37 വർഷത്തിനുശേഷം റിലീസിനൊരുങ്ങി ഷാരൂഖ് ചിത്രം; തിരക്കഥ അരുന്ധതി റോയ്

പ്രദീപ് കിഷൻ സംവിധാനം ചെയ്ത് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് തിരക്കഥ എഴുതിയ ചിത്രമാണ് 'In Which Annie Gives It Those Ones'. 1989-ലെ ആ ചിത്രം എന്നാലിതുവരെ തിയേറ്ററുകളിൽ റിലീസായിട്ടില്ല. ദൂരദർശനിൽ മാത്രമാണ് സിനിമ ഇന്ത്യയിൽ കാണിച്ചത്. അരുന്ധതി റോയ്, ഷാരൂഖ് ഖാൻ, റോഷൻ സേഥ്, അർജുൻ റെയ്‌ന, മനോജ് ബാജ്‌പേയ് തുടങ്ങിയവർ അഭിനയിച്ച ആ സിനിമ 37 വർഷങ്ങൾക്കിപ്പുറം റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ചിത്രം മാർച്ച് 13-ന് തിയേറ്ററുകളിലെത്തുമെന്ന് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. ചിത്രം ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ 4Kയിൽ പുനഃസ്ഥാപിച്ചാണ് റിലീസ് ചെയ്യുന്നത്.
പുതിയ പതിപ്പ് ഫെബ്രുവരിയിൽ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. 14 നഗരങ്ങളിലായുള്ള 19-ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദർശത്തിനെത്തുന്നത്.
അരുന്ധതി റോയ് ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രമാണിത്. 1989-ൽ മികച്ച ചിത്രം (ഇംഗ്ലീഷ് വിഭാഗം), മികച്ച തിരക്കഥ എന്നിവയ്ക്കുള്ള ദേശീയപുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. അക്കാലത്ത് സിനിമാരംഗത്ത് കാര്യമായ അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല ഷാരൂഖ് ഖാനും മനോജ് ബാജ്‌പേയ്ക്കും. ഇരുവരും വളരെ ചെറിയ റോളിലാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.
വാർത്ത പുറത്തുവന്നതോടെ ഷാരൂഖ് ആരാധകർ ആകാംക്ഷയിലാണ്. കിങ് ഖാന്റെ ഏറ്റവും പഴയ സിനിമകളിലൊന്ന് കാണാമെന്നതാണ് അവരെ ആകർഷിക്കുന്നത്. സൂപ്പർസ്റ്റാർ ആവുന്നതിനുമുമ്പുള്ള ഷാരൂഖിന്റെ അഭിനയമാണ് പ്രേക്ഷകരെ ആകർഷിക്കുന്ന മറ്റൊരു ഘടകം. 1970-കളിലെ ഡൽഹി ആർക്കിടെക്ചറൽ സ്‌കൂളിലെ വിദ്യാർഥികളുടെ ജീവിതത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A 1989 film featuring a young Shah Rukh Khan and Manoj Bajpayee is being released in theaters for the first time., The screenplay was written by celebrated author Arundhati Roy, who also acted in the film