ഷാരൂഖ് ഖാന്റെ പേരില്‍ സ്വര്‍ണനാണയവുമായി പാരീസിലെ മ്യൂസിയം

ഷാരൂഖ് ഖാന്റെ പേരിലുള്ള സ്വര്‍ണനാണയവുമായി പാരീസിലെ പ്രശസ്തമായ ഗ്രെവിന്‍ മ്യൂസിയം. സ്വര്‍ണനാണയം പുറത്തിറക്കി മ്യൂസിയം ആദരിക്കുന്ന ആദ്യത്തെ ബോളിവുഡ് താരമാണ് ഷാരൂഖ് ഖാന്‍. നാണയത്തില്‍ ഷാരൂഖിന്റെ ഒരു പടവും പേരും കൊത്തിവെച്ചിട്ടുണ്ട്.
ബോളിവുഡില്‍ 32 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു കിങ് ഖാന്‍. യു.എസ്, യു.കെ, ജര്‍മനി, ഫ്രാന്‍സ്, ചെക്ക് റിപ്പബ്ലിക്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ മ്യൂസിയങ്ങളില്‍ നേരത്തെ തന്നെ അദ്ദേഹത്തിന്റെ മെഴുകുപ്രതിമകള്‍ നിര്‍മിച്ചിരുന്നു.
പത്താന്‍, ജവാന്‍, ഡുംകി എന്നീ സിനിമകളാണ് ഷാരൂഖിന്റേതായി അവസാനം പുറത്തിറങ്ങിയത്. 250 കോടി മുടക്കി ചിത്രീകരിച്ച പത്താന്‍, ആഗോളതലത്തില്‍ 1050 കോടി രൂപയാണ് കളക്ട് ചെയ്തത്. സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. 300 കോടിക്ക് ചിത്രീകരിച്ച സിനിമ, കളക്ട് ചെയ്തത് 1140 കോടി രൂപ. തുടര്‍ച്ചയായി 1000 കോടി കടന്ന രണ്ട് ചിത്രങ്ങള്‍. ഡുംകിയും മോശമല്ലാത്ത കളക്ഷന്‍ തന്നെ നേടി.
പാരീസിലെ പ്രശസ്തമായ വാക്‌സ് മ്യൂസിയമാണ് ഗ്രെവിന്‍. ലണ്ടനിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തിന്റെ മാതൃകയില്‍, ആര്‍തര്‍ മേയര്‍ എന്ന പത്രപ്രവര്‍ത്തകനാണ് മ്യൂസിയം സ്ഥാപിച്ചത്. ഇതിന്റെ പ്രഥമ ആര്‍ട്ടിസ്റ്റിക് ഡയറക്ടറും കാരിക്കേച്ചറിസ്റ്റുമായ ആല്‍ഫ്രഡ് ഗ്രെവിന്റെ പേരില്‍നിന്നാണ്, ഈ മ്യൂസിയത്തിന് പേരിട്ടത്. യൂറോപ്പിലെ ഏറ്റവും പഴക്കമേറിയ മെഴുകുമ്യൂസിയങ്ങളിലൊന്നാണിത്.
മഹാത്മാഗാന്ധി, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, പാബ്ലോ പിക്കാസോ, മൈക്കല്‍ ജാക്‌സണ്‍ എന്നിങ്ങനെ ലോകപ്രശസ്തരായ ആളുകളുടെ മെഴുകുപ്രതിമകളും ഇവിടെയുണ്ട്. ഷാരൂഖ് ഖാന്‍, ഐശ്വര്യ റായ്, രണ്‍വീര്‍ സിങ് എന്നിവരുടെ മെഴുകുപ്രതിമകളും ഈ മ്യൂസിയത്തില്‍ കാണാം. 2023-ല്‍ ഈ മ്യൂസിയം വിവാദത്തില്‍ അകപ്പെടുകയും ചെയ്തിരുന്നു. അഭിനേതാവ് ഡ്വെയ്ന്‍ ജോണ്‍സന്റെ മെഴുകുപ്രതിമ സ്ഥാപിച്ചപ്പോഴായിരുന്നു അത്. അദ്ദേഹത്തിന്റെ മിനിയേച്ചര്‍ രൂപമായിപ്പോയി പ്രതിമ എന്നുപറഞ്ഞായിരുന്നു ആദ്യം ആളുകള്‍ പ്രതിഷേധിച്ചത്. പിന്നീട് നിറത്തിന്റെ പേരിലും. ഡ്വെയ്ന്‍ തന്നെ മ്യൂസിയം അധികൃതരെ വിളിച്ച്, തന്റെ പ്രതിഷേധമറിയിച്ചു. ഒടുവില്‍ മ്യൂസിയം തെറ്റ് തിരുത്തുകയും ചെയ്തു.
Content Highlights: shah rukh khan honoured with gold coin by paris museum