അവസരം തരണമെന്ന് യാചിച്ച് നടക്കാനും കരാറുകൾ ചർച്ച ചെയ്യാനും എനിക്കൊരു അച്ഛനുണ്ടായിരുന്നില്ല-സാറ

വലിയ സിനിമാപാരമ്പര്യമുള്ള കുടുംബത്തിലാണ് ബോളിവുഡ് നടി സാറ അലി ഖാൻ ജനിക്കുന്നത്. മുത്തശ്ശി ഷർമ്മിള ടാഗോറും മാതാപിതാക്കളായ അമൃത സിങ്ങും സെയ്ഫ് അലി ഖാനും ഇൻഡസ്ട്രിയിലെ പ്രമുഖരാണ്. ഒരു സ്റ്റാർ കിഡ് ആയത് ബോളിവുഡിൽ തനിക്ക് മുൻതൂക്കം കിട്ടാൻ കാരണമായിട്ടുണ്ടെന്ന് തുറന്നുസമ്മതിക്കുകയാണ് ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ സാറയിപ്പോൾ. എന്നാൽ നെപ്പോട്ടിസത്തെപ്പറ്റിയുള്ള നിരന്തരമായ ചർച്ചകൾ തന്റെ കരിയറിലെ കഷ്ടപ്പാടുകളെ കുറച്ചു കാണിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
കുടുംബത്തിന്റെ പാരമ്പര്യം തനിക്ക് സഹായകരമായോ അതോ ഭാരമായോ എന്ന് ചോദിച്ചപ്പോൾ രണ്ടുമുണ്ടെന്ന് സാറ പറഞ്ഞു. വാതിലുകൾ തുറന്നതിന് നന്ദിയില്ലാതിരിക്കാനും, അത് യാഥാർഥ്യമാണെന്ന് മനസ്സിലാക്കാതിരിക്കാനുള്ള വിവരക്കേട് എനിക്കില്ല. ഇതെനിക്ക് അവസരങ്ങൾ തന്നു; ഒരു നടിയാകും മുമ്പ് തന്നെ എനിക്ക് അംഗീകാരവും പ്രശസ്തിയും നേടിത്തന്നു. പക്ഷേ അതോടൊപ്പം തന്നെ, മാനദണ്ഡങ്ങൾ വളരെ ഉയർന്നതാണെന്ന് എനിക്ക് തോന്നാറുണ്ട്. നെപ്പോട്ടിസം ആളുകൾക്ക് ഇപ്പോൾ ഒരു മോശം വാക്കായി മാറിയിരിക്കുന്നു. എന്നാൽ ഒരാൾ നടത്തിയ കഷ്ടപ്പാടുകളെ അത് ഇല്ലാതാക്കുന്നു എന്നതിനെയാണ് ഞാൻ എതിർക്കുന്നത്. ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്, ഇനിയും പറയും. അത് ജാൻവിയോ, അനന്യയോ, ഞാനോ ആകട്ടെ, ആരുടെ മക്കളായി ജനിക്കണമെന്ന് ഞങ്ങൾ തിരഞ്ഞെടുത്തതല്ല."-അവർ പറഞ്ഞു.
“ഞങ്ങൾ ഭാഗ്യവതികളായിരുന്നു എന്ന് മാത്രം. ചെയ്യാത്ത തെറ്റിന് ഞങ്ങളെ ക്രൂശിക്കുന്നത് ശരിയാണെന്ന് കരുതുന്നില്ല. ഞങ്ങൾക്ക് മുൻതൂക്കമുണ്ടെന്നത് ശരിതന്നെ. ആളുകൾ കൊതിക്കുന്ന ഒരു തുടക്കം ഞങ്ങൾക്ക് ലഭിച്ചു. എന്നാൽ കരിയറിലെ എട്ട് വർഷത്തിന് ശേഷവും, ആളുകളോട് ഇതെക്കുറിച്ച് വിശദീകരിക്കേണ്ടി വരുന്നത്... ആ ഉത്തരവാദിത്തം എനിക്കുണ്ടാകണമെന്ന് ഞാൻ കരുതുന്നില്ല. ഞാനൊരു സിംഗിൾ മദറിനൊപ്പമാണ് ജീവിക്കുന്നത്. ഓഫീസുകൾ കയറിയിറങ്ങി എന്റെ കരാറുകൾ ചർച്ച ചെയ്യാനും, സിനിമകളിൽ അവസരം തരണമെന്ന് യാചിച്ച് നടക്കാനും എനിക്കൊരു അച്ഛനുണ്ടായിരുന്നില്ല. 'കേദാർനാഥ്' സിനിമയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായപ്പോൾ ഞാൻ അത് സ്വയം പരിഹരിക്കുകയായിരുന്നു. എന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല. ഇതൊരു ഇരുതലമൂർച്ചയുള്ള വാളാണ്. കാരണം ഇൻഡസ്ട്രിയിൽ എനിക്ക് ഗോഡ്ഫാദർമാർ ആരും ഉണ്ടായിരുന്നില്ല."-സാറ വിശദീകരിച്ചു,
എഴുത്തുകാരിയും രാഷ്ട്രീയക്കാരിയുമായ റുക്‌സാന സുൽത്താന (അമൃതയുടെ അമ്മ) യുടെ കൊച്ചുമകളാണ് സാറ. സെയ്ഫ് അലി ഖാനും അമൃതയും വേർപിരിഞ്ഞശേഷം സാറയെ വളർത്തിയത് പ്രധാനമായും അമ്മയാണ്. സുശാന്ത് സിങ് രാജ്പുത്തിനൊപ്പം 'കേദാർനാഥ്' (2018) എന്ന ചിത്രത്തിലൂടെയാണ് സാറ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sara Ali Khan acknowledges that her family legacy opened doors in Bollywood., She clarifies she had no godfather or father negotiating films for her.