45 ഡിഗ്രി ചൂടിലും വിട്ടുവീഴ്ചയില്ലാതെ രൺവീർ; 'അദ്ദേഹം പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയില്ല'

രൺവീർ സിങ് 'ധുരന്ധർ' സിനിമയിൽ / IMDb
രൺവീർ സിങ് 'ധുരന്ധർ' സിനിമയിൽ / IMDb

'ധുരന്ധർ' (Dhurandhar) ഇറങ്ങിയതോടെ റേഞ്ച് കുത്തനെ കയറിയ നടനാണ് രൺവീർ സിങ്. സിനിമയിലെ രാഷ്ട്രീയത്തോട് ചിലർ എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, സിനിമയിലെ രൺവീറിന്റെ അഭിനയത്തെ എല്ലാവരും ഒരുപോലെ പ്രശംസിക്കുന്നു. രൺവീറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ് എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

സിനിമയിലെ രൺവീറിന്റെ ഞെട്ടിപ്പിക്കുന്ന ട്രാൻസ്ഫർമേഷനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. ഇതിന് പുറകിൽ പ്രവർത്തിച്ചത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ കരൺദീപ് സിങ്ങാണ്. രൺവീറിന്റെ സമർപ്പണത്തെ അഭിനന്ദിക്കുകയാണ് കരൺദീപ് ഇപ്പോൾ. സെറ്റിൽ എല്ലാവരോടും ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ രൺവീർ നിരന്തരം ഓർമിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

കൊടുംചൂടുള്ള സാഹചര്യങ്ങളിലും ഹെവിയായ പ്രോസ്‌തെറ്റിക്‌സും (prosthetics) സങ്കീർണമായ മേക്കപ്പുമിട്ട് മണിക്കൂറുകളോളം ഒരു പ്രശ്‌നവുമുണ്ടാക്കാതെ രൺവീർ ഇരുന്നുവെന്നും അദ്ദേഹം പറയുന്നു.

''ഹംസയെ അവതരിപ്പിക്കുകയും പിന്നീട് ജസ്‌കിരാതിലേക്കും മാറുകയും ചെയ്ത നിങ്ങൾ വളരെ കൃത്യത കാണിച്ചു. നിങ്ങളിൽനിന്ന് കഠിനാധ്വാനം, സ്ഥിരോത്സാഹം, നിങ്ങളുടെ ജോലിയോടുള്ള സത്യസന്ധത എന്നിവ എന്താണെന്ന് ഞാൻ വളരെയധികം പഠിച്ചു'', കരൺദീപ് സോഷ്യൽമീഡിയയിൽ കുറിച്ചു.

രൺവീർ സെറ്റിൽ പറഞ്ഞ കാര്യങ്ങളും കരൺദീപ് ഓർത്തെടുത്തു. ''നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, കാരണം ഇതിനി തമാശയല്ല...എന്ന് സെറ്റിൽ എല്ലാവരോടും നിങ്ങൾ പറഞ്ഞത് എനിക്ക് ഓർമവരുന്നു. ആ സമർപ്പണം ലോകം മുഴുവൻ ഇന്ന് സ്‌ക്രീനിലൂടെ കാണുന്നു. ഈ വിജയത്തിന് പിന്നിലെ അച്ചടക്കത്തിൽ നിന്നും അഭിനിവേശത്തിൽ നിന്നും ആളുകൾ പഠിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു''.

ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ രൺവീറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ''പ്രോസ്‌തെറ്റിക്‌സ്, ബ്ലഡ് ഇഫക്ടുകൾ, മണിക്കൂറുകൾ നീളുന്ന മേക്കപ്പ്...അതും ഹെവി വസ്ത്രങ്ങൾ ധരിച്ച് 45 ഡിഗ്രി ചൂടിലായിരുന്നു പലപ്പോഴും. ഇതൊന്നും എളുപ്പമില്ല. പക്ഷേ, ടീമിനുവേണ്ടി ഇതെല്ലാം നിങ്ങൾ എളുപ്പമാക്കി''.

രണ്ടുഭാഗങ്ങളിലായി 475 കോടി രൂപയ്ക്കാണ് ധുരന്ധർ നിർമിച്ചത്. ആദ്യഭാഗം 1400 കോടി രൂപയാണ് കളക്ട് ചെയ്തത്. രണ്ടാം ഭാഗമായ 'ധുരന്ധർ: ദ റിവഞ്ച്' (Dhurandhar: The Revenge) ഇതുവരെയായി കളക്ട് ചെയ്തത് 545 കോടിയും. ആദിത്യ ധർ സംവിധാനം ചെയ്ത സിനിമയിൽ അർജുൻ രാംപാൽ, ആർ.മാധവൻ, സഞ്ജയ് ദത്ത്, സാറ അർജുൻ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ranveer Singh's professional dedication during the filming of Dhurandhar. Enduring 45-degree heat with heavy prosthetics and complex makeup.