16-ാമത്തെ വയസ്സില്‍ ദേശീയപുരസ്‌കാരം നേടിയ ശ്രേയ; പാടിയത് 20-ലേറെ ഭാഷകളില്‍ 3000-ഓളം പാട്ടുകൾ

സഞ്ജയ് ലീലാ ബന്‍സാലിയുടെ 'ദേവ്ദാസ്' എന്ന സിനിമയിലൂടെയാണ് ശ്രേയ ഘോഷാല്‍ എന്ന ഗായിക സിനിമയിലേക്ക് കടക്കുന്നത്. അതിന് കാരണമായത് ബന്‍സാലിയുടെ അമ്മയും. 'സാ രെ ഗ മ' എന്ന മ്യൂസിക് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായിരുന്നു ശ്രേയ. ചില്‍ഡ്രന്‍സ് സ്‌പെഷല്‍ എപ്പിസോഡില്‍ ബന്‍സാലിയും അതിഥിയായെത്തി. ആ എപ്പിസോഡ് സംപ്രേഷണം ചെയ്തപ്പോള്‍, ബന്‍സാലിയുടെ അമ്മ ലീല അതുകണ്ടു. ശ്രേയ എന്ന പത്തുവയസ്സുകാരിയുടെ ശബ്ദം അവര്‍ക്കേറെ ഇഷ്ടപ്പെടുകയും ചെയ്തു. ഉടനെ മകനെ വിളിച്ച് എപ്പിസോഡ് കാണാന്‍ പറഞ്ഞു. അതുകണ്ടശേഷം ശ്രേയയ്ക്ക് തന്റെ അടുത്ത സിനിമയില്‍ ഒരവസരം കൊടുക്കാന്‍ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു.
16-ാമത്തെ വയസ്സിലാണ് ശ്രേയ 'ദേവ്ദാസി'ല്‍ പാടുന്നത്. അഞ്ച് പാട്ടുകളാണ് ആദ്യസിനിമയില്‍ തന്നെ അവര്‍ പാടിയത്. സില്‍സിലാ യേ ചാഹത്, ബൈരി പിയ, ഛലക് ഛലക്, മോരെ പിയാ, ഡോലാ രെ ഡോലാ...ഒന്നിനൊന്ന് മികച്ചത്. എല്ലാം സെമി ക്ലാസിക്കലും. പ്രശസ്തഗായകരായ കവിത കൃഷ്ണമൂര്‍ത്തി, ഉദിത് നാരായണ്‍, വിനോദ് റാത്തോഡ്, കെകെ, ജസ്പീന്ദര്‍ നരൂല തുടങ്ങിയവര്‍ക്കൊപ്പമാണ് ശ്രേയ പാടിയത്.
''ആദ്യമായി ശ്രേയ പാടിയപ്പോള്‍ ലതാ മങ്കേഷ്‌കറിന്റെ ശബ്ദത്തിന്റെ പ്രതിധ്വനികള്‍ അവളുടെ ശബ്ദത്തിലും ഞാന്‍ കേട്ടു. അതുതന്നെയാണ് 'ദേവ്ദാസി'ലെ ഐശ്വര്യ റായുടെ ശബ്ദത്തിനായി ശ്രേയയെ ഞാന്‍ തിരഞ്ഞെടുത്തത്'', സഞ്ജയ് ലീലാ ബന്‍സാലി ഒരിക്കല്‍ പറഞ്ഞതെങ്ങനെ. ''ഐശ്വര്യയുടെ കഥാപാത്രത്തിനാവശ്യമായ നിഷ്‌കളങ്കതയും ശ്രേയയുടെ ശബ്ദത്തിനുണ്ടായിരുന്നു''.
'ദേവ്ദാസി'ലെ പാട്ടുകള്‍ റെക്കോഡ് ചെയ്യുന്ന സമയത്തായിരുന്നു ശ്രേയയുടെ ഹയര്‍ സെക്കണ്ടറി പരീക്ഷയും. അതുകൊണ്ട് പഠിക്കാനുള്ള പുസ്തകങ്ങളുമായാണ് ശ്രേയ സ്റ്റുഡിയോയിലെത്തിയിരുന്നത്. ബ്രേക്കിനിടയിലെല്ലാം പഠിക്കുകയും ചെയ്യും. അത്രയും കഷ്ടപ്പെട്ടതിന് എന്തായാലും ഫലമുണ്ടായി. 'ബൈരി പിയാ' എന്ന പാട്ടിന് ശ്രേയയ്ക്ക് അത്തവണത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരവും ലഭിച്ചു. തൊട്ടുപിറകെ 'ജിസ്മ്' എന്ന സിനിമയിലെ പാട്ടുകളുമെത്തി. ജാദു ഹേ നഷാ ഹെ, ചലോ തുംകൊ ലേകര്‍ ചലോ എന്നീ പാട്ടുകള്‍. ആ പാട്ടുകളോടെ 'വേര്‍സറ്റൈല്‍ സിങര്‍' എന്ന പേരും ശ്രേയയ്ക്ക് ലഭിച്ചു. കാരണം 'ദേവ്ദാസി'ലെ പാട്ടുകളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ആ പാട്ടുകള്‍.
അവിടുന്നങ്ങോട്ട് ശ്രേയ ഘോഷാല്‍ സംഗീതാസ്വാദകരെ കീഴടക്കുന്ന കാഴ്ചയാണ് കണ്ടത്. ബംഗാളി, ഭോജ്പുരി, ഉറുദു, കന്നഡ, മലയാളം, മറാത്തി, പഞ്ചാബി, അസമീസ്, ഗുജറാത്തി, ഒറിയ, തുളു, തമിഴ്, തെലുഗു, രാജസ്ഥാനി തുടങ്ങിയ ഇന്ത്യന്‍ഭാഷകള്‍ക്കൊപ്പം അറബിക്, ഈജിപ്ഷ്യന്‍, ഫ്രഞ്ച്, മൊറോക്കന്‍ ഭാഷകളിലും ശ്രേയ പാടി. ഗൂമര്‍, ബര്‍സോ രെ, ഡോലാ രെ ഡോലാ, ദീവാനി മസ്താനി, ചിക്‌നി ചമേലി, മുന്‍പേ വാ, കിഴക്ക് പൂക്കും, പാട്ടില്‍ ഈ പാട്ടില്‍, വിജനതയില്‍, കാത്തിരുന്നു, അനുരാഗവിലോചനനായ്, കണ്ണിനിമ, ചെമ്പരത്തി കമ്മലിട്ട്, പതിനേഴിന്റെ പൂങ്കരളില്‍...അവര്‍ പാടിയ മനോഹരമായ പാട്ടുകളുടെ ലിസ്റ്റ് നീളും. ഇന്ന് ഒരുപാട്ടിന് 25 ലക്ഷം രൂപയാണെന്ന് ശ്രേയയുടെ പ്രതിഫലമെന്ന് പറയപ്പെടുന്നു. 200 കോടിയിലേറെയാണ് അവരുടെ ആസ്തി.
'ദേവ്ദാസി'നുശേഷം നാലുതവണ കൂടി ദേശീയപുരസ്‌കാരം, ശ്രേയയെ തേടിയെത്തി. കൂടാതെ നാലുതവണ കേരള സംസ്ഥാനപുരസ്‌കാരവും രണ്ടുതവണ തമിഴ്‌നാട് സംസ്ഥാനപുരസ്‌കാരവും ശ്രേയയ്ക്ക് ലഭിച്ചു. ട്രൂകോളറിന്റെ ബിസിനസ് ഗ്ലോബല്‍ ഹെഡ് കൂടിയായ ശിലാദിത്യയാണ് ശ്രേയയുടെ പങ്കാളി. ശ്രേയയുടെ ബാല്യകാലസുഹൃത്ത് കൂടിയാണ് ശിലാദിത്യ.
Content Highlights: shreya ghoshal recorded 3000 songs