ലാലേട്ടനോട് ഇങ്ങനെ കാണിച്ചത് സങ്കടകരമാണ്; 'ജയിലർ 2' നിർമ്മാതാക്കൾക്കെതിരെ കോസ്റ്റ്യൂം ഡിസൈനർ

മോഹൻലാൽ, ചിത്രത്തിന്റെ പോസ്റ്ററിൽ രജനികാന്ത്
മോഹൻലാൽ, ചിത്രത്തിന്റെ പോസ്റ്ററിൽ രജനികാന്ത്

രജനികാന്ത് ചിത്രം 'ജയിലർ 2' തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുമ്പോഴും, ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ പരസ്യമായി അമർഷം പ്രകടിപ്പിച്ച് മലയാളിയായ കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച 'മാത്യു' എന്ന കഥാപാത്രത്തിന്റെ പ്രധാനപ്പെട്ട രംഗങ്ങളും മൂന്ന് വേറിട്ട ലുക്കുകളും പൂർണ്ണമായും വെട്ടിമാറ്റിയതിലാണ് ജിഷാദ് സോഷ്യൽ മീഡിയയിലൂടെ തന്റെ നിരാശയും പ്രതിഷേധവും അറിയിച്ചിരിക്കുന്നത്.

രജനികാന്തിന്റെ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തും അധോലോക നായകനുമായ മാത്യു എന്ന കഥാപാത്രത്തെയാണ് ആദ്യ ഭാഗത്തിലെന്നപോലെ മോഹൻലാൽ രണ്ടാം ഭാഗത്തിലും അവതരിപ്പിച്ചത്. കളർഫുൾ വസ്ത്രങ്ങളും സൺഗ്ലാസുകളുമായി തികച്ചും സ്റ്റൈലിഷ് ലുക്കിലായിരുന്നു അദ്ദേഹത്തിന്റെ വരവ്.

സിനിമ തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ, ട്രെയിലറിൽ രണ്ടു സെക്കൻഡ് മാത്രം കാണിച്ചപ്പോഴും ചെയ്ത ജോലിയിൽ പൂർണ്ണ ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും എന്നാൽ ചിത്രം റിലീസായപ്പോൾ ലാലേട്ടന്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും ട്രെയിലറിലുണ്ടായിരുന്ന രംഗം പോലും ഒഴിവാക്കപ്പെട്ടുവെന്നും ജിഷാദ് വ്യക്തമാക്കുന്നു. മോഹൻലാലിനെപ്പോലൊരു സൂപ്പർതാരത്തിന്റെ സീനുകൾ ഇത്തരത്തിൽ വെട്ടിച്ചുരുക്കിയത് ഒട്ടും ഉചിതമായില്ലെന്നും, ലാലേട്ടനെ ഇങ്ങനെ ചുരുക്കിക്കാണിച്ചതിൽ ഏറെ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി ഈ ചിത്രത്തിനൊരു തുടർച്ചയുണ്ടായാൽ അതിന്റെ ഭാഗമാകില്ലെന്നും ജിഷാദ് തുറന്നടിച്ചു.

ലാഭത്തിനോ കോടി ക്ലബ്ബുകൾക്കോ അല്ല, മറിച്ച് സിനിമയെയും മോഹൻലാലിനെയും സ്നേഹിക്കുന്ന ആരാധകർക്ക് വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത 'ജയിലർ 2' സൺ പിക്ചേഴ്സിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ചിത്രത്തിൽ ശിവരാജ് കുമാർ, ഹൃത്വിക് റോഷൻ, വിദ്യ ബാലൻ, എസ്.ജെ. സൂര്യ, സൂരാജ് വെഞ്ഞാറമൂട് തുടങ്ങി വൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Costume designer Jishad Shamsudeen expressed disappointment over the removal of Mohanlal's scenes in Jailer 2., Three distinct looks and key sequences of Mohanlal's character 'Mathew' were cut from the final theatrical cut., Jishad stated he will not be part of any potential sequels for the movie., Directed by Nelson Dilipkumar and produced by Sun Pictures, the film features a star-studded cast.