലോ നല്ലതേതാണ്, ചീത്തയേതാണ് എന്നൊന്നും. അന്ന് ഫോണൊന്നുമില്ല, ആരോടും അഭിപ്രായം ചോദിക്കാനും പറ്റിയില്ല. പലസിനിമകളിലും ബിറ്റുകള്‍ ചേര്‍ത്തുവെച്ച് പ്രദര്‍ശിപ്പിച്ച കാര്യം പിന്നീടാണ് അറിയുന്നത്. ആ സിനിമകള്‍ എഡിറ്റ് ചെയ്തയാളാണ് ഇക്കാര്യം എന്നോട് പറയുന്നത്. ''എടാ, നീ അഭിനയിച്ച ആ സിനിമയില്‍ കെട്ടിപ്പിടിക്കുന്നതുവരെ നീയായിരുന്നു. ബാക്കിയുള്ളത് വേറെ ആളെ വെച്ച് ഷൂട്ട് ചെയ്തു''. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയതുകൊണ്ട്, ആള്‍ മാറിയത് അറിയാനും പറ്റില്ല. അക്കാലത്ത് അഭിനയിച്ചതില്‍ നല്ലതെന്ന് പറയാന്‍ പറ്റുന്നത് കാന്തവലയം, ലൗലി എന്നീ സിനിമകളാണ്. അച്ഛനും അമ്മയും പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞതുകൊണ്ട് പിന്നീട് വന്ന അവസരങ്ങളെല്ലാം വേണ്ടെന്നുവെച്ചു. അങ്ങനെ ശ്രദ്ധയോടെ പഠിച്ചതുകൊണ്ട് ബി.എ.മ്യൂസിക്ക് ഒന്നാം റാങ്കോടെ പാസാവുകയും ചെയ്തു. 

ഡിഗ്രി കഴിഞ്ഞപ്പോള്‍, എം.എ.മ്യൂസിക്ക് പഠിക്കാനായി മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. പക്ഷേ, എം.എ പൂര്‍ത്തിയാക്കിയില്ല. ആയിടയ്ക്ക് കോഴിക്കോട് വെച്ച് എല്ലാ താരങ്ങളും പങ്കെടുത്ത ഒരുപരിപാടിയുണ്ടായിരുന്നു. അന്ന് ഞാന്‍ റഫി സാബിന്റെ ചാഹൂംഗ മേ തുജേ, ദാസേട്ടന്റെ സ്വപ്‌നങ്ങളേ വീണുറങ്ങൂ എന്നീ പാട്ടുകള്‍ പാടി. നല്ല കൈയടിയും കിട്ടി. പരിപാടി കഴിഞ്ഞപ്പോള്‍ ശശിയേട്ടനും സീമച്ചേച്ചിയും സ്‌റ്റേജിനു പിറകില്‍ വന്ന് എന്നെ അഭിനന്ദിച്ചു. എന്നിട്ട് പറഞ്ഞു, ''എടാ, ഞങ്ങളുടെ അടുത്ത പടത്തില്‍ നീയാണ് പാടുന്നത്''. അങ്ങനെയാണ് ഇണ എന്ന സിനിമയിലേക്ക് വരുന്നത്. വെള്ളിച്ചില്ലും വിതറി ഉള്‍പ്പെടെ മൂന്ന് പാട്ടുകള്‍. അതിനും മുമ്പേ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന പടത്തില്‍ ദേവരാജന്‍ മാഷിനുവേണ്ടി ഒരുപാട്ട് പാടിയിരുന്നു. പക്ഷേ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അവരാ പാട്ട് ഷൂട്ട് ചെയ്തില്ല. റെക്കോര്‍ഡ് ഇറങ്ങിയപ്പോള്‍ അതിലുമില്ല. ആ പാട്ട് പാടിയെന്നതിന് ഒരു തെളിവുമില്ലാതായി. ഏകദേശം അതേ സമയത്തുതന്നെയാണ് ഇളയരാജാ സാറിന്റെ പാട്ടുകള്‍ പാടാനുള്ള അവസരവും കിട്ടുന്നത്. അതോടെ നല്ല തിരക്കായി.

വനിത: എനിക്കാണെങ്കില്‍ ചന്ദ്രബിബം എന്ന സിനിമയ്ക്കുശേഷം അവസരങ്ങളോരോന്നായി വന്നുതുടങ്ങി. മലയാളം സംസാരിക്കാനോ വായിക്കാനോ ഒന്നും അറിയില്ലായിരുന്നു ആ സമയത്ത്. വീട്ടില്‍ ഞങ്ങള്‍ സംസാരിക്കുന്നത് തമിഴാണ്. മലയാളസിനിമയില്‍നിന്നും ഓഫറുകള്‍ വന്നുതുടങ്ങിയപ്പോള്‍ അച്ഛനെനിക്ക് മലയാളം ട്യൂഷനൊക്കെ ഏര്‍പ്പെടുത്തി. നായികാ റോളുകള്‍ മാത്രമേ ചെയ്യൂവെന്ന് പറഞ്ഞ് ഒതുങ്ങിയിരുന്നില്ല. അക്കാലത്ത് സ്മാര്‍ട്ട് റോളുകള്‍ ചെയ്യാന്‍ എന്നെയാണ് വിളിച്ചിരുന്നത്. പിന്നെ കോമഡിയും ക്യാരക്ടര്‍ റോളുകളും ചെയ്തു. കോമഡി എനിക്ക് നന്നായി ചെയ്യാന്‍ പറ്റുമെന്ന് ആദ്യമായി പറഞ്ഞത് കമല്‍ഹാസനാണ്. റാണിത്തേനി എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ പെങ്ങളായിട്ടായിരുന്നു അഭിനയിച്ചത്. എന്റെ കോമഡി ടൈമിങ് കണ്ടിട്ട് അദ്ദേഹം കൂടെ അഭിനയിക്കുന്ന വൈ.ജി.മഹേന്ദ്രനോട് പറഞ്ഞു, ''അവരോട് കോമഡി ട്രാക്ക് എടുക്കാന്‍ പറയണം. അവിടെയിപ്പോള്‍ ആരുമില്ല. മനോരമ മാത്രേയുള്ളൂ''വെന്ന്. പിന്നീട് വൈ.ജി.മഹേന്ദ്രനും ഞാനും കൂടിയുള്ള 25-ഓളം സിനിമകളിറങ്ങി. സൂപ്പര്‍ഹിറ്റ് ജോഡിയായിരുന്നു ഞങ്ങളുടേത്.

സിനിമ പോലെ തന്നെ കുടുംബജീവിതവും സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണല്ലോ. എന്താണിതിന്റെ രഹസ്യം? 
കൃഷ്ണചന്ദ്രന്‍: മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി എന്തെങ്കിലും ചെയ്യുന്നതില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും താത്പര്യമില്ല. വനിത എനിക്ക് ഇന്നകാര്യം ചെയ്തുതരണമെന്ന് ഞാനോ ഞാനെന്തെങ്കിലും ചെയ്തുകൊടുക്കണമെന്ന് വനിതയോ പ്രതീക്ഷിക്കുന്നില്ല. പരസ്പരം സ്‌നേഹിച്ചും അതില്‍ സന്തോഷിച്ചും ജീവിക്കുന്നു. 

വനിത: കല്യാണത്തിനുമുമ്പ് തന്നെ അച്ഛന്‍ എന്നോട് പറഞ്ഞിരുന്നു, സിനിമയും ജീവിതവും കൂടി ഒരുമിച്ച് കൊണ്ടുപോവുന്നത് കുറച്ച് ബുദ്ധിമുട്ടായിരിക്കും, രണ്ടുപേരും ഒരേ ഫീല്‍ഡല്ലേ. കല്യാണം കഴിഞ്ഞാല്‍ അഭിനയം നിര്‍ത്തുന്നതായിരിക്കും നല്ലതെന്ന്. അതുകൊണ്ട് കല്യാണം കഴിഞ്ഞാല്‍ സിനിമ നിര്‍ത്തുമെന്ന് ഞാനുറപ്പിച്ചിരുന്നു. പിന്നെ ഞങ്ങള്‍ രണ്ടുപേരും കൂടി തീരുമാനിച്ച ജീവിതമാണിത്. അത് ധൈര്യപൂര്‍വം മുന്നോട്ട് കൊണ്ടുപോകണം. അങ്ങനെ പരസ്പരം സപ്പോര്‍ട്ടായതുകൊണ്ടായിരിക്കാം ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നതെന്നാണ് തോന്നുന്നത്. 

ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ വന്നവരാണ്. അക്കാലമൊക്കെ ഓര്‍ക്കാറുണ്ടോ?
കൃഷ്ണചന്ദ്രന്‍: ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഡല്‍ഹിയില്‍വെച്ച് ശിശുക്ഷേമസമിതി സംഘടിപ്പിച്ചൊരു ക്യാമ്പില്‍ പങ്കെടുത്തു. അതുകഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ തിരുവനന്തപുരം ആകാശവാണിയുടെ ബാലലോകം പരിപാടിക്കുവേണ്ടി ഞങ്ങളെ ഇന്റര്‍വ്യൂ ചെയ്തത് പദ്മരാജന്‍ സാറാണ്. അവിടുന്നിറങ്ങുമ്പോള്‍ അദ്ദേഹം വീട്ടിലെ അഡ്രസ്സ് ഒക്കെ വാങ്ങിവെച്ചിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് ഞാന്‍ ചിറ്റൂര്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. അവിടെനിന്ന് തന്നെ മ്യൂസിക്കില്‍ ഡിഗ്രി എടുക്കുകയാണ് ലക്ഷ്യം. അച്ഛനും സ്ഥലംമാറ്റം വാങ്ങി, ഞങ്ങളെല്ലാവരും കൂടിയാണ് ചിറ്റൂരേക്ക് മാറുന്നത്. പദ്മരാജന്‍ സാറിന്റെ ഭാര്യവീടും ചിറ്റൂരാണ്. വൈകുന്നേരങ്ങളില്‍ അച്ഛന്‍ നടക്കാന്‍ പോകുമ്പോള്‍ പദ്മരാജന്‍ സാറിന്റെ ഭാര്യയുടെ അച്ഛനായ മാണിക്യ മേനോനെ കാണും, അവര്‍ തമ്മില്‍ നല്ല പരിചയമായി. അദ്ദേഹം ഒരുദിവസം വന്നിട്ട് പറഞ്ഞു, ''കൃഷ്ണചന്ദ്രന്റെ ഫോട്ടോ അയച്ചുതരാന്‍ പപ്പന്‍ പറഞ്ഞിട്ടുണ്ട്. ഒരു സിനിമയുടെ കാര്യമാണ്''. വേഗംതന്നെ ഫോട്ടോ അയച്ചുകൊടുത്തു. പക്ഷേ ആ പ്രൊജക്ട് നടന്നില്ല. രണ്ടുവര്‍ഷത്തിനുശേഷം മാണിക്യ മേനോന്‍ സാര്‍ വന്നിട്ടുപറഞ്ഞു, പെട്ടെന്നൊന്ന് പപ്പനെ വിളിക്കണമെന്ന്. വിളിച്ചയുടനെ ക്യാമറാടെസ്റ്റിന് ചെല്ലാന്‍ പറഞ്ഞു. അതിന് ഞാനും വേറൊരു പയ്യനുമുണ്ടായിരുന്നു. രണ്ടുപേരുടെയും ടെസ്റ്റ് എടുത്തു, ഒടുവില്‍ എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു.  

എസ്.ജാനകി, ഇളയരാജ എന്നിവര്‍ക്കൊപ്പം കൃഷ്ണചന്ദ്രന്‍

വനിത: എന്റെ കുടുംബത്തിലാണെങ്കില്‍ ആര്‍ക്കും സിനിമയുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. അമ്മയുടെ നാട് തിരുച്ചിറപ്പള്ളിയിലാണ്. അച്ഛന്റെ കുടുംബമാണെങ്കില്‍ മഞ്ചേരിയില്‍ സ്ഥിരതാമസമാക്കിയവരും. എന്നെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത് അമ്മ നിറയെ സിനിമകള്‍ കാണുമായിരുന്നുവത്രേ. ഞാന്‍ സിനിമയില്‍ വന്നശേഷം അമ്മ തമാശയായി പറയുമായിരുന്നു, നീ വയറ്റിലുള്ളപ്പോള്‍ ഞാന്‍ കുറേ സിനിമകള്‍ കണ്ടതുകൊണ്ടായിരിക്കും നിനക്കും അതിനോടൊരു ഇഷ്ടം തോന്നിയതെന്ന്. ചെറുപ്പത്തില്‍ തന്നെ ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികളെയും ഭരതനാട്യം പഠിപ്പിച്ചു. അക്കാലത്ത് ചെന്നൈയില്‍ എപ്പോഴും നൃത്തനാടകങ്ങളുണ്ടാവും. ഈ നൃത്തനാടകങ്ങളില്‍ ഞാനും ചില കഥാപാത്രങ്ങള്‍ ചെയ്യും. ചിലപ്പോഴിത് കാണാന്‍ സെലിബ്രിറ്റികളും വരും. ഒരു ദിവസം വന്നത് ദേശീയപുരസ്‌കാരം വരെ നേടിയ ദുരൈ എന്ന സംവിധായകനാണ്. പരിപാടി കഴിഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു, ''ഞാനടുത്തതായി ചെയ്യുന്ന സിനിമയില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ കഥാപാത്രമുണ്ട്. അത് ചെയ്യാന്‍ പറ്റുമോ?'' അദ്ദേഹം തന്നെ പിന്നീട് അച്ഛനെയും അമ്മയെയും കണ്ടുസംസാരിച്ചു. ''സ്‌കൂളില്ലാത്ത ദിവസമേ ഷൂട്ടിങ്ങുണ്ടാവൂ, ഏഴുദിവസം മതി''യെന്ന് പറഞ്ഞതുകൊണ്ട് ആ സിനിമയില്‍ അഭിനയിച്ചു. പിന്നീട് തുടര്‍ച്ചയായി സിനിമകള്‍ വന്നുകൊണ്ടേയിരുന്നു. കല്യാണം കഴിക്കുമ്പോഴേക്കും നൂറുസിനിമകള്‍ കഴിഞ്ഞിരുന്നു. 

ഈനാട് എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് രണ്ടുപേരും കണ്ടുമുട്ടിയതെന്ന് കേട്ടിട്ടുണ്ട്...
കൃഷ്ണചന്ദ്രന്‍: ആ സിനിമയിലേക്ക് പാട്ടുപാടാനായിരുന്നു എന്നെ ആദ്യം വിളിച്ചത്. അതുകഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും പ്രൊഡക്ഷന്‍ കമ്പനിയില്‍നിന്ന് വിളിച്ച്, പാട്ടുസീനില്‍ അഭിനയിക്കുകയും വേണമെന്ന് പറഞ്ഞു. അങ്ങനെ ഷൂട്ടിങ് സെറ്റിലെത്തി. അന്നാണ് വനിതയെ നേരിട്ടുകാണുന്നത്. മുമ്പുതന്നെ വനിത അഭിനയിച്ച സിനിമകള്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് നെഞ്ചത്തേ കിള്ളാതെ എന്ന സുഹാസിനിയുടെ ആദ്യപടം. സിനിമയുടെ ക്ലൈമാക്‌സിലാണ് വനിതയുള്ളത്. ചെറിയ കഥാപാത്രമാണ്. കാലുകള്‍ക്ക് സ്വാധീനമില്ലാതെ, വീല്‍ചെയറില്‍ കഴിയുന്നൊരാള്‍. അന്നുമുതലേ ഞാന്‍ ശ്രദ്ധിച്ചിരുന്നു. 

വനിത: ശശിയേട്ടനാണ് ഞങ്ങളെ പരിചയപ്പെടുത്തുന്നത്. പാട്ടുകാരനാണ് എന്നൊക്കെ പറഞ്ഞുതന്നിരുന്നു. കൃഷ്ണചന്ദ്രനെക്കൊണ്ട് അന്ന് പാട്ടും പാടിപ്പിച്ചു. 1982-ലായിരുന്നു ആ സിനിമ. 86 ആയപ്പോഴേക്കും ഞങ്ങള്‍ കല്യാണം കഴിച്ചു.  

ബെല്‍റ്റ് മത്തായി എന്ന സിനിമയില്‍നിന്നൊരു രംഗം

കല്യാണം കഴിഞ്ഞതോടെ രണ്ടുപേരും സിനിമാഭിനയം നിര്‍ത്തുകയും ചെയ്തു...
കൃഷ്ണചന്ദ്രന്‍: ശരിയാണ്. അഭിനയത്തിന്റെ കാര്യത്തില്‍ യുവജനോത്സവം എന്ന സിനിമയ്ക്കുശേഷം നീണ്ട ഗ്യാപ്പായിരുന്നു. അതിനുപിന്നിലൊരു കഥയുണ്ട്. ഒരുദിവസം ഇളയരാജാ സാറിന്റെ റെക്കോര്‍ഡിങ് ഉണ്ട്. മൂന്നുപാട്ടുകളാണ് പാടാനുള്ളത്. അന്ന് രാവിലെ അഞ്ചുമണി വരെ എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് നേരെ വീട്ടില്‍ പോയി കുളിച്ച് റെഡിയായി സ്റ്റുഡിയോയിലെത്തി. ആദ്യത്തെ പാട്ട് പാടുമ്പോള്‍ ശബ്ദം വരുന്നില്ല. കാറ്റുമാത്രം. രണ്ടുമൂന്ന് തവണ റിഹേഴ്‌സല്‍ ചെയ്തപ്പോഴേക്കും ശബ്ദം ഒരുമാതിരി തുറന്നു. ഞാനത് പാടി പൂര്‍ത്തിയാക്കി. അന്നൊക്കെ റെക്കോര്‍ഡിങ് കഴിഞ്ഞാല്‍, ഓര്‍ക്കസ്ട്രക്കാരുള്‍പ്പെടെ എല്ലാവരും കൂടി ആ പാട്ടുകേള്‍ക്കും. കേട്ടുകഴിഞ്ഞപ്പോള്‍ ഞാനിങ്ങനെ എല്ലാവരെയും നോക്കി. അതേ സമയം തന്നെ രാജാസാര്‍ എന്നെനോക്കി, എന്താണിത് എന്ന രീതിയില്‍ ആക്ഷന്‍ കാണിച്ചു. ഞാന്‍ സാറിനോട് പറഞ്ഞു, ''സാര്‍ ഷൂട്ടിങ് ഇരുന്തത്...കാലെയില് അഞ്ചുമണി വരേക്കും''. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ''കൃഷ്ണചന്ദര്‍...ഒരേ ടൈമില് രണ്ട് ബോട്ടില് കാല് വെക്കാതെ...''ആ ഉപദേശം ഞാന്‍ സ്വീകരിച്ചു. പിന്നീട് ഒറ്റസിനിമ പോലും ഏറ്റെടുത്തില്ല. 

എനിക്ക് ഇളയരാജാ സാറിന്റെ പാട്ടുകള്‍ പാടാന്‍ അത്ര ഇഷ്ടമായിരുന്നു. പക്ഷേ, കൃത്യം ആ സമയത്ത് രാജാ സാര്‍ മനോ എന്ന ഗായകനെ കൊണ്ടുവന്നു. അതോടുകൂടി എന്നെപ്പോലുള്ള ഗായകര്‍ക്ക് പാട്ടുകള്‍ കുറഞ്ഞു. അദ്ദേഹം പറഞ്ഞതുകൊണ്ട് സിനിമ വിടുകയും ചെയ്തു. പാടാന്‍ അധികം അവസരങ്ങള്‍ കിട്ടിയതുമില്ല. അപ്പോള്‍ ഡബ്ബിങ് ഉള്ളതുകൊണ്ടാണ് പിടിച്ചുനിന്നത്. റഹ്മാനുവേണ്ടിയാണ് ആദ്യമായി ശബ്ദം കൊടുക്കുന്നത്. കാണാമറയത്ത്, ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്നീ സിനിമകളിലാണ് തുടങ്ങിയത്. പിന്നീട് വിനീതിനുവേണ്ടിയും ഡബ്ബ് ചെയ്തിരുന്നു. അങ്ങനെ അന്നത്തെ ഒട്ടുമിക്ക യുവനായകന്‍മാര്‍ക്കും എന്റെ ശബ്ദമായി. എന്നെ ഒരു അഭിനേതാവ്-പാട്ടുകാരന്‍ എന്ന രീതിയിലാണ് ഡബ്ബിങ്ങിനു വിളിക്കുന്നത്. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിന്റെ ഇരട്ടി പൈസ തരും. പാട്ടില്ലെന്ന വിഷമം ഉണ്ടായിരുന്നുവെങ്കിലും, സാമ്പത്തികബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നില്ല. പൈസയില്ലായിരുന്നുവെങ്കില്‍ നമ്മള്‍ ചാന്‍സ് ചോദിച്ചു നടന്നേനെ. എനിക്കിപ്പോള്‍ തോന്നുന്നത്, അങ്ങനൊരു സന്ദര്‍ഭം വരണമായിരുന്നു. എങ്കില്‍ പാട്ടില്‍ കുറേക്കൂടി ശ്രദ്ധിക്കുമായിരുന്നു. 

മകള്‍ക്കും മരുമകനുമൊപ്പം

വനിത: ''കല്യാണം കഴിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്ന് ആദ്യമേ തീരുമാനിച്ചതുകൊണ്ട്, എനിക്കതില്‍ വിഷമമൊന്നും തോന്നിയില്ല. പതിനഞ്ച് വര്‍ഷത്തോളം ഞാന്‍ വീട്ടില്‍ തന്നെ ഒതുങ്ങി. വീടായിരുന്നു എന്റെ ലോകം. മോള്‍ വലുതാവുന്നതുവരെ അവളുടെ കാര്യങ്ങളെല്ലാം നന്നായി നോക്കി. പക്ഷേ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ സിനിമ വിടേണ്ടിയിരുന്നില്ലെന്ന് തോന്നാറുണ്ട്. കല നമ്മുടെയുള്ളില്‍ അടച്ചുവെക്കേണ്ട ഒരു സംഭവമല്ല. ഇപ്പോള്‍ വരുന്ന തലമുറയോടൊക്കെ ഞാന്‍ പറയാറുണ്ട്, നിങ്ങള്‍ക്ക് എന്തുതോന്നുന്നോ അത് ചെയ്യണമെന്ന്. അന്നാ തീരുമാനം എനിക്ക് ശരിയായിത്തോന്നി. അതിലെനിക്ക് കുറ്റബോധവുമില്ല''. സംസാരിക്കുന്നതിനിടയില്‍ വനിത ഒന്നുനിര്‍ത്തി. പിന്നെ ചെറുപുഞ്ചിരിയോടെ വീണ്ടും പറഞ്ഞുതുടങ്ങി.  

''ഞങ്ങള്‍ മാതാ അമൃതാനന്ദമയി അമ്മയുടെ ഭക്തരാണ്. അമ്മയും ഒരിക്കലെന്നോട് പറഞ്ഞു, ''നിന്റെ ഈ കല അടച്ചുപൂട്ടി ഗോഡൗണില്‍ വെക്കാനുള്ളതല്ല. അത് കാറ്റിനെപ്പോലെ പ്രപഞ്ചം മുഴുവന്‍ വ്യാപിക്കണം''. അങ്ങനെയാണ് വീണ്ടും സിനിമയിലേക്കും സീരിയലുകളിലേക്കും തിരിച്ചുവരുന്നത്. ഇപ്പോഴും ഏതൊരു കാര്യം ചെയ്യുമ്പോഴും അമ്മയോട് പറയും. മോള്‍ക്ക് പേരിടുമ്പോഴും, അമ്മയുടെ പേര് അതില്‍ വേണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് അമൃതവര്‍ഷിണി എന്നിട്ടത്. തിരുവനന്തപുരത്തെ ഞങ്ങളുടെ വീടിന്റെ പേരും അതുതന്നെ. ഉള്ളതുകൊണ്ട് ജീവിതം സന്തോഷമായിട്ട് മുന്നോട്ടുപോവുന്നത് അമ്മയുടെ അനുഗ്രഹം കൊണ്ടാണ്. 

ജീവിതത്തിലെ പ്രാര്‍ഥനയും സന്തോഷവുമെന്താണ്?
അതിന് മറുപടി തന്നത് വനിതയാണ്. 'മോളും മരുമകനും ഞങ്ങളുമൊക്കെയുള്ള കുടുംബജീവിതം സന്തോഷകരമായി മുന്നോട്ടുപോവുന്നു. മോളും ഭര്‍ത്താവ് നവനീതും കാനഡയിലാണ്. അവരവിടെ സുഖമായിരിക്കുന്നു. ഇതൊക്കെയാണ് സന്തോഷം. ജീവിതത്തില്‍ ഇതുവരെ കിട്ടിയതിനോടെല്ലാം നന്ദിയുള്ളവളാണ് ഞാന്‍. പ്രപഞ്ചത്തിനോട്. ഭൂമീദേവിയെ രാവിലെ തൊട്ടുതൊഴുതേ എണീക്കാറുള്ളൂ''. ജീവിതത്തെ പോസിറ്റീവായി മാത്രം കാണുന്ന രണ്ടുപേര്‍. ഉയര്‍ച്ചതാഴ്ചകളെയും സങ്കടങ്ങളെയുമെല്ലാം ഒരുപോലെ കണ്ട് ജീവിതം ആസ്വദിക്കുകയാണവര്‍.
 

Content Highlights: singer krishnachandran and actress vanitha talking about life and cinema