'നായികയുടെ പ്രായം 25-ൽ കൂടരുത്, നായകന് എത്രയായാലും പ്രശ്‌നമില്ല: ബോളിവുഡിലെ പ്രായപരിധി'

ഷെഫാലി ഷാ / ANI
ഷെഫാലി ഷാ / ANI

സിനിമയിൽ ചെറുറോളുകൾ ചെയ്താണ് ഷെഫാലി ഷാ, ബോളിവുഡിൽ കാലുറപ്പിച്ചത്. മുഹബ്ബത്തേൻ, സത്യ, മൺസൂൺ വെഡിങ്, ഗാന്ധി, മൈ ഫാദർ, ബ്ലാക്ക് ആന്റ് വൈറ്റ്, ജ്യൂസ് തുടങ്ങിയവയാണ് അവരുടെ പ്രധാനസിനിമകൾ. 'ഡൽഹി ക്രൈം' എന്ന വെബ്‌സീരീസിലൂടെ കൂടുതൽ ജനപ്രീതി നേടി. 'സാവ്ധാൻ ഇന്ത്യ'യുടെ അവതാരകയും ഷെഫാലിയായിരുന്നു. 'ഹ്യുമൻ' എന്ന വെബ്‌സീരീസിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു.

സിനിമയിലെ വേർതിരിവുകളെക്കുറിച്ചുള്ള ഷെഫാലിയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്. ബോളിവുഡിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത മാനദണ്ഡങ്ങളാണെന്ന് അവർ തുറന്നുപറയുന്നു.

''ശരിക്കും സ്ത്രീ-പുരുഷൻ എന്നിവ മാനദണ്ഡമായിരിക്കരുതെന്നാണ് ഞാനാഗ്രഹിക്കുന്നത്. പക്ഷേ അതാണ് സത്യം. നമ്മുടെ വ്യവസായം 'നായകൻ, നായിക, വില്ലൻ' എന്നിവരെക്കുറിച്ചാണ്. നായകന് പ്രായം എത്ര വേണമെങ്കിലുമാവാം. പക്ഷേ നായികയ്ക്ക് 18-നും 25-നും ഇടയിൽ മാത്രമേ പ്രായമുണ്ടാവാൻ പാടുള്ളൂ. അത് വളരെ പ്രധാനമാണ്. നായികയ്ക്ക് ഒരിക്കലും പ്രായമാകാൻ കഴിയില്ല. അവൾക്ക് ഒരു കാലാവധിയുണ്ട്. അതുകഴിഞ്ഞാൽ അഭിനയിക്കാൻ പറ്റില്ല'', അവർ പറയുന്നു.

''ഞാൻ എന്നേക്കാൾ ഒരുപാട് പ്രായമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ വ്യത്യസ്ത ആളുകൾക്കൊപ്പം അഭിനയിക്കുകയും വ്യത്യസ്ത ഷെയ്ഡുകൾ അവതരിപ്പിക്കുകയും ചെയ്യുകയെന്നതാണ് പ്രധാനം. അതുകൊണ്ടാണ് ഞാൻ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നത്''.

സ്ത്രീ അഭിനേതാക്കളുടെ നിശ്ചിത ജോലി സമയത്തെക്കുറിച്ചുള്ള ചർച്ചയിലും ലിംഗഭേദം വലിയൊരു പങ്കു വഹിച്ചിട്ടുണ്ടെന്നാണ് അവരുടെ അഭിപ്രായം. ഈയടുത്ത് കുഞ്ഞിനൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായി ദീപിക പദുകോൺ എട്ടുമണിക്കൂർ മാത്രമേ ജോലി ചെയ്യുകയുള്ളൂ എന്ന് പറഞ്ഞിരുന്നു. അത് വലിയ ചർച്ചയാവുകയും ചെയ്തു.

അതിനെക്കുറിച്ചു ഷെഫാലി പറയുന്നതിങ്ങനെ, ''മക്കൾക്ക് വെക്കേഷൻ ആകുമ്പോൾ അവരോടൊപ്പം വിശ്രമകാലം ആസ്വദിക്കാനായി രണ്ടോ മൂന്നോ മാസം അവധിയെടുക്കുന്ന നിരവധി പുരുഷ അഭിനേതാക്കളുണ്ട്. ഇത്രയും മാസത്തേക്ക് ഞങ്ങൾ ജോലി ചെയ്യില്ലെന്ന് അവർ പറയുന്നു, അത് വളരെ നല്ലതാണ്. കാരണം ജോലിയും കുടുംബവും എങ്ങനെ ബാലൻസ് ചെയ്ത് കൊണ്ടുപോകണമെന്നാണ് അവർ നോക്കുന്നത്. പക്ഷേ അതിനെക്കുറിച്ചൊന്നും ആരും സംസാരിക്കാറില്ല. പെട്ടെന്ന് അഭിനേതാക്കളുടെ ജോലിസമയം ഒരു വലിയ കാര്യമായി മാറുന്നു. അതിനൊരു കാരണമേയുള്ളൂ, കാരണം ഞാനിത്ര സമയമേ ജോലി ചെയ്യുകയുള്ളൂവെന്ന് ഒരു സ്ത്രീ പറഞ്ഞു. അതാണ് അവർക്ക് സഹിക്കാൻ കഴിയാതായത്''.

സിക്കന്ദർ, ധുരന്ധർ തുടങ്ങിയ ബോളിവുഡ് സിനിമകൾ ഈയടുത്ത് ഏറെ വിമർശിക്കപ്പെട്ടത് അതിലെ നായകനും നായികയും തമ്മിലുള്ള പ്രായത്തിന്റെ അന്തരം കാരണമാണ്. രൺവീർ സിങ്ങിന്റെ 'ധുരന്ധർ' ബോക്‌സ് ഓഫീസിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുമ്പോഴും, അതിനൊപ്പം തന്നെ വിമർശനവും നേരിടേണ്ടിവരുന്നുണ്ട്. 40-കാരനായ രൺവീറിന്റെ നായികയായി 20 വയസ്സ് മാത്രമുള്ള സാറാ അർജുനാണ് സിനിമയിൽ അഭിനയിച്ചത്.

'സിക്കന്ദറി'ൽ അഭിനയിക്കുമ്പോൾ സൽമാന് 59 വയസ്സായിരുന്നു. നായികയായ രശ്മികയ്ക്ക് 28-ഉം. മാത്രമല്ല, പല സ്ത്രീകളും തന്നേക്കാൾ എത്രയോ പ്രായക്കൂടുതലുള്ള നായകൻമാരുടെ അമ്മയായി അഭിനയിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. 'വഖ്ത്: ദ റേസ് എഗെയ്ൻസ്റ്റ് ടൈം' എന്ന ചിത്രത്തിൽ തന്നേക്കാൾ പ്രായക്കൂടുതലുള്ള അക്ഷയ് കുമാറിന്റെ അമ്മയായിട്ടാണ് ഷെഫാലി അഭിനയിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Shefali Shah reveals the stark age difference disparity in Bollywood, where male leads can be any age, but actresses are confined to a narrow age bracket