സുന്ദർ പിന്മാറിയതിനെത്തുടർന്ന് കമൽ ഹാസൻ നിർമ്മിക്കുന്ന 'തലൈവർ 173' ചിത്രത്തിന് പുതിയ സംവിധായകൻ

കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച് രജനികാന്ത് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകനായി സിബി ചക്രവർത്തിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. താൽക്കാലികമായി 'തലൈവർ 173' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം 2027 പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഈ പ്രോജക്റ്റിൽ നിന്ന് സുന്ദർ സി. പിന്മാറിയതിനെത്തുടർന്നാണ് 'ഡോൺ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി ചക്രവർത്തിക്ക് ഈ അവസരം ലഭിച്ചത്. തന്റെ വലിയൊരു സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷം സിബി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
'’സൂപ്പർസ്റ്റാറിനെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിച്ച ഒരു കൊച്ചു ഗ്രാമത്തിലെ പയ്യന്റെ വലിയ സ്വപ്നമായിരുന്നു സിനിമ. ഒരിക്കൽ അദ്ദേഹത്തെ സംവിധാനം ചെയ്യാനുള്ള അവസരം കൈപ്പിടിയിൽ നിന്ന് നഷ്ടമായിരുന്നു. എന്നാൽ 'സ്വപ്നങ്ങൾ സത്യമാകും, അത്ഭുതങ്ങൾ സംഭവിക്കും' എന്ന് തലൈവർ പറഞ്ഞതുപോലെ ഇന്ന് ആ ദിവസം വന്നെത്തിയിരിക്കുന്നു.'’ കമലഹാസനെപ്പോലൊരു താരം നിർമ്മിക്കുന്ന ചിത്രത്തിൽ രജനികാന്തിനെ സംവിധാനം ചെയ്യാൻ കഴിയുന്നതിൽ അദ്ദേഹം നന്ദി അറിയിച്ചു. ശിവകാർത്തികേയൻ നായകനായ 2022-ലെ കോമഡി എൻ്റർടെയ്നർ ചിത്രം 'ഡോൺ' ലൂടെയാണ് സിബി കോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
കഴിഞ്ഞ നവംബറിൽ ചിത്രത്തിന്റെ സംവിധായകനായി സുന്ദർ സി.യെ പ്രഖ്യാപിച്ചിരുന്നെങ്കിലും, അപ്രതീക്ഷിതമായ കാരണങ്ങളാൽ അദ്ദേഹം ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സുന്ദർ സി.യുടെ തിരക്കഥ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് മാറ്റമെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ ഖുശ്ബു ഇത് നിഷേധിച്ചിരുന്നു. ഒരു നിക്ഷേപകൻ എന്ന നിലയിൽ, നായകന് ഇഷ്ടപ്പെടുന്ന ഒരു തിരക്കഥ വേണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് കമൽ ഹാസനും വ്യക്തമാക്കി.
രജനികാന്ത് ഇപ്പോൾ നെൽസൺ ദിലീപ്കുമാറിന്റെ 'ജയിലർ 2'-ന്റെ തിരക്കുകളിലാണ്. കമൽ ഹാസൻ മണിരത്‌നം ചിത്രമായ 'തഗ് ലൈഫ്' പൂർത്തിയാക്കി തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Cibi Chakravarthy to direct Rajinikanth`s big-budget film for Raj Kamal Films. Tentatively titled `Thalaivar 173`, aiming for a Pongal 2027 release.