അന്ന് ഇമ്രാന്‍ ഹാഷ്മിയുടെ ചുംബനത്തെ പാമ്പുമായിട്ടാണ് മല്ലിക താരതമ്യം ചെയ്തത്...

മര്‍ഡര്‍ സിനിമയില്‍നിന്നൊരു രംഗം
മര്‍ഡര്‍ സിനിമയില്‍നിന്നൊരു രംഗം

2004-ലാണ് 'മര്‍ഡര്‍' എന്ന സിനിമ റിലീസായത്. അനുരാഗ് ബസു സംവിധാനം ചെയ്ത സിനിമയില്‍ പ്രധാനതാരങ്ങളായത് ഇമ്രാന്‍ ഹാഷ്മിയും മല്ലിക ഷെരാവത്തുമാണ്. ഒരേയൊരു സിനിമയിലൂടെ തന്നെ ഹിറ്റ് ജോഡിയായി ഇവര്‍ മാറുകയും ചെയ്തു. സിനിമ ബോക്‌സോഫീസിലും പ്രേക്ഷകര്‍ക്കിടയിലും ഹിറ്റായെങ്കിലും, ആ സിനിമയോടെ മല്ലികയും ഇമ്രാനും തമ്മിലുള്ള ബന്ധം വളരെ മോശമായി. അതിനുശേഷം അവര്‍ ഒരുസിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതുമില്ല.

എന്നാലിപ്പോള്‍, പിണക്കമെല്ലാം മറന്ന് 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇരുവരും ഒരേ വേദിയിലെത്തിരിക്കുന്നു. നിര്‍മാതാവ് ആനന്ദ് പണ്ഡിറ്റിന്റെ മകളുടെ വിവാഹത്തിനിടയിലാണ് താരങ്ങള്‍ കണ്ടുമുട്ടിയത്. രണ്ടുപേരും ഫോട്ടോഗ്രാഫര്‍മാര്‍ക്കുമുന്നില്‍ ഒരുമിച്ച് പോസ് ചെയ്യുകയും ചെയ്തു. ഈ കണ്ടുമുട്ടലിനെക്കുറിച്ച് പിന്നീട് ഇമ്രാന്‍ ഹാഷ്മി സംസാരിക്കുകയും ചെയ്തു. ''വളരെ ഊഷ്മളവും സൗഹാര്‍ദപരവുമായിരുന്നു കൂടിക്കാഴ്ച. മര്‍ഡറിന്റെ സമയത്ത് ഞങ്ങള്‍ ചെറുപ്പമായിരുന്നു. ആ പ്രായത്തിന്റെ മണ്ടത്തരമായിരുന്നു പലതും. പറയാന്‍ പാടില്ലാത്ത കുറച്ച് കാര്യങ്ങള്‍ മല്ലിക പറഞ്ഞു, ഞാനും ചിലത് പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ അതെല്ലാം മറന്നുകഴിഞ്ഞു.'' തനിക്ക് ഇനിയും മല്ലികയുടെ കൂടെ അഭിനയിക്കണെന്നും ഇമ്രാന്‍ പറഞ്ഞു. 

മര്‍ഡര്‍ എന്ന സിനിമ മുതലാണ് എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കം. ഷൂട്ടിങ്ങിനിടയില്‍ തന്നെ ഇരുവരും തമ്മില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. സിനിമ കഴിഞ്ഞതോടെ അത് വഷളായി. സഹതാരങ്ങള്‍ എന്നതെല്ലാം മറന്ന് ഇരുവരും പരസ്പരം മിണ്ടാതായി. എന്നാല്‍, അത് പൊട്ടിത്തെറിയിലേക്ക് എത്തിയത് 'കോഫി വിത്ത് കരണ്‍' എന്ന ചാറ്റ് ഷോയിലൂടെയാണ്. അതില്‍ അതിഥിയായെത്തിയത് ഇമ്രാന്‍ ഹാഷ്മിയാണ്.

ഇമ്രാന്‍ ഹാഷ്മി, മല്ലിക ഷെരാവത് / ഫോട്ടോ: AFP

അന്ന് കരണ്‍ ജോഹറിന്റെ ചോദ്യത്തിനുത്തരമായി ഇമ്രാന്‍ പറഞ്ഞു, ''മര്‍ഡറില്‍ മല്ലികയുമായുള്ള ചുംബനരംഗമാണ് ഓണ്‍ സ്‌ക്രീനിലെ എന്റെ ഏറ്റവും മോശം ചുംബനം.'' മല്ലികയുടെ മുറിയില്‍ കാണാന്‍ പറ്റുന്ന ഒരു വസ്തു ഏതെന്ന് ചോദിച്ചപ്പോള്‍, ''ഹോളിവുഡില്‍ വിജയിക്കാനുള്ള ഒരു വിഡ്ഢിയുടെ കൈപ്പുസ്തകം'' എന്നും ഉത്തരം പറഞ്ഞു. ഹോളിവുഡില്‍ അഭിനയിക്കണമെന്ന മല്ലികയുടെ സ്വപ്‌നങ്ങളെ പരോക്ഷമായി പരിഹസിക്കുകയായിരുന്നു ഇമ്രാന്‍. 

ഇതിനെതിരെ മല്ലികയും തിരിച്ചടിച്ചു. 'ഹിസ്....' എന്ന സിനിമയിലെ പാമ്പുമായാണ് ഇമ്രാനെ അവര്‍ താരതമ്യം ചെയ്തത്. ഇമ്രാനെക്കാളും എത്രയോ നന്നായി ചുംബിക്കാന്‍ കഴിയുന്നത് ആ പാമ്പിനായിരിക്കുമെന്നും അവര്‍ കളിയാക്കി.   

പിന്നീട് 2021-ല്‍ മന്ദിര ബേദിയുടെ 'ദ ലവ് ലാഫ് ലൈവ് ഷോ'യില്‍ സഹതാരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് മല്ലികയോട് ചോദിച്ചു. അതിന് അവര്‍ മറുപടി പറഞ്ഞതിങ്ങനെ, ''ഏറ്റവും കൂടുതല്‍ വിയോജിപ്പ് ഉണ്ടായിട്ടുള്ളത് ഇമ്രാന്‍ ഹാഷ്മിയുമായിട്ടാണ്. ഷൂട്ടിങ്ങിനിടയിലും അത്ര നല്ല ബന്ധമൊന്നുമായിരുന്നില്ല. സിനിമയുടെ പ്രൊമോഷനിടയിലോ മറ്റോ പ്രശ്‌നങ്ങള്‍ വലുതായി. പക്ഷേ, അതെല്ലാം വളരെ ബാലിശമായിരുന്നു. അതിനുശേഷം ഞങ്ങള്‍ തമ്മില്‍ യാതൊരു കോണ്ടാക്ടുമുണ്ടായിരുന്നില്ല. അതിലെനിക്ക് വിഷമമുണ്ട്''. 


 

Content Highlights: reunion of murder movie stars mallika sherawat and emraan hashmi